ഡി.എം.എസ്.ബി.എസ്. കാക്കയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിലെ കൊടുവായൂർ പഞ്ചായത്തിലെ കാക്കയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 127 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യമുള്ള വിദ്യാലയം 1895-ൽ സ്ഥാപിതമായി. 61 വിദ്യാർത്ഥികളും 3 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 684 വിദ്യാർത്ഥികളും 25 അധ്യാപകരും അടങ്ങുന്ന ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരുന്നു.

1895-ൽ പള്ളിയിൽ ചാത്തുക്കുട്ടി മേനോൻ പള്ളിയിൽ തറവാട്ടിലെ 'കലവറ'യിൽ ആരംഭിച്ച പള്ളിക്കൂടം, കൊടുവായൂർ കേരളപുരം രാമനാഥയ്യർ മാനേജർ സ്ഥാനം വഹിച്ച് നടത്തി വന്നു. പിന്നീട് മുരിങ്ങമല പൊന്നത്ത് കൃഷ്ണൻ നായർ മാനേജർ സ്ഥാനം വഹിച്ചു. 1900-ൽ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1934-ൽ അഞ്ചാം തരം ആരംഭിച്ചതോടെ എരേക്കത്ത് അപ്പുക്കുട്ടി മേനോൻ പണി ചെയ്തു കൊടുത്ത കെട്ടിടത്തിലേക്ക് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1954-ൽ ഒരു ഹയർ എലിമെന്ററി സ്‌കൂളായി ഉയർത്തപ്പെടുകയും 1956-ൽ അടിസ്ഥാന വിദ്യാലയമാക്കി ഗവൺമെന്റ് ഉത്തരവ് ലഭിക്കുകയും ചെയ്തു. വിദ്യാലയത്തിലെ അധ്യാപകനായിരുന്ന പള്ളിയിൽ ഭാസ്‌ക്കര മേനോൻ മാനേജ്‍മെന്റ് എറ്റെടുക്കുകയും വിദ്യാലയത്തിൽ സ്‌കൗട്ട് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്‌തു. 1964-ൽ വിദ്യാലയത്തിന്റെ പേര് ദേവകി മെമ്മോറിയൽ സീനിയർ ബേസിക് സ്‌ക്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു.

127 വർഷങ്ങൾക്കു മുമ്പ് കുടിപള്ളിക്കൂടമായി സ്ഥാപിതമായ വിദ്യാലയം ഇന്ന് ദേവകി ഹാൾ, നാരായണീ ഹാൾ, ഗോവിന്ദൻമാസ്റ്റർ ഹാൾ, ഭാസ്‌ക്കര മേനോൻ മെമ്മോറിയൽ ഹൈ-ടെക്ക് ബ്ലോക്ക് എന്നിങ്ങനെ വിശാലമായ 4 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.