നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
വിദ്യാർത്ഥികളിൽ പ്രകൃതി നിരീക്ഷണം വളർത്തുന്നതിനും പൗരാണിക ചരിത്ര പ്രദേശങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അവ ക്ലാസ്‍സ് തലപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുവാനും, അതിലൂടെ സാംസ്കാരികവും സാമൂഹികവുമായ വ്യക്തിവികാസം സൃഷ്ടിക്കുന്നതിനും ഉതകുന്ന യാത്രകൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിച്ച 'ടൂറിസം ക്ലബ്ബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
വളരെയധികം പാരിസ്ഥിതിക-ചരിത്ര പശ്ചാത്തലമുള്ള ചെങ്ങോട് മലയിലേക്കും, തൊട്ടയൽ പ്രദേശത്തുള്ള കാറ്റുള്ള മലയിലേക്കും പ്രകൃതി നിരീക്ഷണത്തിനായി കുട്ടികളെ കൊണ്ടു പോകാറുണ്ട്. കൂടാതെ പൗരാണിക ശേഷിപ്പുകൾ നിൽക്കുന്ന കല്പത്തൂരിടം ക്ഷേത്രം സന്ദർശിക്കാറുണ്ട്. അവിടുത്തെ രാമായണ മഹാഭാരത ചിത്രാലേഖനം കുട്ടികൾ കണ്ട് മനസ്സിലാക്കുകയും പൗരാണിക ചിത്രകലയുടെ മേന്മയും പ്രകൃതിയുമായിണങ്ങിയുള്ള ചിത്രകലയുടെ സവിശേഷതകളും തിരിച്ചറിയുകയും ചെയ്യുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ടൂറിസ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സന്ദർശനം നടത്തി വരുന്നു. കൂടാതെ, സാഹിത്യ കാരന്മാരുടെ ജന്മ സ്ഥലവും സന്ദർശിക്കാറുണ്ട്. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'വൈലാലിൽ' എന്ന വീട്ടിലേക്ക് എല്ലാ വർഷവും ബഷീറിന്റെ ഓർമ്മ ദിനത്തിൽ കുട്ടികളെ കൊണ്ടു പോകുന്നു. സാഹിത്യത്തോട്, പ്രത്യേകിച്ച് ബഷീർ സാഹിത്യത്തോട് കുട്ടികളിൽ കൗതുകവും താൽപര്യവും സൃഷ്ടിക്കുന്നതിന് ഈ യാത്ര വളരെയധികം പ്രയോജകമായി മാറുന്നു.