ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മുട്ടട/അക്ഷരവൃക്ഷം/ചക്കര മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കരമാവ്

മുത്തശ്ശിയുടെ വീട്ടിൽ ആദ്യമായി ചെന്നപ്പാഴാണ് പാറുക്കുട്ടി അത് കാണുന്നത് . വീടിൻറെ തൊഴുത്തിന് പിറകിലായി ഒരു വലിയ മാവ്. എന്തുകൊണ്ടോ ആ മാവ് പാറുകുട്ടിയുടെ ഉള്ളിൽ ഒരു കൗതുകം ഉണർത്തി. അവൾ ആ മാവിനെ പറ്റി മുത്തശ്ശിയോട് ചോദിച്ചു. മാവ് എന്നാൽ എന്താണെന്നും ” മാവ് ” നമുക്ക് എന്ത് തരും. അങ്ങനെ അവൾ പല പല ചോദ്യങ്ങൾ മുത്തശ്ശിയോട് ചോദിച്ചു. മാങ്ങ തരുന്ന മാവിനെപ്പറ്റി മുത്തശ്ശി പറഞ്ഞു കൊടുത്തതിൽ ഒന്ന് മാത്രം പാറുകുട്ടിയുടെ മനസ്സിൽ പതിഞ്ഞു. ആ മാവിനു നൂറ്റിയമ്പത് വയസ്സ് പ്രായമുണ്ടത്രേ! നൂറ്റിയമ്പത് വയസ്സോ?... അമ്പടാ! മുത്തശ്ശിയെക്കാളും പ്രായം ഉണ്ടല്ലേ മാവിന്? അവൾ ചിരിച്ചു . മുത്തശ്ശിയുടെ മുത്തച്ഛൻ നട്ട മാവാണെന്നും ആ മാവ് എന്നും ആ വീട്ടിലെ ഒരു അംഗം ആയിരുന്നു എന്നുമെല്ലാം മുത്തശ്ശി പാറുക്കുട്ടിയോട് പറഞ്ഞു പാറുക്കുട്ടിക്ക് ആ മാവിനോട് വല്ലാത്തൊരു അടുപ്പം തോന്നി. ആ അവധിക്കാലം അവൾ മുത്തശ്ശിയുടെ വീട്ടിൽ വളരെ സന്തോഷത്തോടെ കഴിഞ്ഞു . മാവ് പാറുക്കുട്ടിയോട് സംസാരിക്കുകയും കളിക്കുകയും എല്ലാം ചെയ്യുമെന്ന്‌ എല്ലാവരോടും പറഞ്ഞു കൊണ്ടു നടന്നു. ദിവസം മുഴുവൻ മാവിൻ ചുവട്ടിൽ മയങ്ങിയും ഊഞ്ഞാൽആടിയും മാങ്ങ പറിച്ചും കഴിച്ചും എല്ലാം പാറുക്കുട്ടി കഴിഞ്ഞു. ആ ഒൻപത് വയസ്സുകാരിയുടെ മനസ്സിൽ ചക്കര മാവ് ഒരു വലിയ തണലായി വളർന്നു . അങ്ങനെ ആ അവധിക്കാലം കഴിഞ്ഞു.

പാറുക്കുട്ടിയെ തിരികെ വിളിച്ചു കൊണ്ടുപോകാൻ അവളുടെ അച്ഛനും അമ്മയും വന്നു. പക്ഷേ അവളുടെ കളിക്കൂട്ടുകാരൻ ആയ മാവിനെ ഉപേക്ഷിച്ചു പോകാൻ അവൾക്ക് കഴിയുമായിരുന്നില്ല. അവൾ ഒരുപാട് കരഞ്ഞു. അവസാനം അടുത്ത അവധിക്കാലം വരാം എന്നും അന്ന് നമുക്ക് കളിക്കാം എന്നും എല്ലാം ഒരു കൂട്ടുകാരനോട് എന്നപോലെ ആ മാവിനെ കെട്ടിപ്പിടിച്ചു അവൾ പറഞ്ഞു. മുത്തശ്ശിയുടെ വീട്ടിൽ നിന്നും മടങ്ങുമ്പോഴും അവൾ ഒരു പഴുത്ത നല്ല ഭംഗിയുള്ള ഒരു മാങ്ങ കയ്യിൽ ചേർത്തുപിടിച്ചിരുന്നു അവളുടെ ചക്കര മാവ് അവൾക്ക് അവസാനമായി നൽകിയ സുന്ദരൻ മാമ്പഴം. നഗരത്തിലെ ഫ്ളാറ്റിൽ തിരികെ എത്തി തന്റെ കൊച്ച് മുറിയിൽ കയറുമ്പോഴും അവൾ ആ മാമ്പഴം കയ്യിൽ തന്നെ സൂക്ഷിച്ചിരുന്നു. ഇപ്പാൾ അവളുടെ മുറിയിൽ ഒരു ചെടിച്ചട്ടിയിൽ കുഞ്ഞിലകളുമായി ഒരു ചെറിയ മാവിൻതൈ തളിരിട്ട് നിൽപ്പുണ്ട്. അതിനെ ചൂണ്ടിക്കാട്ടി അവൾ ഇന്നും എല്ലാരോടും പറയും “ എൻറെ ചക്കരമാവാ അത് ...."

എൻറെ സ്വന്തം ചക്കരമാവ് !

ഗൗതംകൃഷ്ണ എ. എസ്.
XI A ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, മുട്ടട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ