ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ പ്രകൃതിയിലെ മനുഷ്യജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലെ മനുഷ്യജീവൻ

സൂര്യൻ കിഴക്കേ ചക്രവാളത്തിൽ അലസമായി ഉദിച്ചുയരുകയാണ്. ഉദിച്ചുയർന്നാൽ പിന്നെ രാമൻകുട്ടി നായരുടെ വീട്ടിലേക്കു തന്നെ മിഴിച്ചു നില്ക്കും. എല്ലാ പ്രഭാത വേളയിലും. അതാണ് അവനിഷ്ടവും.

വളഞ്ഞനട്ടെല്ല്,ഉന്തിയ വാരിയെല്ല്,കുഴിഞ്ഞനേത്രങ്ങൾ,ഒറ്റത്തടി ഇതെല്ലാം കൂടിയതായിരുന്നു രാമൻ കുട്ടി നായർ. നായർ എന്നും പ്രഭാതത്തിൽ തന്റെ തൂമ്പയും അരിവാളുമായി ഉമ്മറത്തേക്ക് ഇറങ്ങും. അവിടം മുഴുവൻ ചെടികളും മരങ്ങളും നിറഞ്ഞതായിരുന്നു. അതിന്റെ നടുവിലൂടെ ചെമ്മൺ റോഡിലേക്ക് പോകാൻ ഒരു പാതയും. നായർ ചെടികളും മരങ്ങളും ഒരുപാട് വളർത്തുമെങ്കിലും ഒരിക്കൽപോലും അദ്ദേഹത്തിന്റെ വീട് വൃത്തിഹീനമായി കിടന്നില്ല.കാരണം ആ നിരന്നുകിടക്കുന്ന പറമ്പിലെ ആവശ്യമില്ലാത്ത ചവറുകളെല്ലാം നായരെന്നും വൃത്തിയാക്കുമായിരുന്നു. ആ ഗ്രാമത്തിലെ മിക്ക ആളുകളും അദ്ദേഹത്തിന്റെ ചുറ്റുപാടിനെ ഇഷ്ടപ്പെട്ടത് പോലെ അദ്ദേഹത്തെയും ഇഷ്ടപ്പെട്ടിരുന്നു.

പതിവുപോലെ തന്റെ ജോലി ആരംഭിക്കാനായി തൂമ്പയും അരിവാളുമായി ഉമ്മറത്തേക്കിറങ്ങി. അദ്ദേഹം ആ പരിസരം മുഴുവൻ കണ്ണോടിച്ചു. ആ കാര്യം പെട്ടന്നുതന്നെ അദ്ദേഹത്തിന്റെ കണ്ണിൽ പതിഞ്ഞു. തന്റെ വീടിന്റെ തൊട്ടപ്പുറത്തെ വീട്ടിലാണ് പണിക്കരുടെ മകൻ കേശവൻ. അവൻ വലിയ പണക്കാരനാണ്. എന്നാൽ പരിസരം തീരെ വൃത്തിയായി കൊണ്ടുനടക്കില്ല. അവന്റെ വീട്ടിലെ ചവറുകൾ നായരുടെ പറമ്പിലേക്കിടൽ കേശവന്റെ സ്ഥിരം സ്വഭാവമാണ്. പക്ഷെ, നായർ അത് ഭാവമാക്കാതെ എന്നും പോയി വൃത്തിയാക്കും.ഇന്നും അതുതന്നെ സംഭവിച്ചു."എന്റെ ദേവി, ഈ കേശവന്റെ വീട്ടിലെ ചവറുകളെല്ലാം ഇന്നും എന്റെപറമ്പിലുണ്ടല്ലോ.ഇവനിതെന്തു ഭാവിച്ചാ.ഇത് അവന്റെ വീട്ടിൽ തന്നെ സംസ്കരിച്ചുകൂടെ. ഹാ, പറഞ്ഞിട്ടെന്താ കാര്യം. ഒരുവലിയ മാളികയുമുണ്ടാക്കി അതിലെ മരങ്ങളെയെല്ലാം

അവൻ കൊന്നൊടുക്കിലെ.മുറ്റ മാനെങ്കിൽ മുഴുവൻ കട്ടകളും പതിച്ചു. ഉള്ള പറ മ്പാണേൽ വൃത്തികേടാ യിട്ട് അതിലേക്കു കടക്കാൻ വയ്യ." ഇതും പറഞ്ഞ് നായർ തന്റെ തൂമ്പ ഉപയോഗിച്ച് അവിടെയുള്ള ചവറുകൾ മാറ്റാൻ തുടങ്ങി. എന്നിട്ട് വീണ്ടും അവിടെയുള്ള പ്രകൃതി ജീവനോട് സംസാരം തുടർന്നു. "പാവം പണിക്കർ. എത്ര വിയർപ്പ് ഒഴുക്കിയ ആ പറമ്പിലെല്ലാം ഓരോ ജീവനെ ഉയർത്തെഴുന്നെൽപ്പി്ച്ചത്.എന്നിട്ട് അവസാനം പണിക്കരുടെ കണ്ണടഞ്ഞപ്പോൾ അവിടെയാകെ അവൻ തല കീഴാക്കി.കാലം പോണ പോക്കെ" നായരങ്ങനെ പറയാൻ തുടങ്ങി. അപ്പോഴാണ് അവിടേക്ക് ആ ഗ്രാമത്തിലെ മെമ്പർ ദാമു വന്നത്. "എന്താ നായരെ ഒറ്റക്കിരുന്നു സംസാരിക്കുന്നെ" പുറകിൽ നിന്നുള്ള സംസാരം കേട്ട് നായർ തിരിഞ്ഞു നോക്കി. "ഇതാര് ദാമുവോ, എന്താ ഈ വഴിക്ക്. " നായർ തന്റെ ജോലി നിർത്തി തൂ മ്പയും അരിവാളുമായി വടക്കിനി മൂലയിലേക്കു പോയി. അത് അവിടെ ഭദ്ര മായി വച്ചു. പിന്നെ കിണ്ടിയിലെ വെള്ളം ഉപയോഗിച്ച് കാലും കയ്യും വൃത്തിയാക്കി തന്റെ ചാരു കസേരയിൽ ഇരുന്നു. ദാമു ഉമ്മറത്തിണ്ണയിലും ഇരിപ്പുറപ്പിച്ചു. "എന്തിനാ വന്നേ" നായർ മെമ്പറുടെ നേർക്ക് ചോദ്യംആരാഞ്ഞു. "ഞാൻ ഒരു പ്രധാന കാര്യം പറയാൻ വേണ്ടി വന്നതാ" "എന്താ, എന്താ കാര്യം" നായർ അവനു നേരെ നോക്കി. "നാളെ പഞ്ചായത്തിൽ നിന്നും ചിലർ വീടും പരിസരവും നോക്കാൻ വരും" ദാമു പറഞ്ഞു. "എന്താ ഇപ്പൊ ഒരു വീക്ഷിക്കാൻ വാരൽ" നായർ സംശയ പൂർവ്വം ചോദിച്ചു. "അപ്പൊ നായർ ഒന്നും അറിഞ്ഞില്ലേ, നമ്മുടെ കേശവന്റെ മകൻ കണ്ണനുകോളറയാ.വെള്ളത്തിന്റെ പ്രശ്‌നാനത്രെ. ഇപ്പൊ ആശുപത്രിയിലാ." ദൈവമേ, കണ്ണനു കോളറയോ. ഞാൻ അറിഞ്ഞില്ല. എനിക്കവനെ കാണണമായിരുന്നല്ലോ ദാമോ"നായർ ചാരു കസേരയിൽ നിന്നും എണീറ്റു. "അയ്യോ നായരെ കണ്ണനെ കാണാൻ പറ്റില്ല ആരെയും കടത്തി വിടില്ല."

നായർ അക്ഷമനായി. "ഇനി എങ്ങനാ അവനെ ഒന്ന് കാണാൻ പറ്റാ" "ആ അവന് രോഗം കുറഞ്ഞാൽ വീട്ടിലേക്കു വരും. അപ്പൊ അവനെ പോയി കണ്ടോളു." "ആ അതു ശരിയാ." നായർക്കുആശ്വാസമായി. "അല്ല നായരെ നിങ്ങൾ നേരത്തെ കുറേ ചവറുകൾ മാറ്റുന്നതു കണ്ടല്ലോ. എവിടുന്നാ ഇത്രേം ചവർ." ദാമു ചോദിച്ചു. "ഇന്ന് രാവിലെ കേശവൻ ആ പറമ്പിന്റെ മൂലയിൽ ചവറുകൾ കൊണ്ടോയിട്ടു. ഞാൻ അതു വൃത്തിയാക്കു തിരക്കിലായിരുന്നു." "ഏതായാലും നായർ ഒന്ന് ശ്രദ്ധിച്ചോ. കോളറ ആയോണ്ട് പെട്ടന്ന് പകരാൻ സാധ്യത ഉണ്ട്. പോരാത്തതിന് അവന്റെ വീട്ടിലേ ചവറുകളെല്ലാം നായരെ പറമ്പിലേക്കല്ലെ ഇടാറു." "ആ അതിനൊരു കുറവും ഇല്ലല്ലോ." നായർ വളരെ ശാന്തമായി പറഞ്ഞു. "ഞാൻ അവനോട് സംസാരിക്കാനോ." "വേണ്ട ഞാൻ തന്നെ സമയമാവുമ്പോൾ അവനോട് സംസാരിച്ചോളാം." ദാമു ഉമ്മറതിണ്ണയിൽ നിന്നും എണീറ്റു. "എന്നാൽ ഞാൻ ഇറങ്ങട്ടെ." ദാമു അവിടെ നിന്നും പോയി. നായർ ചാരുകസേരയിലേക്ക് ചാഞ്ഞു. കണ്ണനെ കുറിച്ചാ ലോചിച്ച് പാതിമയക്കത്തിലാണ്ടു.

പിറ്റേദിവസം രാവിലെ പതിവിലും നേരത്തെ നായർ വടക്കിനി മൂലയിലേക്കു ചെന്നു. തന്നെ പ്രതീക്ഷിച്ചു നിന്ന തൂമ്പയേയും അരിവാളിനേയും എടുത്ത് പറമ്പുമുഴുവൻ കണ്ണോടിച്ചു. എന്നാൽ കേശവന്റെ വീട്ടിലെ ചവർ ഇന്നവിടെ ഉണ്ടായിരുന്നില്ല. "ദേവി!ഞാനിതെന്താ കാണുന്നേ. എല്ലാ ദിവസവും എന്റെ പറമ്പിന്റെ മൂല ചവറു കൊണ്ട് നിറയാറുണ്ടല്ലോ. ഇന്നിതെന്തു പറ്റി." നായർ അത്ഭുതവാനായി. "ഓ അവൻ ആശുപത്രിയിലാണല്ലോ അല്ലേ, ഞാനതു മറന്നു. "നായർ തന്റെ മറ്റു ജോലികളിലേർപ്പെട്ടു. പെട്ടന്ന് നായർ ഒരു ശബ്ദം കേട്ടു. നായർ ശബ്ദം കേട്ട സ്ഥലത്തേക്ക് തിരിഞ്ഞു നോക്കി. ആ കാഴ്ച്ച കണ്ടു നായർ അന്താളി ച്ചു നേരത്തെ വൃത്തിയായി കിടന്ന പറമ്പിന്റെ മൂല ഇപ്പോൾ ചവറു കൊണ്ട് നിറഞ്ഞിരിക്കുന്നു. "ഓ കേശവനെത്തിയോ. ഇതിനി ആവർത്തിക്കരുതെന്ന് അവനോട് പറഞ്ഞു നോക്കിയാലോ.കണ്ണനെയും കാണാം." നായർ തന്റെ ജോലിയെല്ലാം തീർത്തു. എന്നിട്ട് കേശവന്റെ വീട്ടിലേക്കു പോയി.അവന്റെ വീടിനു മുമ്പിൽ ഒരു വലിയ ഗേറ്റ് തന്നെ ഉണ്ടായിരുന്നു. നായർ പതിയെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. വീട്ടിലെ ഭിത്തിയിലെ മണി അടിച്ചു. കേശവൻ കതകു തുറന്നു. നായർ വന്നതിന്റെ ഉദ്ദേശം കേശവന് നന്നായിട്ട് അറിയാമായിരുന്നു. "എന്താ, എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ " കേശവൻ ഈർഷ്യത്തോടെ ചോദിച്ചു. "എനിക്ക് കണ്ണനെ ഒന്ന് കാണണമാ യിരുന്നു" "അവനെ ഇപ്പൊ കാണാൻ പറ്റില്ല വേഗം പൊയ്ക്കോ" നായർക്കു വളരെ സങ്കടം തോന്നി "പിന്നെ എനിക്ക് വേറൊരു കാര്യം കൂടി പറയാനുണ്ടാ യിരുന്നു." "എന്താ എന്നു വച്ച പറഞ്ഞു തൊലക്ക്, പിന്നെ പണത്തിന്റെ കാര്യമാണ് എങ്കിൽ എന്റെ കയ്യിൽ പണമില്ല" നായർ അവനു നേരെ അസഹനീയമായി നോക്കി. " പണം ഒന്നുമല്ല" "പിന്നെന്തിനാ കെളവനിങ്ങോട്ട് കെട്ടിയെടു ത്തെ" "മോനെ എന്റെ പറമ്പിലേക്ക് ചവറി ടുന്നത് ഇനി നിർത്തണം " "എന്ത്‌ നിങ്ങളുടെ പറമ്പിലേക്ക് ഞാൻ ചവറി ട്ടെന്നൊ. അസംബന്ധം പറയാതെ." "പിന്നെ നീ തന്നെയല്ലേ എന്റെ പറമ്പിലേക്ക് ചവറിടാറു" നായർ ക്ഷമയോടെ അവനോടു കാര്യം പറഞ്ഞു. പക്ഷെ കേശവൻ ഒട്ടും സമ്മതിച്ചു കൊടുത്തില്ല. അവൻ നായർക്കു നേരെ ആക്രാഷിച്ചു. ഇനി പറഞ്ഞിട്ടു കാര്യമില്ല എന്നറിഞ്ഞ നായർ അവിടേ നിന്നും ഇറങ്ങി പോയി. വീട്ടിൽ എത്തിയ അദ്ദേഹം കിടക്കയിൽ ചാഞ്ഞു. ഉറക്കം പാതി വന്നപ്പോഴേക്കും ഉമ്മറത്തെ മണി അടിക്കുന്ന ശബ്ദം. നായർ ഒന്ന് നെട്ടി. പെട്ടന്ന് തന്നെ എണീറ്റു കതക് തുറന്നു. പുറത്തു കുറച്ചാളുകൾ പേനയും പുസ്തകവുമായി നിൽക്കുന്നു. അവരുടെയെല്ലാം കഴുത്തിൽ മാലയും അതിന്റെ അറ്റത്തു ഒരു പേപ്പറും പിടിപ്പിച്ചിരുന്നു. "നിങ്ങൾ ഒക്കെ ആരാ" "ഞങ്ങൾ ഓഫീസിൽ നിന്ന,ദാമുപറഞ്ഞുകാണുമല്ലോ" അപ്പോഴാണ് പരിസരം നോക്കാൻ ആൾക്കാർ വരുമെന്ന് ദാമു പറഞ്ഞത് നായർ ഓർക്കുന്നത്. "ആ അവൻ പറഞ്ഞിരുന്നു " "നിങ്ങളുടെ പറമ്പ് എവിടെയാ" "വരൂ" നായർ അവരെ പറമ്പ് എല്ലാം കാണിച്ചു. അവർ വളരെ വിസ്മയ ഭരിതരായി. കാരണം അവർ നിരീക്ഷിച്ച വീടുകളിൽ വച്ച്‌ ഏറ്റവും വൃത്തിയും പ്രകൃതി രമണീയതയും നായരുടെ വീടിനായിരുന്നു. അവർ നായരെ അഭിനന്ദിച്ചു. അവർ അവിടേ നിന്നും വളരെ തൃപ്തിയോടുകൂടി പോയി.

അന്ന് വൈകുന്നേരം ദാമു വന്നു. നായരോടു പറഞ്ഞു:"നായരെ കണ്ണനു രോഗം മൂർച്ചിച്ചിട്ടുണ്ട്. അവനെ വീണ്ടു ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇത്രയൊക്കെ രോഗം മൂർച്ചിച്ചിട്ടും കേശവൻ പരിസരം വൃത്തിയാക്കില്ല എന്നു വച്ച എന്താ ചെയ്യാ. എത്ര പ്രാവശ്യം അവനോടു പറഞ്ഞതാ. കാശ് കുറേ ചെലവാകുമാത്രേ.ഹും, ഞാൻ പോണു " ഇതും പറഞ്ഞ് ദാമു അവിടേ നിന്നും ഇറങ്ങി പോയി. കണ്ണന്റെ കാര്യം ആലോചിച്ചപ്പോൾ നായർ വളരെ ഏറെ തളർന്നു. "രോഗം കുറഞ്ഞപ്പോൾ അവനെ ആ വൃത്തിഹീന മായ നരകത്തിലേക്ക് കൊണ്ടു വരേണ്ടായിരുന്നു. ദേവി, എന്റെ കുഞ്ഞിന് ഒന്നും വരുത്തല്ലേ" നായർ ദീർഘശ്വാസം വലിച്ചു.

പിറ്റേന്ന് രാമൻ കുട്ടി നായർ തന്റെ തൂമ്പയുടെ അടുക്കൽ ചെന്നു കുറച്ചു നേരം അതിനെ തന്നെ നോക്കി നിന്നു. എന്നിട്ട് എന്തോ ആലോചനയിൽ മുഴുകി. പെട്ടെന്ന് നായർ പകൽ സ്വപ്നത്തിൽ നിന്നും ഉണർന്നു. തന്റെ തൂമ്പക്കു നേരെ അസഹനീയമായി നോക്കി. എന്നിട്ട് തൂമ്പയും എടുത്തു കേശവൻ ചവർ ഇടുന്ന സ്ഥലത്തേക്ക് നീങ്ങി. പക്ഷെ അവിടെ ചവർ ഇല്ലായിരുന്നു. ആ തൂമ്പയും പിടിച്ച് അവിടെ നിന്നും നായർ ആലോചനയിലേക്ക് ആഴ്ന്നിറങ്ങി. നായരുടെ മനസ്സ് മുഴുവൻ കണ്ണനെ കുറിച്ചുള്ള വേവലാതിയായിരുന്നു. കാരണം നായർ കണ്ണനെ അത്രമേൽ സ്നേഹിച്ചിരുന്നു. ആ സമയത്താണ് ദാമു അവിടേക്ക് ദൃതി പിടിച്ചു ഓടിവന്നത്. ആലോചനയിൽ നിന്നും നായർ പെട്ടന്ന് ഉണർന്നു. എന്നിട്ട് ദാമുവിനെ നോക്കി. കിതക്കുന്ന ദാമുവിനെ കണ്ടപ്പോൾ നായരുടെ മനസ്സിൽ പരിഭ്രാന്തി ഉണർന്നു. നായർ അവനോടു കാര്യം തിരക്കി. ദാമുവിന് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. ഒടുവിൽ അവൻ പറഞ്ഞു :"നായരെ, ആശുപത്രിയിൽ നിന്നും വിളിച്ചിരുന്നു. നമ്മുടെ കണ്ണൻ മരിച്ചു." ദാമു നിന്നു കിതച്ചു. നായർ ഒരു നിമിഷം കല്ല് പോലെ ഉറച്ചു നിന്നു. എന്നിട്ട് ഉരുവിട്ടു. "കേശവൻ.., അവസാനം അവൻ പണത്തിന്റെ മോഹം കാരണം പ്രകൃതിയുടെ മറ്റൊരു ജീവനെയും കൊന്നൊടുക്കിയിരിക്കുന്നു" നായരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ, തൂമ്പയിലൂടെ ഒലിച്ചിറങ്ങി ആ ചവറിടുന്ന മണ്ണിൽ പതിച്ചു.

ഫിദ ഫാത്തിമ കെ
8 B ജി വി എച്ച് എസ് എസ് കീഴുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ