നിനച്ചിരിക്കാതെയെത്തിയ നങ്ങ്യാർ ജീവിതം
നിനച്ചിരിക്കാതെയെത്തിയ നങ്ങ്യാർ ജീവിതം.
ചിന്മയ സജീവ് പത്താംതരം പി. നിനച്ചിരിക്കാതെയെത്തിയ നങ്ങ്യാർ ജീവിതം സ്ക്കൂൾ യുവജനോത്സവത്തിൻ്റെ സിലക്ഷൻ്റെ പരക്കം പാച്ചിലായിരുന്നു. ഒപ്പനക്കും മാർഗ്ഗംകളിക്കും ഒരു കൈ നോക്കാൻ പോയി.അവിടെ വെച്ചാണ് ബിന്ദു ടീച്ചർ ചോദിച്ചത് മോൾക്ക് നങ്ങ്യാർ കൂത്ത് കളിക്കാൻ പറ്റൂല്ലേന്ന്.. പത്താം ക്ലാസെന്ന ഭീകരജീവിതക്കടമ്പ കടക്കുന്നതിന് മുൻപ് ഒരു പരിപാടിയും വേണ്ടെന്ന് തീരുമാനിച്ചതാണ്. എന്നാൽ ടീച്ചർ ഉടൻ തന്നെ അച്ചനോട് കാര്യം പറഞ്ഞു.ചെറുപ്പത്തിലേയുള്ള നൃത്ത പഠനം തുണയാവുമെന്ന് കൂട്ടുകാരും പറഞ്ഞു.
പിന്നെ കാര്യങ്ങൾക്ക് ശരവേഗം. കലാമണ്ഡലം പ്രസന്ന ടീച്ചറെ വിളിച്ചു. അനുകരിക്കാൻ നിഹാരികേച്ചിയും ഗീതികേച്ചിയും ഓർമ്മയിലുണ്ട്. പത്രത്തിലൊക്കെ ഇവരുടെ ഫോട്ടോകൾ കണ്ടതൊക്കെ ഓർമ്മയുണ്ട്. നങ്ങ്യാർകൂത്തിനെ കുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബിൽ പരതി. 500 വർഷത്തെ പഴക്കമുള്ള ഒറ്റയാട്ടമാണ് നങ്ങ്യാർകൂത്ത്. കുടിയാട്ടത്തിന്റെ മറ്റൊരു ശാഖ. ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും കൃഷ്ണൻറെ നീണ്ടകഥകൾ അഭിനയിച്ച വതരിപ്പിക്കണം. ഒന്നും മിണ്ടില്ല നങ്ങ്യാർ.. മിഴാവിൻ്റെയും ഇടക്കയുടേയും അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്. ആദ്യദിനം പ്രസന്ന ടീച്ചറെ ഞാനും അച്ചനും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പോയി കൂട്ടിക്കൊണ്ടുവന്നു. നല്ല ടീച്ചർ.. സ്കൂളിൽ നിന്നും പ്രാക്ടീസ് ചെയ്തു.. നരസിംഹാവതാരം കഥയാണ് ഞാൻ അവതരിപ്പിക്കേണ്ടത്. ഹയർസെക്കൻഡറിയിലെ ശിവനന്ദേച്ചിയും കൂട്ടിനെത്തിയത് ഏറെ ആശ്വാസമായി. നല്ലതുപോലെ കഷ്ടപ്പെട്ട് ഞങ്ങൾ നരസിംഹാവ താരം പഠിച്ചെടുത്തു. ഇരുപത് മിനുട്ട് സ്റ്റേജിൽ അഭിനയിക്കണം.. കഥ മറക്കരുത്.. മുദ്രകൾ ഹൃദിസ്ഥമാക്കണം.. ഒട്ടും പ്രതീക്ഷയില്ലാതെ ആത്മവിശ്വാസമില്ലാതെയായിരുന്നു പാനൂർ സബ്ജില്ലാ മത്സരത്തിന് എത്തിയത്. പേടിയോടെ ആയിരുന്നു സ്റ്റേജിൽ കയറിയത്. മിഴാവിൻ്റെ ദ്രുതതാളവും എൻ്റെ ഹൃദയമിടിപ്പും ഒന്നായി.. ഇരുപത് മിനുട്ട് ആവും പോലെ ചെയ്തു. ഒട്ടും സംതൃപ്തി ഇല്ലാതെയായിരുന്നു സ്റ്റേജിൽ നിന്നിറങ്ങിയത്. ടീച്ചറുടെ കണ്ണിലും സംതൃപ്തി കണ്ടില്ല. ഒന്നാം സ്ഥാനം കിട്ടിയെന്നത് എന്നെ ഞെട്ടിച്ചു. നന്നായി എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ അടുത്ത കാൽവെപ്പ് ജില്ലയിലേക്ക്.
കണ്ണൂരിൽ മാർഗംകളിയും നങ്ങ്യാർകൂത്തും ഒരു ദിവസം ആയതുകൊണ്ട് തന്നെ ഒരുപാട് ടെൻഷനടിച്ചു. വേഷമഴിച്ച് മാർഗംകളി വേദിയിലേക്കോടി. ജില്ലയിൽ വലിയ ടെൻഷനില്ലായിരുന്നു. വരുന്നത് വരട്ടെയെന്ന് കരുതി വേദിയിൽ കയറി. അവിടെയും അമ്പരപ്പെടുത്തിക്കൊണ്ട് എനിക്ക് തന്നെ ഒന്നാം സ്ഥാനം ഒരു മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു സംസ്ഥാന കലോത്സവത്തിന് കോഴിക്കോട്ടെത്തിയത്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത് തന്നെ അസുലഭ സൗഭാഗ്യം. നങ്ങ്യാർമാർ ഏറെയുണ്ടവിടെ.. പ്രസന്ന ടീച്ചറുമുണ്ടൊപ്പം തന്നെ.
അടുത്തവർഷം നേരത്തെ പ്രാക്ടീസ് തുടങ്ങണമെന്ന ടീച്ചറുടെ ഓർമ്മപ്പെടുത്തലും കേട്ട്
എ ഗ്രേഡ് മധുരത്തോടെ സന്തോഷത്തോടെ കോഴിക്കോട് നിന്നും മടങ്ങി.
നൃത്തം പഠിച്ചെങ്കിലും തീർത്തും അവിചാരിതമായാണ് നങ്ങ്യാർകൂത്തിൻ്റെ ലോകത്തെത്തിയത്. അതിൽ എൻ്റെയീ പുന്നാര വിദ്യാലയത്തോട് തീർത്താൽ തീരാത്ത കടപ്പാട്. ഒപ്പം പ്രിയപ്പെട്ട അധ്യാപകർ.. കൂട്ടുകാർ.. നൃത്തം പഠിപ്പിച്ച ഷീബ ടീച്ചർ, ഉമാദാസ് സർ, കലാഗ്രാമം ഷീജ ടീച്ചർ..'