ടി എം വി എച്ച് എസ്. എസ് .പെരുമ്പിലാവ്/എന്റെ ഗ്രാമം
ചരിത്രം ഭരണചരിത്രം
കൊല്ലവർഷം 1087-ലെ കൊച്ചിൻ പഞ്ചായത്ത് റെഗുലേഷൻപ്രകാരമാണ് ആദ്യമായി 100 വർഷങ്ങൾക്കു മുൻപ് കടവല്ലൂർ പഞ്ചായത്ത് രൂപം കൊണ്ടത്. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രൂപീകരിച്ചത് കൊച്ചിരാജ്യത്തായിരുന്നു എന്ന ഖ്യാതി കൊച്ചി നാട്ടുരാജ്യത്തിനുണ്ട്. കൊച്ചിനാട്ടുരാജ്യത്ത് ഭരണാധികാരിയായ മഹാരാജാവ് പുറപ്പെടുവിക്കുന്ന നിയമത്തിന് റെഗുലേഷൻ എന്നു വിളിച്ചിരുന്നു. കടവല്ലൂർ, പെരുമ്പിലാവ്, കരിക്കാട് എന്നീ മൂന്നു വില്ലേജുകൾ ഉൾപ്പെടുത്തി കൊച്ചി റെഗുലേഷൻ പ്രകാരം അന്ന് രൂപീകരിച്ച കടവല്ലൂർ പഞ്ചായത്തിന്റെ അതിർത്തിയിലും, വിസ്തീർണ്ണത്തിലും അതിനുശേഷം ഇന്നുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. റഗുലേഷൻ ആക്റ്റുപ്രകാരം കൊച്ചിരാജ്യത്ത് ആദ്യമായി രൂപീകരിച്ച 87 പഞ്ചായത്തുകളിലൊന്നായിരുന്നു കടവല്ലൂർ. ശുചീകരണം, വിളക്കുകത്തിക്കൽ, വേനൽക്കാല തണ്ണീർപന്തലുകൾ ഒരുക്കൽ, മോരിൻവെള്ളം കൊടുക്കൽ, മേച്ചിൽ സ്ഥലം സംരക്ഷിക്കൽ, കന്നുകാലി പൌണ്ട് സംരക്ഷിക്കൽ മുതലായവ മാത്രമായിരുന്നു അന്നത്തെ പഞ്ചായത്തു കമ്മിറ്റിയുടെ ചുമതലകൾ. അതിന് പുറമെ പഞ്ചായത്തുസമിതി യോഗം കൂടി പഞ്ചായത്തുപ്രദേശത്ത് ആവശ്യമായ കുളം, കിണർ, റോഡുകൾ മുതലായ ആവശ്യങ്ങൾക്ക് പ്രമേയം പാസാക്കി പഞ്ചായത്ത് ഡയറക്ടർക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുമേധാവികൾക്കും അയച്ചുകൊടുക്കും. അത് പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് തന്നെ നടത്തുകയും ചെയ്യും. അന്ന് പഞ്ചായത്ത് സ്റ്റാഫിന്റെ ശമ്പളം, ഓഫീസിലേക്ക് ആവശ്യമായ പുസ്കതങ്ങൾ, ഫോറങ്ങൾ, സ്റ്റേഷനറി സ്റ്റാമ്പ് മുതലായവയെല്ലാം സർക്കാരിൽ നിന്നും നൽകും. 1950-ലെ തിരുവിതാംകൂർ-കൊച്ചി പഞ്ചായത്ത് ആക്ട് പ്രകാരം പിൽക്കാലത്ത് രൂപീകരിച്ച കടവല്ലൂർ പഞ്ചായത്തിൽ 6 വാർഡും 7 മെമ്പർമാരും ഉണ്ടായിരുന്നു. പിന്നീട് പഴയ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരമുള്ള ഭരണവും, അതിനുശേഷം കൊച്ചിപ്രദേശത്ത് തിരു-കൊച്ചി പഞ്ചായത്ത് ആക്റ്റുപ്രകാരമുള്ള ഭരണവും തുടർന്നു. ഈ തരത്തിലുള്ള പഞ്ചായത്തുകൾ കൊച്ചി രാജ്യത്ത് തുടർന്നുകൊണ്ടിരിക്കേ 1947-ന് ഇന്ത്യ സ്വതന്ത്രമാവുകയും 1949 ജൂലായ് 1-ന് രാജഭരണം അവസാനിക്കുകയും കൊച്ചിയും, തിരുവിതാംകൂറും കൂടി ചേർന്ന് യുണെറ്റഡ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ-കൊച്ചിൻ നിലവിൽ വരികയും ചെയ്തു. അതിനിടെ 1956 നവംബർ 1-ന് കേരളം പിറവിയെടുത്തു. അതുവരെ തുടർന്നുവന്ന ഭരണസമ്പ്രദായത്തിന് വിരാമിട്ടുകൊണ്ട്, 1960-ലെ കേരള പഞ്ചായത്ത് ആക്ട് രൂപം കൊണ്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഭരണസമിതിയുടെ ആദ്യപ്രസിഡണ്ടായി സി.യു.ജോർജ്ജിനെ തിരഞ്ഞെടുക്കുകയും ചെയ്തു. അന്നത്തെ പഞ്ചായത്തുകളിൽ വിസ്തീർണ്ണവും ജനസംഖ്യയും എത്രയായാലും അംഗങ്ങളുടെ എണ്ണം 5 ആയിരുന്നു. പഞ്ചായത്ത് അതിർത്തിയിലെ നാട്ടുപ്രമാണിമാരായ 5 വ്യക്തികളെ മെമ്പർമാരായി നോമിനേറ്റ് ചെയ്യുകയായിരുന്നു പതിവ്. അവരിൽ നിന്ന് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുവാൻ മെമ്പർമാർക്കധിക്കാരമുണ്ടായിരുന്നു. കരിക്കാട് സെന്റിൽ ഒരു വാടകകെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇന്നുള്ള പഞ്ചായത്താഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 1972 ആഗസ്റ്റിൽ നിർവഹിച്ചു. സാമൂഹ്യചരിത്രം
കടവല്ലൂർ എന്നുള്ളത് “ഘടവൽക്കചപുരം’ എന്നതിൽ നിന്നും ഉണ്ടായതാണെന്നാണ് ഐതിഹ്യം. ദിഗ്വിജയത്തിന് ഇറങ്ങിത്തിരിച്ച ഘടോൽക്കചൻ ലങ്കയിൽ നിന്ന് വിഭീഷണനെ പ്രകോപിപ്പിക്കുവാൻ അദ്ദേഹം വച്ചാരാധിച്ചുപോന്ന രണ്ട് ശ്രീരാമവിഗ്രഹങ്ങൾ ചോദിക്കുകയുണ്ടായത്രെ. അദ്ദേഹത്തിൽനിന്ന് ലഭിച്ച രണ്ട് ശ്രീരാമവിഗ്രഹങ്ങളിലൊന്നാണ് കടവല്ലൂരിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് പ്രചാരത്തിലുള്ള വിശ്വാസം. ക്ഷേത്രവും മതിൽക്കെട്ടും ഗോപുരവും മനോഹരമായ വാസ്തുശില്പകലയുടെ ഉദാഹരണമാണ്. എന്നാൽ ഈ ക്ഷേത്രത്തിന് വളരെ മൂൻപുതന്നെ നരസിംഹവും ലക്ഷ്മണനും പ്രതിഷ്ഠയായുള്ള എടയൂർ ക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മധ്യകേരളത്തിലെ പ്രാചീന ക്ഷേത്രങ്ങളിലൊന്നായ കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം വേദപാണ്ഡിത്യത്തിന്റെ മാറ്റുരക്കുന്ന അന്യോന്യത്തിന് പ്രസിദ്ധമാണ്. കടവല്ലൂർ എന്ന നാമത്തിന് പുറകിലും ഈ ക്ഷേത്രത്തിന്റെ ചരിത്രമാണ് ഉള്ളത്. വിദേശബ്രാഹ്മണരായ പട്ടൻമാരുടെ നാൽപ്പതോളം കുടംബങ്ങൾ കടവല്ലൂരിൽ ഉണ്ടായിരുന്നു. എന്നാൽ ആ കുടുംബങ്ങൾ ഒന്നും തന്നെ ഇന്ന് ഇവിടെയില്ല. എല്ലാവരും ക്രമേണ ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി. കൊച്ചിമഹാരാജാവിന്റെ അധീനതയിലായിരുന്ന പ്രദേശമായിരുന്നു ഇവിടം. മനകൾ കൈയ്യടക്കിവച്ചിരുന്ന ഭൂമി മുഴുവൻ പിന്നീട് ദേവസ്വത്തിന്റെ കൈകളിലായി. കടവല്ലൂർപ്രദേശത്ത് പത്തു മനകളോളമുണ്ടായിരുന്നു. പല മനകളും വളരെ മുൻപുതന്നെ അന്യംനിന്നുപോയി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മതാനുഷ്ഠാനം നാഗാരാധാനയാണെന്നു ചരിത്രരേഖകളിൽ കാണുന്നു. പാമ്പും അമ്മദൈവവും ദ്രാവിഡസംസ്കാരത്തിന്റെ സംഭാവനയാണെന്നു അഭിപ്രായമുണ്ട്. സർപ്പക്കാവുകൾ പരക്കെ ഉണ്ടായിരുന്ന ഈ മേഖലയിലെ ഹൈന്ദവതറവാട്ടുകളിൽ അവയുടെ എണ്ണം ഇന്ന് അംഗൂലീപരിമിതം മാത്രം. നാഗക്കളപ്പാട്ട്, പാമ്പിൻതുള്ളൽ എന്നീ അനുഷ്ഠാനങ്ങളും തദനുസൃതമായി കുറഞ്ഞിട്ടുണ്ട്. പുള്ളുവൻപാട്ട്, തക്കളപാട്ട് എന്നിവയും നാമാവശേഷമായി. ഐതിഹ്യപ്പഴമയിലും ഈ പഞ്ചായത്തിലെ നാട്ടകങ്ങൾ സമ്പന്നമായിരുന്നു. കോട്ടോൽ കളരിപ്പണിക്കന്മാരേയും, ആനകേറാകുളത്തേയും, ആൽത്തറ ചെട്ടി സങ്കേതത്തേയും പറ്റിയുള്ള ഐതിഹ്യകഥകൾ പലതും ചരിത്രഗന്ധമുള്ളവ തന്നെയാണ്. പക്ഷെ എഴുതപ്പെടാത്ത ഈ നാട്ടറിവുകൾ വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്നു. പ്രാചീന കാലം മുതൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന കടവല്ലൂർ അന്യോന്യം ഇടക്കാലത്ത് നിന്നുപോവുകയും 1990-നോടടുത്ത് വീണ്ടും ആരംഭിക്കുകയും ചെയ്തു. മുൻകാലങ്ങളിൽ വൃശ്ചികം 1-ാം തീയിതിയിലെ അന്യോന്യത്തോടനുബന്ധിച്ച് 41 ദിവസം വിപുലമായ തോതിൽ വരവും പതിവായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. തൃശ്ശൂർ-തിരുന്നാവായ യോഗക്കാരായ പണ്ഡിതനമ്പൂതിരിമാർ ഇവിടെ സമ്മേളിച്ച് ഋഗ്വേദപഠനം നടത്തുന്നു. വേദമന്ത്രങ്ങൾ മന:പാഠമാക്കുന്നവർക്ക് പ്രോത്സാഹനങ്ങളും നൽകിപോരുന്നു. കടവല്ലൂർ ശ്രീരാമക്ഷേത്രത്തിലെ അന്യോന്യ വേദിയിൽ വേദോച്ചാരണത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ രീതികൾ പുതിയ തലമുറക്കാർ അഭ്യസിക്കുന്നുണ്ട്. ഋഗ്വേദത്തിൽ ഉയർന്ന പരീക്ഷകൾ ജയിക്കുന്നവർക്ക് അന്യോന്യത്തിൽ മുൻപന്തിയിൽ സ്ഥാനം ലഭിക്കും. കടന്നിരിക്കൽ എന്നാണ് ഇതിനു പേർ പറയുന്നത്. നാനാഭാഗങ്ങളിൽ നിന്നും വേദാഭ്യാസത്തിനായി അസംഖ്യം വിദ്യാർത്ഥികൾ ഇവിടെ എത്തുന്നു. പ്രത്യേകരീതിയിലുള്ള ചുറ്റമ്പലത്തോടു കൂടിയ കടവല്ലൂർ ശ്രീരാമക്ഷേത്രം പുരാതന ക്ഷേത്രവാസ്തുവിദ്യക്കു നിദർശനമാണ്. ക്ഷേത്രത്തിന്റെ ചുറ്റുമതിൽ സിമന്റോ കുമ്മായമോ ഇല്ലാത്ത കാലത്ത് പ്രത്യേകരീതിയിൽ കല്ലുകൾ അടുക്കിവച്ച് വൃക്ഷലതാദികളുടെ നീരുപയോഗിച്ചു നിർമ്മിച്ചതാണെന്നു പറയപ്പെടുന്നു. ഈ ചുറ്റുമതിലിന് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിന്റെ മതിലിനേക്കാൾ ഉയരമുണ്ടെങ്കിലും ഇന്നും കേടുപാടുകൾ ഒന്നും തന്നെയില്ല എന്നത് ശ്രദ്ധേയമാണ്. ഇവിടുത്തെ ശ്രീകോവിലിന്റെ ഭിത്തിക്കുമുകളിലുള്ള ദാരുശില്പങ്ങൾ പ്രത്യേകശ്രദ്ധയർഹിക്കുന്നു. ഇവിടെയുള്ള കൂത്തമ്പലത്തിൽ ഒരുകാലത്ത് ക്ഷേത്രകലകൾ പരിപോഷിക്കപ്പെട്ടിരുന്നതിന്റെ തെളിവാണ് അവിടെ അവശേഷിച്ചിട്ടുള്ള പഴയ മിഴാവ്. തദ്ദേശവാസികളായ മൂശാരിമാരുടെ കരകൌശല വൈദഗ്ദ്ധ്യത്തിനു നിദർശനമായ, ഓടുകൊണ്ട് നിർമ്മിച്ച ദീപസ്തംഭം ആരുടെയും ശ്രദ്ധയാകർഷിക്കും. രണ്ടേക്കർ വിസ്തീർണ്ണത്തിൽ പ്രാചീനമായ കാൽപടവുകളോടെ നിർമ്മിക്കപ്പെട്ടിരുന്ന അമ്പലക്കുളത്തിൽ ഒരുകാലത്തും ജലദൌർലഭ്യം അനുഭവപ്പെടാറില്ല. ഒരുകാലത്ത് വന്യമൃഗഭീഷണി ഈ മേഖലയെ അലട്ടിയിരുന്നതായി 1828-നു മുമ്പുള്ള രേഖകളിൽ കാണുന്നു. 1828-ൽ രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രരേഖയിൽ ഇങ്ങനെ പറഞ്ഞുകാണുന്നു: മീനമാസം 23-നു എന്തെന്നാൽ കുന്നംകൊളത്തരെ പ്രവർത്തിയിൽ പെരുമ്പിലാവ് മുറിയിൽ പണ്ടു കുമാരത്ത് പറങ്ങോടൻ പുലിയെ വെടിവച്ചു അപായം വരുത്തി തോലും പല്ലും നഖും ഹജ്ജുരിൽ കൊണ്ടുചെന്നു ഏൽപിച്ചിരിക്കുന്നതിനു മര്യാദ പ്രകാരമുള്ള ഇനാം കൊടുക്കത്തവണ്ണം ഇവിടത്തെ ചെലവു മുതൽ പിടിക്ക ഉത്തരവും വന്നാറെ……… . പഞ്ചായത്തിലെ കൊടമരക്കുന്ന്,കോടോൽകുന്ന് എന്നിവ വനപ്രദേശങ്ങളായിരുന്നു. പുലി മുതലായ വന്യമൃഗങ്ങളും വിവിധ പക്ഷിമൃഗാദികളും ഇരുപതാം നൂറ്റാണ്ടിനുമുൻപു വരെ അവിടെയെല്ലാം വിഹരിച്ചിരുന്നു. ഇന്ന് വന്യമൃഗങ്ങളും വനപ്രദേശവുമില്ലാതായെങ്കിലും എല്ലാതരത്തിലുള്ള നാടൻപക്ഷികളുടേയും ദേശീയപക്ഷിയായ മയിലിന്റേയും വിഹാരകേന്ദ്രമാണ് ഇന്നും ഇവിടം. കുറുക്കൻമാർ കുന്നിൻപുറത്തെ കുറ്റിക്കാടുകളിൽ അപൂർവ്വമായി ഇന്നും ഉണ്ട്. കോട്ടോൽ ഭാഗത്ത് കൃഷിയെ അവലംബിച്ചുള്ള ജീവിതമായിരുന്നതിനാൽ വമ്പിച്ച കന്നുകാലിസമ്പത്തിനെ തീറ്റിപ്പോറ്റിയിരുന്നത് ഈ കാടുകളായിരുന്നു. കാളയോട്ടമത്സരവും അടുത്തകാലം വരെ നടന്നിരുന്നു. അണ്ടർജാൻകുഴി എന്ന ഗുഹ കോട്ടോൽകുന്നത്ത് ഇപ്പോഴും കാണാം. അടുത്തിടെ വെട്ടുകൽ നിർമ്മാണവേളയിൽ കോത്തോളിക്കുന്നിലും ഗുഹകൾ പ്രത്യക്ഷപ്പെട്ടു. മൺചട്ടികളും ഭരണികളുടേയും അവിശിഷ്ടങ്ങൾ ഈ ഗുഹയിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ നാട്ടകങ്ങൾ അനുഷ്ഠാന കലകൾക്കും മറ്റു നാടൻകലാരൂപങ്ങൾക്കും മദ്ദളാദിചർമ്മവാദ്യകലകൾക്ക് ഈടുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്. കുന്ദംകുളത്തിനു എട്ടുകിലോമീറ്റർ വടക്ക് കാട്ടാകാമ്പാൽ കായൽത്തീരത്ത് സ്ഥിതി ചെയ്യുന്ന കടവല്ലൂർപ്രദേശം ഒരു വിദ്യാഭ്യാസ കേന്ദ്രമായിരുന്നുവെന്ന് കേരളത്തിലെ സ്ഥല ചരിത്രങ്ങൾ-തൃശ്ശൂർ ജില്ല എന്ന ഗ്രന്ഥത്തിൽ വി.പി.കെ.വാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. കടവല്ലൂർ, കൊരട്ടിക്കര തുടങ്ങിയ സ്ഥലങ്ങൾക്ക് പൊതുവെ തലപ്പിള്ളി മേൽപട്ടു എന്ന സ്ഥാനപേരുണ്ടായിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് ജൈന സംസ്ക്കാരം ഇവിടെ പ്രചരിച്ചിരുന്നതായി ചരിത്രരേഖകൾ സൂചന നൽകുന്നു. പഞ്ചായത്തിലെ തിപ്പലശ്ശേരിയിലും കൊത്തൊള്ളികുന്നിലും കാണപ്പെട്ട മുനിയറകൾക്ക് ചെന്തമിഴ് കാലഘട്ടത്തിലെ ജൈനമുനികളുടെ ധ്യാനഗുഹകളോടുള്ള സാദൃശ്യം മേൽപ്പറഞ്ഞ അനുമാനത്തിന് ആക്കം കൂട്ടുന്നു. കളരിക്കൽ കിട്ടുണ്ണിപ്പണിക്കർ വിവിധദേശങ്ങളിൽ ശിഷ്യസമ്പത്തുള്ള കളരി അഭ്യാസിയും പാരമ്പര്യവൈദ്യനുമായിരുന്നു. കോട്ടോൽനിവാസികളായ ഇവർ കോട്ടോൽ പണിക്കന്മാർ എന്നാണറിയപ്പെട്ടിരുന്നത്. എന്തോ കാരണത്താൽ സാമൂതിരിയ്ക്ക് അവരോട് അപ്രീതിതോന്നുകയും ഇവിടെ കൊണ്ടുവന്ന് സ്ഥലം പതിപ്പിച്ചുകൊടുത്ത് താമസിപ്പിക്കുകയും ചെയ്തു. കോട്ടോൽ കരിക്കാട് പ്രദേശം അക്കാലത്ത് കാടായിരുന്നുവത്രേ. കോട്ടയിൽ പണിക്കർമാർ വന്ന് താമസമാക്കിയതോടെയാണ്, അരുവായ് എന്നു പേരുണ്ടായിരുന്ന ഈ പ്രദേശത്തിന് കോട്ടയിൽ എന്ന പേര് കൈവന്നത്. പിന്നീട് കാലക്രമത്തിൽ കോട്ടയിൽ ലോപിച്ച് ഇന്നത്തെ കോട്ടോൽ ആയി. കൊടുങ്ങല്ലൂർക്ഷേത്രത്തിൽ ഭരണിയുത്സവത്തിന് കോട്ടോൽപണിക്കർ വന്നിട്ടുണ്ടോ? എന്ന് വിളിച്ചുചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുമായിരുന്നു. ആഭിചാരകർമ്മമായ ഒടിവിദ്യയിൽ പ്രാവീണ്യം നേടിയ വ്യക്തികളും മുൻതലമുറകളിൽ ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉഴിച്ചിൽ, പഴിച്ചിൽ, ആയോധനകലാഭ്യാസ പ്രകടനങ്ങൾ എന്നിവയിൽ പ്രാവീണ്യമുള്ള പാരമ്പര്യമുഹമ്മദീയ ഗുരുക്കൾകുടുംബങ്ങൾ ഒറ്റപ്പിലാവ് തുടങ്ങിയ പ്രദേശങ്ങളിലുണ്ട്. അബ്ദുഗുരുക്കൾ, ബാവഗുരുക്കൾ കുട്ടിഹസ്സൻ ഗുരുക്കൾ, സെയ്തലവിഗുരുക്കൾ എന്നിവർ പ്രശസ്തമായ കമലാസർക്കസ്സിലെ ത്രിറിംഗ് കലാകാരന്മാരായിരുന്നു. പിന്നീട് അവർ സ്വന്തമായി സർക്കസ് കമ്പനി തുടങ്ങുകയും വാർദ്ധക്യാവശതയിൽ സർക്കസ്സ് കലയോടു വിടപറയുകയും ചെയ്തു. ഇവരുടെ സഹോദരനായ മുഹമ്മദ് ഗുരുക്കളും ബന്ധുക്കളും ഇന്നും കളരിമർമ്മാണി തൈലനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഒറ്റപിലാവ്, വളാഞ്ചിറ എന്നിവിടങ്ങളിൽ കേളികേട്ട കളരിയാശാന്മാരും കായികാഭ്യാസികളും പങ്കെടുക്കുന്ന ഓണത്തല്ല് കാണാൻ മുൻകാലങ്ങളിൽ നിരവധി ദേശങ്ങളിൽ നിന്നുപോലും കാണികളെത്തിയിരുന്നു. ജന്മിവാഴ്ച അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഈ പഞ്ചായത്തിൽ നിലനിന്നിരുന്നു. അന്നത്തെ ജന്മി, നാടുവാഴി തറവാടുകളെല്ലാം ഇന്ന് ശോഷിക്കുകയോ നാമാവശേഷമാവുകയോ അന്യംനിന്നു പോവുകയോ ചെയ്തു. കാർഷികരംഗത്തെ തൊഴിലാളി-ഉടമാ ബന്ധത്തിലും അടുത്ത കാലം വരെ ഫ്യുഡൽ സമ്പ്രദായം ഇവിടെ അഭംഗുരം നിലനിന്നിരുന്നു. ഓരോ ഭൂവടുമയ്ക്കും സ്വന്തമായ അടിയാളർ ഉണ്ടായിരുന്നു. അവരുടെ മേൽ ഉടമയ്ക്ക് കുത്തകാവകാശമായിരുന്നു. കർഷകതൊഴിലാളികളായ അത്തരം അടിയാളകുടുംബങ്ങൾ അന്യ ഉടമകളുടെ ഭൂമിയിൽ പണിക്കുപോകാൻ അനുവദിക്കപ്പെട്ടിരുന്നില്ല. ഭൂപരിഷ്കരണത്തോടെ മാത്രമേ ജന്മി-കുടിയാൻ വ്യവസ്ഥിതിയിലധിഷ്ഠിതമായ ഫ്യൂഡൽ സമ്പ്രദായത്തിന് അറുതി വന്നുള്ളൂ. 1985 വരെ ഈ പഞ്ചായത്തിലെ ചില ഉൾപ്രദേശങ്ങളിൽ ഈ വ്യവസ്ഥിതി ലഘുവായ തോതിലെങ്കിലും നിലനിന്നിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ചായിരുന്നു ഇവിടുത്തെ ജനജീവിതം. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുൻപ് നടന്ന ക്ഷേത്രപ്രവേശനവിളംബരം വരെ അയിത്താചാരം ഇവിടെ കൊടി കുത്തിവാണിരുന്നു. അതിനുശേഷമാണ് കടവല്ലൂർ ക്ഷേത്രത്തിൽ പോലും താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിച്ചുതുടങ്ങിയത്. ഫ്യൂഡലിസത്തിന്റെ തകർച്ചയും ഇതിന് ആക്കം കൂട്ടി. കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് ചന്ത കേരളത്തിലെ അറിയപ്പെടുന്ന കന്നുകാലി വിപണനകേന്ദ്രമാണ്. മലയാള വർഷം 1103-ൽ(1928) കൊച്ചിൻ ദിവാൻ സി.ജി.ഹെർബർ സാഹിബ്, ഐ.സി.എസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിന്റെ പ്രവർത്തനഫലമായിട്ടാണ് ഈ ചന്ത ഉണ്ടായത്. പുരാതനകാലം മുതൽ വിദ്യാസമ്പാദനത്തിന് താൽപ്പര്യം കാട്ടിയ ഒരു ജനവിഭാഗമാണ് കടവല്ലൂർ പ്രദേശത്തുണ്ടായിരുന്നത്. ഔപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങൾ വരുന്നതിനു മുമ്പുതന്നെ തച്ചുശാസ്ത്രം, വൈദ്യശാസത്രം, ജ്യോതിഷം, ക്ഷേത്രഗണിതം തുടങ്ങിയവയിൽ വൈദഗ്ദ്ധ്യം നേടിയവർ ഈ പ്രദേശത്തുണ്ടായിരുന്നു. കടവല്ലൂരിൽ താമസിച്ചിരുന്ന നായൻമാർ സിലോണിൽ പോയി നായർ സമാജം അവിടെ സ്ഥാപിക്കുകയുണ്ടായി. അവരുടെ സഹായത്താൽ ഇവിടത്തെ മൂശാരിമാർ നിർമ്മിച്ച് 1941-ൽ സ്ഥാപിച്ചതാണ് കടവല്ലൂർ ക്ഷേത്രത്തിലെ പ്രസിദ്ധമായ ദീപസ്തംഭം. കടവല്ലൂർ ഏകാദശി പ്രസിദ്ധമാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കടവല്ലൂർ ഗ്രാമപഞ്ചായത്ത്. കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചുകഴിയുന്നവരായിരുന്നു ബഹുഭൂരിപക്ഷം ജനങ്ങളും. ദേശീയപ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്തവർ വളരെ കുറവായിരുന്നു. എന്നാൽ സുഭാഷ് ചന്ദ്രബോസ് സംഘടിപ്പിച്ച ഐ.എൻ.എ-യിൽ ഇവിടുത്തുകാർ പ്രവർത്തിച്ചിരുന്നു. വിനോബഭാവെ കാലടിയിലെ സർവോദയസമ്മേളനത്തിന് കോഴിക്കോട്ടുനിന്ന് ഈ പഞ്ചായത്തിലൂടെ പദയാത്ര പോയിട്ടുണ്ട്. കൂടാതെ അദ്ദേഹം ഭൂദാന പ്രസ്ഥാനത്തിന്റെ സന്ദേശവുമായി പെരുമ്പിലാവ് ടി.എം.ഹൈസ്കൂളിൽ വന്നിട്ടുമുണ്ട്. 250 വർഷത്തോളം പഴക്കമുള്ളതാണ് പെരുമ്പിലാവ് മുസ്ലീം ദേവാലയം. ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു ക്രിസ്ത്യൻ ദേവാലയവും കല്ലുംപുറത്ത് സ്ഥിതിചെയ്യുന്നുണ്ട്. കടവല്ലൂർ പഞ്ചായത്ത് നിലവിൽ വരുന്നതിനുമുമ്പു തന്നെ ഇവിടെ നല്ലനിലയിലുള്ള കാർഷികസംസ്കാരം നിലനിന്നിരുന്നു. നെൽകൃഷി, കമുകുകൃഷി എന്നിവക്കായിരുന്നു പ്രാമുഖ്യം നൽകിവന്നിരുന്നത്. കശുമാവിന് മൂന്നാം സ്ഥാനമാണുണ്ടായിരുന്നത്. കാർഷികമേഖല സമ്പന്നമായിരുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത, തൊഴിലാളികളുടെ അർപ്പണബോധം എന്നിവ മാത്രമായിരുന്നു ആ കാലത്തെ മുതൽമുടക്ക്. മണ്ണിൽ പൊന്നുവിളയുന്ന കാലമെന്ന് പഴമക്കാർ പറയുന്നു. ക്രമേണ മണ്ണൊലിപ്പ് കാരണം ഫലഭുയിഷ്ഠത നഷ്ടപ്പെടാൻ തുടങ്ങി. ചെറുചരിവായി കിടക്കുന്ന സ്ഥലമായതിനാൽ മണ്ണൊലിപ്പു രൂക്ഷമാണ്. ഇന്നും ഇവിടുത്തെ കർഷകരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം മണ്ണൊലിപ്പാണ്. 1941-ൽ ഉണ്ടായ കൊടുംകാറ്റും, പേമാരിയും ഇവിടുത്തെ കർഷകരെ ഒന്നടങ്കം വൻ നഷ്ടത്തിലാഴ്ത്തി. അതിന്റെ ആഘാതത്തിൽ നിന്നും മോചിതരാകാൻ അശ്രാന്തമായ പരിശ്രമം വേണ്ടിവന്നു. കലാ-സാംസ്കാരിക ചരിത്രം
അന്യോന്യത്തിന്റെ നാടായ കടവല്ലൂരിൽ തന്നെയാണ് സംസ്കൃതകവി വചസ്പതി ഖുസ്സിന്റെയും ജന്മദേശം. മദ്ദളവിദഗ്ദരായിരുന്ന കടവല്ലൂർ ശങ്കുണ്ണിനായർ, അദ്ദേഹത്തിന്റെ സഹോദരൻ ഗോവിന്ദൻ നായർ, മദ്ദളകേസരി കടവല്ലൂർ അരവിന്ദാക്ഷൻ, ചെണ്ടവിദഗ്ദ്ധൻ അച്ച്യുതമാരാർ എന്നിവരൊക്കെ സാംസ്കാരിക രംഗത്തുള്ള കടവല്ലൂരിന്റെ സംഭാവനകളാണ്. മോഹിനിയാട്ടവിദഗദ്ൻ കൊരട്ടിക്കര അപ്പുരടയത്ത് കൃഷ്ണപണിക്കരായിരുന്നു കേരളകലാമണ്ഡലത്തിന്റെ ആരംഭദശയിൽ അവിടുത്തെ മോഹിനിയാട്ടകളരി നിയന്ത്രിച്ചിരുന്നത്. മോഹിനിയാട്ടത്തിന്റെ ഈറ്റില്ലമായിരുന്ന കൊരട്ടിക്കരയിൽ നിന്നും ഈ കലയുടെ വളർച്ചക്ക് അമൂല്യസംഭവനകളർപ്പിച്ച അപ്പുരേടത്ത് കൃഷ്ണപ്പണിക്കർ, രാമൻകണ്ടത്തു വളപ്പിൽ മാധവിയമ്മ എന്നിവരെ കേരളകലാമണ്ഡലം പുറത്തിറക്കിയ ബൃഹത്തായ ചരിത്രഗ്രന്ഥത്തിൽ അർഹമായ സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളും മുസ്ലീം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും ഏറെയുള്ള ഈ പഞ്ചായത്തിലെ ഉത്സവങ്ങളും പള്ളിപെരുന്നാളുകളും വിവിധ നാടൻകലകൾക്കും അനുഷ്ഠാനകലകൾക്കും രംഗവേദികളായി മാറാറുണ്ട്. പരമ്പരാഗത ആയോധനമുറയായ കളരിപ്പയറ്റ്, സർക്കസ്സ്, പരമ്പരാഗതകരകൌശല വേലകൾ എന്നിവയിലും ഇവിടം മുമ്പന്തിയിലാണ്. ഫ്യൂഡൽ വാഴ്ച തകർന്നതോടെ സവർണ്ണകലകളായ കൂത്ത്, കുടിയാട്ടം, കഥകളി, നങ്ങ്യാർകൂത്ത്, തോൽപ്പാവകൂത്ത് എന്നീ പാരമ്പര്യകലകളൊക്കെ വിസ്മൃതിയിലാണ്ടുകഴിഞ്ഞമട്ടാണ്. പരമ്പരാഗത നാടൻകലകൾ പലതും വിട പറയുകയാണ്. ലക്കിടി മങ്കിളി കൊച്ചുകുട്ടിയമ്മ, കൊരട്ടിക്കര മുള്ളത്ത് മാധവിയമ്മ, കോട്ടള്ളി നാരായണി അമ്മ, മുല്ലപ്പള്ളി മീനാക്ഷിയമ്മ, കാളിയമ്മ, രാമൻകണ്ടത്തുവിളപ്പിൽമാധവിയമ്മ, പുത്തൻപുരയിൽ അമ്മാളുഅമ്മ തുടങ്ങിയവർ 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലേയും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലേയും പ്രസിദ്ധരായ മോഹിനിയാട്ട നർത്തകിമാരായിരുന്നു. രവീന്ദ്രനാഥടാഗോറിന്റെ അപേക്ഷയനുസരിച്ച് മഹാകവി വള്ളത്തോൾ, മോഹിനിയാട്ടം പഠിപ്പിക്കാൻ കല്ല്യാണിയമ്മയെ ശാന്തിനികേതനത്തിലേക്ക് അയച്ചുകൊടുക്കുകയും കൊരട്ടിക്കര കൃഷ്ണപ്പണിക്കർ കലാമണ്ഡലം വിടുകയും ചെയ്തതോടെ 1935 മുതൽ രണ്ടു വർഷത്തേക്ക് കലാമണ്ഡലത്തിൽ മോഹിനിയാട്ടം നിശ്ചലമായി. മോഹിനിയാട്ടം അന്ധകാരത്തിലാണ്ടു പോവുകയാണെന്നു കണ്ട് പരിഭ്രമിച്ച വള്ളത്തോൾ കഠിനപ്രയത്നം ചെയ്ത് കൊരട്ടിക്കര കൃഷ്ണപ്പണിക്കരെ അന്വേഷിച്ച് കണ്ടുപിടിക്കുകയും 1937 മുതൽ മോഹിനിയാട്ടക്കളരി കലാമണ്ഡലത്തിൽ പുനരാംഭിക്കുകയും ചെയ്തു. ഒരുകാലത്ത് മോഹിനിയാട്ടത്തിന് കീർത്തി നേടിയ ഈ ഗ്രാമത്തിൽ ഇന്ന് ആ കല അന്യംനിന്ന മട്ടാണ്. മാപ്പിള കലകളായ ദഫ്മുട്ട്, അറബ്ന മുട്ട്, കളരി സംസ്കാരത്തിന്റെ താളഭേദങ്ങളടങ്ങിയ കോൽക്കളി എന്നിവയും പഞ്ചായത്തിൽ സജീവമാണ്. രാക്കല്യാണങ്ങളിൽ പെട്രോമാക്സുമായി നീങ്ങുന്ന ഘോഷയാത്രകളിൽ മൊയിൻകുട്ടി വൈദ്യരുടേയും മറ്റും മാപ്പിളപ്പാട്ടുകളും, ബദർ, ഉഹദ്, പടപ്പാട്ടുകളും കൈക്കൊട്ടിപ്പാടി നീങ്ങിയിരുന്ന സ്ത്രീകളുടെയും പുരുഷന്മാരുടേയും സംഘങ്ങൾ എന്നിവയും പഴമക്കാരുടെ ഗൃഹാതുരസ്മരണകൾ മാത്രമായി മാറിയിരിക്കുന്നു. പക്ഷെ വിവാഹത്തലേന്ന് നടക്കുന്ന മൈലാഞ്ചിക്കല്ല്യാണങ്ങളിൽ ഒപ്പന ഇന്നും ഒരു ആവശ്യഘടകമാണ്. പരുവക്കുന്ന് മുസ്ലീംപള്ളി ജാറത്തിങ്ങൽ നടന്നുവരാറുള്ള നേർച്ചക്ക് അണി നിരക്കുന്ന കോൽക്കളി, ദഫ്മുട്ട്, അറബ്നമുട്ട്, തീപ്പന്തംവീൽ എന്നീ കലാപ്രകടനങ്ങൾ ആയിരങ്ങളെ ആകർഷിക്കുന്നു. കളരിപ്പയറ്റിൽ പൊന്നാട ലഭിച്ചിട്ടുള്ള കോട്ടോൽ കളരിക്കൽ ഗോപിപ്പണിക്കർ ഒന്നാന്തരം ഉഴിച്ചിൽ വിദഗ്ദ്ധനും അമല ആശുപത്രി ഉഴച്ചിൽ വിഭാഗത്തിന്റെ തലവനുമാണ്. ഇദ്ദേഹത്തിന്റെ പിതാവായിരുന്ന കളരിക്കൽ കിട്ടുണ്ണിപ്പണിക്കർ വിവിധദേശങ്ങളിൽ ശിഷ്യസമ്പത്തുള്ള കളരി അഭ്യാസിയും പാരമ്പര്യ വൈദ്യനുമായിരുന്നു. പ്രശ്സത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പി.കെ.മുഹമ്മദ്കുഞ്ഞി, കേരള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച ചാവേർപ്പട എന്ന നാടകകർത്താവും ചലച്ചിത്രസംവിധായകനുമായ അസീസ് മലയാളത്തിലെ എല്ലാ പ്രമുഖ വാരികകളിലും എഴുതാറുള്ള ഉപന്യാസക്കാരനും കഥാകൃത്തും റേഡിയോ പ്രഭാഷകനുമായ വി.പി.മുഹമ്മദാലി, ചരിത്രാന്വേഷകനും എഴുത്തുകാരനുമായ പി.എം.എൻ.നമ്പൂതിരി എന്നിവരും ഈ പഞ്ചായത്തുകാരാണ്. ഒട്ടേറെ വായനശാലകളും കായികകലാസമിതികളും പ്രവർത്തിച്ചിരുന്ന ഈ പഞ്ചായത്തിൽ ഇന്ന് അവയുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 1947-നു മുമ്പുതന്നെ കല്ലുംപുറത്ത് ഗ്രാമീണവായനശാല പ്രവർത്തിച്ചിരുന്നു. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം ദേവാലയം പെരുമ്പിലാവ് സെൻട്രൽ ജുമാമസ്ജിദാണ്. ഇതിന് ഇരുനൂറ്റി അമ്പതിലേറെ വർഷത്തെ പഴക്കമുണ്ട്. ഇത്രയേറെ ഹിന്ദു-മുസ്ലീം-ക്രൈസ്തവ ദേവാലയങ്ങൾ തോളുരുമ്മിനിൽക്കുന്ന ഇവിടെ ഉത്സവങ്ങൾക്കും നേർച്ചകൾക്കും പള്ളിപെരുന്നാളുകൾക്കുമെല്ലാം ഇതര ജാതി-മതസ്ഥരും ആത്മാർത്ഥമായി സഹകരിക്കുകയും പങ്കുകൊള്ളുകയും ചെയ്യുന്നുണ്ട്. ഒറ്റപ്പിലാവ് പള്ളിയുടെ പുനരുദ്ധാരണോൽഘാടനത്തിൽ ഇസ്ലാംമതപണ്ഡിതന്മോരോടൊപ്പം സ്വാമിഅവ്യയാനന്ദ, കുന്ദകുളം ബിഷപ്പ് മാർ മിലിത്തേയോസ് തിരുമേനി എന്നിവരും പങ്കെടുത്തു പ്രസംഗിക്കുകയുണ്ടായി. വിദ്യാഭ്യാസചരിത്രം
കടവല്ലൂർ കൊള്ളഞ്ചേരി ദേശത്ത് 1930 കാലഘട്ടത്തിൽ പുതുവയ്ക്കൽ എന്ന നായർകുടുംബത്തിലെ കുട്ടപ്പൻ നായർ എന്ന വ്യക്തി ഒരു ഗുരുകുല വിദ്യാഭ്യാസകേന്ദ്രം നടത്തിയിരുന്നു. അയിത്തം കൊടുകുത്തിവാണിരുന്ന അക്കാലത്ത് സ്വന്തം അമ്മയുടെയും ബന്ധുജനങ്ങളുടേയും സവർണ്ണരുടേയും എതിർപ്പ് അവഗണിച്ച്, അവർണ്ണരായ വിദ്യാർത്ഥികൾക്ക് വിദ്യ പകർന്നുകൊടുക്കാൻ മഹാമനസ്കത കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കടവല്ലൂർ പ്രദേശത്ത് കുടിപള്ളിക്കൂടങ്ങൾ നടത്തിയിരുന്ന മറ്റുചില കുടുംബങ്ങളും ഉണ്ടായിരുന്നു. മണലിൽ വിരൽകൊണ്ടും പനയോലയിൽ എഴുത്താണി ഉപയോഗിച്ചുമാണ് എഴുത്ത് അഭ്യസിപ്പിച്ചിരുന്നത്. മുഖ്യമായും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന ബഹുഭുരിപക്ഷം വരുന്ന സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ അക്കാലത്ത് മറ്റുമാർഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു. സ്വാതന്ത്ര്യസമരഘട്ടത്തിലും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ചില പ്രൈമറിവിദ്യാലയങ്ങൾ ആരംഭിച്ചപ്പോൾ തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാൻ അന്നത്തെ രക്ഷിതാക്കൾ വ്യഗ്രത കാട്ടിയിരുന്നു. അന്ന് 4-ാം ക്ലാസ്സ് കഴിഞ്ഞ് നാലര ക്ലാസ് കൂടി ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിന് വളരെ മുൻപുതന്നെ മനവക സ്കൂൾ കടവല്ലൂരിൽ സ്ഥാപിതമായെങ്കിലും അവിടെ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നില്ല. എന്നാൽ പിൽക്കാലത്ത് പ്രസ്തുതസ്ക്കൂൾ, പാറമേൽ മനവക കുന്നിൻഭാഗത്തേക്ക് മാറ്റിയതോടെ എല്ലാ ജാതിക്കാർക്കും അവിടെ പ്രവേശനം നൽകി. പിന്നീട് ഈ സ്കൂൾ ദേവസ്വത്തിന് കൈമാറുകയും, 1906-ൽ ഈ പഞ്ചായത്തിലെ ആദ്യത്തെ എൽ.പി.സ്കൂൾ കടവല്ലൂരിൽ സ്ഥാപിതമാകുകയും ചെയ്തു. കാലാന്തരത്തിൽ ഇത് ഗവൺമെന്റ് ഹൈസ്കൂളായി ഉയർത്തി. ഈ സ്കൂൾ ആരംഭം മുതൽ തന്നെ ഇവിടുത്തെ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് ക്രിസ്ത്യൻ മാനേജ്മെന്റുവക ഒരു സ്വകാര്യസ്കൂൾ 1939-ൽ പെരുമ്പിലാവിൽ സ്ഥാപിക്കുന്നതുവരെ കടവല്ലൂർസ്കൂൾ തന്നെയായിരുന്നു ഏക വിദ്യാഭ്യാസകേന്ദ്രം. 1939 ജൂൺ 5-ാം തീയതി ഇട്ട്യച്ചൻ മാസ്റ്റർ ഏകാധ്യാപകനായി റ്റി.എം.എച്ച്.എസ് എന്ന വിദ്യാലയം പ്രവർത്തനമാരംഭിച്ചു. സി.പി.രാമസ്വാമിഅയ്യരായിരുന്നു റ്റി.എം.ഹൈസ്കുളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്തിൽ സർക്കാരുടമസ്ഥതയിലുള്ള ഏക യു.പി.സ്കൂളായ കൊരട്ടിക്കര ഗവ.യു.പി.സ്കൂൾ 1961-ലാണ് പ്രൈമറിവിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. 1900-ൽ തൊഴിലാളികളുടെ മക്കൾക്കായി സ്ഥാപിക്കപ്പെട്ട പെരുമ്പിലാവ് എൽ.എം.യു.പി സ്കൂൾ പേരുകൊണ്ടുതന്നെ അത് ധ്വനിപ്പിച്ചിരുന്നു - ലേബർ മലയാളം അപ്പർ പ്രൈമറി സ്കൂൾ. പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാരുടമസ്ഥതയിലുള്ള യു.പി.സ്കൂൾ, കടവല്ലൂർ ഗവ.ഹൈസ്കൂൾ, സ്വകാര്യഉടമസ്ഥതയിലുള്ള ഒരു ഹൈസ്കൂൾ, ഒരു എൽ.പി.സ്കൂൾ എന്നിവയെല്ലാമാണ് ഇപ്പോഴുള്ള പ്രധാനവിദ്യാലയങ്ങൾ.