ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം രോഗങ്ങൾ, ഈ വാക്ക് ഇന്നു നമുക്കു പുത്തരിയല്ല. ഇന്നെല്ലാവർക്കും പലതരം രോഗങ്ങളുണ്ട്. അവ വിരലിലെണ്ണാവുന്നവയല്ല, അനേകായിരങ്ങളാണ്. ഈ രോഗങ്ങൾ തനിയേ വരുന്നവയല്ല. മറിച്ച് വഴിയെ പോകുന്ന വയ്യാവേലിയെ തലയിലിടുന്നതു പോലെ നാം തന്നെ ക്ഷണിച്ചു വരുത്തുന്നവയാണ്. ഒരു രോഗം പോലുമില്ലാത്ത ഒരാളും ഒരുപക്ഷേ ഇന്നുണ്ടാവില്ല. ഇന്നു പലരും പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം , ടെൻഷൻ മുതലായ ജീവിതശൈലീരോഗങ്ങൾക്ക് അടിമകളാണ്. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതു ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ്. എന്നാൽ രോഗങ്ങൽ വരാതെ തന്നെ ആരോഗ്യത്തോടെ ജീവിക്കുകന്നതിനാണ് നാം പ്രാധാന്യം നല്കേണ്ടത്. നേരത്തെ പറഞ്ഞ മിക്ക രോഗങ്ങൾക്കും കാരണം നമ്മുടെ ഭക്ഷണശീലം തന്നെയാണ്. കടകളിൽ നിന്നും ലഭിക്കുന്ന കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ ഇത്തരത്തിലുളള പല ജീവിതശൈലീരോഗങ്ങളേയും നമുക്കു പ്രതിരോധിക്കാം. ഉപ്പിന്റെ അളവു കൂടിയ ഭക്ഷണപദാർഥങ്ങളായ അച്ചാറുകൾ, ഉപ്പുമാങ്ങ, ഉണക്കുമീൻ മുതലായവ ഉപേക്ഷിക്കാം. പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കാം. കൂടാതെ ഒഴിവുസമയങ്ങളിൽ വീട്ടിൽ കുത്തിയിരിക്കാതെ നടക്കുകയോ മറ്റു വ്യായാമങ്ങളിലേർപ്പെടുകയോ ചെയ്യാം. ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്കു വലിയ വലിയ രോഗങ്ങളെ പ്രതിരോധിക്കുവാൻ സാധിക്കുന്നതാണ്. ജീവിതശൈലീരോഗങ്ങൾക്കു പുറമേ ഇന്നു ധാരാളമായി കണ്ടുവരുന്ന രോഗങ്ങളാണ് മഴക്കാലരോഗങ്ങൾ. മഴക്കാലത്തെ പകർച്ചവ്യാധികൾ ഒരുപക്ഷേ മരണത്തിനും കാരണമാവുന്നു. മലിനജലം കെട്ടിക്കിടന്നുണ്ടാവുന്ന അണുക്കളും വൃത്തിഹീനങ്ങളായ പരിസരങ്ങളും രോഗം പരക്കുന്നതിനു കാരണമാവുന്നു. മഴക്കാലത്തു നമുക്കു ശുചിത്വവും പ്രതിരോധശേഷിയും കുറവായതിനാൽ രോഗങ്ങൾ വളരെ വേഗത്തിൽ പരക്കാനുള്ള സാധ്യത കൂടുന്നു. കൂടാതെ കുടിവെള്ളം മലിനമാവുന്നത്, തുറന്നതും തണുത്തതും മലിനപ്പെട്ടതുമായ ഭക്ഷണപദാർഥങ്ങളും, മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുകുകൾ വളരുന്നതും മരണകാരികളായ ഡങ്കിപ്പനി, മലമ്പനി, കോളറ, മന്ത്, വൈറൽപനി മുതലായ രോഗങ്ങൾക്കു കാരണമാവുന്നു. ഈ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പൂർണമായി വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, ഭക്ഷണസാധനങ്ങൾ നന്നായി കഴുകി വൃത്തിയാക്കി പാകം ചെയ്തു കഴിക്കുക, കൊതുകുകൾ വളരാൻ സാധ്യതയുള്ള കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക, വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പാത്രങ്ങളും മറ്റും ഒഴിവാക്കുക തുടങ്ങിയവയാണ്. ഇങ്ങനെയുള്ള പ്രത്യേകം രോഗപ്രതിരോധമാർഗങ്ങല്ലാതെ നമ്മുടെ ശരീരത്തിനും സ്വാഭാവികരോഗപ്രതിരോധശേഷി ആവശ്യമാണ്. അതിനായ് നമ്മൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതും പോഷകമൂല്യമുള്ളതുമായ ഭക്ഷണപദാർഥങ്ങൾ കഴിക്കേണ്ടതുണ്ട്. നെല്ലിക്ക, നാരങ്ങ, ചെറുനാരങ്ങ, മുസംബി മുതലായ പ്രതിരോധശേഷി നല്കുന്ന പദാർഥങ്ങൾ കൂടാതെ, സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഡി യും പ്രതിരോധശേഷിയ്ക്ക് ആവശ്യമാണ്. അതു പോലെ മാംസ്യം, അന്നജം, ധാതുക്കൾ, ചെറിയതോതിൽ കൊഴുപ്പ്, നാരുവർഗങ്ങൾ മുതലായവയും പ്രതിരോധശേഷിയ്ക്ക് അത്യന്താപേക്ഷിതങ്ങളായ ഘടകങ്ങളാണ്. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവ കൂടാതെ നിത്യേനയുള്ള വ്യായാമവും നമ്മെ ഊർജസ്വലരാകാൻ സഹായിക്കുന്നു. ലാഘവം കർമസാമർഥ്യം സ്ഥൈര്യം ക്ലേശസഹിഷ്ണുതാ ദോഷക്ഷയോഗ്നിവൃദ്ധിശ്ച വ്യായാമാദുപജായതേ എന്ന് ആയുർവേദഗ്രന്ഥങ്ങളിൽ വ്യായാമത്തിന്റെ ഗുണങ്ങൾ വിവരിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. കൊറോണി ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കി അവയിലൂടെ രക്തപ്രവാഹം നിലനിർത്തുന്നു. പേശികളെ ബലപ്പെടുത്തുന്നു. നല്ല ഉന്മേഷവും ഉറക്കവും ലഭിക്കുന്നു. ഈ പറഞ്ഞ എല്ലാ കാര്യങ്ങളും പാലിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർധിക്കുകയും രോഗങ്ങൾ വരാതിരിക്കുകയും ചെയ്യും. ശരീരമാദ്യം ഖലു ധർമസാധനം എന്ന കാളിദാസവചനം നമുക്ക് സദാ സ്മരിക്കാം. ആരോഗ്യരക്ഷയ്ക്കായ് അനവരതം പ്രയത്നിക്കാം . സർവേ ഭവന്തു സുഖിനഃ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം