ജി എച്ച് എസ്‌ സൂരമ്പൈൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ശാസ്‌ത്ര ലോകം - പുനരവലോകനം

കുമ്പള ഉപജില്ലാ ശാസ്‌ത്ര മേളയിൽ ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം

ശാസ്‌ത്രം മനുഷ്യൻ ഇന്നു വരെ നേടിയിട്ടുള്ള അറിവുകളുടെ ആകെ തുകയാണ്. നിർമ്മിക്കപ്പെട്ട അറിവുകൾ ഇവിടെ അവസാനിക്കുന്നുമില്ല. പുതിയ അറിവുകളിലേക്കുള്ള പുത്തൻ വാതായനങ്ങൾ തുറന്ന് അന്വേഷണത്തിലേക്ക് നയിക്കപ്പെടുന്നു. അത്തരം അന്വേഷണങ്ങൾ നൂതന ആശയങ്ങളിലേക്ക് എത്തിക്കുന്നു. കുട്ടികളിൽ ഇത്തരം അന്വേഷണാത്മക ചിന്തകൾ ഉണർത്താനും പുത്തൻ കണ്ടെത്തലുകളിലേക്ക് നയിക്കാനുമായി സ്‌കൂളുകളിൽ ഇന്ന് ശാസ്‌ത്ര ക്ലബ്ബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ശാസ്‌ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ശാസ്‌ത്ര മേളകൾ, ശാസ്‌ത്ര പഠനോത്സവങ്ങൾ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു.

കുമ്പള സബ്‌ജില്ല ഹൈസ്‌കൂൾ വിഭാഗം ശാസ്‌ത്ര മേള (2023-24) വിജയികൾ

ജൂൺ 5നു തുടങ്ങുന്ന ലോക പരിസ്ഥിതി ദിനാഘോഷം മുതൽ ഫെബ്രുവരി 28ന് അവസാനിക്കുന്ന ലോക ശാസ്‌ത്ര ദിനാഘോഷം വരെയുള്ള പരിപാടികൾ ഇതിൽ ഉൾപ്പെടുന്നു. വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുക മാത്രമല്ല അവയുടെ ദൈനം ദിന സംരക്ഷണം കൂടി കുട്ടികൾ ഏറ്റെടുത്തു. ജൂലൈ 21 ന് വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്ര ദിനത്തോടൊപ്പം തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ചിത്ര പ്രദർശനം, ക്വിസ് മത്സരം, ശാസ്‌ത്ര പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. ജൂലൈ 27 ന് ഡോ. എ. പി. ജെ. അബ്‌ദുൾ കലാം ചരമ ദിനം ആചരിച്ചു. ലഘു ജീവചരിത്രം, ഉദ്ധരണികൾ, 'അഗ്നിച്ചിറകുകൾ' ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികൾ നടത്തി. അന്താരാഷ്‌ട്ര ഓസോൺ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തുകയും ഓസോൺ സംരക്ഷണ സന്ദേശം നൽകുകയും ചെയ്‌തു. മാഗസിൻ തയാറാക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്‌തു. ഓസോൺ ഉൽപ്പാദിപ്പിക്കുന്ന സസ്യമായ തുളസി നടീൽ ദിനാചരണത്തെ കൂടുതൽ വ്യത്യസ്‌തമാക്കി.

കാസറഗോഡ് റവന്യൂ ജില്ലാ ശാസ്‌ത്ര മേള (2023-24) ഹൈസ്‌കൂൾ വിഭാഗം വിജയികൾ


സെപ്റ്റംബർ 8 ന് നടന്ന ദേശീയ സെമിനാറോട് കൂടി 2023-24 അധ്യയന വർഷത്തെ സബ്‌ജില്ല ശാസ്‌ത്ര മേളയ്‌ക്ക് പെർഡാല നവജീവന ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. 8 ബി യിലെ ആയിഷത്ത് ജസ്‌ന എസ്. സെമിനാറിൽ പങ്കെടുക്കുകയും Bഗ്രേഡ് നേടുകയും ചെയ്‌തു. സബ്ജില്ലാ ശാസ്‌ത്ര നാടകത്തിൽ ജി. എച്ച്. എസ്. സൂരംബയൽ A ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്‌തു. 2023 ഒക്‌ടോബർ 24 ന് നടന്ന സബ് ജില്ലാ തല സി.വി. രാമൻ ഉപന്യാസ മത്സരത്തിൽ 9Bയിലെ നവ്യശ്രീ ബി. ഒന്നാം സ്ഥാനം കരസ്തമാക്കുകയും ജി.വി.എച്ച്.എസ്.എസ്. അമ്പലത്തറയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുകയും ചെയ്‌തു. 2023 ഒക്‌ടോബർ 26 ന് എൻ. എച്ച്. എസ്. പെർഡാലയിൽ വച്ച് നടന്ന സബ് ജില്ലാ തല ശാസ്‌ത്രോത്സവത്തിൽ ശാസ്‌ത്ര മേളയിൽ എൽ. പി., യു. പി. ഹൈസ്‌കൂൾ വിഭാഗത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്‌ച വച്ചു. പ്രൈമറി വിഭാഗത്തിൽ Bഗ്രേഡ് നേടി കുട്ടികൾ പങ്കെടുത്ത എല്ലാ ഇനങ്ങളിലും കഴിവ് തെളിയിച്ചു. ഹൈ സ്‌കൂൾ വിഭാഗത്തിൽ 9Bയിലെ നവ്യശ്രീ ബി. , മുഹമ്മദ് ഫമീൻ കെ. എ. എന്നീ കുട്ടികൾ വർക്കിങ് മോഡലിൽ Aഗ്രേഡോടെ ഒന്നാം സ്ഥാനവും, 8B യിലെ ആയിഷത്ത് ജസ്‌ന എസ്., ശ്രീനന്ദൻ എം. ജി. എന്നിവർ ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റിൽ Aഗ്രേഡോടെ രണ്ടാം സ്ഥാനവും 9Bയിലെ പ്രതീക്ഷ, സനുഷ എന്നിവർ Aഗ്രേഡോടെ നാലാം സ്ഥാനവും 10Bയിലെ കലന്ദർ ഷാഫി സി. എച്ച്., അഞ്‌ജലി പി. എന്നീ കുട്ടികൾ റിസേർച്ച് ടൈപ്പ് പ്രോജെക്ടിന് ഗ്രേഡ് നേടുകയും ചെയ്‌തു. ശാസ്‌ത്ര മേളയ്‌ക്ക്‌ ഹൈ സ്‌കൂൾ വിഭാഗത്തിന് ഓവർ ഓൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു എന്നത് ഏറെ അഭിമാന നിമിഷമാണ്. ശാസ്‌ത്രോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ബദിയടുക്ക സി.ഐ. ശ്രീ. വിനീഷ് വി.ആർ. സമ്മാനം വിതരണം ചെയ്‌തു. സബ് ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾ ജി. എച്ച്. എസ്. എസ്. അമ്പലത്തറയിൽ നടന്ന ജില്ലാ തല ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കുകയും Aഗ്രേഡ് കരസ്ഥമാക്കുകയും ചെയ്‌തു.

ശാസ്‌ത്ര ക്ലബ് കൺവീനർ