ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/ നാം എങ്ങോട്ട്?

Schoolwiki സംരംഭത്തിൽ നിന്ന്
നാം എങ്ങോട്ട്?

"സംരക്ഷണം എന്നത് മണ്ണും മനുഷ്യനുംതമ്മിലുള്ള സ്വരച്ചേർച്ചയാണ്. ഇടതു കൈ വെട്ടിമാറ്റി വലതു കൈ പരിപോഷിപ്പിക്കാൻ കഴിയില്ല"പ്രശസ്ത അമേരിക്കൻചിന്തകൻ ആൽഡോലിയോപോൾ-ഡിൻെറ വാക്കുകളാണിത്. ഇന്നത്തെ സമൂഹത്തിൽ ഇവയ്ക്ക് ഏറെ പ്രസക്തി ഉണ്ട്.ഒന്നിനെ നശിപ്പിച്ച് നമുക്ക് മറ്റൊന്ന് നേടാൻ ആകില്ല. ജീവിതസുഖങ്ങളാകുന്ന വലതു കയ്യിനെ പരിപോഷിപ്പിക്കാൻ വേണ്ടി പ്രകൃതിയാകുന്ന ഇടതുകയ്യിനെ വെട്ടിമാറ്റുകയാണ് നാമിന്ന്. അതു നമുക്കു തന്നെ വിപത്തായി മാറുകയും ചെയ്യും. തെളിവെള്ളത്തിൻ കുളിർമയേകും തണ്ണീർത്തടങ്ങളും പച്ചപ്പട്ടുടുത്ത വയലേലകളും ഹരിതാഭയാർന്ന വനങ്ങളും കാവലാളായ കുന്നുകളും ഒക്കെ അലങ്കരിച്ച വശ്യ മനോഹരിയായിരുന്നു നമ്മുടെ ഭൂമി .പക്ഷെ ഇന്നത്തെ ഭൂമിയുടെ അവസ്ഥയോ? വറ്റിവരണ്ട തണ്ണീർത്തടങ്ങൾ നികത്തിയ പാടങ്ങൾ വെട്ടിമാറ്റിയ വനങ്ങൾ ഇടിച്ചിട്ടകുന്നുകൾ ഇത്തരത്തിൽ മൃതപ്രായയായ ഭൂമിയാണിന്ന്. ഇതിനൊക്കെ കാരണം മനുഷ്യരുടെ അമിതമായ ലാഭേച്ഛയാണ്‌. പരിസ്ഥിതിയിൽ നിന്ന് അനുഭവിക്കുക എന്നതിലപ്പുറം അതിനെ തൻെറ ലാഭേച്ഛയ്ക്ക് പാത്രമാക്കാനാണ് അവൻ ശ്രമിക്കുന്നത് .സകല ജീവജാലങ്ങൾക്കും വേണ്ടതെല്ലാം ഈ പ്രകൃതിയിൽ ഉണ്ട്. മറ്റു ജീവികൾ അത് നീതിപൂർവം ഉപയോഗിക്കുമ്പോൾ മനുഷ്യർ അത് തൻെറ ഇച്ഛകൾക്കുമപ്പുറം ഉപയോഗപ്പെടുത്തി നാശം വിതയ്ക്കാനാണ് ശ്രമിക്കുന്നത്. നാം ഇന്ന് നേരിടുന്ന പ്രധാന ഭീഷണിയാണ് ആഗോള താപനം. നാം പുറത്തു വിടുന്ന കാർബൺഡൈ ഓക്സൈസ് പോലുള്ള ഹരിത ഗൃഹ വാതകങ്ങൾ സൂര്യപ്രകാശത്തിലെ ഇൻഫ്രാറെഡ് രശ്മികൾ ഭൂമിയിൽ തട്ടി പ്രതി പതിച്ച് തിരിച്ചു പോകാൻ അനുവദിക്കാതെ അതിന് തടസ്സമായി നിലകൊള്ളുന്നു.ഇത് ഭൂമിയുടെ താപനില ' വർധിപ്പിക്കുന്നു. ഭൂമിയെ ചുട്ടുപൊള്ളിപ്പിക്കുന്നു.ഇത് കാലാവസ്ഥ വ്യതിയാനത്തിന് കാരണമായിത്തീരുന്നു.അതു മാത്രമല്ല സമുദ്രനിരപ്പ് ഉയരുന്നതിനും ഭാവിയിൽ തീരപ്രദേശങ്ങൾ സമുദ്രത്തിനടിയിൽ ആകുന്നതിനുവരെ ഇത് കാരണമാകുന്നു 1880 നു ശേഷം സമുദ്രനിരപ്പ് 8 ഇഞ്ച് വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 1961 മുതൽ 2003 വരെ ശരാശരി 1.8 ml വീതം സമുദ്രജലനിരപ്പ് ഉയരുന്നു. താപനില 4 ഡിഗ്രി സെൽഷ്യസോളം വർധിച്ചാൽസമുദ്രജലനിരപ്പ് ഉയർന്ന് കേരളത്തിൽ അടക്കമുള്ള പല നഗരങ്ങളും സമുദ്രത്തിനടിയിലാകും. സമുദ്രത്തിൽ കൂടി വരുന്ന അമ്ലവത്ക്കരണം ആഗോള താപനം മൂലമുണ്ടാകുന്ന ഒരു ദൂഷ്യ ഫലമാണ്. ഇതു വഴി വിഷമയമുള്ള ആൽഗകൾ സമുദ്രത്തിൽ പെരുകുകയും മത്സ്യസമ്പത്തിൻെറ നാശത്തിനും അതുവഴി മാനവരാശിയുടെ വരെ നാശത്തിനും ഇത് കാരണമാകുന്നു. ആഗോള താപനം വഴിയുള്ള കാലാവസ്ഥ വ്യതിയാനം മനുഷ്യരാശിയുടെ നാശത്തിനു തന്നെ കാരണമാകും. ഇതു വഴി വരൾച്ച വെള്ളപ്പൊക്കം ,പേമാരി, കൊടുങ്കാറ്റ് തുടങ്ങിയവയും അതു വഴി പകർച്ചവ്യാധികളും ഉണ്ടാകുന്നു .2018,2019 വർഷങ്ങളിൽ നാം നേരിട്ട പ്രളയത്തിനു കാരണവും കാലാവസ്ഥ വ്യതിയാനമാണ്. ഇത്തരം ഒരു വിപത്ത് ഭൂമിക്ക് വരുത്തി വച്ചത് നമ്മുടെ ചെയ്തികൾ തന്നെയാണ്. ഇന്ന് ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും മോട്ടോർ വാഹനങ്ങളുണ്ട്.തൊട്ടടുത്ത കടയിൽ പോകണമെങ്കിൽ മോട്ടോർ വാഹനം വേണം. ഇത്തരത്തിൽ പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ്, ഫാക്ടറികളിൽ നിന്ന് പുറം തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ ഇതിന് കാരണമാകുന്നു 'ഹരിത സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്നു. പക്ഷെ അമിതമായ വനനശീകരണം മൂലം കാർബൺ ഡൈ ഓക്സൈഡ് എങ്ങും പോവാതെ ഭൂമിയിൽ തങ്ങിനിൽക്കുന്നു. ഇത് ആഗോള താപനത്തിന് കാരണമാകുന്നു.2019 ൽ ആമസോൺ കാടിൻെറ ഒരു ഭീമ ഭാഗം കത്തി നശിച്ചു. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന അതിൻെറ നാശം ആഗോള താപനത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ. വാഹനപ്പെരുപ്പവും ഫാക്ടറികളും കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങളുടെ അളവും വർധിപ്പിച്ചു. ഇന്ന് ഡൽഹി പോലുള്ള നഗരങ്ങളിൽ ഓക്സിജൻ പാർലറുകൾ സർവ്വസാധാരണമായി. അവിടെത്തെ വായുഗുണ നിലവാര സൂചികയിൽ ഏറെപിറകിലായി.കാർബൺ പുറന്തള്ളലിൻെറ തോത് സൂചിപ്പിക്കുന്ന കാർബൺ ഫൂട് പ്രിൻറ് വർഷം പ്രതി വർധിച്ചു വരികയുമാണ്.ഇതിനൊക്കെ കാരണം മനുഷ്യ ചെയ്തികൾ തന്നെയാണ്. കോവിഡെന്ന മഹാമാരി മൂലം നമ്മുടെ രാജ്യം അടച്ചിട്ടപ്പോൾ ഡൽഹി പോലുള്ള നഗരങ്ങളുടെ വായു ഗുണനിലവാരം മെച്ചപ്പെട്ടു.ആഗോള താപനം പടിപടിയായി കുറച്ചു വരേണ്ടതുണ്ട്. ഇതിനായി പ്രഖ്യാപിക്കപ്പെട്ട പാരീസ് ഉടമ്പടിയിൽ നിന്ന് ഉത്തരവാദിത്വപ്പെട്ട രാജ്യങ്ങൾ പിൻമാറിയത് വളരെ ആശങ്കാജനകമാണ്. പാരിസ്ഥിതിക ബോധം ഇല്ലാത്ത ഉപഭോഗസംസ്കാരത്തിൻെറ വക്താക്കളായ ഒരു തലമുറയാണ് ഇന്നത്തേത്. പ്രകൃതി കനിഞ്ഞു നൽകുന്ന ഓരോ വിഭവങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പക്ഷെ നാം കുളം നികത്തിയും കുന്നിടിച്ചും പ്രകൃതിയെ കൊല്ലാക്കൊല ചെയ്യാൻ മത്സരിക്കുകയാണ്. "ലോകസൃഷ്ടിയിൽദൈവത്തിനു പിണഞ്ഞ കൈയ്യബദ്ധം എന്നാണ് ആറാം ദിവസം എന്ന കവിതയിൽ കവി സച്ചിദാനന്ദൻ മനുഷ്യനെ കുറിച്ച് പറയുന്ന ത്.മറ്റു ജീവികൾക്ക് രക്ഷകനാകേണ്ട അവൻ അവയ്ക്ക് ശിക്ഷകനായിത്തീരുകയാണ്. പല മഹാമാരികളും ദുരന്തങ്ങളും പകർന്നു നൽകിയ പാഠങ്ങൾ കണ്ടില്ലെന്ന് നടിച്ചും പ്രകൃതിമാതാവിൻെറ ദീനരോധനങ്ങൾക്ക് ചെവി കൊടുക്കാതെയും നാം എങ്ങോട്ടാണ് കുതിക്കുന്നത് ?

ആദ്യ കെ.പി
8 എ ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം