ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/ ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം
            ഇന്ന് ജോലി അല്പം കൂടുതലാണ്.അതുകൊണ്ട് തന്നെ ആറുമണിയുടെ നേത്രാവതിഎക്സ്പ്രസ്സ് കിട്ടുമോന്നറിയില്ല.കിട്ടിയാൽ തന്നെ തിക്കും തിരക്കും കൊണ്ട് നിറയും.കാരണം ഇന്ന് വെള്ളിയാഴ്ചയാണ്.ശനി, ഞായർ ഹോളിഡേ ആയതുകൊണ്ട്  അന്യനാട്ടിൽ നിന്നുംസ്വന്തം നാട്ടിലേക്ക് പോകുന്നവർ ഏറെ ആയിരിക്കും.റെയിൽവേസ്റ്റേഷനിലേക്ക്  നടത്തമോഓട്ടമോ എന്തെന്നറിയാത്ത രീതിയിൽ മീര പോയിക്കൊണ്ടിരിക്കുമ്പോൾ അവളുടെ മനസ്സിൽഒരായിരം ചിന്തകൾ മിന്നിമറഞ്ഞു.അവൾ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴാണറിഞ്ഞത്ട്രെയിൻ അരമണിക്കൂർ വൈകിയാണ് എത്തുന്നതെന്ന്.അങ്ങിനെയാണെങ്കിൽ പൂമംഗലംഗ്രാമത്തിലേക്കുള്ള അവസാന ബസ്സ് കിട്ടില്ല.അതുകൊണ്ട്തന്നെ അവൾ വയലും ഒരു കുഞ്ഞുകാടും ചാത്തൻ മലയും ഒക്കെ താണ്ടിയേ അവളുടെ നവനീതം വീട്ടിലേക്ക് എത്തുകയുള്ളൂ.അവളുടെ മനസ്സിൽ ഭീതി കയറികൂടി.അത്ര നല്ല സ്ഥലങ്ങളല്ല ആ കാടും മലയും.അതുകൊണ്ട് തന്നെ രാത്രി സഞ്ചാരം കുറവാണ് ആ വഴിക്ക്.റെയിൽവേ സ്റ്റേഷനിലെ ചിന്തകൾക്ക് ഒടുവിൽ ആ കൂ...കൂ...വണ്ടിയുടെ ശബ്ദം അവളുടെ കാതിൽ ഇരമ്പികേട്ടു.എങ്ങനെയൊക്കയോ ട്രെയിനിൽ കയറി പറ്റി.പൂമംഗലം സ്റ്റേഷനിൽ ട്രെയിൻ ഒരു ചെറു ഞെരക്കത്തോടെ നിന്നു.ഇനി നാളെ കാണാം എന്ന യാത്ര പറച്ചിലായിരിക്കുംട്രെയിൻ പൂമംഗലത്തോട് പറഞ്ഞത്.
             സ്റ്റേഷൻതൊട്ട്  നടക്കുംതോറും അവളുടെ കാലുകൾ ഇടറുന്നത് പോലെ അവൾക്ക് തോന്നി.നടന്ന് നടന്ന് വയലിനരികിലെത്തി വരമ്പിലേക്ക് കാൽ എടുത്തുവച്ച് രണ്ടടി നടക്കുമ്പോഴേക്കും എന്തോ ഒന്ന് കാലിൽ തട്ടി തുള്ളി പോയി.അവളുടെ പാതി ജീവൻ നഷ്ടപ്പെട്ട പോലെ അവൾ പേടിച്ചു.അത് ഒരു മാക്രി ആയിരുന്നു.ഒരു നെടുവീർപ്പോടെ അവൾ നടത്തത്തിന് ആക്കം കൂട്ടി.
             കാടിനരികിൽ എത്തിയപ്പോഴേക്കും കൂമന്റെ ഒച്ചയും വവ്വാലിന്റെ ചിറകടിയും അവളിലെ ഭയമെന്ന വികാരത്തിന്റെ ആഴം വർദ്ധിപ്പിച്ചു.കാട് താണ്ടി ചാത്തൻ മലയ്ക്കരികിലെത്തിയ അവൾ കുമാരേട്ടന്റെ ചായക്കടകണ്ട് ആശ്വസിച്ചെങ്കിലും,ബീഡിആഞ്ഞുവലിച്ചുകൊണ്ട് അത് ചവിട്ടിമെതിച്ച് അവസാന പുകയും പുറത്തേക്ക് പറത്തിയ ഒരുവനെ കണ്ട് സംഭരിച്ചിരുന്ന മുഴുവൻ ധൈര്യവും ചോർന്നുപോയി.അയാളുടെ ചൂഴ്‍ന്നനോട്ടത്തിൽ അവൾ പകച്ചുപോയി.
               ചാത്തൻമലയുടെ ഒറ്റയടി പാതകയറുമ്പോഴും അയാൾ പുറകിലുണ്ടോ ? കേൾക്കുന്നത് അയാളുടെ കാൽ പെരുമാറ്റമാണോ ?എന്നോർത്ത് ഓരോ കാൽവെപ്പ് ഇടറിയും തൊണ്ട വരണ്ട് വറ്റിയും തെക്കൻ കാറ്റ് വീശുമ്പോഴും മീര എന്ന പെണ്ണ് വിയർത്ത് കൊണ്ടേയിരുന്നു.അവസാനം തന്റെ നവനീതം വീടിന്റെ ഉമ്മറത്തേക്ക് കയറുമ്പോൾമാത്രമാണ് അവളുടെ ശ്വാസം നേരെ വീണത്.
           ഒരു പെണ്ണ് തന്റെ വീട്ടിൽ മാത്രം സുരക്ഷ അനുഭവിക്കുന്നതെന്തുകൊണ്ട്?
           പെണ്ണായതുകൊണ്ട് അവളിൽ ഭയമല്ല നിറക്കേണ്ടത്. പകരം ധൈര്യമാണ്.
ദയന എം
10 D ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ