നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ജെ.ആർ.സി
ജെ.ആർ.സി
വിദ്യാർത്ഥികളിൽ സേവന സന്നദ്ധത, സാമൂഹിക ബോധം എന്നിവ വളർത്തുകയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായ്... നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ 1996 - 97 അധ്യയന വർഷത്തിലാണ് ടി. ശ്രീധരൻ സാറിന്റെ നേതൃത്വത്തിൽ 126/96 നമ്പർ ജെ.ആർ.സി.യൂണിറ്റിന് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്റെ ചിട്ടയായ പ്രവർത്തനവും നേതൃ പാടവവും പകർന്നു നൽകിയ ഊർജ്ജം ഇന്നും നില നിർത്തുന്ന സ്കൂൾ ജെ.ആർ.സി യൂണിറ്റ് സാമൂഹ്യ-ആരോഗ്യ മേഖലകളിൽ നിരവധി സേവന പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു. യു.പി തലത്തിൽ നടത്തപ്പെടുന്ന ജെ ആർ സി യുടെ ബേസിക് എക്സാം എഴുതി പാസ്സായ കുട്ടികളെയാണ് എട്ടാം തരത്തിൽ യൂനിറ്റിലേക്ക് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഈ അംഗങ്ങളെ കൊണ്ട് യൂണിറ്റ് പൂർണ്ണമാവില്ലെങ്കിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രവേശന പരീക്ഷ നടത്തിയും പുതിയ കാഡറ്റുകളെ തെരഞ്ഞെടുക്കാറുണ്ട്. ഓരോ വർഷവും നിരവധി കുട്ടികളാണ് ജെ ആർ സി യിൽ അംഗത്വം സ്വീകരിക്കുന്നത്. ജെ ആർ സി യുടെ നേതൃത്വത്തിൽ 4 കിടക്കകളുള്ള ഒരു ക്ലിനിക് സ്കൂളിൽ പ്രവർത്തിക്കുന്നു. ഇവിടേക്കാവശ്യമായ മരുന്നുകളും ഫസ്റ്റ് എയിഡ് സാമഗ്രികളും സ്വരൂപിക്കുന്നത് കാഡറ്റുകളാണ്. സ്കൂളിൾ ശുചീകരണ പ്രവർത്തനങ്ങളിലും ജെ ആർ സി ക്കാർ പങ്കാളിത്തം വഹിക്കാറുണ്ട്. ഏറ്റവും മികച്ച സേവന പ്രവർത്തനങ്ങളോടൊപ്പം തന്നെ പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, ലഹരിവിരുദ്ധദിനം തുടങ്ങിയ ദിനാചരണങ്ങളിലും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ജെ.ആർ.സി കാഡറ്റുകൾക്ക് കഴിയാറുണ്ട്. കൊറോണയുടെ പ്രതിസന്ധി കടന്നു വരുന്നത് വരെ എട്ടാം ക്ലാസുകാർക്ക് ഒരു ദ്വിദിന ക്യാമ്പും പത്താംതരക്കാർക്ക് സെമിനാറും സംഘടിപ്പിക്കാറുണ്ടായിരുന്നു. കൂടാതെ 'എ' 'ബി' 'സി' ലെവൽ പരീക്ഷകളും കാഡറ്റുകൾക്കായി നടത്തപ്പെടുന്നുണ്ട്. നിലവിൽ 78 കുട്ടികളുള്ള ജെ.ആർ.സി യൂണിറ്റിനെ നയിക്കുന്നത് ഷാഹിൻ കെ., നസീമ വി.എം എന്നീ കൗൺസിലർമാരാണ്.