ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/ വായനക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വായനാക്കുറിപ്പ്


ആടുജീവിതം.(ബെന്യാമിൻ) ഈ കൊറോണക്കാലത്ത് ഞാൻ വായിച്ച നോവൽ ആണ് ആടുജീവിതം. നാടും വീടും വീട്ടുകാരെയും വിട്ട് ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന എന്റെ അച്ഛൻ അടക്കമുള്ള പ്രവാസികൾ അനുഭവിക്കുന്ന യാതനകൾ വച്ചു നോക്കുമ്പോൾ ഇന്ന് , ഈ ലോക്ക്ഡൗൺ കാലത്ത് നാം നേരിടുന്ന ഒറ്റപ്പെടലുകളും വെല്ലുവിളികളും ഒന്നുമല്ലെന്ന് ചൂണ്ടിക്കാണിക്കുന്ന നോവലാണ് ബെന്യാമിൻ എഴുതിയ ആടുജീവിതം. ഈ നോവലിലെ പ്രധാന കഥാപാത്രമാണ് നജീബ്. ചെറുകഥാകൃത്തും , നോവലിസ്റ്റുമായ ബെന്യാമിൻ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ്. ബെന്യാമിൻ എന്നത് തൂലികാനാമം ആണ്. യഥാർത്ഥ പേര് ബെന്നി ഡാനിയേൽ. യൂത്തനെസിയ , മഞ്ഞവെയിൽ മരണങ്ങൾ , പെൺമാനട്ടം എന്നിവയാണ് പ്രധാന കൃതികൾ. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിക്കായിപ്പോയി വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടുവളർത്താൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. ഗൾഫ് പ്രവാസത്തിന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന ഒരു നോവൽ ആയതുകൊണ്ട് എല്ലാവരും , പ്രത്യേകിച്ചും പ്രവാസികളായ എല്ലാരും കൈവശം വയ്‌ക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണിതെന്ന് നിസ്സംശയം പറയാം. കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തുകൊണ്ടിരുന്ന നജീബ് ഒരു ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ് സൗദി അറബിയായിലേക്ക് പോയത്. കൂടെ അതേവഴിക്ക് തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ ആരെയോ അന്വേഷിച്ച് നടക്കുന്നതായി തോന്നിയ അവരെ താൻ ഒരു സ്പോൺസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടെ കൊണ്ടുപോയി . അവർ എത്തിപ്പെട്ടത് മസ്ര എന്ന സ്ഥലത്താണ്. നജീബും ഹക്കീമും മസ്രയിലെ തന്നെ രണ്ട്‌ വ്യത്യസ്ത സ്ഥലങ്ങളിലാണ്.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോൾ അവിടെ മറ്റൊരു വേലക്കാരൻ കൂടെ ഉണ്ടായിരുന്നു. വർഷങ്ങൾ നീണ്ടുനിന്ന അടിമപ്പണി അയാളെ ഒരു ഭീകരരൂപി ആക്കി മാറ്റിയിരുന്നു . നജീബ് വന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അയാളെ കാണാതായി. തുടർന്ന് മസ്രയിലെ മുഴുവൻ ജോലികളും നജീബിന് തന്നെ ചെയ്യേണ്ടി വന്നു. പച്ചപ്പാലും , ഖുബ്ബൂസും കുറച് വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയ ഭക്ഷണം. താമസിക്കാൻ മുറിയോ , കിടക്കയോ , വസ്ത്രമോ , കുളിക്കുന്നതിനോ മറ്റെന്തെങ്കിലും ശുചിത്വപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. ആടുകൾക്ക് നാട്ടിലെ സ്വന്തക്കാരുടെ പേരുകൾ നൽകി സംവദിച്ചാണ് തന്റെ ഏകാന്തതക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഹക്കീമും നജീബും ഇടക്ക് കണ്ടുമുട്ടിയിരുന്നു. ഇതിനിടയിൽ ഖാദിരി എന്നൊരു സൊമാലിയാകാരൻ കൂടി ജോലിക്കായി വന്നു. ഒളിച്ചോടാനായി അവസരം പാർത്തിരുന്ന ഹക്കീമും ഖാദിരിയും നജീബും മസ്രയിലെ മുതലാളിമാർ അവരിൽ ഒരാളുടെ മകളുടെ വിവാഹം കൂടാൻ പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലെ ദിവസങ്ങൾ നീണ്ടുനിന്ന പാലായനത്തിൽ ദിശ നഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ട് വലഞ്ഞു. യാത്രക്കിടയിൽ ദാഹം സഹിക്കാനാകാതെ ഹക്കീം മരിച്ചു. പിന്നെയും പാലായനം തുടർന്ന് ഖാദിരിയും നജീബും ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീർത്ത കുറച്ചു ദിവസം തങ്ങിയ ശേഷം അവർ വീണ്ടുംനയാത്ര തുടർന്നു. ഒടുവിൽ നജീബ് ഒരു ഹൈവേയിൽ എത്തിയപ്പോഴേക്കും ഖാദിരിയെ കാണാതായിരുന്നു. അവിടെ നിന്നും ഒരു അറബി അയാളെ തന്റെ കാറിൽ കയറ്റി അടുത്തുള്ള പട്ടണമായ ബാത്ഹയിൽ എത്തിച്ചു. ബാത്ഹയിൽ എത്തിയ നജീബ് കുഞ്ഞിക്ക എന്നയാളുടെ ദീർഘമായ പരിചരണത്തിനൊടുവിൽ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്തു. നാട്ടിലേക്ക് മടങ്ങാനായി പോലീസിൽ പിടികൊടുത്തു. ഷുമെസി ജയിലിലെ ഏതാനും മാസങ്ങൾക്ക് ശേഷം നജീബിന്റെ അറബി ജയിലിൽ നിന്ന് നജീബിനെ തിരഞ്ഞെങ്കിലും തിരികെ കൊണ്ടുപോയില്ല. കാരണം , നജീബ് അയാളുടെ വിസയിൽ ഉള്ള ആൾ ആയിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസി നൽകിയ ഒരു പാസിൽ അയാൾ തിരികെ നാട്ടിൽ എത്തുന്നു.

ഈ നോവലിൽ എന്നെ സ്പർശിച്ച വാചകമാണ് "ആഗ്രഹിക്കുമ്പോൾ നിർഭാഗ്യം കൂടെ കടന്നുവരുന്നു" എന്നത്. ചില നിമിഷങ്ങളിൽ ആഗ്രഹിക്കാതിരിക്കുമ്പോൾ ഭാഗ്യം തന്നെ കടന്നുവരാം , എന്ന് ഈ വാചകത്തെ മാറ്റിയെഴുതാം. ഈ നോവൽ വായിച്ചപ്പോൾ നജീബിന് ഒന്ന് നേരിൽ കാണണമെന്ന് തോന്നിയിട്ടുണ്ട്. മരുഭൂമിയുടെ ക്രൂരത ആവോളം അനുഭവിച്ച ആ കൈകളിൽ ഒന്ന് തൊട്ടുനോക്കണം എന്നുപോലും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. മലയാളത്തിന്റെ അഭിമാനമായി മലയാള സാഹിത്യചരിത്രത്തിലെ പ്രകാശഗോപുരമായി എന്നും ഈ കൃതി നിലനിൽക്കും.

നന്ദന എം എസ്
8A ജി എസ് എച്ച് എസ് എസ് മേലടൂർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 01/ 2022 >> രചനാവിഭാഗം - ലേഖനം