വീടിനു നടുവിലുള്ള മുറ്റത്തെ 'നടുമുറ്റം' എന്നു വിളിക്കുന്നു. കെട്ടിടത്തെ നടുമുറ്റത്തിനു ചുറ്റുമുള്ള നാലു കെട്ടുകളായി നിർമ്മിക്കുന്നതിനാലാണ്‌ നാലുകെട്ട്‌ എന്ന പേരുണ്ടായത്‌. തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെയാണ്‌ കെട്ടുകൾക്ക്‌ പേര്‌. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവർ തങ്ങളുടെ കൂട്ടുകുടുംബങ്ങൾക്കു താമസിക്കാനാണ്‌ പണ്ട് നാലുകെട്ടുകൾ നിർമിച്ചിരുന്നത്‌.

നാലുകെട്ടിനുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകസ്ഥലങ്ങളുണ്ട്‌. നാലുകെട്ടിന്റെ വടക്കുഭാഗത്തായാണ്‌ അടുക്കളയും മേലടുക്കളയും. വടക്കിനിയിൽ ദൈവികകാര്യങ്ങൾക്കുള്ള ഒരുക്കങ്ങളും പതിവുണ്ട്‌. പടിഞ്ഞാറുഭാഗത്ത്‌ സാധനങ്ങൾ സൂക്ഷിക്കാനുള്ള കലവറയും കിടപ്പുമുറിയും. തെക്കുഭാഗവും കിഴക്കുഭാഗവും അതിഥികൾക്കുള്ള വലിയ അകങ്ങളാണ്‌. നെല്ലു സൂക്ഷിക്കാനുള്ള അറകളും നാലുകെട്ടിൽ കാണാം. മുൻവശത്തെ മുറ്റത്ത്‌ ഒരു തുളസിത്തറയും ഉണ്ടായിരിക്കും.

ആദ്യകാലത്ത് മൺചുമരുകളും ഓലകൊണ്ടുള്ള മേൽക്കൂരകളുമായിരുന്നു ഇവയുടെ നിർമ്മാണരീതി. പിന്നീട് മേച്ചിലോടുകൾ പ്രചാരത്തിലായതോടെ ഇവ ഓടു മേഞ്ഞു തുടങ്ങി. ഇതിന്ന് ഈടുള്ള മരങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ അവയിൽ കൊത്തുപണികൾ ചെയ്യാനും തുടങ്ങി. രണ്ടോ മൂന്നോ നിലകളുള്ള നാലുകെട്ടുകളും പണ്ടുണ്ടായിരുന്നു. നാലുകെട്ടുകൾക്ക് പടിപ്പുരകൾ നിർമ്മിക്കുന്നതും പതിവായിരുന്നു.

അവലംബം

വിക്കിപീഡിയ

"https://schoolwiki.in/index.php?title=നാലുകെട്ട്&oldid=1775714" എന്ന താളിൽനിന്ന് ശേഖരിച്ചത്