പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ്. തോമസ് സ്കൂളിന്റെ ചരിത്രം .

സെന്റ് തോമസ് സ്കൂളിന്റെ ചരിത്രത്തിലേക്ക് കടക്കുന്നതിന് മുമ്പ് സൗത്ത് പാമ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആരംഭകാലത്തെ പറ്റി പ്രതിപാദിക്കുന്നത്  ഉചിതമായിരിക്കും.

സൗത്ത് പാമ്പാടി കുറ്റിക്കൽ ഉള്ള അറക്കൽ മഠം വക സ്ഥലത്ത് പാമ്പാടി സൗത്ത് പ്രൈമറി സ്കൂൾ എന്ന പേരിൽ 10 91 ആണ്ട് ഇടവമാസം ഒൻപതാം തീയതി ആദ്യ സ്കൂൾ ആരംഭിച്ചു. അറക്കലായ കിഴക്കയിൽ നാരായണൻ പിള്ള അദ്ദേഹമാണ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് വേണ്ടുന്ന സഹായസഹകരണങ്ങൾ നൽകിയത്.

അറക്കൽ കൃഷ്ണപിള്ളയുടെ മാനേജ്മെന്റിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് അറക്കൽ ആയ കടമാൻകുന്നേൽ നാരായണപിള്ള മാനേജരായി. കുളങ്ങര വയലിൽ ഉലഹന്നാൻ  മകൻ കെ. അബ്രഹാം ആയിരുന്നു ഈ സ്കൂളിൽ ആദ്യമായി ചേർന്ന വിദ്യാർഥി

കുറച്ചി രാമൻപിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.

പിന്നീട് നാഴൂരി മറ്റത്തിൽ ജോൺസാർ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.

ചമ്പക്കര കൈമൾ, വെണ്ടകത്തിൽ കേശവപിള്ള, നിരവത്ത് തോമസ്, പുളിക്കുന്ന് മത്തായി, അറക്കലായ പൊയ്യക്കര നാരായണപിള്ള, കളപ്പുരയ്ക്കൽ മാധവൻപിള്ള, തത്തകാട്ടു പീടികയിൽ കൊചൂട്ടി, ഐക്കരമറ്റം തോമസ്, മുതലായവർ ഈ സ്കൂളിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇതിനിടയിൽ C.S. 831 ന്റെ പ്രസിഡണ്ടായിരുന്ന കുരുവിക്കാട്ടു കെ. ഇ. മാത്യു മാനേജറായും, നാഴൂരി മറ്റത്തിൽ എൻ. സി ജോൺ കറസ്പോണ്ടൻസ് ആയും പാമ്പാടി സെന്റ്: തോമസ് വെർണക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ മറ്റൊരു സ്കൂൾ കൊല്ലവർഷം 1106 മാണ്ട് (അതായത് 1931) ഇടവ മാസം പതിനൊന്നാം തീയതി ആരംഭിച്ചു. ഇവരോടൊപ്പം അന്ത്രയോസ് കുരക്കവയലിൽ, കോര എബ്രഹാം മൂടൻ കല്ലുങ്കൽ, വർഗീസ് ചാക്കോ ആളോത്ത്, വർഗീസ് കോലംമാക്കൽ, തോമസ് ഇലകൊടിഞ്ഞി, കളരിക്കൽ കുട്ടി, പുത്തൻവീട്ടിൽ കുഞ്ഞാപ്പി, മുതലായവരും സംഘം പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. കോട്ടയം അറക്കൽ കുട്ടി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്.

പിന്നീട് ആവശ്യമായി വന്ന സ്ഥലം കുരക്കവയലിൽ അന്ത്രയോസിനോട് വാങ്ങി സെന്റ്: തോമസ് പള്ളിയുടെ പരിസരത്ത് സ്ഥാപിതമായ ഈ വിദ്യാലയത്തിനു സെന്റ്:തോമസ് എന്നുകൂടി ചേർത്ത് പാമ്പാടി സെന്റ്: തോമസ് മലയാളം പ്രൈമറി ഗേൾസ് സ്കൂൾ എന്ന് നാമകരണം ചെയ്തു.

ചേന പറമ്പിൽ കുര്യൻ  മകൾ സി.കെ. മറിയമാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥിനി

വട്ടക്കുന്നേൽ കെ. സി അന്ന ( ചിന്നമ്മ ) ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. എറികാടു കെ. ജെ മറിയാമ്മയും, എൻ. ജാനകിയമ്മയും, സഹ അദ്ധ്യാപികമാർ ആയിരുന്നു.

എൻ. ജാനകിയമ്മ, കാണ് കാലിൽ പി. വി സാറാമ്മ, കെ പി മറിയാമ്മ മഞ്ചേരി, എന്നിവരും പ്രഥമ അധ്യാപികമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിവി അന്നമ്മ തെക്കാനാനിക്കാട്, ഏലിയാമ്മ പുതുപ്പള്ളി, ശോശാമ്മ  തണുങ്ങുംപതിക്കൽ, അന്നമ്മ തറയത്ത്, ഏലിയാമ്മ ജോൺ കോക്കുന്നേൽ മുതലായവർ അധ്യാപികമാരായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതിനുശേഷം അറക്കലായ കടമാം കുന്നേൽ നാരായണപിള്ളയുടെ മാനേജ്മെന്റിൽ നടത്തിയിരുന്ന സ്കൂൾ സൊസൈറ്റി വാങ്ങുകയും, ഈ രണ്ട് സ്കൂളുകളും കൂട്ടിയോജിപ്പിച്ച് പാമ്പാടി സെന്റ് തോമസ് പ്രൈമറി സ്കൂൾ എന്ന പേരിൽ സൊസൈറ്റിയുടെ മാനേജ്മെന്റിൽ നടത്തി പോരുകയും ചെയ്തു. കൊല്ലവർഷം 1114 ൽ ( അതായത് 1939) നാലാം ക്ലാസ് കൂടി ആരംഭിച്ചതോടുകൂടി പ്രൈമറി വിഭാഗം പൂർത്തിയായി. ഈ കാലയളവിൽ എ. വി ചെറിയാൻ, ജോസഫ് നെടുംകുന്നം, ആച്ചിയമ്മ നരിമറ്റത്തിൽ,  ആൻഡ്രൂസ് അഞ്ചേരി മുതലായവർ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊല്ലവർഷം 1123 ൽ ( അതായത് 1948 ) സൊസൈറ്റി ഒരു ചക്രം പൊന്നുംവില പറ്റിക്കൊണ്ട് സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുത്തു. അങ്ങനെയാണ് ഈ സ്കൂൾ സൗത്ത് പാമ്പാടി സെന്റ്: തോമസ് ഗവൺമെന്റ് എൽ. പി സ്കൂൾ ആയത്

സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുമ്പോൾ ഹെഡ്മാസ്റ്റർ ഐക്കരമറ്റത്തിൽ എ. ടി തോമസ് സാറായിരുന്നു.

കടപ്പാട്: മുകളിൽ കൊടുത്തിരിക്കുന്ന നമ്മുടെ സ്കൂളിന്റെ ചരിത്ര സംബന്ധിയായ വിവരങ്ങൾ ശേഖരിക്കുന്നതിന് നാഴൂരി മറ്റത്തിൽ ശ്രീ ബേബിയും, മാട്ടേൽ മത്തായി സാറും ആത്മാർത്ഥമായി സഹകരിച്ചിട്ടുണ്ട്.