കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാൽ 1912 -ൽ സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങൽ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂൾ പ്രവർത്തിച്ചിരുന്നത്. പാലേമ്പടിയൻ കദിയക്കുട്ടി ഉമ്മയുടെ പേരിൽ ബൃട്ടീഷ് സർക്കാർ ചന്ത അനുവദിച്ചപ്പോൾ അവരുടെ വീടിനടുത്തുള്ള തോട്ടത്തിൽ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂൾ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോൾ Calicut University B Ed Centreപ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്. 1959 ൽ യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തിൽ 1966 ൽ കുട്ടികളുടെ ആധിക്യം മൂലം സെഷണൽ സമ്പ്രദായം ഏർപ്പെടുത്തി. പരാധീനതകളിൽ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാൻ നാട്ടുകാർ ശ്രമമാരംഭിച്ചപ്പോൾ പടിക്കമണ്ണിൽ അലവി ഹാജി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിൻ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 ൽ 5 മുറിയിലുള്ള കെട്ടിടം സർക്കാർ നിർമ്മിച്ചു. അന്ന് മുതൽ രണ്ട് സ്ഥലത്തായാണ് സ്കൂൾ പ്രവർത്തിച്ചത്. കൂടുതൽ ക്ലാസ് മുറികൾ ലഭ്യമാക്കാൻ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ൽ സർക്കാർ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോൺട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എൻ.കെ. ഹംസ ഹാജി നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയിൽ 1997 ൽ 3 മുറികളോടെ ഡി.പി.ഇ.പി കെ‍ട്ടിടം പണി ഏറ്റെടുത്ത് പൂർത്തിയാക്കാൻ പി.ടി.എ ക്ക് സാധിച്ചു 1999 ൽ 18 ക്ലാസ് മുറികളോടെ ഗവ. കെട്ടിടം പണി പൂർത്തിയായി. 2000 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിച്ചു. വാടകക്കെട്ടിടം വിട്ടുകൊടുത്ത് പൂർണ്ണമായും ഒരേ സ്ഥലത്ത് വിദ്യാലയം പ്രവർത്തിക്കാൻ തുടങ്ങി. കുടിവെള്ള പ്രശ്നപരിഹാരമായി കുഴൽ കിണർ, കംപ്രസർ എന്നിവ സ്ഥാപിച്ചു.