ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
വിജയഗാഥ തുടർന്ന് വിദ്യാലയം

തുടർച്ചയായി 100% വിജയം കൈവരിച്ച് മാതൃകയാകുന്ന ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ സ്കൂളിൽ, 2024-25 അധ്യയനവർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് ആദരം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി. വി. മനാഫ് വിദ്യാർത്ഥികളെ ആദരിച്ചു.

സ്കൂളിന്റെ അഭിമാനമായ ഈ നേട്ടത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും അഡ്വ. പി. വി. മനാഫ് അഭിനന്ദിച്ചു. വിദ്യാഭ്യാസ മികവിൽ പുല്ലാനൂർ സ്കൂൾ കൈവരിക്കുന്ന തുടർച്ചയായ വിജയങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
സ്ക്കൂൾ പ്രവേശനോത്സവം - 2025
പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ് പുല്ലാനൂരിൽ പ്രവേശനോത്സവം (2026 ജൂൺ 2) വിവിധ കലാപരിപാടികളോടെയും, അനുമോദനചടങ്ങുകളോടെയും ചേർന്ന് ആഘോഷമാക്കി. പുതിയ അധ്യായനത്തിൽ കടക്കുന്ന വിദ്യാർത്ഥികൾക്ക് സന്തോഷവും ആത്മവിശ്വാസവും നല്കുന്ന പരിപാടികൾ അരങ്ങേറി.പരിപാടിയുടെ ഭാഗമായി ഇത്തവണത്തെ എ പ്ലസ് (SSLC) നേടിയ വിദ്യാർത്ഥികൾക്കും, യുഎസ്എസ് (USS) ജേതാക്കൾക്കും, എൽഎസ്എസ് (LSS) വിജയികൾക്കുമുള്ള പ്രത്യേക അനുമോദനങ്ങൾ സ്കൂൾ പി.ടി.എ യും , എസ്.എം.സി യും , അധ്യാപകരും ചേർന്ന് നിർവഹിച്ചു. മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് മൊമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
നവാഗതരായ വിദ്യാർത്ഥികൾക്ക് സ്കൂളിൽ സ്‌നേഹപൂർവമായ സ്വാഗതം നൽകി. സ്‌കൂളിന്റെ അധ്യാപക കൂട്ടായ്മയും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് പുതിയ കൂട്ടുകാരെ സ്‌നേഹത്തോടെ സ്വീകരിച്ചു.
വിവിധ കലാപരിപാടികൾ, സമൂഹഗാനം, നൃത്തങ്ങൾ, നാടൻകലാരൂപങ്ങൾ എന്നിവയും പരിപാടിയെ ആകർഷകമാക്കി. കുട്ടികളുടെ പ്രകടനങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു.
പ്രധാനാധ്യാപകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പരിപാടികൾക്ക് നേതൃത്വം നൽകിയ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം ഉണർവ്വേറിയതായി.
ലോക പരിസ്ഥിതി ദിനം
ഹരിത സേനാംഗങ്ങളെ ആദരിച്ച് പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ്
പുല്ലാനൂർ: ലോക പരിസ്ഥിതി ദിനത്തിൽ (2026 ജൂൺ 5) വേറിട്ട അനുഭവമായി പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ് നടത്തിയ ഹരിത സേനാംഗങ്ങൾക്കുള്ള ആദരം മാറുകയുണ്ടായി. ബീറ്റ് പ്ലാസ്റ്റിക് എന്ന മുദ്രാവാക്യത്തിന്റെ സജീവ കർമയോഗികൾക്കുള്ള ആദരം ഹരിത സേനാംഗങ്ങളുടെ തൊഴിലിന്റെ പ്രാധാന്യവും അവരോട് ക്രിയാത്മകമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതായിരുന്നു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഇർഫാന ഹരിത സേനാംഗങ്ങൾക്ക് കുട്ടികൾ ശേഖരിച്ച സമ്മാനം വിതരണം ചെയ്തു. ശ്രീമതി ലക്ഷ്മി, ശ്രീമതി ജിൻസിഎന്നിവർ ആദരം സ്വീകരിച്ചു. കുട്ടികൾ മുൻകൂട്ടി ശേഖരിച്ച വിത്തുകൾ കൈമാറുന്ന സീഡ് എക്സ്ചേഞ്ച് അബ്ദുറസാഖ് റിയ ജാസ്മിന് നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.സുനിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓർമമരം പദ്ധതി സഫിയ ടീച്ചർ തൈ നട്ടു കൊണ്ട് തുടക്കം കുറിച്ചു. ടി സുബ്രഹ്മണ്യൻ മാസ്റ്റർ, ഹസനുദ്ദീൻ മാസ്റ്റർ, ലിൻസി ടീച്ചർ, ജെ. ആർ. സി അംഗങ്ങൾ എന്നിവർ തൈകൾ നടുന്നതിൽ പങ്കാളികളായി. രാവിലെ നടന്ന വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ പങ്കാളികളായി. അധ്യാപകരായ ആനി മേരി ജോർജ്, ജിനീഷ് എന്നിവർ നേതൃത്വം നൽകി. സജീഷ് കുമാർ, ഹരിദാസൻ, പി.കെ വിജീഷ്, ഷാഹിദ് ബാവ, അൻവർ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതി ദിനാചരണം
പുല്ലാനൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. "വൃക്ഷത്തെ ആദരിച്ച് ജീവിക്കുക" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാലയത്തിൽ വിവിധയിനം ഫലവൃക്ഷത്തൈകൾ നടുകയുണ്ടായി.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വിദ്യാലയമുറ്റത്തും പരിസരങ്ങളിലുമായി മാവ്, പ്ലാവ്, പേര, സപ്പോട്ട തുടങ്ങിയ നിരവധി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വരും തലമുറകൾക്കായി ഒരു ഹരിതഭാവനം വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. നട്ട തൈകൾക്ക് ആവശ്യമായ പരിചരണം നൽകുന്നതിനും അവയെ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം, മരങ്ങൾ നൽകുന്ന തണൽ, ശുദ്ധവായു, ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയും പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലിയും വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഈ പരിപാടി സഹായകമായി.
MISSION 2028
പുല്ലാനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ "Mission 2028" എന്ന ലക്ഷ്യപദ്ധതിക്ക് തുടക്കം കുറിച്ചു. എട്ടാം തരത്തിൽ പ്രവേശിച്ച വിദ്യാർത്ഥികൾക്കായി രൂപപ്പെടുത്തിയ ഈ ദീർഘകാല പദ്ധതി സ്കൂളിന്റെ വികസന ദൃശ്യപ്രവർത്തനങ്ങളിലേക്കുള്ള ആദ്യപടി കൂടിയായിരുന്നു.
പരിപാടിയിൽ പ്രധാന അഥിതികളായ നിരവധി അധ്യാപകരും,രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിക്ക് തുടക്കംകുറിച്ച് കൊണ്ട് സ്വാഗതം ഷംസുദ്ദീൻ മാഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം HSST (Maths) വിഭാഗത്തിൽ നിന്നുള്ള അബ്ദുൽ മജീദ് എ നിർവഹിച്ചു. പ്രചോദനാത്മകമായ അഭിമുഖപ്രസംഗം കെ.പി. പ്രശാന്ത് സാർ (Ret.അധ്യാപകൻ) നടത്തി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ ആശംസകളർപ്പിച്ചു. പദ്ധതികൾക്കുള്ള വിശദമായ പരിചയപ്പെടുത്തലിൽ വിവിധ അധ്യാപകർ പങ്കെടുത്തു:
NMMS പദ്ധതി – ആനി ടീച്ചർ
SPC (Student Police Cadet) – ജിനേഷ് മാഷ്
Little Kites ക്ലബ് – വിജീഷ് മാഷ്
JRC (Junior Red Cross) – ഹസനുദ്ദീൻ മാഷ്
പരിപാടിയുടെ സമാപന നന്ദി പ്രസംഗം റുക്സാന ടീച്ചർ നിർവഹിച്ചു.
വിദ്യാർത്ഥികളുടെ സമഗ്ര വികസനമാണ് “Mission 2028” എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. പഠനത്തിൽ മാത്രമല്ല, സാമൂഹിക ഉത്തരവാദിത്വത്തിലും, സാങ്കേതികതയിലുമുള്ള വളർച്ചക്ക് പിന്തുണ നൽകുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച ഭാവിയിലേക്ക് എത്താനുള്ള അവസരമാണ് സ്കൂൾ ഒരുക്കുന്നത്.
അന്താരാഷ്ട്ര യോഗ ദിനം ജി.വി.എച്ച്.എസ്.എസ് പുല്ലാനൂരിൽ സമുചിതമായി ആചരിച്ചു
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് പുല്ലാനൂരിൽ നടന്ന യോഗാഭ്യാസ പരിപാടികൾ ശ്രദ്ധേയമായി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും പങ്കെടുത്തു.
സ്കൂൾ ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.പി.സി കോർഡിനേറ്റർ ജിനേഷ് സാർ പരിപാടികൾക്ക് നേതൃത്വം നൽകി. യോഗ പരിശീലകരായ പ്രിയങ്ക ടീച്ചറും സജീഷ് മാസ്റ്ററും വിദ്യാർത്ഥികൾക്ക് യോഗാഭ്യാസമുറകളിൽ പരിശീലനം നൽകി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അത് എങ്ങനെ പ്രയോജനകരമാകുമെന്നും അവർ വിശദീകരിച്ചു.
പരിപാടിയിൽ പി.ടി.എ. അംഗങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇത് യോഗ ദിനാചരണത്തിന് കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകി. ഈ യോഗാഭ്യാസം വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം പകരാൻ സഹായിച്ചു.
പൂക്കോട്ടൂർ പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
സ്ഥലം : ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ
തീയതി :30/06/2025
ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ സ്കൂളിൽ പൂക്കോട്ടൂർ പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും ആരോഗ്യ ബോധവൽക്കരണവും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. റാബീസ്, ലഹരിയുടെ ദൂഷ്യവശങ്ങൾ, മഴക്കാല രോഗങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ അവബോധം നൽകുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സുനിത സി. ടീച്ചർ നിർവഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ ക്ലാസിൽ സന്നിഹിതരായിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിവിധ വിഷയങ്ങളെക്കുറിച്ച് ലളിതവും വ്യക്തവുമായ ഭാഷയിൽ കുട്ടികളോട് സംവദിച്ചു. രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം, ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത, ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തിവെക്കുന്ന വിപത്തുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ക്ലാസിനൊടുവിൽ, വിദ്യാർത്ഥികൾ മഴക്കാല രോഗങ്ങൾക്കെതിരെയും ലഹരി വിപത്തിനെതിരെയും ഒരുമിച്ച് പ്രതിജ്ഞയെടുത്തു. ഇത് കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്താൻ സഹായിച്ചു. വിദ്യാർത്ഥികൾക്ക് ആരോഗ്യപരമായ കാര്യങ്ങളിൽ അവബോധം നൽകാനും അവരെ മികച്ച പൗരന്മാരാക്കി വളർത്താനും ഈ ക്ലാസ് ഏറെ സഹായകമായി.
- Health pledge
ലഹരി വിരുദ്ധ ദിന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം
സ്ഥലം : ഐ.ടി. ലാബ്
തീയതി : 2025 ജൂൺ 26, ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഒരു ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്തുക എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം.
നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ, പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു 22.04-ലെ ജിമ്പ് (GIMP) സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. വിദ്യാർത്ഥികളുടെ സാങ്കേതികപരമായ അറിവും സർഗ്ഗാത്മകതയും ഈ മത്സരം വഴി പ്രകടമായി.
മത്സരത്തിൽ വിജയിച്ചവരുടെ വിവരങ്ങൾ താഴെ നൽകുന്നു:
- ഒന്നാം സ്ഥാനം: ഷിംവീൽ (10 സി)
- രണ്ടാം സ്ഥാനം: അജ്നാസ് അബ്ദുള്ള (10 സി)
- മൂന്നാം സ്ഥാനം: മുഹമ്മദ് ഹാഷിർ (10 സി)
വിദ്യാർത്ഥികളുടെ പങ്കാളിത്തം ലഹരി വിരുദ്ധ സന്ദേശം കൂടുതൽ ശക്തമാക്കാൻ സഹായിച്ചു. ഇത്തരം മത്സരങ്ങൾ സാങ്കേതിക പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത വളർത്താനും സഹായിക്കുന്നു.
- ലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ
-
1st
-
2nd
-
3rd
ജൂലൈ 5: ബഷീർ ദിനം സമുചിതമായി ആചരിച്ചു
പുല്ലാനൂർ : ജൂലൈ 5, വെള്ളിയാഴ്ച ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചുകൊണ്ട് നടന്ന പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് പങ്കെടുത്തു.
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ടീച്ചർ ട്രെയിനികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ബഷീർ കഥകളിലെ വിവിധ കഥാപാത്രങ്ങളായി വേഷമിട്ട് സ്കിറ്റുകൾ അവതരിപ്പിച്ചു. ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായ പാത്തുമ്മ, എട്ടുകാലി, മണ്ടൻ മുത്തപ്പ, ആനവാരി, പൊൻകുരിശ് തോമ തുടങ്ങിയവർ വേദിയിൽ ജീവൻ തുടിക്കുന്ന കാഴ്ചയൊരുക്കിയത് കാണികളെ ആകർഷിച്ചു. വിദ്യാർത്ഥികളുടെ തന്മയത്വമാർന്ന അഭിനയം ബഷീർ കഥാലോകത്തെ സ്കിറ്റുകളിലൂടെ പുനരാവിഷ്കരിച്ചു.
ഈ പരിപാടികൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുമിച്ച് കാണാനുള്ള അവസരം ഒരുക്കിയത് ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടികളുടെ വീഡിയോ റെക്കോർഡിംഗ് നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത സി പരിപാടികൾക്ക് നന്ദി പ്രകാശിപ്പിച്ചു. ബഷീർ ദിനാചരണം വിദ്യാർത്ഥികൾക്ക് ബഷീറിന്റെ സാഹിത്യലോകം അടുത്തറിയാനുള്ള മികച്ച അവസരമായി മാറി.

അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്: ജി.വി.എച്ച്.എസ്.എസ് പുല്ലാനൂരിന് മികച്ച വിജയം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംസ്ഥാന തലം വരെ KATF നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ മികച്ച പ്രകടനം കാഴ്ചവെച്ചു. നൂറിലധികം സ്കൂളുകൾ പങ്കെടുത്ത ഈ മത്സരത്തിൽ പുല്ലാനൂർ സ്കൂളിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ റിദാ ഫാത്തിമ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലോവർ പ്രൈമറി വിഭാഗത്തിൽ ഫാത്തിമ സൈബ നാലാം സ്ഥാനം നേടി. കൂടാതെ, അപ്പർ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അഷ്മിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന് അഭിമാനമായി.
വിദ്യാർത്ഥികൾ ബഹിരാകാശ വേഷത്തിൽ തിളങ്ങി
സ്ഥലം : ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ
തീയതി : ജൂലൈ 21, 2025


ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ പ്രധാന ആകർഷണം ബഹിരാകാശ സഞ്ചാരികളുടെ വേഷമിട്ട് വിദ്യാർത്ഥികൾ നടത്തിയ അഭിമുഖങ്ങളാണ്. ചാന്ദ്രപര്യവേക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോർത്തിണക്കിയുള്ള ഈ അവതരണം ഏറെ ശ്രദ്ധേയമായി. ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും ബഹിരാകാശ ജീവിതത്തെക്കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ചാന്ദ്രപര്യവേക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന കൊളാഷ് നിർമ്മാണവും നടന്നു. കൂടാതെ, കുട്ടികൾ സ്വയം നിർമ്മിച്ച ചന്ദ്രനിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ മാതൃകയും പ്രദർശിപ്പിച്ചു. വിവിധതരം റോക്കറ്റുകളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചും വിദ്യാർത്ഥികൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ ഈ കഠിനാധ്വാനം കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും അധ്യാപകരും രക്ഷിതാക്കളും എത്തിയിരുന്നു. ബഹിരാകാശ പഠനത്തെക്കുറിച്ച് കുട്ടികളിൽ താൽപര്യം വളർത്താൻ ഈ പരിപാടികൾ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.
പ്രേംചന്ദ് ദിനം, മുഹമ്മദ് റാഫി അനുസ്മരണം

സ്ഥലം : ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ
തീയതി : ജൂലൈ 31, 2025
പുല്ലാനൂർ : പ്രേംചന്ദ് ദിനത്തോടും പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ ചരമവാർഷികത്തോടും അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ സംഭാവനകൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതായിരുന്നു എല്ലാ പരിപാടികളും.
പ്രേംചന്ദിന്റെയും മുഹമ്മദ് റാഫിയുടെയും കഥാപാത്രങ്ങളെയും ഗാനങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള വിവിധ പരിപാടികളാണ് അരങ്ങേറിയത്. പ്രേംചന്ദിന്റെ കഥകളിലെ പ്രധാന കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികൾ വേദിയിലെത്തിയത് കാഴ്ചക്കാർക്ക് വേറിട്ടൊരനുഭവമായി. ഒപ്പം, മുഹമ്മദ് റാഫി അനശ്വരമാക്കിയ ഗാനങ്ങൾ ആലപിച്ചും വിദ്യാർത്ഥികൾ പരിപാടികൾക്ക് കൊഴുപ്പേകി.
ഇത്തരത്തിലുള്ള പരിപാടികൾ കുട്ടികളിൽ സാഹിത്യത്തോടും സംഗീതത്തോടുമുള്ള താൽപര്യം വളർത്താനും മഹത് വ്യക്തികളെക്കുറിച്ച് കൂടുതലറിയാനും സഹായിക്കുമെന്ന് അധ്യാപകർ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം പരിപാടികളെ കൂടുതൽ ആകർഷകമാക്കി. കുട്ടികൾക്ക് ഇത് ആവേശവും പ്രചോദനവും നൽകി.
79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ സ്‌കൂളിൽ 79-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി.വി. മനാഫ് മുഖ്യാതിഥിയായിരുന്നു.
രാവിലെ നടന്ന ചടങ്ങിൽ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ രാധികാദേവി ടീച്ചർ ദേശീയ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന്, വാർഡ് മെമ്പർ അബ്ദുൽ റസാഖ്, വെൽഫെയർ കമ്മിറ്റി ചെയർമാൻ മൻസൂർ, പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, സ്വാതന്ത്ര്യദിന പരേഡ്, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥികളുടെ അവതരണങ്ങൾ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മധുരവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
- TABLEAU
-
-
-
-
-
വൈബോണം 2K25

പുല്ലാനൂർ: ജിവിഎച്ച്എസ്എസ് പുല്ലാനൂർ സ്കൂളിൽ വൈബോണം 2K25 ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ വർണാഭമായി ആഘോഷിച്ചു. കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഓണാഘോഷം ഒരു പുത്തനുണർവ് നൽകി.
ഹെഡ്മിസ്ട്രസ് സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ ഓണപ്പൂക്കളവും, ഓണസദ്യയും, വിവിധതരം ഓണക്കളികളും ഒരുക്കിയിരുന്നു. വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
പിടിഎ പ്രസിഡന്റ് ഇബ്രാഹിം, എസ്.എം.സി ചെയർമാൻ എൻ.എം റഷീദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ ഓണാഘോഷം വിജയകരമാക്കാൻ സഹായിച്ചത്.
കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം
പുല്ലനൂർ: സ്കൂൾ കായികരംഗത്തെ വാഗ്ദാനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുല്ലനൂർ ജി.വി.എച്ച്.എസ്.എസിലെ 2025-ലെ വാർഷിക കായികമേളക്ക് വർണ്ണാഭമായ തുടക്കമായി. സെപ്റ്റംബർ 11, 12 തീയതികളിലായി നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.
പി.ടി.എ. പ്രസിഡന്റ് കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രാധിക ടിച്ചറിൻ്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത ടിച്ചറിർ സ്വാഗതം ആശംസിച്ചു. എസ്.എം.സി. ചെയർമാനും വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാളും പരിപാടിക്ക് ആശംസകൾ നേർന്നു.
സബ് ജില്ലാ ഖോ-ഖോ ടീം അംഗമായ നന്ദന കെ.കെ. കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സബ് ജില്ലാ താരങ്ങളായ ദിയാന ഷെറിൻ (ഖോ-ഖോ), സഫ ബാനു (കബഡി), നന്ദന (ഖോ-ഖോ), ഷാമിൽ (ഫുട്ബോൾ), ഷിബിൽ (ഫുട്ബോൾ) എന്നിവർ ദീപശിഖ പ്രയാണം നടത്തി. അവരുടെ സാന്നിധ്യം കായികമേളയ്ക്ക് കൂടുതൽ ആവേശം പകർന്നു.
വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ കായികമികവ് പ്രകടമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന കായികമേള വിദ്യാർത്ഥികളുടെ കായികശേഷിക്കും കായിക മനോഭാവത്തിനും ഊർജ്ജം നൽകി.
പുല്ലാനൂരിൽ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു
പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ചേർന്ന് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങളും പുതുമകളും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി പ്രദർശനം മാറി.
പ്രദർശന ബസിലൂടെ എത്തിയ ശാസ്ത്രോപകരണങ്ങളും ആധുനിക പരീക്ഷണങ്ങളുടെ മാതൃകകളും വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു.
വ്യോമഗോളശാസ്ത്രം, ഭൗതികശാസ്ത്രം, ജൈവശാസ്ത്രം, രസതന്ത്രം , ശാസ്ത്രവും കൃഷിയും തുടങ്ങിയ മേഖലകളിൽ തയ്യാറാക്കിയ മോഡലുകളും ലൈവ് ഡെമോകളും കുട്ടികൾക്ക് കൗതുകം നിറഞ്ഞ അനുഭവമായി.
സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷയായി. അധ്യാപകരും ശാസ്ത്ര കേന്ദ്രത്തിലെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടി, ശാസ്ത്രത്തോടുള്ള അവരുടെ ആകർഷണം വർധിപ്പിക്കുന്നതിനും , ജിജ്ഞാസയും അറിവും വളർത്തുന്നതിനും സഹായകമായി.