ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അൻപത്തി നാല് സെൻ്റിലായി പത്തൊൻപത് ക്ലാസ് റൂമുകളാണ് ഞങ്ങൾക്കുള്ളത്..... പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്..

അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്.

പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ  കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക  മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്.

            ഒരു സ്ഥാപനത്തിന്റെ പാതിയിൽ അധികം വിജയം അടങ്ങിയിരിക്കുന്നത് പ്രസ്തുത വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിലാണ്.കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങളും, അതോടൊപ്പം  അവയുടെ സമയബന്ധിതമായ പരിപാലനവും  കുട്ടികളുടെയും അധ്യാപകരുടെയും, അതുവഴി ഒരു ചെറിയ സമൂഹത്തിന്റേയും ജീവിത വിജയങ്ങളിൽ സവിശേഷമായ പ്രാധാന്യം അർഹിക്കുന്നവയാണ്.          കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ

ഒരു പഴയ മുഖം

   സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന


വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിന്റെ

മനസ്സാക്ഷിയെ മടുപ്പിക്കുന്നു എന്ന് പറയാൻ സാധിക്കും. ഉറുമ്പുകൾ പോലും ഉറങ്ങാത്ത ക്ലാസ് മുറികളിൽ പ്രവേശനം ആഗ്രഹിച്ചു കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ അയയ്ക്കുന്നത്.അവരുടെ സ്വപ്നങ്ങൾക്ക് താങ്ങായി വർത്തിക്കുക എന്നതാണ് ഒരു മികച്ച ഭൗതിക പരിസരം കാത്തുസൂക്ഷിക്കുന്ന വിദ്യാലയത്തിന്റെ കടമ.

കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ..

സ്കൂൾ ലൈബ്രറി

"പുസ്തകമൊരുതരം  ലഹരിയാണ്

അനുഭവങ്ങൾ ചേർത്ത്..

അക്ഷരം മൂപ്പിച്ച്..

ഭാവന മേമ്പൊടി വിതറി ചേർത്ത..

ഹൃദയം കവരുന്ന ലഹരി.."

            പുസ്തകത്തെക്കുറിച്ചും  പുസ്തക വായനയെ കുറിച്ചൂം അത് ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കുവാനുതകുന്ന  തരത്തിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തനങ്ങൾ നടത്തി വരികയാണല്ലോ... അതിൻറെ ഭാഗമായുള്ള ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും കാലാകാലങ്ങളിലായി നടന്നുവരുന്നു. വായന കുറയുന്നു എന്ന പരാതികൾ ക്കിടയിലും പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന പുതുതലമുറയെ ചേർത്തു പിടിക്കുവാൻ മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു എന്നത് നിസ്സംശയമായ കാര്യമാണ്.. പണം കൊടുക്കാതെ തന്നെ വിവിധ ഭാഷകളിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ ഇന്ന് സ്കൂൾ ലൈബ്രറികളിൽ കുട്ടികൾക്കായി ലഭ്യമാണ്.. മാത്രമല്ല വായനയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സമയവും വിവിധ പ്രവർത്തന പദ്ധതികളും സ്കൂൾ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും നടന്നുവരുന്നു.. അതിൻറെ ഭാഗമായുള്ള പ്രത്യേക വായനാമുറി സജ്ജീകരണവും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കലും അത് അവതരിപ്പിക്കുവാൻ ഉതകുന്ന വിവിധ വേദികളും അനുബന്ധമായി എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടല്ലോ. സ്ഥലപരിമിതിയും, മറ്റ് തടസ്സങ്ങളും ഒഴിവാക്കി നിർത്തിയാൽ പ്രസ്തുത പ്രവർത്തനങ്ങൾ എല്ലാം ഞങ്ങളുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നുണ്ട്.

          ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ  മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്..




       എങ്കിലും തൽപരരായ എല്ലാ കുട്ടികൾക്കും എല്ലാ ആഴ്ചയിലും അവർ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കൊടുക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.. പ്രധാന ലൈബ്രറിയിൽ നിന്നും കൊടുക്കുന്ന പുസ്തകങ്ങൾ കൂടാതെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേകമായി ക്ലാസ് ലൈബ്രറി റാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ വായിച്ച് തീരുന്നതിന് അനുസരിച്ച് പഴയ പുസ്തകങ്ങൾ മാറ്റി പുതിയ വിതരണം ചെയ്യുവാൻ ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിച്ചു വരുന്നു..

        സ്കൂൾ ലൈബ്രറി ക്ക് വേണ്ടി ഒരു അധ്യാപകൻ/ അധ്യാപിക പൂർണ്ണ ചുമതല വഹിച്ചു വരുന്നു... ലഭ്യമായിട്ടുള്ള പുസ്തകങ്ങളുടെ കണക്കുകൾ സൂക്ഷിക്കുവാനും, പുതിയ പുസ്തകങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ കൂട്ടിച്ചേർക്കുവാനും പുസ്തക രജിസ്റ്ററിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുവാനും ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്..

               എല്ലാ പുസ്തകങ്ങൾക്കും ആയുള്ള സ്റ്റോക്ക് രജിസ്റ്ററുകൾ, എൽപി യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തക വിതരണ രജിസ്റ്റർ , ക്ലാസ് ലൈബ്രറി യിലേക്കുള്ള പുസ്തക വിതരണ രജിസ്റ്റർ, ക്ലാസ് അധ്യാപകരുടെ കയ്യിലുള്ള ബന്ധപ്പെട്ട ക്ലാസിലെ പുസ്തക വിതരണ രജിസ്റ്റർ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.

        ഓരോ ക്ലാസിലേയ്ക്കും ആവശ്യമായ പുസ്തകങ്ങൾ ചുമതലയുള്ള അധ്യാപകർ വഴി ബന്ധപ്പെട്ട ക്ലാസ് അധ്യാപകരിലേക്ക് ആണ് ആദ്യം കൈമാറുന്നത്. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.. കുട്ടികളുടെ നിശ്ചിതസമയത്തെ വായനയ്ക്കു ശേഷം തിരിച്ചുവാങ്ങി പുതിയവ  നൽകുന്നതിന് ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്..

എസ്. എസ് .എ, ഗ്രാമ പഞ്ചായത്ത് .ജില്ലാ.ബ്ലോക്ക്  പഞ്ചായത്ത്, സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഏജൻസികളിൽനിന്ന് കാലാകാലങ്ങളായി സ്കൂളിന് പുസ്തകങ്ങൾ ലഭ്യമായിട്ടുണ്ട്.അവ പ്രത്യേക തലക്കെട്ടിൽ നിശ്ചിത തീയതികൾ ഇട്ട് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്..

          നിലവിലെ സാഹചര്യത്തിൽ, സ്കൂൾ ലൈബ്രറിയ്ക്ക് അനവധി ആവശ്യങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ അടുക്കി സൂക്ഷിക്കുന്നതിന്  അലമാരകൾ, ലൈബ്രറി ക്കായി ഒരു പ്രത്യേക ക്ലാസ് മുറി, ബന്ധപ്പെട്ട ഫർണിച്ചറുകൾ, ഡാറ്റകൾ  സൂക്ഷിക്കുന്നതിനായി പ്രത്യേക കമ്പ്യൂട്ടർ, ഒരു ടിവി , സി .സി .ടി. വി തുടങ്ങി ആധുനിക യുഗത്തിലെ വായനാ ലോകം  കൂടുതൽ ആകർഷകമാക്കാൻ അനവധി ആശയങ്ങൾ മനസ്സിൽ ഉണ്ട്. ഇവയോരോന്നും പ്രാവർത്തികമാക്കുന്ന സമയത്തിനായി ഞങ്ങൾ എല്ലാ അധ്യാപകരും കാത്തിരിക്കുന്നു..

സ്മാർട്ട് ക്ലാസ് റൂമുകൾ

മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിലെ പഠനപ്രവർത്തനങ്ങൾ വിവിധ ഹൈടെക് രീതികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു.. പരമ്പരാഗത പഠന സമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമായി ഗവൺമെൻറിൻറെ വിവിധ നിർദ്ദേശങ്ങളും,പ്രവർത്തനങ്ങളും സ്വീകരിച്ച് വിവിധ പഠന രീതികൾ ഹൈടെക് സമ്പ്രദായത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു... വിവിധ ഹാർഡ്‌വെയർ ഉപകരണങ്ങൾ ഉപയോഗിക്കുക എന്നതിലുപരിയായി അവ സഹായകമായി രൂപപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക എന്നത് കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം.. ഗവൺമെൻറിൻറെ നിർദ്ദേശാനുസരണം ഓരോ ക്ലാസും ഹൈടെക് ക്ലാസ് റൂമുകൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പ്രാഥമിക നടപടികൾ ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.. ഇതിൻറെ ഭാഗമായി എസ് എസ് .എ പോലുള്ള വിവിധ ഏജൻസികൾ നൽകിയ ലാപ്ടോപ്പുകൾ അധ്യാപകർ ക്ലാസ് റൂമുകളിൽ ഉപയോഗിക്കുകയും കുട്ടികളുടെ പഠന സമ്പ്രദായങ്ങൾ വേറൊരു തലത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്... ക്ലാസുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രങ്ങൾ മുതലായവ വിവിധ ക്ലാസ് റൂമുകളിൽ ലാപ്ടോപ്പിലെ സഹായത്തോടെ പ്രദർശിപ്പിച്ചു വരുന്നു..

        ഇതുകൂടാതെ 4 ക്ലാസ് റൂമുകളിൽ  പ്രൊജക്ടർ, സ്ക്രീൻ എന്നിവ ഉറപ്പിച്ചുകൊണ്ട് അവ പൂർണ്ണമായും ഡിജിറ്റൽ ആക്കി മാറ്റിയിട്ടുണ്ട്... കുട്ടികൾക്കുള്ള  പാഠ്യ ഭാഗങ്ങൾ, അദ്ധ്യാപകർക്കുള്ള ലഘു കോഴ്സുകൾ, കുട്ടികൾക്കായുള്ള വിവിധ ബോധവൽക്കരണ ക്ലാസുകൾ  എന്നിവയെല്ലാം പ്രൊജക്ടർ സഹായത്തോടെ നടത്തിവരുന്നു.. ഇതു വലിയ മാറ്റങ്ങളാണ് കുട്ടികളിൽ ഉണ്ടാക്കിയിട്ടുള്ളത്.. ദൃശ്യ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉപയോഗിക്കുവാൻ ഞാൻ ഇത്തരം സാങ്കേതിക സഹായങ്ങൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.. മാത്രമല്ല ഇത് ഉപയോഗിക്കുവാൻ സന്നദ്ധനായ അധ്യാപകർക്ക് അവരുടെ അധരവ്യായാമം പരമാവധി കുറയ്ക്കുവാനും  ഇത് സഹായിച്ചിട്ടുണ്ട്..

     ഏകദേശം 10 ലധികം ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളിന് സ്വന്തമായുണ്ട്....  കൂടാതെ 15 ലധികം ഡെസ്ക്ടോപ് കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും  സ്വന്തമായുണ്ട്.. പുതിയ കെട്ടിടങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക്     അത് പൂർണമായും ഡിജിറ്റലൈസ് ചെയ്യണം.. കേടായ കമ്പ്യൂട്ടറുകൾ നന്നാക്കുകയും , ടിവി, പ്രൊജക്ടർ , സ്ക്രീൻ മുതലായവ ഉൾക്കൊള്ളുന്ന ഒരു വലിയ ഹാൾ  സ്കൂളിൽ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം...എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കത്തക്ക രീതിയിലേക്ക് മാറ്റണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം..

         അതുകൂടാതെ സ്കൂൾ ഓഫീസ്, കമ്പ്യൂട്ടർ റൂം മുതലായവയും ഇതിന്റെ ഭാഗമായി ഡിജിറ്റലൈസ് ചെയ്യേണ്ടതുണ്ട്... ആ പ്രവർത്തനവും സമീപഭാവിയിൽ പൂർത്തിയാക്കണം... എല്ലാ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്ന ഒരു അവസരവും ഞങ്ങൾ സ്വപ്നം കാണുന്നു.. കെ ഫോൺ പോലുള്ള സൗകര്യങ്ങൾ സമീപഭാവിയിൽ ഇത്തരം പ്രതീക്ഷകൾക്ക് സഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നു..

ഗണിത ലാബ്

സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ  വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്...

      ഇത്തരമൊരു ആശയം മുൻനിർത്തി ചിന്തിക്കുമ്പോൾ നമ്മുടെ സ്കൂളിലെ മികവാർന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടേണ്ടുന്ന ഒന്നാണ് ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ... പൊതുവേ  ചില കുട്ടികൾക്ക് ഗണിതാ ഭിമുഖ്യം വളരെ കുറവായി കാണാം. ആസ്വദിച്ച് പഠിക്കുന്ന തലത്തിലേക്ക് ഗണിതത്തെ കൊണ്ടുപോകുവാൻ ബന്ധപ്പെട്ട അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നു... ഇത്തരം സാഹചര്യങ്ങളെ കൂടുതൽ  മെച്ചപ്പെടുത്തി ആകർഷകമാക്കാൻ വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും വളരെയധികം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്... അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും വിവിധ ശില്പശാലകളും, ക്വിസ് മത്സരങ്ങളും സെമിനാറുകളും, ഗണിത മേളകളും വിവിധ വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.. അത്തരം പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ തുടർച്ച നിലനിർത്തുവാൻ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ  ശ്രദ്ധിച്ചു വരുന്നു.. അബ്ദുൾ ബഷീർ , അമൃത .പി രാമകൃഷ്ണൻ എന്നീ അധ്യാപകർ ഗണിത ക്ലബ്ബിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്ത് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു വരുന്നു..

       ഉപജില്ലാ ഗണിതശാസ്ത്രമേള യോടനുബന്ധിച്ച് മത്സരങ്ങളിലും സെമിനാറുകളിലും ഈ സ്കൂളിലെ കുട്ടികൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്... നമ്പർ ചാർട്ട് ,വർക്കിംഗ് മോഡൽ, ജോമട്രിക്കൽ ചാർട്ട് തുടങ്ങിയവയുടെ നിർമാണത്തിലും രൂപീകരണത്തിലും  വേണ്ട പരിശീലനം വിവിധ കാലഘട്ടങ്ങളിൽ നൽകിവരുന്നു..

    ഗണിതാശയങ്ങൾ എളുപ്പത്തിൽ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആയി സ്കൂൾതലത്തിൽ  വിവിധ ഗണിത ശില്പശാലകളും ഗണിത പഠനോപകരണ നിർമ്മാണവും നടത്തിയിട്ടുണ്ട്... 2019 ൽ രണ്ട് ഗണിത ശില്പശാലകൾ ബി. ആർ സി യുടെ സഹായത്തോടെ നടത്തപ്പെട്ടു.. ബി ആർ സി പരിശീലകരായ രൂപ ,ബീന ലിജിന തുടങ്ങിയവർ നേതൃത്വം നൽകിയ ഒരു ദിവസത്തെ ശില്പശാല വളരെയധികം രസകരവും അനുഭവവേദ്യവും ആയിരുന്നു... വിവിധ ഗണിത രൂപങ്ങളും, ചാർട്ടുകളും, ഗണിത പഠനത്തിന് ഉപകാരപ്പെടുന്ന നിർമ്മിതികളും ഈ ശില്പശാലയിൽ രൂപംകൊണ്ടു... അങ്ങനെ നിർമ്മിക്കപ്പെട്ട ഗണിത രൂപങ്ങളും ,ഗണിതാശയ നിർമ്മിതികളും പ്രത്യേക അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്... വിവിധ ക്ലാസുകളിലെ ഗണിത പഠനത്തിൽ ഇവ വലിയൊരു മുതൽക്കൂട്ടായി ഉപയോഗിക്കപ്പെടുന്നു... ഈ രണ്ട് ശിൽപശാലകളും അധ്യാപകരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവസാക്ഷ്യം കൂടിയായിരുന്നു...

    ഇതിൽ ഒരു ശില്പശാലയിൽ രക്ഷാകർതൃ കേന്ദ്രീകൃതമായ ഗണിത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നടത്തിയത്.... വീട്ടിലൊരു ഗണിതലാബ് എന്ന പദ്ധതി ഈ ശില്പശാല യിലൂടെ പ്രാവർത്തികമായി... ശിൽപ്പശാലകളിലൂടെ രൂപം കൊണ്ട പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകിയത് വേറിട്ടൊരു പഠന സാക്ഷ്യം കൂടിയായി... മാത്രമല്ല ഇത്തരം ശില്പശാലകൾ കുട്ടികളുടെ ഗണിത പഠനത്തിൽ  ഏതെല്ലാം വിധത്തിൽ രക്ഷകർത്താക്കൾക്ക് പിന്തുണ നൽകാമെന്ന ബോധ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നത് കൂടിയായിരുന്നു....

         ഉൽപ്പന്നങ്ങൾ ഏറെ... പക്ഷേ സൂക്ഷിക്കാൻ സുരക്ഷിതമായ  ഇടമില്ല എന്നതാണ് എവിടെ വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്നം... പരിമിതികൾ നേട്ടങ്ങൾ ആക്കുന്ന ഇവിടുത്തെ ഗണിതാധ്യാപകർ ആ സാഹചര്യവും അതിജീവിക്കും എന്ന് പ്രത്യാശിക്കുന്നു......

സയൻസ് ലാബ്

കുട്ടികളുടെ ജിജ്ഞാസയും കൗതുകവും ഏറ്റവുമധികം  ചൂഷണം ചെയ്യാൻ ഉതകുന്ന പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ കഴിയുന്ന വിഷയമാണ് അടിസ്ഥാനശാസ്ത്രം... ജൈവവ വും, അജൈവവും ആയ മേഖലകൾ ശാസ്ത്രസത്യങ്ങളുടെ മേമ്പൊടിയോടെ അവതരിപ്പിക്കുമ്പോൾ കുട്ടികളുടെ അറിവിന്റെ മേഖലകൾ ഏറെ വിശാലമാകുന്നു.. നിത്യജീവിതത്തിലെ വിവിധ പ്രവർത്തനങ്ങൾ , ശാസ്ത്ര മേഖലകളിലെ വിവിധ സംഭവങ്ങൾ എന്നിവ ശാസ്ത്രത്തിൻറെ അകമ്പടിയോടെ കുട്ടികൾക്ക് മുന്നിൽ വിശദീകരിക്കപ്പെടുമ്പോൾ    അവിടെ യഥാർത്ഥ പഠനം നിർവഹിക്കപ്പെടുന്നു എന്നു പറയാം...

     മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിനെ സംബന്ധിച്ചടത്തോളം വിവിധ ക്ലാസ്സുകളിലെ ശാസ്ത്രപഠനം ജീവ സുറ്റതാക്കാൻ ഓരോ അധ്യാപകരും കാലാകാലങ്ങളായി ശ്രമിച്ചിട്ടുണ്ട്.... അവർ ഉപയോഗിക്കുന്ന വിവിധ പഠന മാർഗങ്ങൾ ഒരു പരിധിവരെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്നവയായിരിക്കാൻ  ശ്രദ്ധിച്ചിട്ടുണ്ട്... വിവിധ സമയങ്ങളിൽ ഗവൺമെൻറ് ഏജൻസികൾ നൽകിയിട്ടുള്ള വ്യത്യസ്തമായ  പഠനോപകരണങ്ങൾ ഓരോ ക്ലാസും ആവശ്യപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.. ഒരു തടസ്സം എന്നും മുഴച്ച് നിൽക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ..

        പഠനോപകരണങ്ങൾ ക്കൊപ്പം വിവിധ രാസവസ്തുക്കൾ, വിവിധ ഉൽപ്പന്നങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കുവാൻ അനുയോജ്യമായ ഇടം ഇല്ല എന്നത് വലിയൊരു പോരായ്മയായി അനുഭവപ്പെട്ടിട്ടുണ്ട്... കുറച്ചു ക്ലാസ് റൂമുകളിലെ ഒറ്റപ്പെട്ട അലമാരകൾ മാത്രം ഇതിനായി ഉപയോഗപ്പെടുത്തിയ സാഹചര്യം നിലനിൽക്കുന്നു... ഫലപ്രദമായ ശാസ്ത്രപഠനം ആവശ്യപ്പെടുന്ന ഒരു ശാസ്ത്ര ലാബിനുള്ള സൗകര്യം ഒരു കിട്ടാക്കനിയായി ശേഷിക്കുന്നു എന്ന് പറയാം.. ഒരു പ്രൈമറി സ്കൂളിനെ സംബന്ധിച്ചടത്തോളം ശാസ്ത്ര പഠനം ഏറെ പ്രധാനപ്പെട്ടതാണ്... കുട്ടികളുടെ അറിവുകൾ വ്യത്യസ്തമായ മേഖലകളിലേക്ക് വളരെ വേഗം വ്യാപരിക്കുന്ന കാലഘട്ടമാണ് പ്രൈമറി സ്കൂൾ ജീവിതകാലഘട്ടം... മുതിർന്ന ക്ലാസുകൾ അലങ്കരിക്കുന്ന ശാസ്ത്ര ഇടങ്ങൾ പ്രാഥമികമായി ഒരുങ്ങേണ്ടത് പ്രൈമറി സ്കൂളുകളിൽ ആണ്... ഇവിടെയാണ് ഒരു പ്രത്യേക ശാസ്ത്ര ക്ലബ്ബിൻറെ പ്രസക്തി..

തുടർന്ന് വായിക്കുക >>ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ


പ്രീ പ്രൈമറി സ്കൂൾ

2018-19 അദ്ധ്യയന വർഷത്തിൽ 52കുട്ടികളും രണ്ടു അദ്ധ്യാപികമാരുമായി PTA യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീ പ്രൈമറി സ്കൂൾ ഇപ്പോൾ 4ആം വർഷത്തിൽ എത്തി നിൽക്കുന്നു.തുടക്കത്തിൽ ആശങ്കകളും സംശയങ്ങളും ഒട്ടേറെ ഉണ്ടായിരുന്നു എങ്കിലും വളരെ വേഗം തന്നെ പ്രീ പ്രൈമറി സ്കൂളിന്റെ ഒരു നല്ലഭാഗമായി മാറി. ഓരോ വർഷവും പ്രീ പ്രൈമറിയിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണവും കൂടി വരുന്നുണ്ട്, ഇന്ന് 67ഓളം കുട്ടികൾ LKG, UKG ക്ലാസ്സുകളിലായി പഠിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചതോടെപ്രീ പ്രൈമറിയുടെ പ്രവർത്തനങ്ങളും ഓൺലൈൻ ആയി മാറി. പഠനത്തോടൊപ്പം ദിനാചരണങ്ങളും മാറ്റാഘോഷ ദിനങ്ങളും കഥളിലൂടെയും, പാട്ടുകളിലൂടെയും, വരകളിലൂടെയും, മറ്റും കുഞ്ഞുങ്ങൾ നമുക്ക് മുന്നിലേക്കെത്തിച്ചു. അച്ചടക്കവും കൃത്യതയുമുള്ള പഠന പ്രവർത്തങ്ങൾ കുട്ടികൾ ചെയ്യുന്നു. ക്ലാസ്സ്‌ മുറികളിൽ എത്താനും കൂട്ടുകാരോടൊത്തു കളിക്കാനുമൊന്നും കഴിയാത്ത വിഷമം കുഞ്ഞുങ്ങൾ ദിവസേന എന്നോണം ആവർത്തിക്കുന്നു. ഓൺലൈൻ ആയി മാറിയ പഠന ത്തിൽ കുട്ടികൾക്ക് എല്ലാപിന്തുണയും നൽകുന്ന രക്ഷിതാക്കൾ ആണ് നമ്മുടെ പ്രീ പ്രൈമറിയുടെ വിജയം.


ഉയരുന്ന പ്രതീക്ഷകൾ

ഇരിട്ടി സബ് ജില്ലയിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് വിദ്യാലയമാണ് ഇത്. അഞ്ഞൂറോളം കുട്ടികൾ എല്ലാ വർഷവും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു.. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള  ഈ വിദ്യാലയത്തിന്റെ പോഷക പ്രദേശങ്ങൾ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്നു.. മുഴക്കുന്ന് ഗ്രാമം, തളി പ്പോയിൽ, ഓട്ട മരം, മുടക്കോഴി, അടക്ക പീടിക, പെരിങ്ങാനം തുടങ്ങിയ ധാരാളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു മേഖലയാണ് ഈ  വിദ്യാലയത്തിന്റെ സ്നേഹ വലയത്തിൽ ഉള്ളത്.           ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതവും, 5, 6 ,7 ക്ലാസുകളിൽ 3 ഡിവിഷൻ വീതവും പ്രവർത്തിക്കുന്നു..

       ഇത്രയും കുട്ടികൾക്ക് ആവശ്യമായ പുതിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഇല്ല എന്നു പറയാൻ കഴിയും. ഒരു കളിസ്ഥലം സ്വന്തമായി ഈ വിദ്യാലയത്തിന് ഇല്ല. ഏകദേശം 50 സെന്റിൽ കെട്ടിടങ്ങൾ മാത്രമായി ആണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം.. ഈ വക പരിമിതികൾക്കിടയിൽ, ലൈബ്രറി,ലാബ് സംവിധാനങ്ങൾ പ്രത്യേക ഇടങ്ങളിൽ ഇല്ലാതെയാണ് പ്രവർത്തിച്ചുവരുന്നത്... നിലവിലുള്ള കെട്ടിടങ്ങൾ തന്നെ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്... അതോടൊപ്പം തന്നെ കുട്ടികൾക്ക് സ്വതന്ത്രമായി നടക്കുവാൻ പോലുമുള്ള സൗകര്യങ്ങളും പരിമിതമാണ്.. പുതുതായി എത്തിച്ചേരുന്ന ഒരാൾക്ക് ഈ സ്ഥലപരിമിതി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും.. ചെറുതെങ്കിലും, അസംബ്ലി കൂടുവാനുള്ള ഒരു ഇടം സ്വന്തമായി ഉണ്ടാവുക എന്നത് ഈ വിദ്യാലയത്തിന്റെ സ്വപ്നമാണ്... അതോടൊപ്പം എല്ലാ കുട്ടികൾക്കും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള  ഇടങ്ങളും ഈ സ്വപ്നങ്ങളുടെ ഭാഗമാണ്..

     അനേകം നിവേദനങ്ങളുടെ അഭ്യർത്ഥനകളുടെയും ഫലമായി, പൊതുവിദ്യാലയ ശാക്തീകരണത്തിൽ ഈ വിദ്യാലയവും ഇടംപിടിച്ചിട്ടുണ്ട്... നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നു... നിലവിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് 9 ക്ലാസ് മുറികളുടെ നിർമ്മാണം അതിന്റെ പ്രാരംഭ ദശയിലാണ്.. എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കപ്പെട്ട കെട്ടിടത്തിനു മുകളിൽ ആയി 6 ക്ലാസ് മുറികളും, നിലവിലുള്ള ഓഫീസിനോട് ചേർന്ന് 3 ക്ലാസ് മുറികളും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു..

        പ്രസ്തുത അസൗകര്യങ്ങൾക്ക് സൗമ്യമായ ഒരു പരിഹാരം ഒരു സ്വപ്ന സാക്ഷാത്കാരം പോലെ സമീപഭാവിയിൽ പൂർത്തിയാകുമെന്ന  പ്രതീക്ഷ പുലർത്തിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയ പ്രവർത്തനങ്ങൾ ഇന്നും സജീവമായി തുടരുന്നു...

പുതിയ സ്കൂൾ കെട്ടിട നിർമ്മാണം... ഒരുക്കങ്ങൾ

ഏതൊരു വിദ്യാലയത്തിന്റേയും  ഏറ്റവും ആകർഷകമായ ഘടകം അതിന്റെ ഭൗതിക പരിസ്ഥിതി ആണ്.. വിദ്യാർഥികളെ ചേർത്തു നിർത്തുവാൻ  ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് ഭൗതികസൗകര്യങ്ങൾ.. അത്തരമൊരു മേഖലയിൽ ഞങ്ങളുടെ വിദ്യാലയം ധാരാളം പരിമിതികൾ അനുഭവിക്കുന്നു.. കേവലം 54 സെന്റിൽ ചെറിയ ചെറിയ കെട്ടിടങ്ങളിലായി നാനൂറിലധികം വിദ്യാർഥികൾ കാലാകാലങ്ങളായി അധ്യയനം നടത്തുന്നു.. വിവിധ കാലഘട്ടങ്ങളിൽ  ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾക്കായി  ഇവിടുത്തെ അധ്യാപക രക്ഷാകർത്തൃ സമൂഹം പരിശ്രമിച്ചു വരികയായിരുന്നു.. ഇത്തരം പരിശ്രമങ്ങൾ ഏകദേശ ഫലം കണ്ടതിന്റെ തെളിവുകളായി 9 ക്ലാസ് റൂമുകൾ ഉള്ള ഒരു മൂന്നുനില കെട്ടിടം ഞങ്ങളുടെ വിദ്യാലയ കോമ്പൗണ്ടിൽ  ഉയർന്നുവരുന്നു.. ഗവൺമെൻന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക പരിസരം മെച്ചപ്പെടുത്തുന്നതിന് പ്ലാൻ ഫണ്ടിൽനിന്ന് ആവശ്യമായ തുക അനുവദിച്ചു വരികയായിരുന്നു... 300 കുട്ടികളിൽ അധികം ഉള്ള വിദ്യാലയങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ച സാഹചര്യത്തിന്റെ ഫലമായി ഞങ്ങളുടെ വിദ്യാലയത്തിനും ഒന്നേകാൽ കോടി രൂപ അനുവദിക്കപ്പെട്ടു... അങ്ങനെ കൂത്തുപറമ്പ് ആസ്ഥാനമായ മരാമത്ത് വിഭാഗം  ,അനുവദിക്കപ്പെട്ട ക്ലാസ് റൂമുകളുടെ പണി ഏറ്റെടുക്കുകയും നിർമ്മാണം ദ്രുത ഗതിയിൽ തുടങ്ങുകയും ചെയ്തു... 2021 നവംബർ മുതൽ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു ... പൊതുമരാമത്ത് വിഭാഗം ഇരിട്ടി സെക്ഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്..

       

ഒരു പൊതു വിദ്യാലയത്തിന്റെ നിർമ്മാണം എന്ന നിലയ്ക്ക് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു തറക്കല്ലിടൽ കർമ്മം നടത്തുവാൻ സ്കൂൾ പി.ടി.എ തീരുമാനിച്ചു.. ജനപ്രതിനിധികളെയും, രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലമായ ഒരു സ്വാഗതസംഘം ഇതിനായി രൂപീകരിക്കുവാൻ പ്രസ്തുത കമ്മിറ്റി തീരുമാനിച്ചു.. അങ്ങനെ അവരുടെ ശ്രമഫലമായി രാജ്യസഭാ എം.പി ഡോക്ടർ ശിവദാസൻ അവർകൾ പ്രസ്തുത തറക്കല്ലിടൽ കർമ്മം നിർവഹിക്കുവാൻ സന്നദ്ധനായി... ഈ വിവരം സ്കൂൾ പി.ടി.എ യോഗം കൂടി ചർച്ച ചെയ്യുകയും പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയാക്കുവാൻ എല്ലാ വിഭാഗം ജന പങ്കാളിത്തവും ഉൾക്കൊണ്ട് വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിക്കുവാൻ തീരുമാനിച്ചു.. അങ്ങനെ 2022 ജനുവരി മാസം നാലാം തീയതി പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ഉൾക്കൊള്ളുന്ന ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു... പ്രസ്തുത യോഗത്തിൽ വെച്ച് 2022 ജനുവരി മാസം ഒൻപതാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കപ്പെടുവാൻ  ധാരണയായി.. പി .ടി .എ പ്രസിഡണ്ട് ശ്രീ. പത്മനാഭൻ അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികൾ, മറ്റ് അഭ്യുദയ കാംക്ഷികൾ എന്നിവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി സംസാരിച്ചു.. യോഗത്തിൽ വെച്ച് വിവിധ കമ്മിറ്റികൾ രൂപംകൊണ്ടു... ജനുവരി ഒമ്പതാം തീയതി നടക്കുന്ന ചടങ്ങ് ഏറ്റവും ഭംഗിയായി , നാടിന്റെ ഒരു ആഘോഷമായ വിധത്തിൽ സംഘടിപ്പിക്കുവാൻ ധാരണയായി... പുതിയ കെട്ടിടത്തിന്റെ രൂപരേഖ രണ്ട് ഫ്ലക്സുകളിലൂടെ മുഴക്കുന്ന് അങ്ങാടിയിലും, സ്കൂൾ പരിസരത്തും പ്രദർശിപ്പിക്കുവാൻ തീരുമാനിക്കപ്പെട്ടു.. ചെറുതെങ്കിലും ആകർഷകമായ ഒരു വേദിയിൽ വെച്ച് പ്രസ്തുത പ്രോഗ്രാം നിർവഹിക്കപ്പെടുവാൻ എല്ലാവരും താൽപര്യം കാണിച്ചു... കൂടാതെ അന്നേ ദിവസം വന്നുചേരുന്ന എല്ലാവർക്കും പാൽപായസം വിതരണം ചെയ്ത് നിങ്ങളുടെ സന്തോഷം പങ്കുവെക്കുവാനും  ധാരണയായി... പുതിയ കെട്ടിടത്തിനായി മണ്ണ് മാറ്റുന്ന പ്രവർത്തിയും, പൈലിങ് ജോലികളും ഇതേസമയം ധൃതഗതിയിൽ  നടന്നുവരുന്നു എന്നത് നിങ്ങളുടെ പ്രതീക്ഷകൾക്ക് കൂടുതൽ ശോഭ പകരുന്നു...

    സ്കൂളിന്റെ ഭാവി വികസനത്തിനായി മൂന്നു നിവേദനങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് നൽകുവാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.. ഒരു സ്കൂൾ ബസ്, മനോഹരമായ ചുറ്റുമതിൽ, കളി സ്ഥലത്തിനായി മണ്ണ് നീക്കൽ എന്നീ പ്രവൃത്തികൾ ആണ് ഈ നിവേദനത്തിന്റെ ലക്ഷ്യങ്ങളായി ഉള്ളത്...സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഹീം കൺവീനറായും, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി .ബിന്ദു  ചെയർമാനായും ഉള്ള കമ്മിറ്റി ആണ് സ്കൂൾ നിർമാണപ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നത്..

            കാക്കയങ്ങാട് ഉരുവച്ചാൽ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഞങ്ങളുടെ വിദ്യാലയം  നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഏറ്റവും മനോഹരമായ ഒരു വിദ്യാലയം ആയി ലഭിക്കും എന്ന വിശ്വാസം ഞങ്ങളുടെ ഓരോ ദിവസത്തെയും കൂടുതൽ ദീപ്തമാക്കുന്നു...

സ്കൂൾ കെട്ടിടം ഉദ്ഘാടനം... 2022 നവംബർ 21 തിങ്കളാഴ്ച 2.30

പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 നവംബർ 21 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് കേരള സ്പോർട്സ് ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ അവർകൾ നിർവഹിച്ചു.. മുഴക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അധ്യക്ഷയായിരുന്നു.. ഇരിട്ടി ഓഫീസിലെ സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, എക്സിക്യൂട്ടീവ് എൻജിനീയർ കെട്ടിട  വിഭാഗം തലശ്ശേരി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി, അധ്യാപകർ, പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും,  നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.. സ്കൂളിൽ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിനോയ് കുര്യൻ അവർകൾ നിർവഹിച്ചു.. എൽ.എസ്.എസ് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.. കോൺട്രാക്ടർ ശ്രീ അജീന്ദ്രൻ, ആദ്യകാല പി.ടിഎ  പ്രസിഡൻറ് ശ്രീ പരമേശ്വരൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.. വളരെ ചിട്ടയോടുകൂടി നടത്തപ്പെട്ട ഈ പ്രോഗ്രാം ജനശ്രദ്ധ ആകർഷിച്ചു.

സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് 12 ഫാനുകൾ സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി.. 2005 വർഷം ഈ സ്കൂളിൽ പഠിച്ചിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്.. ഏകദേശം 22,000 രൂപ അതിനായി ഈ കുട്ടികൾ സമാഹരിച്ചു...നാല് റൂമുകളിൽ ഈ ഫാനുകൾ ഉപയോഗപ്പെടുത്തുന്നതോടുകൂടി കൂടുതൽ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും..   സ്കൂളിൽ വച്ച് നടത്തിയ ലഘുവായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷ ടീച്ചർ ഫാനുകൾ ഏറ്റുവാങ്ങി.. പ്രസ്തുത ബാച്ചിലെ വിദ്യാർത്ഥിയായ ശ്രീ രാജേഷ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.. ഈ പൂർവ വിദ്യാർത്ഥികളോടുള്ള നന്ദിയും സ്നേഹവും  അധ്യാപകർ അവരെ അറിയിച്ചു...