ജി എൽ പി എസ് ലക്കിടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

വയനാട് ജില്ലയുടെ പ്രവേശന കവാടത്തിൽ കോഴിക്കോട് താമരശ്ശേരി ചുരം കഴിഞ്ഞാലുടൻ ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ, ലക്കിടി. വയനാടിന്റെ കുളിരണിഞ്ഞ കാലാവസ്ഥ അതിന്റെ എല്ലാ അർത്ഥത്തിലും ഒത്തിണങ്ങിയതും കോടമഞ്ഞും, നൂൽ മഴയും ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന ലക്കിടി പ്രദേശത്ത് ഇപ്പോഴുള്ള ഏക സർക്കാർ പ്രൈമറി വിദ്യാലയം. ലക്കിടി പ്രദേശത്തെ സാധാരണക്കാരായ ആളുകൾ അവരുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെട്ടിരുന്ന ഈ വിദ്യാലയം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ഭൗതിക സൗകര്യം കൊണ്ടും, അക്കാദമിക മികവിനാലും ഏറെ മുന്നിട്ടുനിൽകുന്ന സ്ഥാപനമാണ്.

ഒരു അപ്പർ പ്രൈമറി വിദ്യാലയത്തിനാവശ്യമായ സ്ഥല, കെട്ടിട സൗകര്യങ്ങൾ ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. വിദ്യാഭ്യാസ സൗകര്യങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാതിരുന്ന ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ചില നല്ല ആളുകളുടെ പരിശ്രമ ഫലമായി കുടി പള്ളികൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഓല മേഞ്ഞ ഷെഡിൽ ഒരദ്ധ്യാപകനും 25 ഓളം കുട്ടികളുമായാണ് കൂടി പള്ളിക്കൂടം ആരംഭിച്ചതെന്ന് വിദ്യാലയത്തിൽ ലഭ്യമായ ആദ്യകാല രേഖകളിൽ കാണുന്നു. അന്ന് വിദ്യാലയ പ്രായമായ പ്രദേശത്തെ കുട്ടികൾക്ക് പുറമെ വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും സ്കൂളിൽ കുട്ടികൾ വിദ്യനുകാരൻ എത്തിയിരുന്നു. ഓല മേഞ്ഞ ഷെഡിൽനിന്നും പ്രസ്തുത വിദ്യാലയം ലക്കിടി പ്രദേശവാസിയായ ആനപ്പാറ ഹാജി - പുളിക്കൽ പാത്തുമ്മ എന്നിവരുടെ പേരിലുണ്ടായിരുന്ന 2 ഏക്കർ സ്ഥലം സൗജന്യമായി വിദ്യാലയത്തിന് ലഭിക്കുകയും കുഞ്ഞിക്കണ്ണൻ മാഷ് (യഥാർത്ഥത്തിൽ അധ്യാപകനല്ല - വിളിപ്പേരാണ്) സ്ഥാപനം ഇന്നുകാണുന്ന ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു എന്നാണ് പഴമക്കാരുടെ ഓർമ്മ.

ലക്കിടി പ്രദേശം വിനോദ സഞ്ചാരികളുടെ ഇഷ്ട താവളമായപ്പോൾ പ്രദേശ വാസികളായ ഭൂരിഭാഗം ആളുകളും തങ്ങളുടെ ഭൂമി അന്യ നാട്ടുകാരായ ഭൂമി കച്ചവടക്കാർക്കും - ഭൂ മാഫിയകൾക്കും വിറ്റ് മറ്റൊരു ദേശത്തേക്ക് പോകലോടുകൂടി സ്വദേശികൾ കുറഞ്ഞു. അവിടം വിനോദ സഞ്ചാരികളുടെ താവളമായിമാറി. ലക്കിടി പ്രദേശം വികസന കുതിപ്പിലേക്ക് മുന്നേറിത്തുടങ്ങിയ കാലമായിരുന്നു അത്. ആകാശം മുട്ടെ വളർന്നു പന്തലിച്ചു നിൽക്കുന്ന ഫ്ലാറ്റുകൾ, വലിയ വലിയ ആഡംബര റിസോർട്ടുകൾ നാൾക്കുനാൾ വർധിച്ചു. സ്വദേശികളുടെ അപര്യാപ്തത സ്കൂളിൽ കുട്ടികളുടെ എണ്ണക്കുറവിലേക്ക് നയിച്ചു. ഒരു കാലത്ത് തിങ്ങിനിറഞ്ഞ ക്ലാസ് റൂമുകൾ ക്ഷയിച്ചു തുടങ്ങി. സ്കൂളിന്ന് ക്ഷീണം ബാധിച്ചു എന്നുമാത്രമല്ല സ്കൂൾ ഈ പ്രേദേശത്ത് നിന്നും അസ്തമാനത്തോടടുത്തു. പ്രഗൽഭരായ അദ്ധ്യാപകരുടെ ശക്തമായ ഇടപെടൽകൊണ്ടും പി ടി എ യുടെ സാന്ദർഭികമായ പ്രീ പ്രൈമറി തുടങ്ങലും വലിയൊരു പരിധിവരെ വിദ്യാലയം സംരക്ഷിക്കപ്പെട്ടു.

ഇന്ന് കാര്യങ്ങളെല്ലാം കുറെ മാറ്റങ്ങൾക്ക് വിധേയമായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന വിദ്യാലയം പി ടി എയുടെയും ലക്കിടി നിവാസികളുടെയും കൈകോർത്തുള്ള പ്രവർത്തനം കാരണം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവ് വർഷാ-വർഷം വർധിച്ചുകൊണ്ടിരിക്കുന്നു. പ്രീ-പ്രൈമറിക്ക് പുറമെ ഓട്ടിസം സെന്റർ അംഗൻവാടി എന്നിവയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന നിലയിൽ പഞ്ചായത്തിന്റെ അകമഴിഞ്ഞ സഹായവും പിന്തുണയുമായപ്പോൾ പഞ്ചായത്തിലെ മറ്റേത് വിദ്യാലയത്തെക്കാളും ഭൗതിക സൗകര്യത്തിൽ ഈ വിദ്യാലത്തിന്ന് മുന്നേറാൻ ഈ വിദ്യാഭ്യാസ സമുച്ചയത്തിന്ന് സാധിച്ചു. എല്ലാ ക്ലാസ് മുറികളും സ്മാർട്ടായി. കൽപ്പറ്റ എം എൽ എ ശ്രീ. ശശീദ്രന്റെ വികസന ഫണ്ടും, ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയുമാണ് ഇത് സാധ്യമായത്. ഇന്ന് ഓടിട്ട കെട്ടിടത്തിന്ന് പകരം ക്ലാസ് മുറികളെല്ലാം മികച്ചൊരു കോൺഗ്രീറ്റ് കെട്ടിടം, വിദ്യാലയ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായുള്ള ജവാൻ വസന്തകുമാർ സ്മാരക പാർക്ക്, നവീകരിച്ച കുളം, കോൺഫറൻസ് ഹാൾ മുതലായ എല്ലാ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ന് വിദ്യാലയത്തിനുണ്ട്. പ്രദേശത്തെ കുട്ടികളെ കൂടാതെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന മാർഗം കുട്ടികളെ വിദ്യാലയത്തിലെത്തിച്ച് ഒരു വിദ്യാലയം എന്ന നിലയിലെ സാമൂഹികാവശ്യം ഈ വിദ്യാലയം നിർവഹിക്കുന്നു.