Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും. മാറേണ്ട ചിന്തകളും, ശൈലികളും..
കേവലം ഒരു ചെറിയ രോഗാണു, കണ്ണുകൾകൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു സൂക്ഷ്മ ജീവി ,പേര് കൊറോണ .പേര് കേട്ടാൽ ഒരു പാവമാണെന്ന് തോന്നും. പക്ഷെ പ്രവർത്തികളോ സ്വന്തം ശരീരത്തെക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ള മനുഷ്യനെ വരെ ഇവൻ ഇല്ലാതാക്കും .ഇത് നമുക്ക് കാണിച്ചു തരുന്നത് പ്രകൃതിയിലെ ഒരു ജീവിയേയും നിസ്സാരരായി കാണാൻ പാടില്ല എന്നതാണ് .കൊറോണ എന്ന വൈറസ് പൊട്ടിപുറപ്പെടാൻ കാരണം നമ്മുടെ പരിസ്ഥിതിക്കേറ്റ നാശമാണ് .ഇത് വ്യാപിക്കാൻ കാരണം ശുചിത്വമില്ലായ്മയുമാണ്
മനുഷ്യൻ പരിസ്ഥിതിയിൽ നാശമുണ്ടാക്കിയപ്പോൾ അത് അവിടെ താമസിച്ചിരുന്ന ജീവികൾക്ക് ജീവിക്കാൻ ഇടം ഇല്ലാതെയാക്കി .ഇത് അവയുടെ ശരീരത്തിൽ പല തരത്തിലുള്ള വൈറസുകളുടെ ഉദ്ഭവത്തിന് കാരണമായി. അതിന് അവയെ കുറ്റം പറയാൻ നമുക്ക് ആവില്ല.കാടും മലകളും ഇല്ലാതായപ്പോൾ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടി. വൈറസ് മനുഷ്യരിലേക്ക് പടർന്നു.ഒരു പക്ഷെ നാം പരിസ്ഥിതിക്ക് നാശം വരുത്തിയില്ലായിരുന്നുവെങ്കിൽ കൊറോണ ഉടലെടുക്കില്ലായിരുന്നു . മനുഷ്യൻ ചിന്തിക്കുന്നത് പ്രകൃതി മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മനുഷ്യന് മുന്നിൽ മറ്റു ജീവികൾ നിസ്സാരരാണെന്നുമാണ്. പക്ഷെ അത് തീർത്തും തെറ്റാണ്. നാം മനസ്സിലാക്കേണ്ടത് പ്രുകൃതിക്കുമുന്നിൽ നാമാണ് നിസ്സാരരെന്നും, പ്രകൃതിയിലെ ഒരു അംഗം മാത്രമാണ് മനുഷ്യനെന്നും,മനുഷ്യന് പ്രകൃതിയിലുള്ള എല്ലാ അവകാശങ്ങളും മറ്റു ജീവജാലങ്ങൾക്കും ഉണ്ട് എന്നുമാണ്. പക്ഷെ അത്യാഗ്രഹത്താൽ മതിമറന്ന് നിൽക്കുന്ന മനുഷ്യൻ ഇത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. നാം നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചില്ലങ്കിൽ നേരത്തെ പോയ വെള്ളപ്പൊക്കവും സുനാമിയും ഒക്കെ പോലെ പല വ്യാധികളും നമ്മുടെ നാടിനെ ബാധിക്കും.
ഓരോരുത്തരും അവരവരുടെ വ്യക്തിശുചിത്വം പാലിച്ചാൽ നമുക്ക് പല വ്യാധികളെയും ഒഴിവാക്കാൻ സാധിക്കും. ഈ കൊറോണ പോലും നമുക്ക് അങ്ങനെ അകറ്റാവുന്നതേയുള്ളു. ഒരാൾ അയാളുടെ ജീവിതത്തിൽ മുഴുവൻ പാലിക്കേണ്ടതാണ് വ്യക്തി ശുചിത്വം. ഒരു വ്യക്തിയുടെ സമൂഹത്തിലുള്ള സ്ഥാനം നിർണയിക്കാൻ പോലും ശുചിത്വം ഒരു ഘടകമാണ്. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ്, ചിലപ്പോൾ അതിനേക്കാൾ പ്രധാനമാണ് പരിസരശുചിത്വം. വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കുന്നത് രോഗാണുക്കളെ നമ്മളിൽ നിന്നും അകറ്റുന്നു. പരിസരശുചിത്വം പാലിക്കാതെ വ്യക്തി ശുചിത്വം പാലിക്കുന്നു എന്ന് പറഞ്ഞിട്ട് ഒരു അർത്ഥവുമില്ല കാരണം രോഗാണുക്കൾ ശുചിയല്ലാത്ത പരിസരത്ത് ധാരാളം കാണപ്പെടുന്നു പിന്നീട് മനുഷ്യനിലേക്ക് പകരുകയും ചെയ്യുന്നു. ഒരു പക്ഷെ മനുഷ്യൻ നന്നായി വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ചിരുന്നെങ്കിൽ ആശുപത്രിയിൽ വരുന്നവരുടെ എണ്ണത്തിൽകുറവ് വന്നേനെ.
രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ മരണകാരണം ആകും വിധം വളരാൻ കാരണം നമുക്ക് വേണ്ടത്ര പ്രതിരോധശേഷി ഇല്ലാത്തതാണ്. നമ്മുടെ രോഗപ്രതിരോധശേഷി കുറയാൻ പ്രധാന കാരണം ജീവിതശൈലിയിൽ വന്ന മാറ്റമാണ്. പണ്ടത്തെ ആളുകളുടെ ജീവിതശൈലി അവരുടെ രോഗപ്രതിരോധശേഷി കൂട്ടി. പക്ഷെ നമ്മുടെ ജീവിതശൈലി നമുക്ക് രോഗങ്ങൾ മാത്രമാണ് നൽകുന്നത്. പഴയ ആൾക്കാരുടെ ജീവിതശൈലിയുടെ മഹത്വം ഇത് നാം മനസിലാക്കുന്നു. വ്യായാമങ്ങളിൽ ഏർപ്പെടുന്നതും രോഗപ്രതിരോധം കൂട്ടുന്നു. അങ്ങനെ രോഗാണുക്കൾക്കെതിരെ ശരീരം തന്നെ ഒരു കവചം സൃഷ്ടിക്കുന്നു.
അതിനാൽ പരിസ്ഥിതി സംരക്ഷണം, ശുചിത്വം, രോഗപ്രധിരോധശേഷി വർധിപ്പിക്കൽ എന്നിവ പരിശീലിച്ചെങ്കിൽ മാത്രമേ രോഗബാധയിൽനിന്നും രക്ഷപ്പെടൂ .പരിശീലിച്ചില്ലെങ്കിൽ ചിലപ്പോൾ പ്രകൃതിയുടെ ഇത്തരം ഓർമ്മപ്പെടുത്തലുകൾ വരുംതലമുറയും അനുഭവിക്കേണ്ടി വരും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|