ജി എൽ പി സ്ക്കൂൾ പാണപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേസരി നായനാർ-- പാണപ്പുഴയുടെ കഥാകാരൻ

*കേസരി നായനാർ... ഒരു ഓർമക്കുറിപ്പ്.*

കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ…

എവിടെയോ കേട്ടറിഞ്ഞപോലെ മാത്രം പുതിയ തലമുറ ഓർക്കുന്ന പേര്.

കേരളം 64 വർഷം ആഘോഷിക്കുമ്പോൾ മറന്നുപോകാൻ പാടില്ലാത്ത മലയാള ചെറുകഥയുടെ പിതാവ് കേസരിയുടെ ഓർമകൾക്ക് 1107 വയസാവുകയാണ്.

അദ്ദേഹത്തിൻ്റെ പേരിൽ പാണപ്പുഴയിൽ ഒരു സ്മാരകം വേണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്നു.

ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നുള്ള വാർത്ത നമ്മെ ഏറെ സന്തോഷിപ്പിക്കുന്നു.

1914 നവംമ്പർ 14. മദ്രാസ് നിയമസഭയാണ് വേദി. മലബാർ, ദക്ഷിണ കർണ്ണാടകം ജില്ലകളിലെ ജൻമിമാരുടെ പ്രതിനിധിയായി സഭയിലെത്തിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ പ്രസംഗിക്കാൻ എഴുന്നേൽക്കുകയാണ്. ബ്രിട്ടീഷ് സംസ്കാരത്തിലെ നൻമകൾ ഉപയോഗപ്പെടുത്തി സമുദായ പരിഷ്കരണത്തിന് പുതിയ മുഖം നൽകിയ നായനാർ ജൻമി വ്യവസ്ഥയിലെ പല അനാചാരങ്ങളെയും എതിർത്ത വിപ്ലവകാരി കൂടിയാണ്. മലയാളവും കർണാടകവും ഉൾപെടുന്നbസഭയിലെ എല്ലാ പ്രതിനിധികളും ആ വാക്കുകൾക്ക് കാതോർക്കുക പതിവായിരുന്നു. സ്ത്രീകളുൾപെടെ താഴെ തട്ടിലുള്ളവർക്കും വിദ്യാഭ്യാസം നൽകണമെന്നും തൊഴിലാളികളെ തറവാട്ടംഗങ്ങളെപോലെ സ്നേഹിക്കണമെന്നും 1911 മെയ് 11 ന് തിരുവല്ലയിൽ നടന്ന ജൻമിസഭ സമ്മേളനത്തിൽ ധീരമായി ഉന്നയിച്ച കേസരി ചരിത്രത്തിൽ പുതിയമാറ്റങ്ങൾക്ക് തുടക്കംകുറിച്ച വ്യക്തിത്വമാണ്. അന്ന് നിയമസഭയിൽ രാജ്യസ്നേഹത്തെ കുറിച്ചുള്ള ചർച്ചയായിരുന്നു. 102 വർഷങ്ങൾക്ക് മുമ്പ് മദ്രാസ് നിയമസഭയിൽ രാജ്യസ്നേഹത്തെ കുറിച്ച് പറയുമ്പോൾ മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേസരി പറഞ്ഞു. ആ പ്രസംഗം അദ്ദേഹത്തിന് മുഴുമിപ്പിക്കാനായില്ല. ഹൃദയസ്തംഭനം വന്ന് സഭയിൽ കൂഴഞ്ഞ് വീണ് മലയാളത്തിൻറെ ആദ്യ ചെറുകഥാകൃത്ത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മരണപ്പെട്ടു.

“എഴുതുമ്പോൾ നായനാരെ പോലെ എഴുതാൻ ശീലിക്കണം” – മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലെഴുതിയ ഒ ചന്തുമേനോൻ മലയാള ചെറുകഥാ സാഹിത്യത്തിൻറെ പിതാവായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെപ്പറ്റി മൂർക്കോത്ത് കുമാരനോട് പറഞ്ഞ വാക്കുകളാണിത്.

കേസരിയുടെ എഴുത്തിൽ പ്രകടമായ ദീർഘവീക്ഷണവും സാഹിത്യബോധവും നർമ്മവും പിന്നീട് ഇങ്ങോട്ട് വളർന്നുവന്ന മലയാള ചെറുകഥാ ശാഖയ്ക്ക് പിന്തുടരനായിട്ടില്ല. പല കൃതികളിലും ആ മാതൃക സ്വീകരിക്കാൻ ശ്രമിച്ചെങ്കിലും അത്രത്തോളം മികച്ച് നിൽക്കുന്ന സ്ഥിതിയുണ്ടായില്ല. കേസരിയുടെ എഴുത്ത് കേസരിക്ക് മാത്രം സ്വന്തമായതും അതിൻറെ ആകർഷണീയത മറ്റെവിടെയും അനുഭവിച്ചറിയാൻ സാധിക്കാത്തതുമാണ്. മഹാകവി ഉള്ളൂർ അമേരിക്കൻ ഫലിത സാഹിത്യകാരനായ മാർക്ട്വൈനോടാണ് കേസരിയെ ഉപമിച്ചത്.

മലയാളത്തെ മാതൃഭാഷയായി നിലനിർത്താനും ഭരണഭാഷയാക്കാനുമുള്ള മുറവിളികൾക്ക് എത്ര വർഷം പഴക്കമുണ്ടാകും.? ഇപ്പോഴും ഈ വാദങ്ങൾ തുടരുകയാണ്. മലയാള ഭാഷയെ സംരക്ഷിക്കാനുള്ള മുദ്രാവാക്യങ്ങൾ കാലഹരണപ്പെട്ടിട്ടില്ല. 120 വർഷങ്ങൾക്ക് മുമ്പെ കോടതിയിലും സർക്കാർ ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന ഭാഷ മലയാളമാക്കണമെന്ന് ലേഖനങ്ങളിലൂടെ ആവശ്യപ്പെട്ടത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരായിരുന്നു. 1861 മുതൽ 1914 വരെയുള്ള 53 വർഷത്തെ ജീവിത വേളയിൽ സാഹിത്യം, സാമൂഹ്യപ്രവർത്തനം, പത്രമേഖല, കൃഷി എന്നിവയിൽ സജീവസാന്നിധ്യമായിരുന്ന നായനാർ മലയാള ഭാഷയ്ക്ക് നൽകിയ സംഭാവന അവിസ്മരണീയമാണ്.

1879 ൽ തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ച ‘കേരളചന്ദ്രിക’യിലൂടെയാണ് 18 ാം വയസിൽ നായനാർ സാഹിത്യലോകത്തേക്ക് പ്രവേശിക്കുന്നത്. കോഴിക്കോട് നിന്നും തുടങ്ങിയ കേരളപത്രികയിൽ അദ്ദേഹം മുഖ്യലേഖകനായിരുന്നു. ജൻമികുടുംബത്തിലെ കാരണവരായിരുന്ന നായനാരുടെ എഴുത്തിൽ നിറഞ്ഞുനിന്നത് അനാചാരങ്ങൾക്കെതിരെയുള്ള ശക്തമായ ശബ്ദവും. നായർ കുടുംബത്തിലെ കാരണവൻമാർ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയ പലർക്കും നായനാരുടെ തൂലികയുടെ പ്രഹരമേറ്റിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെക്കുറിച്ച് ശക്തമായി എഴുതിയ അദ്ദേഹം സ്വന്തം പെൺമക്കളെ കോൺവെൻറിലയച്ച് പഠിപ്പിക്കാനും തയ്യാറായി, പെൺകുട്ടികൾ പഠിച്ചാൽ മാത്രം പോരാ, അവർ ഉദ്യോഗത്തിൽ പ്രവേശിക്കണമെന്നും നായനാർ പറഞ്ഞു. എഴുത്തിൻറെ ലേകത്തും ജീവിതത്തിലും വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു നായനാരുടേത്. കേരള സഞ്ചാരി, കേരള പത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചു. കേരള സഞ്ചാരിയിൽ നായനാർ എഴുതിയ ഒന്നാമത്തെ മുഖപ്രസംഗം ‘ലോകാസമസ്താസുഖിനോ ഭവന്തു’ എന്നാണ്. 1888 ൽ കേരള സഞ്ചാരിയുടെ മുഖപത്രാധിപരായിരിക്കെയാണ് ‘കേസരി’യെന്ന തൂലികാ നാമം സ്വീകരിച്ചത്. ഇതിനുപുറമെ ദേശാഭിമാനി, സ്വദേശമിത്രൻ, വജ്രബാഹു, വജ്രസൂചി എന്നീ തൂലികാനാമങ്ങളിൽ ഭാഷാപോഷിണി, മിതവാദി, സരസ്വതി, ജനരഞ്ജിനി, കോഴിക്കോടൻ മനോരമ, മലയാള മനോരമ എന്നിവയിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്.

1891 ൽ വിദ്യാവിനോദിനിയിൽ കേസരി നായനാർ എഴുതിയ ‘വാസനാ വികൃതി’ യാണ് മലയാളത്തിലെ ആദ്യ ചെറുകഥയായി വിശേഷിപ്പിക്കുന്നത്. മോഷണം സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് കഥാനായകൻ ഇക്കണ്ടക്കുറുപ്പ്. കഥാപാത്ര പ്രധാനവും നർമ്മരസപൂർണ്ണവുമാണ് ഈ കഥ. ചിലരുടെ വാക്കിനും എഴുത്തുകാരുടെ പേനയ്ക്കും ലൈസൻസ് വേണ്ടിവരുമെന്ന് 115 വർഷങ്ങൾക്ക് മുമ്പെ കേസരി കഥയിലൂടെ പറഞ്ഞുവെച്ചു. ഒരു പൊട്ടഭാഗ്യം, ദ്വാരക മദിരാശി, കഥയൊന്നുമില്ല, പിത്തലാട്ടം തുടങ്ങിയവ നായനാരുടെ കഥകളാണ്. ഓരോ സൃഷ്ടിയിലും പുതുമയുള്ള ആഖ്യാനരീതി എന്നത് കേസരിയുടെ പ്രത്യേകതയായിരുന്നു. 1892 ൽ പ്രസിദ്ധീകരിച്ച ‘മേനോക്കിയെ കൊന്നതാര്’ എന്നതാണ് മലയാളത്തിലെ ആദ്യ അപസർപ്പക കഥയായി വിലയിരുത്തപ്പെടുന്നത്. വൈദ്യം, നാട്ടെഴുത്തച്ഛൻ, മരിച്ചാലത്തെ സുഖം, കപടവേദാന്തികൾ, ശീട്ടുകളി, ഭ്രമം, മഹാകവികളുടെ ജീവിതകാലം, സ്വഭാഷ ആചാരപരിഷ്കാരം, കേരള ജൻമിസഭ, കൃഷി പരിഷ്കാരം എന്നിവയാണ് പ്രധാന ലേഖനങ്ങൾ.

1860 ൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പെരിഞ്ചല്ലൂർ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പറമ്പ് ഹരിദാസ് സോമയാജിപ്പാടിൻറെയും, പാണപ്പുഴ വേങ്ങയിൽ കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെ മകനായണ് കുഞ്ഞിരാമൻ നായനാരുടെ ജനനം. സംസ്കൃതത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തളിപ്പറമ്പിലെ ഇംഗ്ളീഷ് സകൂളിൽ ചേർന്നു.കോഴിക്കോട് കേരള വിദ്യാശാലയിൽ ചേർന്ന് മെട്രിക്കുലേഷൻ പാസായെങ്കിലും എഫ്.എ പരീക്ഷയ്ക്ക് തോറ്റു. അന്നത്തെ മലബാർ കലക്ടറായിരുന്നു ലോഗൻ സായിപ്പിൻറെ നിർദ്ദേശ പ്രകാരം സെയ്ദാപ്പേട്ട കാർഷിക കോളേജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാറുകാരൻ, ജൻമി, കൃഷിക്കാരൻ എന്നീ വിശേഷണങ്ങൾക്ക് അർഹനായി. അദ്ദേഹത്തിൻറെ എഴുത്തിൽ കൃഷിക്ക് പുറമെ പരമ്പരാഗത വ്യവസായങ്ങളും, ഓട് നിർമ്മാണം, നെയ്ത്ത് തുടങ്ങിയവയും കടന്നുവന്നിട്ടുണ്ട്. സംസ്കൃത പണ്ഡിതനും, ബ്രഹ്മവിദ്യാപ്രവീണനുമായ മമ്പറം കായലോടിനടുത്ത അറത്തിൽ കണ്ടേണ്ടാത്ത് കണ്ണൻ നമ്പ്യാരുടെ മകൾ എ സി കല്ല്യാണി അമ്മയെയാണ് നായനാർ വിവാഹം കഴിച്ചത്. അതോടെ തളിപ്പറമ്പ്, പാണപ്പുഴ എന്നിവയ്ക്ക് പുറമെ തലശ്ശേരിക്കും സ്വന്തക്കാരനായി വേങ്ങയിൽ നായനാർ. തലശ്ശേരിക്കും കതിരൂരിനുമിടയിൽ കൂത്തുപറമ്പ് റോഡരികിൽ കപ്പരട്ടി എന്ന വീടുണ്ടാക്കി താമസം തുടങ്ങി. തച്ചുശാസ്ത്രത്തിൽ അത്ഭുതം തന്നെയായിരുന്നു കപ്പരട്ടി വീട്. അദ്ദേഹത്തിൻറെ സ്മരണയെന്നപോലെ നായനാർ റോഡ് എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.

സാഹിത്യത്തിൽ മാത്രമല്ല പൊതുപ്രവർത്തന രംഗത്തും കാർഷിക രംഗത്തും തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു നായനാർ. പരമ്പരാകതവും ആധുനികവുമായ കൃഷിരീതികൾ നാട്ടിൽ പ്രചരിപ്പിക്കുന്നതിൽ കേസരി മുഖ്യ പങ്ക് വഹിച്ചു. 1888 ൽ മുംബൈയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത നായനാർ 1892 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡംഗവും 1904 മുതൽ 1914 വരെ പാണപ്പുഴ വേങ്ങയിൽ തറവാട് കാരണവർ സ്ഥാനവും വഹിച്ചു. കോയമ്പത്തൂർ കൃഷി വിദ്യാശാലയിൽ അനൗദ്യോഗിക അംഗവും ഇംഗ്ളണ്ടിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമപ്രവർത്തനത്തിന് വേണ്ടി രൂപീകരിച്ച ഉപദേശകസമിതി അംഗവുമായിരുന്നു.ജോർജ്ജ് ചക്രവർത്തിയുടെ പട്ടാഭിഷേകോൽസവകാലത്ത് ബ്രിട്ടീഷ് സർക്കാർ കീർത്തിമുദ്ര നൽകി നായനാരെ ആദരിച്ചിരുന്നു. 1912 ൽ മദിരാശി നിയമസഭയിലേക്ക് മൽസരിച്ച് വിജയിച്ചു.

എല്ലാമേഖലയിലും അറിയപ്പെട്ട നായനാർ പാണപ്പുഴയിലെ വേങ്ങയിൽ തറവാട്ടിൽ വെച്ചാണ് തൻറെ തൂലികയിൽ മഷിമുക്കിയത്. കേസരിയുടെ കഥകൾ പിറന്ന പാണപ്പുഴയിലെ തറവാട് മാളിക കാലപ്പഴക്കത്താൽ അവകാശികൾ ഭാഗികമായി പൊളിച്ച് നീക്കി.

29 ാംവയസിൽ ഈ തറവാട്ടിൽ വെച്ചാണ് മലയാളത്തിലെ ആദ്യ ചെറുകഥയ്ക്ക് കേസരി രൂപം നൽകിയത്. തലശ്ശേരിയിലെ കപ്പരട്ടി വീട് വർഷങ്ങൾക്ക് ശേഷം ആസ്പത്രിക്ക് കൈമാറി. അവർ അത് പൊളിച്ചുനീക്കാനുള്ള ശ്രമം നടത്തിയപ്പോൾ ഇന്നത്തെ കേരള മുഖ്യമന്ത്രി അന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയൻ ഇടപെട്ടാണ് നിർത്തിവെച്ചത്. പിന്നീട് വലിയകപ്പരട്ടി വീട് തലശ്ശേരിബിഷപ്പ് ഏറ്റെടുത്തു. അവരുടെ ചില സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും വീട് അതേ പ്രൗഢിയിൽ നിലനിർത്തിയിട്ടുണ്ട്. കേസരിയുടെ കുട്ടിക്കാലം കഴിച്ചുകൂട്ടിയ അച്ഛൻറെ ഇല്ലമാണ് തളിപ്പറമ്പിനടുത്തെ പെരിഞ്ചല്ലൂർ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പറമ്പ് ഇല്ലം. 200 വർഷത്തിലധികം പഴക്കമുള്ള എട്ടുകെട്ട് ഇല്ലം ഇന്നും അതേപടി നിലനിൽക്കുന്നു. ഇവിടെ താമസിച്ചാണ് നായനാർ തളിപ്പറമ്പിലെ ഇംഗ്ളീഷ് സ്കൂളിൽ പഠനം നടത്തിയത്. നായനാരുടെ അച്ഛൻ ഹരിദാസൻ സോമയാജിപ്പാടിൻറെ കാലത്ത് ഇവിടെ സോമയാഗം നടത്തിയതുൾപെടെ പോയകാലത്തിൻറെ പല അപൂർവ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.

കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഓർമകളും ജീവിതവും പുതുതലമുറയ്ക്ക് പകർന്നു നൽകാൻ ഇത്രയും വർഷക്കാലത്തിനിടയ്ക്ക് നമ്മുടെ സാഹിത്യലോകം ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിൻറെ സാഹിത്യ സൃഷ്ടികൾ മാത്രമാണ് നമുക്ക് മുന്നിൽ ലഭ്യമായിട്ടുള്ളത്.

പയ്യന്നൂർ മലയാളഭാഷ പാഠശാലാ ഡയറക്ടർ ടി പി ഭാസ്കര പൊതുവാളിൻറെ നേതൃത്വത്തിൽ വേങ്ങയിൽ തറവാട്ടുകാരുടെ സഹയകരണത്തോടെ പാണപ്പുഴയിൽ കേസരി അന്ത്യവിശ്രമം കൊള്ളുന്ന തറവാട് വീടിന് സമീപത്തായി സ്മൃതിമൺഡപം നിർമിച്ചിട്ടുണ്ട്. എല്ലാവർഷവും സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും.

മാതമംഗലം ജ്ഞാനഭാരതി വായനശാല, ഫേസ് മാതമംഗലം തുടങ്ങിയവയും ചില സ്കൂളുകളും നടത്തുന്ന കേസരി അനുസ്മരണ ചടങ്ങുകളും മാത്രമാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെ സ്മരിക്കുന്നത്.

എ സി നാരായണൻ നമ്പ്യാർ, മാധവൻ, മേജർ ഗോപാലൻനമ്പ്യാർ, ക്യാപ്റ്റൻ ബാലകൃഷ്ണൻ നമ്പ്യാർ, മാധവിയമ്മ, നാരായണിയമ്മ,രോഹിണിയമ്മ,ലക്ഷ്മിയമ്മഎന്നിവരാണ് നായനാരുടെ മക്കൾ.സുഭാഷ് ചന്ദ്രബോസിൻറെ ഐഎൻഎയിൽ പ്രവർത്തിക്കുകയും പിന്നീട് സ്വിസർലാൻറിൽ അംബാസിഡറുമായ എ സി നാരായണൻ നമ്പ്യാർ നെഹ്റുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.ഇന്ദിരാഗാന്ധി നാണു അങ്കിൾ’ എന്നായിരുന്നു ഇദ്ദേഹത്തെ വിളിച്ചിരുന്നത്. സരോജിനി നായിഡുവിൻറെ സഹോദരിയെയാണ് നാരായണൻ നമ്പ്യാർ വിവാഹം ചെയ്തത്. ഒരുവർഷത്തിന് ശേഷം ബന്ധം പിരിഞ്ഞു. പിന്നീട് സ്വിസർലാൻറിൽ കഴിഞ്ഞ നാരായണൻ നമ്പ്യാരെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ നേരിൽകണ്ട് ഡൽഹിയിലേക്ക് കൊണ്ടുവന്നു. എ സി മാധവൻ എന്ന അറത്തിൽ കണ്ടോത്ത് മാധവൻ ബ്രിട്ടീഷ് രേഖകളിൽ കണ്ടോത്ത് എന്നത് കൻഡത്ത് എന്നായി മാറിയതോടെ എം എ കൻഡത്ത് എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.

മലയാളത്തിൻറെ ആദ്യ ചെറുകഥാ കൃത്തും തൂലിക പടവാളാക്കിയ ജൻമി കുടുംബത്തിലെ കാരണവരുമായിരുന്ന നായനാരുടെ സൃഷ്ടികളുടെ ശൈലി ഇതുവരെ മലയാളത്തിലെ മറ്റൊരാൾക്കും അവകാശപ്പെടാൻ സാധിക്കാത്തതാണ്. ആദ്യ ചെറുകഥ അതിൻറെ മേൻമ ഒട്ടും ചോരാതെ നിലനിൽക്കുമ്പോഴും നാം അറിയാതെ പോവുകയാണ് ഈ വ്യക്തിത്വത്തെ. കേരളം 60 വർഷം പൂർത്തിയാക്കുന്ന വേളയിലെങ്കിലും 102 വർഷക്കാലത്തെ ഓർമകൾ മണ്ണിലലിഞ്ഞു ചേരാതെ സംരക്ഷിച്ച് നിർത്തേണ്ടത്കാലഘട്ടത്തിൻറെ അനിവാര്യതയാണ്.


കേസരി നായനാർ