ജി.യു.പി.എസ്. ചമ്രവട്ടം/ചരിത്രം

(ജി..യു..പി,എസ്.ചമ്രവട്ടം/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രകൃതി മനോഹരമായ ചമ്രവട്ടം എന്ന നിളയോര ഗ്രാമത്തിൽ പാഠ്യ വിഷയങ്ങളിൽ എന്നപോലെ പോലെ പാഠ്യേതര വിഷയങ്ങളിലും മികവോടെ പരിലസിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ചമ്രവട്ടം ഗവൺമെൻറ് യുപി സ്കൂൾ .ഈ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടിത്തറപാകിയ ഈ വിദ്യാലയത്തിന് തുടക്കംകുറിച്ചത് ശ്രീ. കോഴിപ്പുറത്ത് തെയ്യുണ്ണി മേനോൻ ആയിരുന്നത്രേ.ചമ്രവട്ടം അങ്ങാടിയിൽ സ്ഥിതിചെയ്തിരുന്ന രാമയ്യരുടെ പീടിക മുറിയിലായിരുന്നു ആദ്യം ക്ലാസുകൾ ആരംഭിച്ചത്. തുടക്കത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.പിൽക്കാലത്ത് മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മദ്രാസ് ഗവൺമെൻറ് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി.അതിനോടനുബന്ധിച്ച് ചമ്രവട്ടത്ത് ആരംഭിച്ച ഈ സ്ഥാപനം 1921 ബോർഡ് ഏറ്റെടുത്തു.വിദ്യാഭ്യാസ വിചക്ഷണൻ ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർ ആണ് അക്കാലത്ത് ഡിസ്ട്രിക് ബോർഡിന്റെ പ്രസിഡൻറ് ആയിരുന്നത്.

ബോർഡ് സ്കൂൾ എന്ന് അറിയപ്പെട്ട ഈ എലിമെന്ററി സ്കൂൾ പിന്നീട് കോഴിപ്പുറത്തുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .തിരൂർ ചമ്രവട്ടം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന വിദ്യാലയത്തിന് ഒരുവശം നെൽപ്പാടങ്ങളും സമീപത്തായി വലിയൊരു കുളവും ആയിരുന്നത്രെ.സ്ഥലപരിമിതിയാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്നു എങ്കിലും അക്കാദമിക കാര്യത്തിലും പാഠ്യേതര കാര്യങ്ങളിലും ഒരുപോലെ മികവു പുലർത്തി വന്നു. അക്കാലത്ത് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സമീപത്തെ പാടത്ത് ചെറിയ തോതിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും വാഴ കൃഷിയും നടത്തിയിരുന്നുവത്രേ.മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ ഓർക്കുന്നു.

1977-78 അധ്യയനവർഷത്തിൽ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഈ സ്കൂൾ ഒരു യുപി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.ആദ്യകാലത്ത് ചമ്രവട്ടം അങ്ങാടിയിലെ അലത്തിയത്ത് വളപ്പുകാരുടെ പീടിക മുറിയിലും പിന്നീട് തൊട്ടടുത്തുള്ള മദ്രസയിലും ആയിരുന്നു പുതുതായി അനുവദിക്കപ്പെട്ട ക്ലാസുകൾ നടത്തി വന്നിരുന്നത്.അതിനുശേഷം ഇന്നാട്ടിലെ വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ സഹകരണത്തോടെ വിദ്യാലയത്തിനായി കൂടുതൽ സ്ഥലം അക്വയർ ചെയ്ത് എടുത്ത് കൂടുതൽ ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളും നിലവിൽ വരുത്തി.കെ നാരായണൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ , കുറ്റിശ്ശേരി മനയ്ക്കൽ രാമൻ നമ്പൂതിരി , എ.വി ഗോവിന്ദൻ തുടങ്ങിയ അനേകം അഭ്യുദയകാംക്ഷികളുടെ നിസ്വാർത്ഥ പരിശ്രമഫലമായിരുന്നു ഇതെല്ലാം .ഇക്കാലത്ത് ആണത്രേ ഈ വിദ്യാലയം ചരിത്രത്തിലാദ്യമായി വിപുലമായ വാർഷികാഘോഷം സംഘടിപ്പിക്കപ്പെട്ടത്.

അപ്പർ പ്രൈമറി പഠനസൗകര്യം നിലവിൽവന്നതോടെ കൂടുതൽ കൂടുതൽ കുട്ടികൾ പഠനത്തിനായി ഇവിടെയെത്തി.അക്കാലം .മുതൽ ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറുകയായിരുന്നു .വിദ്യാലയത്തിന്റെ സാരഥികളായി വന്ന പ്രധാന അധ്യാപകരുടെയും സഹാധ്യാപകരുടേയും പ്രവർത്തനങ്ങളും പി.ടി.എ കളുടെ ശക്തമായ പിന്തുണയും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി കൊണ്ടിരുന്നു.വിദ്യാർഥികൾ വർദ്ധിച്ചതോടെ പുതിയ ഡിവിഷനുകൾ അനുവദിക്കപ്പെട്ടു.അപ്പോഴും ക്ലാസ് മുറികളുടെ അപര്യാപ്തത തുടർന്നു. പുതിയ ഡിവിഷനുകൾ ഓല ഷെഡ്ഡുകളിൽ ആയിരുന്നു പ്രവർത്തിച്ചുവന്നത്.അക്കാലത്ത് ഇവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയാണ് ഓല ഷെഡുകൾ നിർമ്മിക്കപ്പെട്ടത്. ഇക്കാലത്ത് ശങ്കരൻ നായർ ,കെ വി വാസുദേവൻ നമ്പൂതിരി തുടങ്ങിയവരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.

1993 -ൽ ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട 16 ക്ലാസ്സ്മുറികളോട് കൂടിയ ഇരുനില കെട്ടിടം സ്ഥലപരിമിതിക്ക് വലിയൊരു പരിഹാരമാവുകയുണ്ടായി.തുടർന്നുള്ള വർഷങ്ങളിൽ എസ് എസ് എ , ഡി പി ഇ പി , ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് പുതിയ ക്ലാസ് മുറികൾ വന്നതോടെ താൽക്കാലിക ഓല ഷെഡ്ഡുകളിൽ നിന്നും പഠനം പൂർണമായും സൗകര്യപ്രദമായ ക്ലാസ് മുറികളിലേക്ക് മാറ്റപ്പെട്ടു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏകൻറ് യുപി സ്കൂൾ ആണ് നൂറ് വർഷം പിന്നിട്ട ഈ സ്കൂൾ.