കൗണാറിന്റെ തീരത്തുള്ള താഴത്തങ്ങാടിയിൽ അതിപുരാതന കാലത്ത് തന്നെ ജോനകന്മാരായ (അറബികൾ) വണിക്കുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അന്നത്തെ അങ്ങാടികളുടെ ഏകദേശം രൂപം ഉണ്ണിയാടി ചരിതത്തിൽ നിന്നും ലഭിക്കു ന്നുണ്ട്. കമ്പിളി, കമ്പു, പിരമ്പു, രിമ്പു, കരിനാട, മമ്പു,പെരുമ്പറ ഇവ മാത്രമല്ല പായ,ചോളം, പയറ്, മുതിര, ചിരവ, ചിരട്ട, കരണ്ടകം, കറുവപ്പട്ട, അയമോദകം തുടങ്ങിയ വിവിധ വസ്തുക്കളും വിൽപ്പനയ്ക്ക് വച്ചിരുന്നു. ജോനകർ ചോഴിയർ, പാണധികൾ, ഒടിയർ, വാണിയ എന്നിവർ വ്യാപാരി വൃന്ധത്തിലുൾപ്പെട്ടിരുന്നു.

തെക്കുംകൂർ രാജാക്കന്മാരുടെ കാലത്ത് താഴത്തങ്ങാടി ഒരു പ്രസിദ്ധ വാണിജ്യകേന്ദ്രമായിത്തീർന്നു. എള്ള് കറുവാപ്പട്ട, കുരുമുളക്, ചുക്ക്, മഞ്ഞൾ, ഇഞ്ചി, തേൻ തുടങ്ങിയ വിഭവങ്ങൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും കൊണ്ടു വന്ന് കൗണാറ്റിലൂടെ കേവുവള്ളത്തിലാക്ക പുറക്കാട്ടെത്തിക്കുകയും അവിടെ നിന്ന് വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുകയുമായിരുന്നു പതിവ്. കൊടുങ്ങല്ലൂരിന്റെ തകർച്ചയോടെ അവിടെ നിന്ന് ക്രിസ്ത്യാനികളും, മുസ്ലിംങ്ങളും, സാരസ്വത ബ്രാഹ്മണരുമായ വ്യാപാരികൾ കടുത്തുരുത്തിയിലേയ്ക്കും താഴത്തങ്ങാടിയിലേക്കും എത്തിച്ചേർന്നു.

പറങ്കികൾക്ക് ശേഷം വന്ന ഡച്ചുകാർ തെക്കുംകൂർ രാജാക്കൻമാരുമായി സൗഹൃദത്തിലാവുകയും അവരുടെ ഭാഷാ വൈഷമ്യം മാറ്റാൻ താഴത്തങ്ങാടിയിൽ ഒരു ഡച്ച് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. ചരക്കു സംഭരണത്തിനായി രാജാവ് മീനച്ചിലാറിന്റെ കരയിൽ സംഭരണശാലകൾ കെട്ടി വ്യാപാരാവകാശം കച്ചവടക്കാർക്ക് നല്കി

ചന്തയിൽ കൊടുക്കൽ വാങ്ങൽ പ്രക്രിയയുടെ ഭാഗമായി നടത്തിയിരുന്ന ആംഗിക വാചിക ഭാഷയാണ് ചന്തഭാഷ. നാടോടി വ്യവഹാര ത്തിലെ അനവധി ആശയങ്ങളും സന്ദേശങ്ങളുമടങ്ങിയ ചിഹ്നഭാഷയാണിത്. ചരക്കു കൈമാറ്റത്തിന്റെ മാത്രമല്ല രേഖപ്പെടുത്തിയിട്ടില്ലാത്ത രഹസ്യ ആശയവിനിമയത്തിന്റെയും ഭാഷയാണ് ചന്തഭാഷ. കന്നുകാലിചന്തയിൽ കൈകോർത്തു പിടിച്ച് അതിനു മുകളിൽ തോർത്തുമുണ്ട് ഇട്ട് പരസ്പരം വിരൽ തൊട്ടാണ് വസ്തുവിനു വില പറയുക. ഒരു വിരൽ ആയിരം രൂപ പകുതി വിരൽ അഞ്ഞൂറു രൂപ. ചന്തയിൽ സാധനങ്ങൾ വിലക്കുന്നതിനായി നാടുവാഴിക്ക് സ്ഥല നികുതിയായി ചന്തക്കരവും നല്കേണ്ടിയിരുന്നു.

"https://schoolwiki.in/index.php?title=താഴത്തങ്ങാടി&oldid=1685331" എന്ന താളിൽനിന്ന് ശേഖരിച്ചത്