ജി.യു.പി. സ്കൂൾ പൊന്മള/എന്റെ ഗ്രാമം
പ്രദേശത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
പൊന്ന് വിളയുന്ന ഗ്രാമം എന്ന അർത്ഥത്തിൽ “പൊൻമുള” എന്ന് അറിയപ്പെട്ടിരുന്ന പ്രദേശമാണത്രെ, പിൽക്കാലത്ത് “പൊൻമള”യായിത്തീർന്നത്. ഈ പ്രദേശത്തെ മണ്ണിന്റെ വളക്കൂറാണ് പ്രസ്തുത സ്ഥലനാമത്തിനാസ്പദമെന്ന് പറയപ്പെടുന്നു. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങൾ. സാമൂതിരി രാജാവും അദ്ദേഹത്തിന്റെ സാമന്തൻമാരുമായിരുന്നു ഇവിടുത്തെ ഭരണാധികാരികൾ. ഭൂസ്വത്തുക്കളിൽ ഭൂരിപക്ഷവും സാമൂതിരി കോവിലകം, കിഴക്കേകോവിലകം, വടക്കത്തുമന, പുല്ലാനിക്കാട്ട് മന തുടങ്ങിയ ജന്മികുടുംബങ്ങളും, പൊൻമളദേവസ്വവും ചേർന്നു കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഈ പ്രദേശത്തെ ജൻമി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പുവരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. പൊൻമളയുടെ ചില ഭാഗങ്ങൾ അന്നത്തെ ഗ്രാമ മുൻസിഫായിരുന്ന ചണ്ണഴി ഇല്ലത്തെ കുമാരൻ മൂസ്സത് എന്നയാളുടെ അധികാരപരിധിയിലായിരുന്നു. രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡൽ പ്രഭുവർഗ്ഗ സർവ്വാധിപത്യത്തിന്റെയും കയ്പുനീർ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവർഗ്ഗം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബഹുഭൂരിപക്ഷം ഗ്രാമീണരും ദാരിദ്യ്രത്തിന്റെയും വറുതിയുടെയും തടവുകാരായിരുന്നു. കാർഷികമേഖല മാത്രമായിരുന്നു ഏക വരുമാനമാർഗ്ഗം. ജന്മി-നാടുവാഴി സവർണ്ണക്കൂട്ടവും, കീഴാള അടിസ്ഥാനവർഗ്ഗവും എന്ന രണ്ടു തട്ടുകളിലായാണ് അന്നത്തെ സമൂഹഘടന വിഭജിക്കപ്പെട്ടിരുന്നത്. ജന്മിമാരുടെ പാട്ടക്കുടിയാൻമാരും അടിയാൻമാരുമായ കർഷക തൊഴിലാളികളായിരുന്നു ഭൂരിപക്ഷസാധാരണ ജനത. ഇടത്തരക്കാർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. കൃഷിക്കാരും കർഷക തൊഴിലാളികളും ദാരിദ്യ്രത്തിലും അജ്ഞതയിലുമായിരുന്നു ജീവിച്ചിരുന്നത്. 1921-ഏപ്രിൽ മാസത്തിൽ മഞ്ചേരിയിൽ ചേർന്ന കോൺഗ്രസ്സിന്റെ മലബാർ ജില്ലാ സമ്മേളനത്തിന്റെ തീരുമാനപ്രകാരം കൂരിയാട് പ്രദേശത്ത് ഖിലാഫത്ത് കമ്മിറ്റി നിലവിൽ വന്നു. ടി.എസ്.അബ്ദുള്ളക്കോയ തങ്ങളായിരുന്നു ഈ പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകൻ. 1930-കളുടെ അവസാനത്തിലാണ് ഈ പ്രദേശത്ത് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് നാന്ദി കുറിക്കുന്നത്. അക്കാലയളവിലാണ് പഞ്ചായത്തിലെ കൂരിയാട് പ്രദേശത്ത് ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനമാരംഭിക്കുന്നത്. 1937-ൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും, എ.വി.കുട്ടിമാളു അമ്മയുടെയും സാന്നിധ്യത്തിലായിരുന്നു കമ്മിറ്റി രൂപീകരണം. ചേങ്ങോട്ടൂർ, പൊൻമള പ്രദേശങ്ങളിൽ ജൻമിമാരുടെ നിരവധി അക്രമപിരിവുകൾക്കും ഒഴിപ്പിക്കലിനുമെതിരെ കൃഷിക്കാർ കർഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിരവധി പോരാട്ടങ്ങൾ നടത്തുകയുണ്ടായി. സാധാരണ ജനതയെ അനാചാരങ്ങളിൽ തളച്ചിട്ട നാടുവാഴി സവർണ മേധാവിത്വത്തിനെതിരെ പോരാട്ടങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ചേങ്ങോട്ടൂർ, പൊൻമള പ്രദേശങ്ങളിൽ പുരോഗമനപ്രസ്ഥാനങ്ങൾ ശക്തമായി രംഗത്തു വന്നു. മണ്ണഴി ശിവക്ഷേത്രം, പൊൻമള ശിവക്ഷേത്രം, എന്നീ ആരാധനാലയങ്ങളിൽ പ്രവേശിക്കാനോ, ക്ഷേത്രക്കുളത്തിൽ കുളിക്കാനോ, ക്ഷേത്രത്തിന്റെ മുമ്പിലുള്ള പൊതുവഴിയിലൂടെ നടക്കാനോ പിന്നോക്ക സമുദായക്കാർക്കു സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഈ അവകാശത്തിനുവേണ്ടി നടന്ന പോരാട്ടങ്ങൾ വിജയപര്യവസാനിയായിരുന്നു. ഗ്രാമീണ ജനതയെ അവകാശബോധമുള്ളവരും, ദേശീയബോധമുള്ളവരുമാക്കി തീർക്കുന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിച്ച രണ്ടു സ്ഥാപനങ്ങളാണ് മണ്ണഴി ബാപ്പുജി സ്മാരക വായനശാലയും പൊൻമള പൊതുജന വായനശാലയും. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. നിലത്തെഴുത്തു കേന്ദ്രങ്ങൾ മാത്രമായിരുന്നു അക്ഷരവിദ്യ പകർന്നു നൽകിയിരുന്ന സ്ഥാപനങ്ങൾ. വരേണ്യകുടുംബത്തിലുള്ളവർ കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമായിരുന്നു വിദ്യ നേടിയിരുന്നത്. പഞ്ചായത്തിൽ സ്ഥാപിതമായ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസകേന്ദ്രം ചാപ്പനങ്ങാടി ജി.എൽ.പി.സ്കൂളാണ്. തുടർന്ന് ആക്കപറമ്പ് എ.എം.എൽ.പി യും നിലവിൽവന്നു. പഞ്ചായത്തിലെ മുഖ്യറോഡായ വട്ടപ്പറമ്പ്-മണ്ണഴി റോഡിന്റെ നിർമ്മാണം നാട്ടുകാരുടെ സന്നദ്ധ പ്രവർത്തനത്തിന്റെ ഫലമാണ്. 1930-ൽ ഒളകര കുഞ്ഞിമുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു ഈ റോഡുനിർമ്മാണം നടന്നത്. പൊൻമളയിലെ ആദ്യകാല പൊതുപ്രവർത്തകനായിരുന്ന ശ്രീധരൻ നമ്പീശൻ, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന “നേവികലാപ”ത്തിൽ പങ്കെടുത്തതിനു ഇന്ത്യൻ നേവിയിൽ നിന്നു പിരിച്ചുവിടപ്പെട്ട വ്യക്തിയായിരുന്നു. 1960-ൽ അന്തരിച്ച അദ്ദേഹത്തിന്റെ സ്മരണ മുൻനിർത്തിയാണ് പൊൻമളയിലെ വായനശാലക്ക് ശ്രീധരൻ നമ്പീശൻ വായനശാല എന്ന് നാമകരണം ചെയ്തത്. പൊൻമളയിൽ നിന്നും ധാരാളം പേർ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവരിൽ പ്രധാനികളായിരുന്നു ഉണ്ണൻ, വേലായുധൻനായർ, ഹംസ, ഉണിച്ചുണ്ടൻ തുടങ്ങിയവർ. വളരെ പുരാതനമായ ഒരു തീർത്ഥാടനകേന്ദ്രമാണ് പഴയ റീസർവ്വെയിൽ കാഞ്ഞിരപ്പള്ളി എന്ന പേരിൽ തന്നെ സബ്ഡിവിഷൻ ചെയ്തിട്ടുള്ള കാഞ്ഞിരപ്പള്ളി ജാറം-ചിറ. പൊൻമള, കോൽക്കളം, ചേങ്ങോട്ടൂർ എന്നീ സ്ഥലങ്ങളിലെല്ലാം കാളപൂട്ടു മത്സരങ്ങൾ നടന്നിരുന്നു. ഗ്രാമീണ ജനതയെ ദേശീയ ബോധമുള്ളവരാക്കിതീർക്കുന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിച്ച സ്ഥാപനമാണ് ബാപ്പുജി സ്മാരക വായനശാല. ഭവദാസൻ നമ്പൂതിരിപ്പാട്, പി.വി.കൃഷ്ണൻനായർ തുടങ്ങിയവർ ഈ വായനശാലയുടെ സ്ഥാപകരും അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകരുമായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ സഹകരണ സ്ഥാപനം കോൽക്കളം ഐക്യനാണയ സംഘമായിരുന്നു.
സാംസ്കാരികചരിത്രം
“അമരകോശം” രചയിതാവും സംസ്കൃതപണ്ഡിതനും ആയുർവ്വേദാചാര്യനുമായിരുന്ന വൈദ്യവാചസ്പതി പരമേശ്വരൻമൂസ്സത് പൊൻമള സ്വദേശിയായിരുന്നു. പ്രശസ്ത നിയമപണ്ഡിതനും ഹൈക്കോടതി ജഡ്ജിയുമായിരുന്ന കൃഷ്ണൻ മൂസ്സത് പൊൻമള ചണ്ണഴികുടുംബാംഗമാണ്. സുപ്രീം കോടതി ജഡ്ജിയായിരുന്ന ബാലകൃഷ്ണൻ ഏറാടി കൃഷ്ണൻ മൂസ്സതിന്റെ പുത്രനാണ്. മലയാളനോവൽ സാഹിത്യരംഗത്തെ പ്രതിഭാധനനായ കെ.കെ.കുരിയാടും ഈ നാട്ടുകാരനാണ്. ഗ്രാമത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും മുസ്ളീങ്ങളാണ്. ഹിന്ദുക്കളും നല്ലൊരു ശതമാനമുണ്ട്. കൂടാതെ വിരലിലെണ്ണാവുന്ന ക്രിസ്തീയ കുടുംബങ്ങളുമുണ്ട്. 1912-ൽ ചാപ്പനങ്ങാടിയിൽ സ്ഥാപിച്ച ജി.എം.എൽ.പി.എസ് ആണ് ഇവിടെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥാലയങ്ങളും, വായനശാലകളും, കായിക ക്ളബുകളും, മഹിളാസംഘങ്ങളും ഗ്രാമത്തിന്റെ സാംസ്കാരികവികസനത്തെ ത്വരിതപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പൊൻമളയിലെ ശ്രീധരൻ നമ്പീശൻ സ്മാരകവായനശാലയും, മണ്ണഴിയിലെ ബാപ്പുജിസ്മാരക വായനശാലയും ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. 1951-ൽ ബാപ്പുജി സ്മാരക വായനശാലയും 1953-ൽ ശ്രീധരൻ നമ്പീശൻ സ്മാരക വായനശാലയും സ്ഥാപിതമായി. ചേങ്ങോട്ടൂർ ദേശത്തെ മണ്ണഴിയിലുളള പി.വി.കൃഷ്ണൻ നായർ, ഒ.രാമൻകുട്ടി മാസ്റ്റർ, കെ.സി.കൃഷ്ണൻ നായർ, പുല്ലാനിക്കാട് മനയിലെ ഭവദാസൻ നമ്പൂതിരിപ്പാട്, എം.മയാണ്ടി വൈദ്യർ എന്നിവരെല്ലാം ബാപ്പുജി സ്മാരക വായനശാലയുടെ സ്ഥാപകരും അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകരുമായിരുന്നു. പഞ്ചായത്തിൽ ആദ്യം നിർമ്മിക്കപ്പെട്ട മുസ്ളീംപള്ളി ചാപ്പനങ്ങാടി ജുമാഅത്ത് പള്ളി ആണ്. പഞ്ചായത്തിലെ ആദ്യത്തെ മഹിളാ സമാജം പ്രവർത്തിച്ചു തുടങ്ങിയത് പൊൻമള പ്രദേശത്തായിരുന്നു. കുഞ്ഞിഖദീജ ടീച്ചർ, കുമ്മിണിടീച്ചർ എന്നിവരായിരുന്നു മഹിളാസമാജത്തിന്റെ ആദ്യകാല സംഘാടകർ. ചാപ്പനങ്ങാടിയിലെ മുസ്ളീം മതപണ്ഡിതനും ആത്മീയനേതാവുമായ ബാപ്പു മുസ്ള്യാരും, മുസ്ളീം മതപണ്ഡിതരായ മച്ചിങ്ങലത്ത് കുഞ്ഞയമുട്ടി മുസ്ള്യാരും, കുരിയാട് തേനു മുസ്ള്യാരും പൊൻമള പഞ്ചായത്തിന്റെ സാംസ്ക്കാരിക വളർച്ചയിൽ നിസ്തുലമായ പങ്കു വഹിച്ച വ്യക്തികളാണ്. പൊൻമള അമ്പലവട്ടത്തുള്ള പൊൻമള ശിവക്ഷേത്രവും, മണ്ണഴി ശിവക്ഷേത്രവും വളരെ പൌരാണികമായ ദേവാലയങ്ങളാണ്.