ജി എൽ പി എസ് വടക്കുമ്പാട് /നീന്തൽ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

ജലാശയ അപകടങ്ങൾ നിത്യ സംഭവമായ വർത്തമാന കാല സാഹചര്യത്തിൽ ചെറുപ്പത്തിൽ തന്നെ കുട്ടികളെ നീന്തൽ പഠിപ്പിക്കേണ്ടതിൻറെ ആവശ്യകതയെ സംബന്ധിച്ച് ആർക്കും തർക്കമുണ്ടാവില്ല. 2007-2008 കാലം മുതൽ നമ്മുടെ സ്കൂളിൽ നാലാം തരത്തിലെ കുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി വരുന്നുണ്ട്. കഴിഞ്ഞ ഒൻപതു വർഷം കൊണ്ട് ഏതാണ്ട് നാനൂറോളം കുട്ടികളാണ് സ്കൂളിൽ നിന്ന് നീന്തൽ അഭ്യസിച്ച് പുറത്തു പോയിട്ടുള്ളത്. മുൻ പ്രധാനധ്യാപകൻ ശ്രീ. പി.പി ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ആഭിമുഖ്യത്തിൽ ആരം ഭിച്ച ഈ പദ്ധതി ഈ വർഷം കൂടുതൽ ജനകീയമായി നടന്നു. പി.ടി.എ യുടെയും തദ്ദേശവാസികളുടെയും പിന്തുണയും സഹകരണവുമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കടിയങ്ങാട് പുഴയിൽ കെട്ടിയിട്ടുള്ള ബണ്ടിനടുത്ത് ദിവസവും വൈകീട്ട് 3.30 മുതൽ 5 മണി വരെയാണ് പരിശീലനം. അധ്യാപകർക്കു പുറമെ എസ്.എസ്.ജി ചെയർ പെഴ്സൺ ജവാൻ പി. അബ്ദുല്ല, ശ്രീ. രാജൻ കരുകുളം, ശ്രീ. സമീഷ്, മുൻ എച്ച്.എം ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്റർ എം.പി.ടി.എ യിലെ ശ്രീമതി രാജിസുനിൽ, കമല എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകുന്നു. നീന്തലിനു ശേഷം കുട്ടികൾക്കു ഭക്ഷണം നൽകുന്നതിന് സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നു.