ജി എച്ച് എസ് എസ് പടിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
പടിയൂർ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന ഇരിക്കൂർ ബ്ലോക്കിലെ പടിയൂർ പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം നിലകൊള്ളുന്നത് . കണ്ണൂർ ലോകസഭാമണ്ഡലത്തിലും മട്ടന്നൂർ നിയമസഭാമണ്ഡലത്തിലുമാണ്‌ പടിയൂർ . പടിയൂർ എന്ന് കേൾക്കുമ്പോൾ യുവാക്കളുടെയും കുട്ടികളുടെയും മനസ്സിൽ തെളിഞ്ഞുവരിക ഇപ്പോഴത്തെ സ്റ്റേറ്റ് ഹൈവേയുടെ ഇരുഭാഗത്തുമായി കിടക്കുന്ന പ്രദേശമായിരിക്കും. എന്നാൽ പഴയ പടിയൂർ എന്നത് പഴയ റോഡും അതിനോട് ചേർന്നു കിടക്കുന്ന പ്രദേശവും ആണ്. പഴശ്ശി പദ്ധതിക്കുവേണ്ടി സ്ഥലം എറ്റെടുത്തതോടുകൂടി പഴയ പടിയൂർ ഇല്ലാതായി. 1976 ഓടു കൂടിയാണ് പുതിയ പടിയൂർ ഉണ്ടായത്. മുസ്ലിം ഖബർ മുതൽ പൂവം വരെയും മടപ്പുര ഭാഗം, മുച്ചിലോട്ടു കാവ്‌ തുടങ്ങിയ പ്രദേശങ്ങളും ഉൾപെട്ടതാണ് പഴയ പടിയൂർ. അതിനോട് തൊട്ടു കിടക്കുന്ന പ്രദേശങ്ങളാണ് ചാളംവയൽ, പുലിക്കാട്‌, ഞാലിൽ, വള്ളിത്തല , കൊമ്പൻപാറ, ആര്യങ്കോട്, കായക്കാംചാൽ(സ്കൂൾ തട്ട് ), നിടിയോടിച്ചാൽ, എരങ്കോക്കുന്ന് (ആശ്രമം എസ്റ്റേറ്റ്‌) തുടങ്ങിയവ. അന്ന് ആൾപ്പാർപ്പുള്ള പ്രദേശങ്ങൾ വളരെ കുറവായിരുന്നു. കുടുംബങ്ങൾ കുറവും സ്ഥലം കൂടുതലും. പഴയ പടിയൂർ വില്ലേജ് വളരെ വലിയ വില്ലേജ് ആയിരുന്നു. പെരുമണ്ണ്‌ തൊട്ടു പേരട്ട വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വില്ലേജ്. ഈ പ്രദേശങ്ങളൊക്കെ അന്ന് കല്യാട്ട് ജന്മിമാരുടെ കൈവശത്തിലായിരുന്നു. ഈ സ്ഥലങ്ങളിൽ കൃഷിപ്പണി ചെയ്യാൻ വേണ്ടി മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്നവരാണ് പടിയൂർ പ്രദേശത്ത് ഉണ്ടായിരുന്ന ആദിതാമസക്കാർ എന്നാണു പറയപ്പെടുന്നത്‌.ഏറിയാൽ ഒരു 150 വർഷത്തെ പഴക്കമേ ഇന്നത്തെ പടിയുരിനു അവകാശപ്പെടാൻ കഴിയുകയുള്ളൂ. പടിയൂരിനെപ്പറ്റി പറയുമ്പോൾ ഈ ഗ്രാമത്തിന്റെ തെക്ക് ഭാഗത്തുകൂടി ഒഴുകുന്ന വളപട്ടണം പുഴയെപ്പറ്റി പറയാതെ വയ്യ. ഒരു കാലത്ത് പടിയൂർ ഗ്രാമത്തിന്റെ എല്ലാമെല്ലാമായിരുന്നു പുഴ. മഴക്കാലത്ത്‌ കര കവിഞ്ഞൊഴുകിയ പുഴ. വേനൽക്കാലത്ത് തെളിനീരോടെ ഒഴുകിയ പുഴ. പുഴ ഈ ഗ്രാമത്തിന്റെ ജീവൻ ആയിരുന്നു, ജീവവായുവായിരുന്നു, ജീവജലമായിരുന്നു, ജീവതാളമായിരുന്നു. മഴക്കാലത്ത്‌ മുടിയഴിച്ച് ആർത്തട്ടഹസിച്ചു രൗദ്രഭാവത്തോടെ അതിവേഗം ഓടിപ്പോവുന്ന ഒരു യക്ഷിയെപ്പോലെ ആയിരുന്നുവെങ്കിൽ, വേനൽക്കാലത്ത് ശാന്തസുന്ദരിയായ ഒരു യുവതിയെപ്പോലെ ആയിരുന്നു പുഴ. അതിശക്തമായ കാലവർഷം കഴിഞ്ഞാൽ ഗ്രാമത്തിലെ മുഴുവൻ ആളുകളും പുഴയിലെത്തും കുളിക്കാൻ, നനയ്ക്കാൻ, മീൻ പിടിക്കാൻ.... അന്നൊക്കെ ഒരുപാട് തരത്തിലുള്ള മത്സ്യങ്ങൾ പുഴയിലുണ്ടായിരുന്നു. പ്രാചി, കാക്കമലേരി, ആരൽ, തുടങ്ങിയ സ്വാദിഷ്ടമായ മീനുകളുടെ കലവറയായിരുന്നു നമ്മുടെ പുഴ. വലിയ മഴക്കാലത്ത് വളരെ ആകർഷകമായ ഒരു കാഴ്ചയായിരുന്നു പാണ്ടികൾ അഥവാ ചങ്ങാടങ്ങൾ. പേട്ടയിലെ കൂപ്പിൽ നിന്നും വലിയ മരങ്ങൾ വലിയ വടം കൊണ്ട് കൂട്ടിക്കെട്ടിയതിനെയാണ് പാണ്ടി എന്ന് പറഞ്ഞിരുന്നത്. ശക്തിയായുള്ള മലവെള്ളപ്പാച്ചിലിൽ ഒഴുകുന്ന ഈ പാണ്ടിയിന്മേൽ ചെറിയ തലക്കുടയും ധരിച്ചു ആളുകളും ഉണ്ടായിരുന്നു. ജീവനിൽ ഭയമുള്ള ആരും ഈ സാഹസികമായ യാത്രയ്ക്ക് മുതിരും എന്ന് തോന്നുന്നില്ല. ഈ പാണ്ടിയാത്രകൾ എല്ലാവരിലും വലിയ അത്ഭുതം ഉണ്ടാക്കിയിരുന്നു. മഴക്കാലങ്ങളിലും വേനൽക്കാലങ്ങളിലും ഗ്രാമത്തിലെ പുരുഷന്മാരുടെ ഒരു ഹോബി ആയിരുന്നു പുഴയിലെ മീൻ പിടിക്കൽ. പുഴയോരത്ത് താമസിക്കുന്ന വീട്ടുകാർ കുടിവെള്ളമായി ഉപയോഗിച്ചിരുന്നത് പുഴയിലെ വെള്ളമായിരുന്നു. ഒഴുക്കുവെള്ളത്തിൽ അഴുക്കില്ല എന്നൊരു പഴമൊഴിയുണ്ടല്ലോ! വലിയ വെള്ളപ്പൊക്കം വന്നാൽ ഇതു കാണാനായി ആളുകൾ പുഴയോരത്ത് എത്തിച്ചേരുന്നതും അന്നത്തെ ഒരു കാഴ്ചയായിരുന്നു. കെട്ടിടം നിർമ്മിക്കാനാവശ്യമായ മണൽ പുഴയോരത്തു നിന്നു കോരിയെടുത്താണ് ഗ്രാമത്തിലുള്ളവർ തങ്ങളുടെ ആവശ്യം നിറവേറ്റിയിരുന്നത്. പുഴയെക്കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്.... (അപൂർണം)

പൊതു സ്ഥാപനങ്ങൾ

  • ജി എച് എച് എസ് പടിയൂർ
  • വില്ലജ് ഓഫീസ് ,പടിയൂർ
  • പടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
  • വി ഇ ഒ ഓഫീസ്,പടിയൂർ
  • പോസ്റ്റ് ഓഫീസ് പടിയൂർ