ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ/അക്ഷരവൃക്ഷം/ വിട

Schoolwiki സംരംഭത്തിൽ നിന്ന്
വിട
പുത്തൻ തുടക്കവുമായി രാവിലെ കണ്ണ് തുറന്നപ്പോൾ കത്തി ജ്വലിക്കുന്ന സൂര്യനാണ് തലക്ക് മുകളിൽ:

ഹാ.. മറന്നു . ഇന്നലെ അമ്മയുടെ അവശത കാരണം വരാന്തയിലാണല്ലോ ഞാൻ കിടന്നത്. അമ്മയ്ക്ക് തീരെ വയ്യ. ഒരാഴ്ചയിലധികമായി കിടപ്പിലായിട്ട്. വിട്ടുമാറാത്ത ചുമയും പനിയും ശ്വാസതടസവും. ഇപ്പോഴും കേൾക്കാം അമ്മയുടെ നിലയ്ക്കാത്ത ചുമ. പേടിക്കേണ്ട ആവശ്യമില്ല അമ്മയുടെ തൊട്ടരികത്ത് തന്നെ മുത്തശ്ശിയുണ്ട്. എന്നാൽ മുത്തശ്ശിക്ക് എത്ര നേരം അമ്മയെ ശുശ്രൂഷിക്കാൻ കഴിയും. അതിനും ഒരു പരിധിയില്ലേ. പ്രായാധിക്യത്താലുള്ള അസുഖം കാരണം വശംകെട്ടു പോയവരാണ് അവരും. എന്നാൽ അത് ഒട്ടും തന്നെ വക വയ്ക്കാതെ അമ്മയെ ശുശ്രൂഷിക്കാനുള്ള തിരക്കിലാണ്. ഇടിഞ്ഞു പൊളിയാറായ ആ വീട്ടിൽ അമ്മയും മുത്തശ്ശിയു ഞാനും മാത്രമാണ്. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് ഒരു വർഷമായി ഏതോ നാട്ടിൽ ആരുടേയോ കൂടെയാണ്. പണത്തിൻ്റെ ബുദ്ധിമുട്ടും അമ്മയുടെ ചികിത്സയെ കുറിച്ചുള്ള ഉത്കണ്ഠയും കൊണ്ട് അച്ഛനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ അയാൾ കഴിയുകയാണ്. ശല്ല്യം തീരട്ടേയെന്ന് കരുതിയാവണം ഒന്നു രണ്ടു ദിവസം കുറെശ്ശെ കുറെശ്ശെ പണമയച്ച് തന്നു. പിന്നീട് ഒരു വിവരവും ഇല്ലാതായി. ഒന്നു തട്ടിയും മുട്ടിയും ആ പണം അമ്മയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചു. മേശയിൽ മരുന്നു കുപ്പികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കയ്യിൽ നിന്നും പണം വഴുതിപ്പോയ്ക്കൊണ്ടിരുന്നു. അയ്യോ! ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നാൽ മതിയോ. സമയം ഏറെ വൈകിയിരുന്നു. എത്രയും പെട്ടെന്ന് പണിസ്ഥലത്തെത്തണം. മുത്തശ്ശിയുടെ മുറിയുടെ അങ്ങേഭാഗത്ത് ആണി പറിഞ്ഞ് നിലംപൊത്താറായ കട്ടിലിന് ചുറ്റുമായി ഞാനും മുത്തശ്ശിയും നിശബ്ദരായി നിന്നു. മൗനത്തിൻ്റെ തീജ്വാലകൾ ആ മുറിയിൽ നിറഞ്ഞു നിന്നു. പക്ഷേ അമ്മയുടെ നിലയ്ക്കാത്ത ചുമ ആ മൗനത്തെ കീറി മുറിക്കുന്നതായിരുന്നു. അമ്മ നിശ്ചലമായി അനങ്ങാതെ കിടക്കുന്നത് അന്നാദ്യമായി ഞാൻ കണ്ടു. എന്തൊരവസ്ഥയാണിത് ഹൊ! അമ്മ ഊർജ്വസ്വലമായിരുന്ന കാലം. രാവിലെ ആയാൽ അമ്മയ്ക്ക് ആധിയാണ്. എന്നെ സ്കൂളിലേക്ക് പറഞ്ഞു വിടാനുള്ള വെപ്രാളവും. മുത്തശ്ശിയെ തനിച്ചാക്കി ജോലിക്കു പോയി തിരിച്ചു വരുന്നതുവരെയുള്ള ഉത്കണ്ഠയും. എന്നാൽ ഇന്നിപ്പോൾ!.. ദാരിദ്ര്യത്തിലാണെങ്കിലും അമ്മ അതൊന്നും അറിയിച്ചിരുന്നതേയില്ല. ജോലിയില്ലാത്ത സമയത്താണെങ്കിൽ പോലും വെറുതെയിരിക്കാൻ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. എന്തെങ്കിലും ചെയ്തു കൊണ്ട് വീടിൻ്റെ ഏതെങ്കിലും ഒരു മൂലയിൽ അമ്മ ഉണ്ടാകുമായിരുന്നു. അമ്മ പ്രതികരിക്കാത്തതായി ഞാൻ ശ്രദ്ധിച്ചിരുന്നത് ഉറക്കത്തിൽ മാത്രമായിരുന്നു. അച്ഛൻ വിട്ട് പോയപ്പോഴും അമ്മയുടെ ഉള്ളിൽ ദു:ഖം ഒളിപ്പിച്ച് വീടിൻ്റെ നാലു വശവും ഓടിക്കൊണ്ടിരിക്കുമായിരുന്നു. അങ്ങനെയുള്ള ആ സ്ത്രീയാണ് മാറാല പിടിച്ച ഈ വീട്ടിൽ ജീവനറ്റു കിടക്കുന്നത്. അമ്മയുടെ കൈകൾ ചേർത്തു പിടിച്ചപ്പോൾ അതിന് വല്ലാത്ത ചൂട്. കുട്ടിക്കാലത്ത് എന്നെ തലോടുമ്പോഴുള്ള ചൂടല്ല ഇപ്പോൾ ആ കൈകൾക്ക്. എന്തിനെയും കത്തിയെരിക്കാനുള്ള ശക്തിയുണ്ട് ഇപ്പോ ഇതിന്. അമ്മയോട് യാത്ര പറയാൻ നിന്നില്ല. പണി സാധനങ്ങളുമായി റോഡിലേക്കിറങ്ങി. കുറച്ച് ദിവസങ്ങൾക്കു മുമ്പ് കാലിൽ ചെരുപ്പിടാതെ കൈയ്യിൽ പുസ്തകസഞ്ചിയും തൂക്കി എത്ര തവണ നടന്നു. ഇപ്രകാരമുള്ള ചിന്തയിൽ മുഴുകിയ തിനാൽ ഖനിയിൽ എത്തിയത് അറിഞ്ഞതേയില്ല. ഇന്ന് ശമ്പള ദിവസമാണ് പ്രഭാതം ആയതിനാൽ ജോലി ചെയ്യാൻ അത്രയ്ക്ക് കഷ്ടം ആയിരുന്നില്ല. പെൻസിലും പുസ്തകങ്ങളും പിടിച്ചിരുന്ന ഈ കൈയിൽ ഇപ്പോൾ വമ്പൻ പണിയായുധങ്ങൾ. കൈ പരുക്കനായിട്ടുണ്ട്. കത്തിജ്വലിക്കുന്ന സൂര്യനു കീഴിൽ പണിയായുധം ആഞ്ഞ് പാറ പൊട്ടിക്കുമ്പോൾ ഇതേ സൂര്യനു കീഴിൽ സ്കൂൾ കാല ജീവിതം ആവേശകരമായി തീർത്ത ഓർമ്മകൾ മനസ്സിൽ തിങ്ങിനിറഞ്ഞു. പണി സ്ഥലത്തുനിന്ന് മുതലാളി തന്ന പൈസയുമായി വീട്ടിൽ വന്നു കയറുമ്പോൾ അമ്മയുടെ ചുമയുടെ ശക്തി വർദ്ധിച്ചു. അസുഖം ഏറിയതുകൊണ്ട് അമ്മയുടെ കയ്യിലെ ചൂട് ശരീരം മുഴുവൻ വ്യാപിച്ചിട്ടുണ്ട്. അയൽവാസികളിൽ ചിലരുടെ സഹായം കൊണ്ട് അമ്മയെ ആശുപത്രിയിലെത്തിച്ചു നിരവധി ചികിത്സയുടെ അടിസ്ഥാനത്തിൽ പേരിട്ടു - കൊറോണ . കൊറോണ എന്ന മഹാമാരി ആണ് അത് എന്ന് അവർ ഉറപ്പിച്ചുപറഞ്ഞു. എന്താണെന്നറിയാതെ ശങ്കിച്ചു നിൽക്കുമ്പോൾ വലിയ വെള്ള വസ്ത്രങ്ങളും മുഖത്തും കൈകളിലും വലിയ നീല തുണികൊണ്ട് പൊതിഞ്ഞവരും ആയ രണ്ടു മനുഷ്യർ അമ്മയെ കൊണ്ടുപോകുന്നത് ജനലിൻറെ മറവിൽ നിന്നുകൊണ്ട് ഞാൻ കണ്ടു. അമ്മയെ കാണാൻ ശ്രമിച്ചെങ്കിലും അവർ എന്നെ കാണാൻ അനുവദിച്ചതേയില്ല. അവർ ഐസൊലേഷൻ വാർഡിൽ ആണ്. കൊറോണ എന്ന വൈറസ് അവരുടെ ശ്വാസകോശത്തെ ബാധിച്ചിരുന്നതിനാൽ സ്ഥിതി അതീവഗുരുതരമാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമായതിനാൽ സമ്പർക്കം പരമാവധി കുറയ്ക്കാനും രോഗവ്യാപനം തടയാനും വേണ്ടി ഇത്തരത്തിലുള്ള പ്രത്യേക വസ്ത്രധാരണ രീതിയും ഐസൊലേഷൻ വാർഡും നമ്മെ സഹായിക്കും. അംഗീകൃത മരുന്നില്ലാത്തതിനാൽ രോഗിയുടെ രോഗ ലക്ഷണത്തിന് അനുസരിച്ചുള്ള മരുന്നുകൾ നൽകണം തുടങ്ങി അമ്മയുടെ കാര്യങ്ങൾ ഡോക്ടർമാർ പറയുന്നത് ഞാൻ കേട്ടു. കോവിഡ് - 19 ഇതുതന്നെയാണ് ആശുപത്രി അധികൃതരോട് ചോദിച്ചാൽ അവർ പറയുന്നത്. അമ്മയുടെ കൂടെ കുറേ ദിവസം ചിലവഴിച്ചതിനാൽ മുത്തശ്ശി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. എനിക്ക് അതിൻ്റെ ലക്ഷണമൊന്നും ഇതുവരെ ഇല്ലാത്തതിനാൽ എന്നെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായി വിട്ടയച്ചു. നന്നേ താഴ്ന്ന മേൽക്കൂരയുള്ള, വർഷങ്ങളുടെ മാറാലയും, അഴുക്കും ദുഃഖവും അടിഞ്ഞു മ്ലാനമായ ചുമരുകളുള്ള ആ വീട്ടിൽ ഞാൻ തനിച്ചായി. ഇതേസമയം ചുമരിലെ ഘടികാര സൂചികളുടെ നിലയ്ക്കാത്ത ശബ്ദം വീട്ടിൽ നിറഞ്ഞു നിന്നു.


വി.എസ്.സുപ്രിയ
10 D ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ