സഹായം Reading Problems? Click here


ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം. (പൂർവ്വാദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച വിവരങ്ങൾ)

ഈ വിദ്യാലയത്തിന്റെ പ്രഥമരൂപമായ മലയാളം സ്കൂൾ കൊല്ലവർഷം 1939 ൽ വട്ടോലിപ്പറമ്പിൽ കുടുംബം വക മുല്ലപ്പറമ്പിലാണ് ആരംഭിച്ചത്. തീത്തായി മാഷ്, വട്ടോലിപ്പറമ്പിൽ അപ്പുമാഷ് എന്നിവരും തിരുവനന്ദപുരം സ്വദേശിയായ ശ്രീ. രാമകൃഷ്ണപിള്ള മാഷും ചേർന്നാണ് സ്കൂൾ ആരംഭിച്ചത്. കുടിപ്പള്ളിക്കൂടമായാണ് ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. നാലര ക്ലാസ്സ് വരെ ഉള്ള പഠനമാണ് നിലനിന്നിരുന്നത്. സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നത് ഞെരിഞ്ഞാമ്പിള്ളി, ചിരട്ട, താണിപ്പറമ്പിൽ എന്നീ കുടുംബക്കാരിൽ നിന്നും വാങ്ങിയ 64 സെന്റ് സ്ഥലവും, അക്വയർ ചെയ്ത 36 സെന്റ് സ്ഥലവും ചേർന്നിടത്താണ്. നികുതി പള്ളിയാണ് അടച്ചിരുന്നത്. ചക്കമല്ലിശ്ശേരി ശ്രീ. രാമൻ മാഷ്, കണ്ണായി, മാർത്ത ടീച്ചർ, അയ്യപ്പൻ മാഷ്, നർമ്മദ ടീച്ചർ, എൻ. കെ. ഉണ്ണിക്കൃഷ്ണമേനോൻ തുടങ്ങിയവർ ആദ്യകാല അദ്ധ്യാപകരിൽ ചിലരാണ്. 1949 ജൂലൈ 4 നാണ് ശ്രീ. എൻ.വി. കൃഷ്ണവാര്യർ ജോയിൻ ചെയ്തത്. ആർ. ശങ്കർ മുഖ്യമന്ത്രിയും, പട്ടം താണുപിള്ള വിദ്യാഭ്യാസമന്ത്രിയും ആയ കാലഘട്ടത്തിൽ 1966 ലാണ് സ്കൂൾ അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്. അപ്പർ പ്രൈമറിയിലെ ആദ്യത്തെ ഹെഡ് മാസ്റ്റർ എൻ. കെ. ഉണ്ണിക്കൃഷ്ണമേനോൻ ആയിരുന്നു. ശ്രീ. കെ.വി. ചന്ദ്രൻ മാഷ്, കേശവൻ മാഷ് എന്നിവരും അദ്ധ്യാപകരിൽ പ്രധാനികളായിരുന്നു. അടിയന്തിരാവസ്ഥാക്കാലത്തെ പ്രധാനാദ്ധ്യാപകൻ മുകുന്ദൻ മാഷ് ആയിരുന്നു.

14.06.1980 ലാണ് സ്കൂൾ ഹൈസ്കൂളായി ഉയർത്തിയത്. അന്നത്തെ ഇരിങ്ങാലക്കുട ഡി.ഇ.ഒ ആയിരുന്ന വൈലോപ്പിള്ളി വീട്ടിൽ ഭാനുമതിയമ്മ ഈ സർക്കാർ വിദ്യാലയത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് ഞായറാഴ്ച ദിവസമാണ് സ്കൂളിലെത്തി സാങ്ഷൻ നൽകിയത്. അവരോടുള്ള പ്രത്യേകനന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. ആദ്യകാലത്ത് രണ്ട് സെഷനായി 24 ഡിവിഷനുകളായാണ് ഹൈസ്കൂൾ പ്രവർത്തിച്ചുവന്നത്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ. തോട്ട്യാൻ അന്തോണി പ്രാഥമിക ആരോഗ്യകേന്ദ്രം ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ മുഖ്യമന്ത്രി ശ്രീ. അച്ച്യുതമേനോൻ മുമ്പാകെ സ്കൂളിന്റെ ശോചനീയാവസ്ഥ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ശ്രീ. മൂസ്സ മാഷ് 48 മണിക്കൂറിനുള്ളിൽ സ്കെച്ചും പ്ലാനും തയ്യാറാക്കുകയും ചെയ്തു. അതിൻ പ്രകാരം 30,000 രൂപ പ്രത്യേക അലവൻസ് അനുവദിച്ചു. മെയ് മാസത്തിൽ കെട്ടിടം പണി പൂർത്തിയാക്കുകയും ചെയ്തു. 16.06.1980 ൽ ഹൈസ്കൂൾ വിഭാഗം ക്ലാസ്സുകൾ ആരംഭിച്ചു. 2002 ലാണ് ഹയർ സെക്കന്ററി അനുവദിച്ച് ഉത്തരവായത്.

മുൻ പ്രധാനാദ്ധ്യാപകർ

മാധവി.കെ, ശ്രീദേവി.ഇ, ക്ലീറ്റസ്.പി.എം, റോസ്സ.കെ.എ, മീനാക്ഷി.പി.കെ, ശുഭ.കെ.യു, കമലാദേവി.എം, ലളിതകുമാരി.കെ.കെ, ഉമൈറ.പി.ബി., തങ്കമ്മ.എ.ആർ, ശാന്തകുമാരി.പി.എസ്, തോംസൺ മാനുവൽ, വിജയലക്ഷ്മി.എം.വി, സൗഭാഗ്യവതി.ഇ.എ, വിജയലക്ഷ്മി.എം, വിനീതാമണി