ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/അന്നൊരു വ്യാഴാഴ്ച

അന്നൊരു വ്യാഴാഴ്ച

അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഇന്ന് തീരെ വയ്യായിരുന്നു. നേരം പുലർന്നിട്ട് ഇരുട്ടായിട്ടും കിടന്നിടത്തു നിന്ന് എഴുന്നേല്ക്കാനായില്ല. കട ഇന്ന് അവധിയായത് നന്നായി. കടുത്ത ചുമ-ക്ഷയത്തിന്റേതായിപ്പോയോ ? കഫം തുപ്പുമ്പോൾ നേരിയ ചുകപ്പ് നിറമുണ്ട്. ആകെ വയറ്റിലെത്തിയത് കുപ്പിയിലെ ഇത്തിരി വെള്ളം മാത്രം. അതും തീർന്നു, നാവ് വരളുന്നു. കുറച്ച് വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ ! നാളെ ഒന്ന് ‍ഡോക്ടറെ കാണിക്കണം, എന്തെങ്കിലും മരുന്ന് തരാതിരിക്കില്ല. അങ്ങനെ എങ്ങനയോ ആ രാത്രി കഴിഞ്ഞുകൂട്ടി. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റ് അപ്പുറത്തെ കടയുടെ മുൻപിലുള്ള പൈപ്പിൽ മുഖം ചെന്നുകാട്ടി. എന്റെ തയഞ്ഞ കണ്ണട അഴിച്ചുമാറ്റി. കീറിയ കയ്യുള്ള കുപ്പായം കൊണ്ട് മുഖം തുടച്ചു. ഇന്നലെ ഞാൻ കിടന്ന കടയുടെ മുമ്പിലേക്ക് നടന്ന് നീങ്ങി. കീറിയ തോ‍ർത്തെടുത്ത് ഹോർലിക്സ് പരസ്യത്തിന്റെ പരസ്യബോർഡിന് താഴെയുള്ള നിഴലിൽ വിരിച്ചു. ഇന്നലെ രാത്രി കുടിച്ച പച്ചവെള്ളം മാത്രം ഒാർമ്മയിൽ.നിറം മങ്ങിയ ഒരു പിച്ചച്ചട്ടിയെടുത്ത് മുൻപിൽ വച്ചു. അതിൽ എന്തെങ്കിലും വീഴാതിരിക്കില്ല. അതിനെ ഞാൻ ദയനീയമായി ഒന്ന് നോക്കി.

സ്വപ്നതുല്യമായ എന്റെ വീട്, കോട്ടും ടൈയുമണിഞ്ഞ് ഓഫീസിൽ പോകാനിറങ്ങുന്ന എന്റെ മകൻ, ഇടതുകൈകൊണ്ട് നെറ്റി ചൊറിഞ്ഞുകൊണ്ട് വലതുകൈയിൽ ചായയുമായി വരുന്ന എന്റെ ഭാര്യ, ഉമ്മറത്തെ പടിവാതിലിൽ ചാരിനിൽക്കുന്ന എന്റെ മരുമകൾ. സന്തോഷം നിറഞ്ഞ ദിവസങ്ങൾ. ഒരു ദിവസം ഭാര്യക്ക് ഒരു നെഞ്ചുവേദന, എന്നെ തനിച്ചാക്കി അവൾ പോയി, എന്റെ കരുത്തും. ചുമ, നീണ്ട ചുമ. അധികം വൈകാതെ മക്കൾക്കും എന്നെ മടുത്തു. വൃദ്ധസദനത്തിലെ തണുത്ത കട്ടിലിലായി പിന്നീട്. കാശുവരാതായപ്പോൾ റോഡിലും.

ഇത്രയും സമയമായിട്ടും റോഡിൽ ആരെയും കാണുന്നില്ല, ബോധം മറയുന്നു. പാതിബോധത്തിൽ ഒരു വണ്ടി സൈറൺ മുഴക്കി വന്നു. നരകത്തിൽ നിന്നായിരിക്കും. അങ്ങനെയങ്കിലും ഈ ജീവിതം തീരട്ടെ. വണ്ടിയിൽ നിന്ന് തൂവെള്ള വസ്ത്രങ്ങളണിഞ്ഞ രണ്ടുപേർ പുറത്തിറങ്ങി. എന്നെ താങ്ങി കട്ടിലിലാക്കി. ഓർമ്മ വരുമ്പോൾ മനോഹരമായ മുറിയിലാണ്. നരകാതിലിൽ നിന്ന് സ്വർഗവാതിലിലേക്കാണോ വീണത് ? നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല പെരുമാറ്റം. പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. എന്നെപ്പോലെ കുറച്ചുപേർ കൂടി ഇവിടുണ്ട്. നാട്ടിൽ കൊറോണയെന്ന മഹാമാരി ഭീതിദമായി പടരുകയാണ്. അതിൽ നിന്നും രക്ഷിക്കാനാണത്രേ തെരുവ് ജീവിതങ്ങളെ ഇവിടെയെത്തിച്ചത്. ഈ കരുതൽ ജീവിതത്തിലിന്നുവരെ ലഭിക്കാത്തതാണ്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും ആളുകളുണ്ട്. തിരിച്ചറിയാൻ അല്പം വൈകി എന്നു മാത്രം.

ദയ വി വി
ആറ് സി മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ