തുടർന്ന് വായിക്കുക
മാറാക്കര നിവാസികൾക്ക് വിദ്യാഭ്യാസത്തിന് ഒരു മാർഗവും ഇല്ലാതിരുന്ന കാലത്ത്, ശ്രീ. സി.കെ നായരുടെ നേതൃത്വത്തിലാണ് ഈ വിദ്യാലയം തുടക്കം കുറിച്ചത്. അന്നത്തെ മലബാർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർ കൂടിയായ ഇദ്ദേഹം തന്നെയാണ് സ്കൂളിന് സ്ഥിരമായ അംഗീകാരം നൽകിയത്. ഒന്നാം ക്ലാസ്സോടെ തുടങ്ങി തുടർന്നുവരുന്ന വർഷങ്ങളിൽ ഓരോ ക്ലാസ് വീതം കൂടി അഞ്ചാം ക്ലാസ് ഉൾപ്പെടുന്ന എൽ പി സ്കൂൾ ആയി മാറി.
കേരള സംസ്ഥാനം നിലവിൽ വരുന്നതിന്ന് മുമ്പ് ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോഡിന്റെ കീഴിലായിരുന്നു. ബോർഡ് ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്ന ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് ഹിന്ദു ബോർഡ് എലിമെന്ററി സ്കൂളായും അറിയപ്പെട്ടു. 1965ലാണ് ഇന്നറിയപ്പെടുന്ന ജി.എൽ.പി.എസ് മേൽമുറിയായത്. അന്നു മുതൽ അഞ്ചാം ക്ലാസ് സ്കൂളിന്റെ ഭാഗമല്ലാതായി. മുസ്ലിം കലണ്ടർ അനുസരിച്ചാണ് അന്ന് പ്രവർത്തിച്ചിരുന്നെങ്കിലും 2007 – 08 അധ്യയന വർഷം മുതൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ ജനറൽ കലണ്ടറിലേക്ക് മാറി.
തുടക്കത്തിൽ വളരെ കുറച്ച് കുട്ടികൾ മാത്രമെ പഠിച്ചിരുന്നുള്ളൂ. മുസ്ലിം കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു, പ്രത്യേകിച്ച് പെൺകുട്ടികൾ. പിന്നീട് നൂറോളം കുട്ടികളായപ്പോൾ അടുത്തുള്ള പീടിക മുറിയിൽ വെച്ച് ക്ലാസ് നടത്തിയിരുന്നു. അധ്യപകർ മാറി മാറിവന്നു കൊണ്ടിരുന്നു. നാലാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. അടുത്തുള്ള കുട്ടിക്കിണറിൽ (തോട്ടിലെ കിണർ ) നിന്നാണ് സ്കൂളിലേക്ക് ആവശ്യമായ വെള്ളം കൊണ്ട് വന്നിരുന്നത്. തുടക്കത്തിൽ സർക്കാറിൽ നിന്നും കുട്ടികൾക്കുള്ള ഭക്ഷണ വിതരണം ഉണ്ടായിരുന്നില്ല.അക്കാലത്ത് അമ്പത്തൊടിയിൽ നിന്ന് വർഷത്തിലൊരിക്കൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം (സദ്യ ) നൽകിയിരുന്നു. സദ്യ കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ എല്ലാവർക്കും ഒരു ചില്ലി (നാണയം) കൊടുത്തിരുന്നു. ചക്കക്കാലത്ത് പഴുത്ത ചക്ക കുട്ടികൾക്ക്
എത്തിച്ചുകൊടുത്തിരുന്നു. പിന്നീടാണ് സർക്കാർ വക ഉപ്പുമാവും പാലും നിലവിൽ വന്നത് . കെട്ടിട വാടക വാങ്ങിയിരുന്നില്ലെങ്കിലും സ്വന്തം കുടുംബത്തെ പോലെയാണ് അമ്പത്തൊടി തറവാട്ടുകാർ ഈ വിദ്യാലയത്തെ കണ്ടിരുന്നത്. പരമ്പരാഗതമായി കൈമാറിയ ഈ വിദ്യാലയം അമ്പത്തൊടി ചാക്കീരി ലക്ഷ്മി കുട്ടിയമ്മ മകൾ പത്മാവതി അമ്മയുടെയും മലയത്ത് കുമ്മിണിയമ്മ മകൻ വേലായുധൻ നായരുടെയും അവകാശത്തിലായിരുന്നു. പിന്നീടുള്ള വളർച്ചയിൽ ഇവരുടെ പങ്ക് സ്തുത്യർഹമാണ്. 1995ൽ കുട്ടികളുടെ ബാഹുല്യവും സ്ഥലത്തിന്റെ പരിമിതിയും കാരണം വീർപ്പുമുട്ടിയിരുന്ന ഈ വിദ്യാലയത്തിന് പുതിയൊരു
കെട്ടിടം പണിയാൻ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ കുട്ട്യാലി മാസ്റ്ററുടെ നേതൃത്വത്തിൽ പി.ടി.എ തീരുമാനിച്ചു. ഇതിനു വേണ്ടി
10 സെന്റ് സ്ഥലം, പത്മാവതിയമ്മയും വേലായുധൻ നായരും ചേർന്ന് ഗവൺമന്റിലേക്ക് വിട്ടുകൊടുത്തു. കെട്ടിട നിർമ്മാണത്തിനായി 40,000 രൂപയും നൽകി. നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണം കൊണ്ട് 3 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം പണി കഴിപ്പിച്ചു. തുടക്കത്തിൽ ഉണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കം കൊണ്ട് സുരക്ഷിതമല്ലാതായതിനാൽ പുതിയൊരു കെട്ടിടത്തിന്റെ ആവശ്യകത അന്നത്തെ പ്രധാനാധ്യാപിക വസന്തകുമാരി ടീച്ചർ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തി. സ്വകാര്യ സ്ഥലമായതിനാൽ കെട്ടിടം നൽകാൻ ഗവൺമെന്റിന് നിർവാഹമില്ലായിരുന്നു. ഇക്കാര്യം വസന്തകുമാരി ടീച്ചറും കൃഷ്ണൻ നായർ മാസ്റ്ററും ശ്രീ വേലായുധൻ നായരുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ ഫലമായി വീണ്ടും 10 സെന്റ് സ്ഥലം സർക്കാറിലേക്ക് നൽകി. ഈ സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 5 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിതു.
2002 മാർച്ച് 30 വരെ വാടക നൽകിയാണ് വിദ്യാലയം പ്രവർത്തിച്ചത്. മാർച്ച് 30ന് കുറ്റിപ്പുറം ബ്ലോക്ക് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2,42,000 രൂപ നൽകി. കേരള സർക്കാർ വിദ്യാലയത്തിന്റെ ഉടമസ്ഥവകാശം പൂർണമായും ഏറ്റെടുത്തു. ഇതിനു ശേഷം SSA യുടെ ഫണ്ട് ഉപയോഗിച്ച് ഒരു ക്ലാസ്സ് റൂമും മൂത്രപ്പുരയും നിർമിച്ചു. ഇതോടൊപ്പം ക്ലസ്റ്റർ ലീഡ് സ്കൂൾ എന്ന നിലയിൽ ക്ലസ്റ്റർ ബിൽഡിങ് നിർമിച്ചു. പ്രാഥമിക സൗകര്യങ്ങൾക്ക് ബുദ്ധിമുട്ടായിരുന്ന ഈ വിദ്യാലയത്തിൽ SSA പദ്ധതികൾ പ്രകാരം ആവശ്യത്തിന് ടോയ്ലറ്റുകൾ ലഭിച്ചു. അതോടൊപ്പം സ്ക്കൂൾ വൈദ്യുതീകരിക്കുകയും കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിണർ താഴ്ത്തുകയും പ്ലംബിംഗ് നടത്തുകയും ചെയ്തു.
2005നു ശേഷം അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ സിറാജുദ്ധീൻ മാസ്റ്റർ മുൻകൈയെടുത്ത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സ്കൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. 2007 - 08 വർഷത്തിൽ SSA ഫണ്ടുപയോഗിച്ച് പി.ടി എ ബിൽഡിംഗ് മേജർ റിപ്പയർ ചെയ്തു. ഇതിനു ശേഷം സ്കൂളിൽ ഓരോ ബിൽഡിംഗിനോടും ചേർന്ന് പൂന്തോട്ടം നിർമ്മിക്കുകയും സ്കൂൾ മുറ്റത്ത് വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കുകയും ചെയ്തു.
2012 മാർച്ചിൽ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ആദ്യ ചുവടായി 2011 ജൂൺ മാസത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. ശതാബ്ദിയോടനുബന്ധിച്ച് സ്ക്കൂൾ വെബ് സൈറ്റ് തുടങ്ങി. സ്ക്കൂൾ ക്ഷേമനിധി രൂപീകരിച്ച് അതുവഴി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി വരുന്നു. കൂടാതെ ചാങ്ങലിയോട്ട് ശങ്കരനാരായണൻ നമ്പൂതിരിപ്പാട് സ്മാരക എൻഡോവ്മെന്റ് (5000 രൂപ വർഷത്തിൽ) ഉപയോഗിച്ച് അർഹരായ കുട്ടികൾക്ക് പഠനസഹായങ്ങൾ ചെയ്യുന്നുണ്ട്. നാലാം ക്ലാസ്സിൽ നിന്ന് പഠിച്ചുപോകുന്ന മിടുക്കരായ വിദ്യാർഥികൾക്ക് പന്തൽ മന നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ, ആമിനക്കുട്ടി ടീച്ചർ, വസന്തകുമാരി ടീച്ചർ എന്നിവർ എർപ്പെടുത്തിയ എന്റോവ്മെന്റും നൽകി വരുന്നു. ക്ലാസ് മുറിയുടെ അപര്യാപ്തത മൂലം 2013ൽ പുതിയ ക്ലാസ്മുറി നിർമിച്ചു. ശിശു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ക്ലാസ്സുമുറികളുടെ ചുമരുകൾ പഠനാനുസൃത ചിത്രങ്ങളാൽ അലങ്കരിച്ചു. താമരക്കുളം, ഇരിപ്പിടങ്ങൾ എന്നിവ നിർമ്മിച്ചു. ഊഞ്ഞാലുകളും, സ്ലൈഡറും സ്ഥാപിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി മഴവെള്ള സംഭരണി നിർമ്മിച്ചു. 2016-17 വർഷത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ആരംഭിച്ചു. പാചകം ഗ്യാസടുപ്പിലേക്ക് മാറ്റി. കൂടുതൽ സൗകര്യ പ്രദമായ അടുക്കളയുടെ നിർമാണം പൂർത്തിയായി. എം.പി, എം.എൽ.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവയുടെ ഫണ്ടുകളുപയോഗിച്ച് ലഭിച്ച കമ്പ്യൂട്ടറുകളും LCD ടി.വികൾ, Projecter, Printer എല്ലാ ക്ലാസ്സിലും ഫാനുകൾ,സ്മാർട്ട് റൂമിൽ എ.സി, മൈക്ക്, രക്ഷിതാക്കളും നാട്ടുകാരും നൽകിയ ടി വികൾ,ഡി.വി.ഡി പ്ലയർ എന്നിവയും സ്കൂൾ റോഡിയോയും ഇന്ന് ഈ വിദ്യാലയത്തിന്റെ സൗകര്യങ്ങളാണ്.
ശ്രീകൃഷ്ണൻ മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ, നാരായണ ഭട്ടതിരിപ്പാട് മാസ്റ്റർ വേലായുധൻ കുറുപ്പ് മാസ്റ്റർ, വസന്തകുമാരി ടീച്ചർ, സിറാജുദ്ധീൻ മാസ്റ്റർ എന്നിവർ ഇവിടുന്ന് റിട്ടയർ ചെയ്ത പ്രധാനാധ്യാപകരും ലക്ഷ്മിക്കുട്ടി വാരസ്യാർ ടീച്ചർ
ആമിനകുട്ടി ടീച്ചർ, കദീജ ടീച്ചർ, മുംതാസ് ടീച്ചർ, റുഖിയ്യ ടീച്ചർ എന്നിവർ പിരിഞ്ഞു പോയ സഹ അധ്യാപകരുമാണ്. ശ്രീ കുട്ട്യാലി മാസ്റ്റർ, പുഷ്പകുമാരി ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്. ഈ വിദ്യാലയത്തെ സ്മരിക്കുന്ന ഏവരുടെയും മനസ്സിൽ തെളിയുന്ന ഒരു മുഖമാണ് മാത വല്യമ്മ. തന്റെ 5-ാം വയസ്സിൽ പഠനത്തിനെത്തിയ നാൾ മുതൽ 82-ാം വയസ്സിൽ പി.ടി.സി എം. ആയി വിരമിക്കുന്നത് വരെ ഈ വിദ്യാലയത്തിന്റെ ഓരോ മുക്കിലും മൂലയിലും അധ്യാപകർക്ക് അമ്മയായും കുഞ്ഞുങ്ങൾക്ക് മുത്തശ്ശിയായും അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഇന്ന് 9 എൽ പി. ക്ലാസ്സുകളിലും 2 പ്രീ - പ്രൈമറി ക്ലാസ്സുകളിലുമായി 332 കുട്ടികളുണ്ട്. എച്ച് എം, 10 സഹ അധ്യാപകർ, പി.ടി.സി.എം, 2 പ്രീ - പ്രൈമറി അധ്യാപകർ, 2 ആയമാർ, പാചകം ചെയ്യുന്ന ആൾ അടക്കം 17 പേർ അടങ്ങുന്നതാണ് ഈ വിദ്യാലയം. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പ്രതീക്ഷാലയവും ഇവിടെ പ്രവർത്തിച്ച് വരുന്നു. അക്കാദമിക രംഗത്തും കലാകായിക ശാസ്ത്ര മേഖലകളിലും ഉന്നതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയമുത്തശ്ശിക്ക് ഇന്ന് 110 വയസ്സ് കഴിഞ്ഞു. ശതാബ്ദി പിന്നിട്ട സർക്കാർ വിദ്യാലയങ്ങൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന പുതിയ കെട്ടിടങ്ങളുടെ കൂട്ടത്തിൽ , 2020 ൽ ഈ വിദ്യാലയത്തിനും സർക്കാർ 1 കോടി രൂപയുടെ പുതിയ കെട്ടിടം അനുവദിക്കുകയുണ്ടായി. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ശ്രീ ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥുമായി ബന്ധപ്പെട്ടാണ് നിർമാണ ഫണ്ട് ലഭ്യമാക്കിയത്.നിലവിലുള്ള പ്രധാനാധ്യാപകൻ ശ്രീ എം.അഹമദ് മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ഒ.കെ.ഹാരിസ് എന്നിവരും മറ്റ് അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചരിത്രപരമായ പങ്കാണ് ഇക്കാര്യത്തിൽ നിർവ്വഹിച്ചത്. നിർമാണം പുരോഗമിക്കുന്ന ഒരു കോടി രൂപയുടെ പുതിയ 3 നില ബിൽഡിംഗും പുല്ലുപാകി, കട്ട വിരിച്ച് പൂച്ചെടികൾ വിതാനിച്ച സ്കൂൾ മുറ്റവും നിലവിൽ വരുമ്പോൾ സ്കൂളിന്റെ മുഖഛായ തന്നെ മാറുമെന്ന് പ്രത്യാശിക്കാം.