പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

നോ ടു ഡ്രഗ്സ് ലഹരിവിരുദ്ധ ക്യാമ്പയിനു തുടക്കമായി

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന ‘നോ ടു ഡ്രഗ്സ്’ ലഹരി വിരുദ്ധ ക്യാംപെയിനിനു തുടക്കമായി. സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ തലമുറയെ കാണണമെന്ന മുതിർന്നവരുടെ ആഗ്രഹത്തെ തകർത്തുകളയുന്ന വിപത്താണു മയക്കുമരുന്ന്. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കിൽ വരും തലമുറകളാകെ എന്നേക്കുമായി തകരും. സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം. മയക്കുമരുന്ന് വ്യക്തിയേയും കുടുംബത്തേയും കുടുംബ, സാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകർക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങൾ ഇതിന്റെ ഫലമായി സമൂഹത്തിൽ നടക്കുന്നു. ബോധാവസ്ഥയിൽ ഒരാളും ചെയ്യാത്ത അതിക്രൂര അധമകൃത്യങ്ങൾ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ഈ മഹാവിപത്തിന് ഒരാളെപ്പോലും ഇനി വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന അതിവിപുലമായ ജനകീയ ക്യാമ്പയിൻ സർക്കാർ ആരംഭിക്കുന്നത്.

കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യ ലക്ഷ്യം. മയക്കുമരുന്ന് എത്തിക്കുന്നവർ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക, പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിന്റെ കാരിയർമാരാക്കുക. ഈ തന്ത്രമാണവർ ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങൾ ഈ സ്വാധീനവലയത്തിൽപ്പെടാതെ നോക്കാൻ കഴിയണം. കുഞ്ഞുങ്ങളിലേക്ക് ഇവർ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നൽകിയ ലഹരിവർജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുമ്പോൾത്തന്നെയാണ് ഈ ക്യാമ്പയിൻ. ഒന്നു നിർത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണു ചെയ്യുന്നത്.