ജി എൽ പി എസ് എടപ്പെട്ടി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
എൽ പി സ്കൂൾ ഓർമ്മകൾ
-
ഹൃദുജിത്ത് എസ് അമ്പുകുത്തി (പൂർവ്വവിദ്യാർത്ഥി)
എൻ്റെ എടപ്പെട്ടി സ്കൂളിലെ പഠനകാലം ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്ന നല്ല ഓർമ്മയാണ്. വീട്ടിൽ നിന്നും 2 കിലോമീറ്റർ ദൂരമേ സ്കൂളിലേക്കുള്ളൂ. രാവിലെ നടന്ന് സ്കൂളിലേക്കുള്ള പോക്കും, വൈകുന്നേരം ശക്തമായി പെയ്യുന്ന മഴയിൽ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിൽ കൂട്ടുകാരുമൊത്ത് കളിച്ചുള്ള വരവും ഇന്നും എൻ്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നുണ്ട്. കുറച്ചു മാസങ്ങൾക്കു ശേഷം യാത്ര ഗോത്രസാരഥി വാഹനത്തിലായി. അത് മറ്റൊരു അനുഭവമായിരുന്നു. എൺപത് കുട്ടികളോളമുള്ള ഞങ്ങളുടെ സ്കൂളിലെ ഹെഡ്മാസ്റ്ററായ പൗലോസ് സാറും മറ്റ് അധ്യാപകരായ ദീപ ടീച്ചർ, സിനി ടീച്ചർ, ബിനു സാർ എന്നിവരും കഥകൾ പറഞ്ഞും പാട്ടുപാടിയും ഞങ്ങളെ ചേർത്തുപിടിച്ചു. കലാ, കായിക, ശാസ്ത്രമേളകളിലും യുറീക്ക വിജ്ഞാനോൽസവത്തിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ദിവസം രാവിലെ സ്കൂളിലെത്തി കളിച്ചപ്പോൾ എൻ്റെ തല മുറിഞ്ഞത് ഒന്നുരണ്ടു കൂട്ടുകാർ മാത്രമേ അറിഞ്ഞുള്ളൂ. അധ്യാപകരോട് പോലും പറയാതെ പച്ചവെള്ളത്തിൽ മുറിവ് കഴുകി വൈകുന്നേരം വരെ ക്ലാസിലിരുന്നതും എൻ്റെ ഓർമ്മയിലുണ്ട്. സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും സൗഹൃദത്തിൻ്റെയും മനോഹരമായ ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇതെല്ലാമോർക്കുമ്പോൾ എൻ്റെ എടപ്പെട്ടി ഗവ. എൽ പി സ്കൂളിലേക്ക് വീണ്ടും തിരിച്ചുപോകാൻ കൊതിതോന്നുന്നു.
ഉയരങ്ങൾ കീഴടക്കി ഉയരെ പറക്കാൻ....
-
കെ കെ റഷീദ് എടപ്പെട്ടി (മുൻ പി ടി എ പ്രസിഡൻ്റ്)
പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്ത് 26 വർഷത്തിനിപ്പുറം എടപ്പെട്ടി എന്ന കൊച്ചു നാട്ടിൽ കലാകായിക സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നമ്മുടെ വിദ്യാലയം മികവാർന്ന പ്രവർത്തനങ്ങൾകൊണ്ട് നാടിന് മാതൃകയായി മാറിയിരിക്കുന്നു. ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ പലരും സാമൂഹിക പ്രതിബദ്ധതയോടുകൂടി പല ഇടങ്ങളിലും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണ്. പഴമയുടെ സൗന്ദര്യവും പുതിയ കാലത്തിന്റെ സൗകര്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികൾ കലാ, കായിക, പാഠ്യ- പാഠ്യേതര മേഖലകളിൽ വയനാട്ടിലെ മറ്റുവിദ്യാലയങ്ങളോടൊപ്പം ഉയർന്ന വിജയം നേടിക്കൊണ്ടിരിക്കുന്നു. ഇവരാണ് നാടിന്റെ കരുത്തും നാളെയുടെ പ്രതീക്ഷയും. നമ്മുടെ കുട്ടികളെയും അവരെ വിജയത്തിനായി പ്രാപ്തരാക്കിയ അധ്യാപകരെയും നമുക്ക് ഹൃദയത്തോട് ചേർക്കാം. വിദ്യാലയത്തിന്റെ മുന്നേറ്റത്തിനായ് നമുക്ക് കൈകോർക്കാം.
വിദ്യാലയസ്മരണകൾ
-
ദിയ വർഗീസ് (പൂർവ്വവിദ്യാർത്ഥി)
എൻ്റെ സ്കൂൾ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ പഠനകാലമാണ്. ഈ കൊച്ചു വിദ്യാലയത്തിൻ്റെ മുറ്റത്തും ക്ലാസ്മുറികളിലുമാണ് എൻ്റെ പഠനപാത തുടങ്ങിയത്. രാവിലെ സ്കൂൾ കാണുമ്പോഴുണ്ടാകുന്ന ശാന്തതയും പച്ചപ്പും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ഞങ്ങളുടെ ഹെഡ്മാസ്റ്റർ പൗലോസ് സർ വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു. ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കി നടത്തുകയും ബുദ്ധിമുട്ടുകൾ കരുതലോടെ പരിഹരിക്കുകയും ചെയ്തിരുന്നു. ദീപ ടീച്ചർ പഠിപ്പിച്ച പാഠങ്ങൾ വളരെ ലളിതമായിരുന്നുവെന്ന് ഇന്നും ഞാൻ ഓർക്കുന്നു. സംസാരിക്കാൻ പോലും ഭയന്നിരുന്ന ദിവസങ്ങളിൽ ടീച്ചർ ഒരു ചിരിയോടെ ഞങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. വിനീത ടീച്ചർ കഥകളിലൂടെയാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ടീച്ചറുടെ ശാന്തമായ ശബ്ദം ക്ലാസിൻ്റെ മുഴുവൻ അന്തരീക്ഷവും മാറ്റിയിരുന്നു. എല്ലാത്തിലും ഉപരിയായി എന്നെ ഏറ്റവും സ്വാധീനച്ചത് എൻ്റെ ശോഭ ടീച്ചറാണ്. അമ്മയെപോലെയാണ് ടീച്ചർ ഓരോ കുട്ടിയെയും സമീപിച്ചത്. പഠനത്തിലെ ചെറിയ പിഴവുകൾ പോലും സൗമ്യമായി ടീച്ചർ തിരുത്തുമായിരുന്നു. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ ഒരു ചിരി കൊണ്ട് ഞങ്ങളുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഇതെല്ലാം എൻ്റെ വിദ്യാർത്ഥിജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മകളാണ്. വർഷങ്ങൾ കഴിഞ്ഞു പോയെങ്കിലും എടപ്പെട്ടി സ്കൂളിലെ ഓർമ്മകളും, അവിടെ നിന്നുള്ള പാഠങ്ങളും, അധ്യാപകരുടെ കരുതലും, കൂട്ടുകാരോടുള്ള സൗഹൃദവും ഇന്നും ഹൃദയത്തിൽ തിളങ്ങുകയാണ്. കാലമെത്ര കടന്നുപോയാലും എടപ്പെട്ടി സ്കൂൾ എൻ്റെ ജീവിതത്തിലെ മനോഹരമായ തുടക്കമായി എന്നും മനസ്സിൽ നിലനില്ക്കും.