പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ജീവിത പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
    ജീവിത പാഠങ്ങൾ


കൂട്ടരേ കേൾക്കുവിനിക്കഥ -
അല്ലിതു കാര്യം
കണ്ണുരുട്ടാതെ വടിയെടുക്കാതെ
പുസ്തകമില്ലാതെ പ്രൊജക്ടറില്ലാതെ
പച്ചയാം ജീവിതം നൽകുമറിവുകൾ
അല്ല - തിരിച്ചറിവ്
ഹുങ്കാരമോടെ മഹാമാരിയായി
തോരാതെ പെയ്ത് നിറഞ്ഞു കവിഞ്ഞ്
പൊങ്ങിപ്പരന്ന പ്രളയം - ഒന്നാമൻ
നെടിയോരു പുരയിൽ തിങ്ങിഞെരുങ്ങി
ഒരുമിച്ചുറങ്ങാനും ഉണരാനും ഉണ്ണാനും
എല്ലാരുമൊന്നെന്നും ഒരുമതൻപെരുമയും
ചുരുളഴിയും പൊരുളും ഞാനറിഞ്ഞു
അല്ല - ഞാനനുഭവിച്ചറിഞ്ഞു
ഇതു പാഠം ഒന്ന്
പലനാൾ കഴിഞ്ഞു മറവിയിലമരാതെ
രണ്ടാം ഭാഗമായ് വീണ്ടും പ്രളയം
മുമ്പേ പഠിച്ചവ മനപ്പാഠമായി

ഇന്നിതാ ഒച്ചയനക്കങ്ങളില്ലാതെ,
എവിടെ എപ്പോളെന്നറിയാതെ
നിനച്ചിരിക്കാതെ നാം പോലും അറിയാതെ
ഉള്ളിൽ പെരുകുന്ന വൈറസ്
വീടാം കൂടിന്റെ ഇത്തിരി വട്ടത്തിൽ
ഒത്തിരി അകലത്തിൽ
ഒരുമിച്ചു കൺകളിൽ നോക്കി
ഒത്തിരി നേരം ഇത്തിരിക്കാര്യങ്ങൾ
വീണ്ടും പറഞ്ഞും  പിണങ്ങിയിണങ്ങിയും
നാളുകേറെ തള്ളിനീക്കാനും
ഞാൻ പഠിച്ചു- ഇതു പാഠം മൂന്ന്

കാലമിനിയുമുരുളും
ഞാനുമിനിയും വളരും
പലതുമിനിയും പഠിക്കും
പലവേളകളിൽ പലനാളുകളിൽ
ഇച്ചെറു ജീവിതമെൻ പാഠപുസ്തകം.

 

SAHILA S
10C പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത