ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്യം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെതന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാം. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യമല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വമെന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെ ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന ആകെ തുകയാണ് ശുചിത്വം. എവിടെയല്ലാം നാം സൂക്ഷിച്ചുനോക്കുന്നുവോ അവിടെയെല്ലാം നമ്മുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്.വീടുകൾ, സ്കൂളുകൾ,ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, സർക്കാർസ്ഥാപനങ്ങൾ, ഓഫീസ്സുകൾ, വ്യവസായശാലകൾ, ബസ്സ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല.പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ലേ പരിഹാരത്തിനു ശ്രമിക്കുകയുള്ളൂ. ഇത് ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന നിസ്സംഗതാ മനോഭാവം അപകടകരമാണ്. വ്യക്തിശുചിത്വമുണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണ നാം ഒഴിവാക്കണം. ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം നാം തിരിച്ചറിയണം. ഞാനും എന്റെ വീടും വൃത്തിയായാൽ മതി എന്ന ധാരണ ഒഴിവാക്കണം. പരിസര ശുചിത്വമോ, പൊതു ശുചിത്വമോ, സാമൂഹ്യ ശുചിത്വമോ താൻ പരിഗണിക്കേണ്ടതല്ല അല്ലെങ്കിൽ അത് തന്റെ പ്രശ്നമല്ല എന്ന മനോഭാവം ഒഴിവാക്കണം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലിക അവകാശമാണ്. ശുചിത്വമില്ലാത്ത ചുറ്റുപാടിൽ ജീവിക്കുമ്പോൾ നാം അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിത നിലവാരത്തിന്റെ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ അരോഗ്യം മാത്രമല്ല ജീവിത ഗുണനിലവാരവും ഉയർത്തപ്പെടും. ആവർത്തിച്ചുവരുന്ന പകർച്ചവ്യാദികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ വരെ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടത്ത് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. ശുചിത്വം വേണമെന്ന് നമുക്ക് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വം ഇല്ലാതെ നാം ജീവിക്കുന്നു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ് എന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്നിടമെല്ലാം ശുചിത്വമുള്ളതായിരിക്ക ണം എന്ന ചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായ്മക്കെതിരെ പ്രവർത്തിക്കും, പ്രതികരിക്കും. സാമൂഹ്യ ബോധമുള്ളൊരു വ്യക്തി തന്റെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. ശുചിത്വ ബോധം ഉള്ളതുകൊണ്ടാണ് നാം പല്ലുതേച്ചുകുളിച്ച് വൃത്തിയായി നടക്കുന്നത്, ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകുന്നത്.അതുപോലെ വ്യക്തിഗതമായി ആവശ്യമുള്ള എല്ലാ ശുചിത്വകർമ്മങ്ങളും ചെയ്യുന്നത്. വ്യക്തി ശുചിത്വം സാദ്യമാണെങ്കൽ സാമൂഹ്യശുചിത്വം സാധ്യമല്ലേ. അതിന് സാമൂഹ്യ ശുചിത്വബോധം ഓരോ വ്യക്തികൾക്കും ഉണ്ടാകണം. അതുണ്ടായാൽ ഓരോ വ്യക്തിയും വ്യക്തിശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കുകയില്ല. " വൃത്തിയുള്ള നാട്ടിലെ ആരോഗ്യമുള്ള ജനത ഉണ്ടാവുകയുള്ളൂ." ഇതിനായി നമുക്ക് ഒരോരുത്തർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാം........ ശുചിത്വമുള്ളതാക്കാം വീടും, സ്കൂളും പിന്നെ നാടും........ ഇപ്പോൾ നമ്മുടെ നാടിനെ ചുറ്റിവരിഞ്ഞിരിക്കുന്ന Covid 19 എന്ന പകർച്ചവ്യാദിക്കെതിരെ നമുക്ക് ഒത്തൊരുമിച്ച് പോരാടാം........"
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം