ഡോ. കുര്യാസ് കുമ്പളക്കുഴി
മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി
മികച്ച അദ്ധ്യാപകൻ, വാഗ്മി, ഗ്രന്ഥരചയിതാവ്, ഭാഷാപണ്ഡിതൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കേരള വിവരാവകാശ കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രശസ്തനാണ്. കുറവിലങ്ങാട് ജനിച്ചു വളർന്ന ഇദ്ദേഹം സെന്റ് മേരീസ് ഹൈസ്കൂളിൽ പഠിക്കുകയും പിന്നീട് ഇവിടെത്തന്നെ അദ്ധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് ഉന്നതവിദ്യാഭ്യാസത്തിനു ശേഷം ദേവമാതാ കോളേജ് അദ്ധ്യാപകനായി. പിന്നീട് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ പ്രഫസറായി. 'മൃത്യബോധം മലയാള കാല്പനിക കവിതയിൽ' എന്ന ഗവേഷണപ്രബന്ധത്തിന് ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. കട്ടക്കയം ചെറിയാൻ മാപ്പിള, സി. മേരി ബനീഞ്ഞ തുടങ്ങിയവരുടെ കവിതകളെക്കുറിച്ചുള്ള പഠനങ്ങൾ സഹൃദയലോകം സഹർഷം സ്വാഗതം ചെയ്തു. കേരളത്തിലെ പല പ്രമുഖ വാരികകളിലും സ്ഥിരമായി എഴുതുന്ന ഡോ. കുര്യാസ് കുമ്പളക്കുഴി സ്കൂളിലെ പ്രധാന ചടങ്ങുകളിൽ എത്തിച്ചേരാറുണ്ട്.