ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/ശുചിത്വം...
ശുചിത്വം...
പാഠപുസ്തകത്തിൽ പഠിപ്പിച്ചുതന്ന ശുചിത്വം പാഠം ഇന്ന് ജീവിതത്തിൽ പകർത്താൻ ഉള്ളതാണെന്ന് 2020ലെ മഹാമാരി നമ്മളെ പഠിപ്പിക്കുന്നു. മനുഷ്യൻ മാത്രമല്ല ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഭൂമിയിലുണ്ടെന്ന് നമ്മൾ ഓർത്തു പോകുന്നു. .ഇപ്പോൾ മനുഷ്യൻ സ്വയം കൂട്ടിലടയ്ക്കപ്പെടുകയും മറ്റുള്ള സർവ്വ ജീവജാലങ്ങളും പ്രപഞ്ചത്തിൽ സ്വൈരവിഹാരം നടത്തുകയാണ്. ലോകമഹായുദ്ധങ്ങളല്ല, അതിസൂക്ഷ്മ കണങ്ങൾക്ക് പോലും മനുഷ്യവംശത്തെ ഇല്ലാതാക്കാൻ കഴിയുമെന്ന് അനുഭവത്തിലൂടെ നമുക്ക് ബോധ്യമാകുന്നു. 1918-ലെ സ്പാനിഷ് ഫ്ലൂ അനേകായിരങ്ങളെ കൊന്നൊടുക്കിയെന്നത് വായിച്ചറിഞ്ഞ ഒരു വാർത്തയായിരുന്നു. പകർച്ചവ്യാധികളും മാരകരോഗങ്ങളും ജീവിതത്തെ തകർത്തെറിയുമെന്ന് ഇപ്പോൾ മനസ്സിലായി കൊണ്ടിരിക്കുകയാണ്. മലയാളികളുടെ വ്യക്തിശുചിത്വം ലോകപ്രസിദ്ധമാണ്. എന്നാൽ നമ്മൾ അറിഞ്ഞതും പ്രവർത്തിച്ചതും മാത്രമല്ല ശുചിത്വം എന്ന് കാലം നമ്മെ ഓർമ്മിപ്പിക്കുന്നു. കൃത്യമായ ഇടവേളകളിൽ കൈകഴുകണമെന്നും, പൊതുസ്ഥലത്ത് തുപ്പരുതെന്നും, പൊതു സ്ഥലങ്ങളും പൊതു ശുചിമുറികളും വൃത്തിയായി സൂക്ഷിക്കണമെന്നും ഈ കാലം നമ്മളെ പഠിപ്പിക്കുന്നു. ഭൂമിയെ കീഴടക്കിയ മനുഷ്യൻ മരണഭീതിയിൽ വിറങ്ങലിച്ച് നിൽക്കുന്നു. മനുഷ്യൻ കെട്ടിപ്പൊക്കി എല്ലാ നഗരങ്ങളും സാമ്രാജ്യങ്ങളും പേടിച്ചു വിറക്കുന്നു. ആക്രമണകാരി കാണാൻ കഴിയാത്തത്ര തൊടാൻ കഴിയാത്ത സൂക്ഷ്മജീവിയാണ്. തകർക്കാൻ കഴിയാത്ത ഒരു സൂക്ഷ്മ വസ്തു. അതിനെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വം, സാമൂഹിക അകലം, കൈ കഴുകൽ എന്നിവ മാത്രമാണ് രക്ഷ. പരിസരശുചിത്വത്തെക്കുറിച്ചും ശുചിത്വബോധക്കുറിച്ചും എത്രയോ കാലമായി നമ്മൾ പാഠപുസ്തകങ്ങളിൽ പഠിക്കുന്നു. ഇനി അത് ജീവിതത്തിൽ പകർത്തിയേ കഴിയൂ. പൊതുസ്ഥലങ്ങളിൽ തുപ്പുക, മാലിന്യം തള്ളുക, പൊതു പൈപ്പുകളിൽ നിന്ന് അമിതമായ ജലം ദുർവിനിയോഗം ചെയ്യുക, കടലിൽ പ്ലാസ്റ്റിക് തള്ളുക ഇതെല്ലാം തടയുവാനുള്ള നിയമം സർക്കാർ തലത്തിൽ കൊണ്ടുവരികയും ശക്തമായ നടപടികൾ ഉണ്ടാവുകയും വേണം. ഇന്ന് നഗരങ്ങളെല്ലാം മലിനീകരണത്തിൻറെ മാരക ഫലങ്ങൾ അനുഭവിക്കുന്നു. കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ നേരിടുന്നു. ആരോഗ്യപ്രശ്നങ്ങൾ ഓരോ ദിവസവും വർദ്ധിക്കുന്നു. ഓരോ ദിവസവും പുതിയ രോഗങ്ങൾ മനുഷ്യവംശത്തെ ഇല്ലായ്മ ചെയ്യുവാൻ വേണ്ടി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തതോടെ അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുകയും സമുദ്രത്തിൽ നാശകരമായ മാറ്റങ്ങൾ ഉണ്ടാവുകയും ശുദ്ധജലക്ഷാമം, ജൈവവൈവിധ്യ ശോഷണം, ഭക്ഷണക്ഷാമം എന്നിവ ഉണ്ടായി. ഇന്ത്യൻ നഗരങ്ങളിൽ കഴിഞ്ഞ 30 ദിവസത്തിനിടയിൽ അന്തരീക്ഷ ശുചീകരണം ഉണ്ടാവുകയും മലിനീകരണ തോത് കുറയുകയും ചെയ്തിരിക്കുന്നു. സുഖവും ശീലവും ആയ ഒരു ഹരിത കേന്ദ്രമായി ഭൂമിയെ മാറ്റേണ്ടത് നമ്മുടെ കടമയാണ്. അതിന് വ്യക്തിശുചിത്വവും സമൂഹ ശുചിത്വവും വളരെ അത്യാവശ്യമാണ്. ഇനി വരുന്ന നാളുകളിൽ ലളിതമായ ജീവിക്കുവാനും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുവാനും നമുക്ക് കഴിയണം. ശുചീകരണ പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ആരംഭിക്കണം. ഭക്ഷണം വീടുകളിൽ തയ്യാറാക്കേണ്ടതാണ്. പ്ലാസ്റ്റിക് വസ്തുക്കൾ പരമാവധി ഒഴിവാക്കണം. കേരളം പോലെയുള്ള പ്രദേശങ്ങളിൽ മഴയ്ക്ക് മുമ്പേയുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഓരോ വിദ്യാർത്ഥിയും സജീവമാ കേണ്ടതാണ്. സാമൂഹിക ശുചിത്വത്തെക്കുറിച്ചുള്ള വിവരണങ്ങളും പകർച്ചവ്യാധികളിൽ നിന്നും രക്ഷപ്പെടാനുള്ള മുൻകരുതലുകളും ചെറിയ ക്ലാസ് മുതൽ പഠിച്ചു തുടങ്ങേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമാണ്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |