നാടൻ കളികൾസെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഒളിച്ചുകളി

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച്, ഏതെങ്കിലും മരത്തിനോട് / ചുമരിനോട് അഭിമുഖമായി നിന്ന് മുൻ കൂട്ടി നിശ്ചയിച്ച സംഖ്യവരെ എണ്ണുന്നു. ഉദാഹരണത്തിന് ഒന്നുമുതൽ അമ്പത് വരെ. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു.

ചിലയിടങ്ങളിൽ ഈ കളിയെ സാറ്റ് എന്ന് പറയുന്നു. അവിടങ്ങളിൽ എണ്ണിയ ആൾ മറ്റുള്ളവരെ കണ്ടുപിടിച്ചുകൊണ്ട് ആ മരത്തിന്മേൽ തൊട്ടു സാറ്റ് എന്ന് പറയണം. അങ്ങനെ മുഴുവൻ പേരെയും കണ്ടുപിടിച്ചു കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപെട്ട ആൾ പിന്നീട് എണ്ണുക. അങ്ങനെ കളി തുടരാം. പക്ഷെ കണ്ടുപിടിക്കുന്നതിനിടയിൽ, ഒളിച്ചവരിൽ ആരെങ്കിലും, എണ്ണിയ ആൾ മരത്തിൽ തൊട്ട് അയാളുടെ പേര് പറയുന്നതിന് മുൻപ് ഓടി വന്ന് മരത്തിൽ തൊട്ടാൽ എണ്ണിയ ആൾ വീണ്ടും ഇരുപത്തിയഞ്ച് വരെ എണ്ണണം. അങ്ങനെ ഓരോ ആൾക്കും ഇരുപത്തിയഞ്ച് വീതം എണ്ണണം. വളരെ രസകരമായുള്ളതും പ്രചാരമുള്ളതുമായ ഒരു നാടൻ കളിയാണിത്.

ഈ കളിയെ അമ്പസ്താനി എന്നും പറയാറുണ്ട്. 50 എണ്ണി കഴിയുമ്പോൾ അമ്പത് അമ്പസ്താനി എന്ന് പറയുന്നത് മാറ്റി നിർത്തിയാൽ സാറ്റ് കളി തന്നെ.


കുട്ടിയും കോലും കളി

നിലത്ത്‌ ഒരു ചെറിയ കുഴിയിൽ പുള്ള്‌/കുട്ടി വെച്ച്‌ കൊട്ടി/കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും. [5] പുള്ളിനെ പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കൊട്ടിയെ കുഴിക്കു മുകളിൽ കുറുകെ വെയ്ക്കും. പുള്ള്‌ വീണുകിടക്കുന്ന സ്ഥലത്തു നിന്ന്‌ എതിർഭാഗം കൊട്ടിയിൽ പുള്ള്‌ കൊണ്ട്‌ എറിഞ്ഞു കൊള്ളിക്കുന്നു. പുള്ള്‌ കൊട്ടിയിൽ കൊണ്ടാൽ കളിക്കാരൻ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി വേണം കളിക്കാരന്‌ ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാൻ. പുള്ളിനെ കൊട്ടികൊണ്ട്‌ അടിച്ചു തെറിപ്പിക്കുകയാണ്‌ കളിയുടെ രീതി. തെറിച്ച്‌ വീണ പുള്ള്‌ എതിർ വിഭാഗം എടുത്ത്‌ കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയിൽനിന്നും എത്രകൊട്ടി ദൂരത്തിൽ പുള്ള്‌ വന്നു വീണുവോ അത്രയും പോയിന്റ്‌ കളിക്കാരനു ലഭിക്കും. കളിക്കാരൻ എത്രാമത്തെ പോയിന്റിൽ നിൽക്കുന്നു എന്നതിന്‌ അനുസരിച്ച്‌ അടിക്കുന്ന രീതിയും മാറുന്നു. ഉദാഹരണമായി ഒരാൾക്ക്‌ 33 പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം 3 ആയതുകൊണ്ട്‌ അയാൾക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. 57 ആണെങ്കിൽ കോഴിക്കാൽ എന്നിങ്ങനെ.


സുന്ദരിക്ക് പൊട്ടു കുത്ത്

ഭിത്തിയിലോ ബോർഡിലോ ഒരു സുന്ദരിയുടെ പൂർണ്ണകായ ചിത്രമുള്ള കലണ്ടർ തൂക്കുക. കളിക്കാർക്ക് 1, 2 എന്നിങ്ങനെ നമ്പർ കൊടുത്ത് ക്യൂ നിർത്തുക. കലണ്ടർ തൂക്കിയ സ്ഥലത്തു നിന്ന് ഒരു നിശ്ചിത അകലത്തിൽ കളിക്കാരനെ മാറ്റി നിർത്തി കണ്ണ് കറുത്ത തുണികൊണ്ട് കെട്ടുക. സ്റ്റിക്കർ പൊട്ട് ഒരു കൈയിൽ കൊടുക്കുക. മറ്റേ കൈ പിന്നിലേയ്ക്ക് സ്വയം മടക്കി വയ്ക്കുാൻ പറയാം (ബോർഡ്, ഭിത്തി, കലണ്ടർ എന്നിവ തപ്പിനോക്കി ഏകദേശ രൂപം ലഭിക്കാതിരിക്കാനാണിത്) വേണമെങ്കിൽ ഒന്നു വട്ടം കറക്കി ദിശ മാറ്റാനും ശ്രമിക്കാം. ബാക്കിയുള്ള കളിക്കാർ കൈകൊട്ടി പ്രോത്സാഹനം നൽകട്ടെ. വൺ ടച്ച് മാത്രമേ പാടുള്ളൂ എന്ന നിർദ്ദേശം വയ്കാം. (അല്ലെങ്കിൽ കലണ്ടർ തപ്പി നോക്കി ഏകദേശ സ്ഥലം കണ്ടുപിടിക്കാൻ സാധ്യതയുണ്ട്) ഒരു പ്രാവശ്യം ഒട്ടിച്ചാൽ പിന്നീട് ഇളക്കാൻ അനുവദിക്കാതിരിക്കാം. യഥാർത്ഥ പൊട്ടിന്റെ സ്ഥാനത്തോ ഏകദേശം അടുത്തോ പൊട്ട് ഒട്ടിക്കുന്ന കളിക്കാരുടെ നമ്പർ വട്ടം വരച്ച് അടയാളപ്പെടുത്താം. അതിൽ ഏറ്റവും കൃത്യമായി പൊട്ട് ഒട്ടിച്ചയാൾ വിജയിയാകും.