ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/പ്രകൃതിദുരന്തങ്ങളും അതിജീവനവും

പ്രകൃതിദുരന്തങ്ങളും അതിജീവനവും- അവസാനത്തെ മുന്നറിയിപ്പ്

ഈ ഭൂമുഖത്ത് ഓരോ ഘട്ടത്തിലും നടത്തിയ അതിജീവനത്തിലൂടെയാണ് മനുഷ്യൻ ഇന്ന് കാണുന്ന രീതിയിലേക്കെത്തിയത്.പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധം എപ്പോഴും പരസപര പൂരകങ്ങളാണ്. ഭൂമിയിലെ ജീവനുള്ള എല്ലാ ജീവജാലങ്ങൾക്കുള്ള അവകാശം മാത്രമേ പ്രകൃതിയുടെ മുകളിൽ മനുഷ്യനും ഉള്ളൂ.എന്നാൽ ഈ തിരിച്ചറിവ് പരിണാമത്തിൻ്റെ ഒരു ഘട്ടത്തിലും മനുഷ്യന് ഉണ്ടായിട്ടില്ല എന്നതാണ് ദു:ഖകരമായ സത്യം .ആദിമകാലം മുതൽ പ്രകൃതിയുടെ മേൽ നടത്തിയ അനിയന്ത്രിതമായ ചൂഷണങ്ങളിലൂടെയാണ് മനുഷ്യൻ ഇന്നു കാണുന്ന ഈ കോൺക്രീറ്റ് ലോകം കെട്ടിപ്പൊക്കിയത്.കാടിനെയും ജലത്തെയുമെല്ലാം നശിപ്പിച്ച് അധീന നയിലാക്കുകയും മനുഷ്യൻ നടത്തിയ വേട്ടയിൽ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായത് ഒട്ടനേകം ജീവജാലങ്ങളാണ്.അനേകം ജീവജാലങ്ങൾ വംശനാശ ഭീഷണിയുടെ അറ്റത്ത് നിന്നു കൊണ്ട് നിലനിൽപ്പിനായി പോരാട്ടം നടത്തുകയാണ്. കാട് കയ്യേറി വെട്ടിനശിപ്പിച്ച് അതിനെ മനുഷ്യൻ നാടാക്കി മാറ്റിയപ്പോൾ വീട് നഷ്ടപ്പെട്ടത് എണ്ണിയാലൊടുങ്ങാത്ത ജന്തുജാലങ്ങൾക്കാണ്. ഭൂമുഖത്തുള്ള സകല ജീവജാലങ്ങളും മനുഷ്യൻ്റെ ക്രൂരകൃത്യത്തിന് ഇരയായിട്ടുണ്ട്. അതിൽ സൈലൻ്റ് വാലിയിലെ സിംഹവാലൻ കുരങ്ങും, ആഫ്രിക്കൻ കാടുകളിലെ ആനയുമെല്ലാം ഉൾപ്പെടും.

മനുഷ്യൻ്റെ അനിയന്ത്രിതമായ ഈ ചൂഷണത്തിൻ്റെ ഫലമായി ലോകമെങ്ങും പലതരത്തിലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂകമ്പവും, സുനാമിയും, വരൾച്ചയും, പ്രളയവുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. പോയ വർഷങ്ങൾ കേരളത്തിലുണ്ടായ പ്രളയം നമുക്ക് മുന്നിലുള്ള ഏറ്റവും മികച്ച പാഠപുസ്തകമാണ്. നദീതീരങ്ങൾ കയ്യേറിയും, പുഴകളെ വഴി തിരിച്ചുവിട്ടും, തടയണ കെട്ടിയും, മലകളിടിച്ച് ക്വാറികൾ ഉണ്ടാക്കിയും റിസോട്ടുകൾ പണിതുമെല്ലാം മനുഷ്യൻ പ്രകൃതിയുടെ ഞരമ്പുകളെ വെട്ടി മുറിച്ചു. ജീവൻ്റെ അവസാന കണികയിൽ പ്രകൃതി കുത്തിയൊലിച്ചപ്പോൾ മനുഷ്യന് നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. നദീതീരങ്ങൾ പ്രകൃതി തിരിച്ചടിച്ചപ്പോൾ കോൺക്രീറ്റ് സൗധങ്ങൾ പലതും നിലംപൊത്തി.മലയിടിച്ചും. റിസോട്ടുകൾ പണിതും വീടു പണിതവർക്കു മീതെ മലവെള്ളപ്പാച്ചിലായി ഉരുൾപൊട്ടലെത്തിയ ജീവൻ പോലും ആ മണ്ണിൽ പൊലിഞ്ഞ് ഇല്ലാതായി. ഓരോ പ്രകൃതിദുരന്തവും മനുഷ്യനുള്ള പുതിയ പാഠമാണ്. നമ്മുടെ വികസന നയങ്ങൾ പൊളിച്ചെഴുതാനും പ്രകൃതി സൗഹൃദമായ പുതിയ നയങ്ങൾ രൂപപ്പെടുത്താനുള്ള മുന്നറിയിപ്പ് പ്രകൃതിയുടെ സംഹാര താണ്ഡവത്തിൽ നിലംപൊത്തിയതെല്ലാം അതിജീവനത്തിലൂടെ നമുക്ക് വീണ്ടും കെട്ടിപ്പൊക്കാൻ എളുപ്പം സാധിക്കും.എന്നാൽ ആ കെട്ടിപ്പൊക്കലുകൾ എങ്ങന്നെ പ്രകൃതിയുമായി ഇണങ്ങിച്ചേരാം എന്നാണ് മനുഷ്യൻ ചിന്തിക്കേണ്ടത്.

നമ്മുടെ പറമ്പുകളും വീടുകളും കുടുതൽ പ്രകൃതി സൗഹൃദമാക്കാൻ നമുക്ക് സാധിക്കണം.അതിനു മുന്നോടിയെന്നോണമാണ് കേരളത്തിൽ സർക്കാർ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്. പ്രകൃതിയെ ഇല്ലാതാക്കുന്നതിന് പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന മനുഷ്യൻ്റെ കണ്ടുപിടിത്തമാണ് പ്ലാസ്റ്റിക്‌. മനുഷ്യൻ കടലിലും കരയിലും തള്ളുന്ന പ്ലാസ്റ്റിക്കുകൾ തൊണ്ടയിൽ കുരുങ്ങി വിവിധ ജീവജാലങ്ങൾ ഓരോ വർഷവും ഇല്ലാതാകുന്നത്. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിന് തീരുമാനം ഓരോ മനുഷ്യനും സ്വയം കൈക്കൊണ്ടാൽ തന്നെ വലിയ രീതിയിൽ നമുക്ക് പ്രകൃതിയെ തിരിച്ചുപിടിക്കാൻ കഴിയും. വനനശീകരണം, മലയിടിക്കൽ, ക്വാറികൾ, പുഴ നികത്തൽ തുടങ്ങിയവയും ഒഴിവാക്കാൻ സാധിക്കണം. നാം നേരിട്ട് ഓരോ പ്രകൃതിദുരന്തവും നമുക്ക് പ്രകൃതി നൽകിയ മുന്നറിയപ്പാണ്. അനിവാര്യമായ ദുരന്തത്തിലേക്ക് പോകുന്നതിനു മുമ്പേ നമ്മുക്ക് ഈ ഭൂമിയെ ഹരിതാഭമായി തന്നെ തിരിച്ചുപിടിക്കാം. ഇന്നത്തേതിലും നല്ലൊരു പ്രകൃതിയെ നാളത്തെ തലമുറയ്ക്ക് കൈമാറാം.

ആദികേശ് .എൻ .വി
7 ബി ജിയുപിഎസ് കുറ്റൂർ, പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം