പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/അക്ഷരവൃക്ഷം/കൊറോണ(കോവിഡ് 19)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ(കോവിഡ് 19)
                                                    കൊറോണ(കോവിഡ് 19)

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്.മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.2019 ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് ഇത് ആദ്യം കണ്ടെത്തിയത്.2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പേരാണ് 'നോവൽ കൊറോണ വൈറസ് (സാർസ് കോവ് 2).ഇത് പരത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ് 19.

                                        എങ്ങനെയാണ്  കോവിഡ് 19 പകരുന്നത്.

വൈറസ് രോഗം ബാധിച്ച മറ്റുള്ളവരിൽ നിന്ന് രോഗം പകരാം.വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറുസ്രാവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്ക് പകരാം.ഈ തുള്ളികൾ രോഗിയുടെ ചുറ്റിനുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീഴാൻ സാധ്യത ഉണ്ട്.ഈ സ്ഥലങ്ങളിൽ സ്പർശിക്കുമ്പോഴും മറ്റുള്ളവരിലേക്ക് രോഗം പകരാം.ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനുശേഷം കണ്ണിലോ , മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക . കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ട് ശ്വസിക്കുന്നത് വഴിയും രോഗം പകരം . രോഗബാധിതനായ ഒരാളിൽ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് പറയുന്നത് ഇതിനാലാണ് .

                                     കോവിഡ് 19 സാഹചര്യങ്ങളെ ഭയക്കേണ്ടതുണ്ടോ ?

കോവിഡ് 19 വൈറസ് ബാധിച്ചുള്ള രോഗത്തിന്റെ കാഠിന്യം പൊതുവെ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും കുറവാണ്. അപ്പോഴും ഈ രോഗം ഗുരുതരം ആകാനുള്ള എല്ലാ സാധ്യതയും ഉണ്ട് .രോഗം ബാധിക്കുന്ന 5-ൽ ഒരാൾക്കെന്ന കണക്കിന് ആശുപത്രി ചികിത്സ ഉറപ്പായും വേണ്ടി വരും .അതിനാൽ തന്നെ കോവിഡിനെപ്പറ്റി ആശങ്ക സ്വാഭാവികം .എന്നാൽ ഈ ആശങ്കയെ സ്വയവും മറ്റുള്ളവരെയും നമ്മുടെ സമൂഹത്തെയും സംരക്ഷിക്കാനുള്ള പ്രവർത്തിയാക്കി മാറ്റുകയാണ് വേണ്ടത് .ശ്വസനം സംബന്ധിച്ചും കൈ കഴുകുന്നതിലും ദൈനംദിന ശുചിത്വം കൃത്യമായി പാലിക്കുക എന്നതാണ് ഇതിൽ പ്രധാനം .ഒപ്പം പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളെയും യാത്രാവിലക്കുകളെയും നിരോധനങ്ങളെയും മാനിക്കുക . കേരളത്തിൽ ആരോഗ്യവകുപ്പിന്റെ 'ദിശ' നമ്പറായി ‘1056'ഉണ്ട് .എവിടെ നിന്ന് വേണമെങ്കിലും ഈ നമ്പറിലേക്ക് വിളിക്കാം .ബന്ധപ്പെട്ട ജില്ലയിലെ ആരോഗ്യപ്രവർത്തകർ സഹായവുമായി എത്തും . ആശുപത്രിയിലേക്ക് പോകുമ്പോൾ പരമാവധി വ്യക്തി ശുചിത്വം പാലിക്കുക . ഒപ്പമുള്ളവരുടെ എണ്ണം പരമാവധി കുറക്കുക . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ , മാസ്‌കോ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക . ശാരീരിക അസ്വാസ്ഥ്യമെന്ന് തോന്നിയാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സെല്ഫ് ഐസൊലേഷൻ സ്വീകരിക്കുക .ചെറിയ തലവേദന പനി ചെറിയ തോതിലുള്ള മൂക്കൊലിപ്പ് എന്നിവയാണെങ്കിൽ പോലും രോഗം മാറും വരെ വീട്ടിൽ തുടരുക . ചുമ പനി , തുമ്മൽ , ശ്വാസംമുട്ട് എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങൾ .ചിലർക്ക് ശരീര വേദനയും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയും വയറിളക്കവും വരാറുണ്ട് . ലക്ഷണങ്ങൾ പതുക്കെ ആയിരിക്കും ശക്തി പ്രാപിക്കുന്നത് .കോവിഡ് 19 ബാധിക്കുന്ന 6-ൽ ഒരാളെന്ന കണക്കിലാണ് രോഗം ഗുരുതരമാകുന്നത് .

          രോഗ ബാധ ഏൽക്കാതിരിക്കാനും രോഗം പകരാതിരിക്കാനും എന്തെല്ലാം ചെയ്യാനാകും ?

രോഗം പകരാതിരിക്കാനും പടർത്താതിരിക്കാനും ചെറിയ ചില മുൻകരുതലുകൾ മതി :

1 ) കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴിക്കുന്നത് ശീലമാക്കുക .ഏതു സോപ്പും ഇതിനായി ഉപയോഗിക്കാം. 20 സെക്കൻഡ് നേരമെങ്കിലും കൈ കഴുകണം .സോപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ 60% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം .

2 ) ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്‌താൽ അവരിൽ നിന്ന് 1 m അകലമെങ്കിലും പാലിക്കുക .

3 ) ഒട്ടേറെ വസ്തുക്കളിലും പ്രതലങ്ങളിലും നാം സ്പർശിക്കാറുണ്ട് .അപ്പോഴെല്ലാം വൈറസ് കയ്യിലെത്താൻ സാധ്യതയുണ്ട് . കൈകളിലൂടെ കണ്ണിലും മൂക്കിലും വായിലുമെല്ലാം വൈറസ് എത്തും . അതുവഴി രോഗബാധിതനാവുകയും ചെയ്യും .ഇതൊഴിവാക്കാൻ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക .

4 ) ശ്വസനത്തിനും വൃത്തി പാലിക്കണം .അത് നിങ്ങളെയും ചുറ്റിനുമുള്ളവരെയും വൈറസിൽ നിന്ന് രക്ഷിക്കും . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈവെള്ള ഉപയോഗിക്കാതെ കൈമടക്കി മുഖത്തോടു ചേർത്ത് വച്ച തുമ്മുക . അല്ലെങ്കിൽ ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിച്ചു തുമ്മുക . ഇവ പിന്നീട് ഉപയോഗിക്കാതെ ഒഴിവാക്കുക .

5 ) ശാരീരിക അസ്വസ്തതകൾ തോന്നിയാൽ വീട്ടിൽ തുടരുക . ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ നേരിട്ടാൽ വൈദ്യസഹായം തേടുക .

6 ) കോവിഡ് വൻ തോതിൽ പടരുന്ന പ്രദേശങ്ങളെപ്പറ്റി അറിഞ്ഞുവക്കുക . ഈ പ്രദേശങ്ങളിലേക്ക് പരമാവധി യാത്ര ഒഴിവാക്കുക . വയോജനങ്ങളും , പ്രമേഹം , ഹൃദയസംബന്ധമായ രോഗങ്ങൾ ,ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവരും ഇത്തരം പ്രദേശങ്ങളിലെത്തിയാൽ എളുപ്പം അസുഖം പിടിപെടാൻ സാധ്യതയുണ്ട് .

മനുഷ്യനും പക്ഷികളും ഉൾപ്പടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ . ഇവ സാധാരണ ജലദോഷ പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) ,മിഡിൽ ഈസ്റ്റ് സിൻഡ്രോം (മെർസ്) ,കോവിഡ് 19 എന്നിവരെയുണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് . മനുഷ്യനുൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു . ജലദോഷം , ന്യുമോണിയ, സാർസ് ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം . ബ്രോങ്കറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937-ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് . സാധാരണ ജലദോഷത്തിനും 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ് . കൊറോണ വൈറസ് എലി , പട്ടി , പൂച്ച , കുതിര , പന്നി , കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി . സാധാരണ ജലദോഷ പനിയെപ്പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത് . ഇതിന്റെ ലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും .


അനാമിക ആർ എസ്
9 A പി.എച്ച്.എം.കെ.എം.വി & എച്ച്.എസ്.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം