ജി എൽ പി എസ് കൊടുങ്ങല്ലൂർ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജാതി വർഗ്ഗ വർണ്ണ വ്യത്യാസത്തിന്റെ കുരുക്കിൽ പെട്ട് കഴിയുന്ന ജനസമൂഹം. സവർണ്ണരായ ആളുകൾക്ക് മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലഘട്ടം. നൂറ്റാണ്ടുകളായി ഒരു വലിയ വിഭാഗം ജനതയ്ക്ക് അറിവും വിദ്യയും നിഷേധിക്കപ്പെട്ട സാമൂഹ്യക്രമം ആയിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നത്. ജനാധിപത്യ ഭരണകൂടം നിലവിൽ വരുന്നതിനു മുമ്പും വന്നിട്ടും കോരനു കഞ്ഞി കുമ്പിളിൽ തന്നെയായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ അക്ഷീണമായ പ്രവർത്തനം കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളിൽ നവതരംഗം സൃഷ്ടിച്ചതിന്റെ പ്രതിഫലനങ്ങൾ സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് നടെ പറഞ്ഞുകൊള്ളട്ടെ.
ജാതി തിരിച്ചായിരുന്നല്ലോ സാമൂഹിക ജീവിതം അതിന്റെ കൈവഴി കളിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നത്. അപ്പോഴും കൊടുങ്ങല്ലൂർ പ്രദേശത്തിന് തലമുറകളായി കൈമാറി കിട്ടിയത് അതിന്റെ സാംസ്കാരിക പാരമ്പര്യമാണ്. കേരളത്തിന്റെയും ഇന്ത്യയുടെയും തന്നെ ചരിത്രപരമായ വായനയിൽ കൊടുങ്ങല്ലൂരിന് ഒരു വലിയ സ്ഥാനമുണ്ട്. വ്യാപാര കേന്ദ്രം, മത കേന്ദ്രം എന്നീ നിലകളിലും സാംസ്കാരിക തനിമയുടെ ഉറവിടം എന്ന നില യിലും കൊടുങ്ങല്ലൂർ ഭൂപടത്തിൽ ശിരസുയർത്തി നിൽക്കുന്ന ഒരു പ്രദേശമാണ്.
അത്തരം സാംസ്കാരിക തനിമയുടെ ഉറവസ്ഥാനം കൊടുങ്ങല്ലൂർ കോവിലകം ആണെന്ന് കാണാം. കൊടുങ്ങല്ലൂർ കോവിലകം വകയായിരുന്നു ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച തെക്കും വടക്കും ഭാഗത്തുള്ള രണ്ട് വിദ്യാലയങ്ങൾ. കൊടുങ്ങല്ലൂർ കോവിലകം വകയായിരുന്നു തെക്കുഭാഗത്ത് ഉള്ളത് കോവിലകത്തെയും മറ്റ് സവർണ്ണ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് വേണ്ടിയായിരുന്നു. അതുപോലെ വടക്കുഭാഗത്തുള്ള വിദ്യാലയം പെൺകുട്ടികൾക്ക് വേണ്ടിയും.
കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടത് കൊണ്ടാവണം ഇന്ന് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ ആയി മാറിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായും കൊടുങ്ങല്ലൂർ ആശുപത്രിക്ക് തൊട്ടടുത്തു മലയാളം സ്കൂൾ എന്നൊരു വിദ്യാലയം മലയാളം വർഷം 1099 ( 1925)നു സ്ഥാപ്പിക്കപ്പെട്ടു.
ഡച്ചുകാരുടെ തനിമ വിളിച്ചോതുന്ന കനമേറിയ ചുമരും മര ഉരുപ്പടി കൊണ്ടുള്ള നിർമ്മിതിയായിരുന്നു കെട്ടിടം. മലയാളം ഗണിതം സാമൂഹ്യം പൗരധർമ്മം എന്നീ വിഷയങ്ങൾ പഠിപ്പിച്ചിരുന്നു.ഒന്നു മുതൽ നാലര ക്ലാസ്സോട് കൂടി അഞ്ച് ക്ലാസുകളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് പ്രവേശനമുള്ളതിനാൽ വിദ്യാലയത്തിൽ നിറയെ കുട്ടികൾ ഉണ്ടായിരുന്നു. അവരെ പഠിപ്പിക്കുന്നതിനായി ധാരാളം അധ്യാപകരും ഉണ്ടായിരുന്നു. അധ്യാപകരിൽ കൂടുതലും ഹൈന്ദവ വിഭാഗത്തിൽ പെട്ടവരായിരുന്നു.സ്കൂൾ കുട്ടികൾക്കു കഞ്ഞിയും പരിപ്പും ഉച്ച ഭക്ഷണമായി നൽകിയിരുന്നു.
താലൂക്ക് ആശുപത്രിക്ക് വടക്കുഭാഗം സ്ഥിതി ചെയ്തിരുന്ന ഈ സ്ഥാപനം ആശുപത്രി വികസനത്തിന്റെ ഭാഗമായും കുട്ടികളുടെ എണ്ണം കൂടുന്നത് അനുസരിച്ച് ക്ലാസ് നടത്താൻ സൗകര്യക്കുറവ് കാരണമായും ചന്തപ്പുരയിലേക്ക് മാറ്റുകയായിരുന്നു. സർക്കാർ വക 97 സെന്റ് ഭൂമിയിൽ 1971ൽ പുതിയ കെട്ടിടം പണിയുകയും മലയാളം സ്കൂളിനെ പറിച്ചു നടുകയും ഗവണ്മെന്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു .
ഓരോ ക്ലാസിലും കൂടുതൽ ഡിവിഷനുകളും വർദ്ധിതമായ തോതിൽ വിദ്യാർത്ഥികളും അതിനു സമാനമായി അധ്യാപകരും ഇവിടെ പ്രവർത്തിച്ചു പോന്നിരുന്നു. നാടോടികളായ ആളുകളുടെ മക്കൾക്കും പഠിക്കാൻ ഈ സർക്കാർ സ്കൂൾ ഉപകരിച്ചു. ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ സമ്മാനിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞു.
കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് പ്രോഗ്രാം ഓഫീസ്, അങ്കൻ വാടി എന്നിവ പ്രവർത്തിക്കുന്നത് സ്കൂൾ കമ്പോണ്ടിലാണ്.സ്കൂൾ കെട്ടിടത്തിന് ഏഴു മുറികളും ഒരു ഹാളും വരാന്തയുമുണ്ട് യൂറിനൽ ടോയ്ലറ്റ് എന്നിവയും ഉണ്ട്. ഏഴു മുറികളിൽ ഒന്ന് ഓഫീസ് മുറിയായി ഉപയോഗിക്കുന്നു. മറ്റൊന്നിൽ അംഗൻവാടി പ്രവർത്തിക്കുന്നു.വിദ്യാലയത്തിന്റെ മുഖ്യ ജലസ്രോതസ്സ് വിദ്യാലയമുറ്റത്തു ഉണ്ടായിരുന്ന കിണറായിരുന്നു. പിന്നീട് കളിസ്ഥലാവശ്യത്തിനായി കിണർ മൂടുകയും ഫിൽറ്റർ താഴ്ത്തുകയും ചെയ്തു.വടക്കു ഭാഗത്ത് അടുക്കള ഉണ്ടായിരുന്നു.രണ്ടു മുറികൾ പ്രീ പ്രൈമറിയായി 2012 മുതൽ പ്രവർത്തനം തുടങ്ങി.2021 ൽ അടുക്കള പൊളിച്ചു മാറ്റി, പുതിയത് പണിയുവാൻ തറ പണിയുകയും ചെയ്തു.പിന്നീട് ഫണ്ട് ലഭ്യമാവാതെ വന്നതിനാൽ പണി നിലച്ചിരിക്കുകയാണ്.1971 ൽ പണിത സ്കൂൾ കെട്ടിടം വലിയ മാറ്റങ്ങൾ ഇല്ലാതെ ഇന്നും നിലകൊള്ളുന്നു.
പ്രീ പ്രൈമറി വിദ്യാഭ്യാസം ഈ ഉപജില്ലയിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പഠിതാവിൽ കേന്ദ്രീകൃതമായ പ്രക്രിയ ബന്ധിതവും പ്രവർത്തനോന്മുഖവും മൂലാധിഷ്ഠിതവുമായ വിദ്യാഭ്യാസമാണ് സ്കൂൾ നൽകിവരുന്നത്. വിവരസാങ്കേതികവിദ്യയിൽ ഊന്നിയ വിദ്യാഭ്യാസ പ്രക്രിയയാണ് നൽകി വരുന്നത്. സ്കൂൾ പ്രവേശനം തികച്ചും സൗജന്യമാണ്.
സ്കൂളിൽ PTA, MPTA, SMC, SSG, പൂർവ വിദ്യാർത്ഥികൾ, വികസന സമിതി അംഗങ്ങൾ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.സാമൂഹിക പങ്കാളിത്തം എല്ലാ പ്രവർത്തനങ്ങളിലും ഉറപ്പ് വരുത്താറുണ്ട്.2019 ലെ കൊറോണ മഹാമാരിയുടെ കാലത്ത് കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണം ലഭ്യമാക്കിയത് സുമസ്സുക്കളുടെ പരിശ്രമം കൊണ്ടാണ്.
വളർച്ചയുടെ കൊടുമുടിയിൽ എത്തിയിരുന്ന ഈ കൊച്ചു വിദ്യാലയം കാലാന്തരത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവവും കാലാനുസൃതമായി ചുവടുവെക്കാൻ സർക്കാർ സ്കൂളുകൾക്ക് കഴിയാതെ പോയതും ഇതേപോലെയുള്ള വിദ്യാലയങ്ങളുടെ അധപതനത്തിന് ഹേതുവായി. രണ്ടു ഡിവിഷനുകൾ ഉണ്ടായിരുന്ന ക്ലാസുകൾ ഒരു ഡിവിഷനിലേക്ക് ഒതുങ്ങി. പാവപ്പെട്ടവരും ധനികരും ഒരുപോലെ വിദ്യാഭ്യാസം നേടിയിരുന്ന ഈ വിദ്യാലയത്തിന് മങ്ങൽ വീഴാൻ തുടങ്ങി. ഇപ്പോൾ ഈ സ്കൂളിന്റെ പിടിഎയും അഭ്യുദകാംക്ഷികളും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്തുകൊണ്ട് ഈ വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിന് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്
സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ നൂതനമായ മാറ്റത്തിന്റെയും പിടിഎയും സ്കൂൾ അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായ ശക്തമായ ഇടപെടലുകളിലൂടെയും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുടെ വരവ് ക്രമാനുഗതമായി ഉയരുകയുണ്ടായി.കേവലം 12 കുട്ടികൾ മാത്രമായി അവശേഷിക്കുന്ന ഈ വിദ്യാലയം ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്ന നിലയിലേക്ക് ഉയർന്നു .നഗരത്തിന്റെ തിരക്കിൽ നിന്നും മാറി എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒട്ടേറെ പ്രതിഭകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഒരു കലാലയമാണ്.