ജി യു പി എസ് വെള്ളംകുളങ്ങര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട് - 'വെളളംക‍ുളങ്ങര'


വെളളംക‍ുളങ്ങര ഗ്രാമം


ആലപ്പുഴ ജില്ലയിൽ, കാർത്തികപ്പള്ളി താലൂക്കിൽ, ഹരിപ്പാട് ബ്ലോക്ക് ഡിവിഷനിൽ, വീയപുരം ഗ്രാമ പഞ്ചായത്ത്, ആറാം വാർഡിൽ ആണ് മനോഹരമായ ഞങ്ങളുടെ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 'വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം' എന്നതിൽ നിന്നാണ് വെള്ളംകുളങ്ങര എന്ന പേര് എന്റെ നാടിന് ലഭിച്ചതെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ശ്രീമാൻ.ജയകൃഷ്ണൻ ആണ് ഞങ്ങളുടെ ഇപ്പോഴത്തെ വാർഡ് പ്രതിനിധി.


കാർഷിക സംസ്കാരത്തിൽ അധിഷ്ഠിതമായ പാരമ്പര്യമാണ് ഗ്രാമത്തിനുള്ളത്. കൃഷിയാണ് ഇവിടെയുള്ളവരുടെ പ്രധാന ഉപജീവനമാർഗ്ഗം. ധാരാളം പാടങ്ങളും, പറമ്പ‍ുകള‍ും, കാവുകളും, ഉൾക്കൊള്ളുന്ന മനോഹരമായ ഭൂപ്രകൃതി ഇവിടെ കാണാം. ഗ്രാമത്തിന്റെ വടക്കുഭാഗത്തു കൂടി അച്ഛൻകോവിലാർ ഒഴുകുന്നു. അപ്പർകുട്ടനാട് ഭാഗമായതുകൊണ്ട് തന്നെ മഴക്കാലത്ത് ഭൂപ്രദേശങ്ങൾ പെട്ടെന്നുതന്നെ വെള്ളത്തിനടിയിൽ ആകാറുണ്ട്.


വെളളംക‍ുളങ്ങര ഗ്രാമം - ക‍ൃഷിയിടങ്ങൾ


വള്ളം കളികളും, ചുണ്ടൻ വള്ളവും ഗ്രാമത്തിന്റെ ആവേശമാണ്.ഇവിടുത്തെ ചുണ്ടൻ വള്ളത്തിന്റെ പേരിൽ ഗ്രാമം പ്രശസ്തമാണ്. പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയിൽ രണ്ടുതവണ ജേതാക്കളായ ചുണ്ടൻ വള്ളമാണ് വെള്ളംകുളങ്ങര ചുണ്ടൻ. ഈ ഗ്രാമത്തിലെ കലയും, സാഹിത്യവും ഭാഷാപ്രയോഗങ്ങളും ഇവിടുത്തെ കാർഷിക സംസ്കാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. കൊയ്‍ത്ത‍ു പാട്ട്, വള്ളപ്പാട്ട്, നാടൻപാട്ട് എന്നീ സാഹിത്യരൂപങ്ങൾ സ്വതസിദ്ധമായ രീതിയിൽ അവതരിപ്പിക്കുവാൻ ഇവിടുത്തെ കൊച്ചുകുട്ടികൾക്കുപോലും സാധിക്കുന്നു എന്നുള്ളത് അവ ഇവിടുത്തെ ജനങ്ങളിൽ എത്രമാത്രം അലിഞ്ഞുചേർന്നിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ്. മേൽപ്പറഞ്ഞ സാഹിത്യ രൂപങ്ങളിൽ മികവു തെളിയിച്ച്, പ്രശസ്തരായ നിരവധി കലാകാരന്മാർ ഗ്രാമത്തിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമായ ഒരു കാര്യമാണ്.


വളളം കളി - പ്രതീകാത്മക ചിത്രം


ഗ്രാമത്തിന്റെ ഐശ്വര്യദേവത ക‍ുടികൊള്ളുന്ന 'വെള്ളം കുളങ്ങര ദേവി ക്ഷേത്രം' ഇവിടത്തെ കലാ സാംസ്കാരിക പൈതൃകത്തിന്റെ മുഖ്യ കേന്ദ്രമാണ്. ഇവിടുത്തെ ഒരേയൊരു സർക്കാർ വിദ്യാലയമായ 'ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങര', വെള്ളം കുളങ്ങര ദേവി ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. ദേവാലയത്തോട് ചേർന്നൊരു വിദ്യാലയം എന്ന മഹത്തായ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് ഇവിടെ നമുക്ക് കാണാം.ബഹ‍ുമാന്യയായ ശ്രീലത ടീച്ചറാണ് സ്ക‍ൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക.


വെളളംക‍ുളങ്ങര ദേവീ ക്ഷേത്രവ‍ും ,ഗവ.യ‍ു.പി. സ്‍ക‍ൂള‍ും


കന്നിമാസത്തിലെ നവരാത്രിപൂജയും, ക‍ുംഭമാസത്തിലെ കാർത്തിക ഉത്സവവും ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളാണ്. കുത്തിയോട്ടവും, കാവടിയാട്ടവും, തിരുവാതിരകളിയും അമ്പലവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരാനുഷ്ഠാനങ്ങളിൽ ചിലതാണ്. ഈ ആഘോഷങ്ങളിലെല്ലാം തന്നെ ഗ്രാമത്തിലെ ജനത ഒറ്റക്കെട്ടായി പങ്കെടുക്കുന്നു എന്നത് ഐക്യത്തിന്റെയും,സാഹോദര്യത്തിന്റെയ‍ും മക‍ുടോദാഹരണമായി കാണാവുന്നതാണ്.ഗ്രാമത്തിലെ മറ്റൊരു പ്രധാനപ്പെട്ട ആരാധനാലയമാണ് 'സെന്റ്.ഗ്രിഗോറിയസ് ഓർത്തഡോക‍്‍സ് ചാപ്പൽ ' എട്ട‍ുനോമ്പ് ആചരണത്തില‍‍ും,മെയ് മാസത്തിലെ ഇവിട‍ുത്തെ പെര‍ുന്നാളാഘോഷത്തില‍ും ഗ്രാമവാസികൾ ഒര‍ു മനസ്സോടെ ഒത്ത‍ുചേര‍ുന്നത‍ു നമ‍ുക്ക‍ു കാണാം.


സെന്റ്.ഗ്രിഗോറിയസ് ഓർത്തഡോക‍്‍സ് ചാപ്പൽ


നാടിന്റെ വിദ്യാഭ്യാസ വികസനത്തിന്റെ അടിത്തറയായി നിലകൊള്ളുന്ന സ്കൂളാണ് ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങര. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്. 2018 -ൽ പൂനെയിൽ വച്ച് നടന്ന നാഷണൽ ബഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും, 2019 -ൽ ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും, 2021 -ൽ ഗോവയിൽ വച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡല‍ും നേടിയ പ്രിയരഞ്ജൻ.എം, കാനറാ ബാങ്ക്, തിരുവല്ല സീനിയർ മാനേജർ ആയി പ്രവർത്തിക്കുന്ന ജി.നന്ദകുമാർ, ഗവൺമെൻറ് കോളേജ്, അമ്പലപ്പുഴയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ.സുനിൽകുമാർ കെ.കെ. , മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ മുരുകൻ, എന്നിവർ ഇവരിൽ ചിലരാണ്. ഞങ്ങളുടെ അറിവിൽ പെട്ട ചില പേരുകൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. ഇവർക്കു പുറമേ സാമൂഹിക സാംസ്കാരിക രംഗത്ത് ശോഭിക്കുന്ന നിരവധി ആൾക്കാർ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരായുണ്ട് എന്ന യാഥാർത്ഥ്യം അഭിമാനാർഹമാണ്.


കൃഷിയെ സ്നേഹിക്കുന്ന, വള്ളംകളിയെ ഇഷ്ടപ്പെടുന്ന, ഗ്രാമത്തിന്റെ നന്മയും, വിശുദ്ധിയും നഷ്ടപ്പെടാതെ നെഞ്ചിലേറ്റി കാത്തുസൂക്ഷിക്കുന്ന, ഞങ്ങള‍ുടെ സ്വന്തം വെളളംക‍ുളങ്ങരയിൽ ജനിക്കുവാനും, വളരുവാനും സാധിച്ചതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.


നന്ദി.

സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബ്

ഗവ.യ‍ു.പി.എസ്. വെളളംക‍ുളങ്ങര