ജി. ജി. എച്ച്. എസ്. എസ്. കൊടുങ്ങല്ലൂർ/ചരിത്രം
പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിത്, സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളെയും വിശ്വാസികളെയും കൊടുങ്ങല്ലൂരിലേക്കാകർഷിക്കുന്ന ചരിത്രപ്രസിദ്ധമായ ഭരണി, താലപ്പൊലി മഹോത്സവങ്ങൾ കൊണ്ടാടുന്നത് ഈ വിദ്യാലയത്തിന് പരിസരത്ത് തന്നെയായതിനാൽ ഇവിടുത്തെ കുട്ടികൾ പുരാതന കൊടുങ്ങല്ലൂരിലെ ചരിത്രപരമായ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് നല്ല അറിവുള്ളവരാണ്