ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു വിദ്യാലയം ഏറ്റവും മികച്ചതായി രേഖപ്പെടുത്തപ്പെടുന്നത്, അവിടെ പഠിക്കുന്ന കുട്ടികളുടെയും , അവരെ പഠിപ്പിക്കുന്ന അധ്യാപകരുടെയും കൂട്ടായ്മയിലും, സഹകരണത്തിലും, സ്നേഹത്തിലുമാണ്. വിദ്യാലയത്തിൽ നടത്തുന്ന എല്ലാ വിധ പ്രവർത്തനങ്ങളും വിജയം കൈവരിക്കുന്നത് പ്രസ്തുത ഘടകങ്ങളുടെ ഏകോപനത്തിൽ മാത്രമാണ്.. അധ്യാപകരുടെ ഇച്ഛാശക്തിക്കൊപ്പം കുട്ടികളുടെ വിധേയത്വവും കൂടിച്ചേരുമ്പോൾ എല്ലാവിധ പ്രവർത്തനങ്ങളും ഫലപ്രാപ്തിയിൽ എത്തിച്ചേരും...

      ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം എല്ലാവിധ അനുകൂലനങ്ങളും സമഞ്ജസമായി സമ്മേളിപ്പിച്ച് ഓരോ പ്രവർത്തനവും വിജയകരം ആക്കുക എന്ന ദൗത്യം കാലാകാലങ്ങളായി ഓരോ അധ്യാപകരും അതോടൊപ്പം അവരുടെ വിദ്യാർത്ഥികളും ശിരസാവഹിച്ച് വരുന്നു.. അക്കാദമിക പ്രവർത്തനങ്ങളിൽ ഈ കൂട്ടായ്മ ഭൂരിഭാഗം അവസരങ്ങളിലും വിജയം കണ്ടിട്ടുണ്ട്..

      അനേകം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനി ടയിൽ കുട്ടികളുടെ പരിപൂർണ്ണമായ പങ്കാളിത്തം ഉറപ്പാക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ അധ്യാപകർ ശ്രദ്ധിച്ചിട്ടുണ്ട്.. അങ്ങനെ കുട്ടികളുടെ മനസ്സുകൾ കീഴടക്കിയ അനേകം പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു സ്കൂൾതല തെരഞ്ഞെടുപ്പ്.. തികച്ചും പരമ്പരാഗതമായ രീതിയിൽ ഉള്ള തെരഞ്ഞെടുപ്പുകൾ ഈ വിദ്യാലയങ്ങളിൽ കാലാകാലങ്ങളായി നടന്നിട്ടുണ്ട്.. കാലത്തിനനുസരിച്ചുള്ള മാറ്റം നമ്മുടെ രാജ്യത്തിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടല്ലോ.. ഈ മാറ്റം കുട്ടികൾക്ക് കൂടി അനുഭവവേദ്യമാ ക്കുന്നതിനും, അവരുടെ ഭാവി തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സജീവമായി പങ്കെടുക്കുന്നതിനും ഞങ്ങൾ തീരുമാനിച്ചിരുന്നു..





അതിനെ തുടർന്ന് ഹൈടെക് രീതിയിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഒരു മിനി ഹൈടെക് തെരഞ്ഞെടുപ്പ് സമ്പ്രദായം വിവിധ വർഷങ്ങളിൽ ഞങ്ങൾ ആവിഷ്കരിച്ചു.. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു രീതി ആവിഷ്കരിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്.. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും, വോട്ടർപട്ടിക ഉണ്ടാക്കുകയും, അനുയോജ്യമായ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർ വഴി വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന ആധുനിക സമ്പ്രദായം ഞങ്ങളും ആവിഷ്കരിച്ചു... വോട്ടർമാരെ തിരിച്ചറിയുകയും, മഷി പുരട്ടുകയും, ഇലക്ട്രോണിക് വോട്ടിംഗ് രീതി പിന്തുടരുകയും ഒക്കെ അടങ്ങിയ സമഗ്രമായ ആധുനിക തെരഞ്ഞെടുപ്പ് സമ്പ്രദായം ഞങ്ങളുടെ വിദ്യാലയത്തിലും പല വർഷങ്ങളിലായി ആവിഷ്കരിക്കുക യുണ്ടായി..

      ശ്രീ അബ്ദുൾ ബഷീർ മാസ്റ്ററുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് വോട്ടർപട്ടിക തയ്യാറാക്കുകയും, ആവശ്യമുള്ള ഉള്ള ബാലറ്റ് പേപ്പറുകൾ തയ്യാറാക്കുകയും ചെയ്തു.. ചിഹ്നങ്ങളുടെ തെരഞ്ഞെടുപ്പ്, അവ ബാലറ്റ് പേപ്പറിൽ പ്രിൻറ് ചെയ്യൽ, തെരഞ്ഞെടുപ്പ് വിജ്ഞാപനം, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ എല്ലാവിധ തെരഞ്ഞെടുപ്പ് സമ്പ്രദായ ഘടകങ്ങളും ഒന്നിപ്പിക്കുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു..

       തെരഞ്ഞെടുപ്പ് തീയതി മുൻകൂട്ടി അറിയിച്ച്, സ്ഥാനാർഥികളെ തെരഞ്ഞെടുത്ത് ഏറ്റവും മികച്ച ഒരു തെരഞ്ഞെടുപ്പ് അന്തരീക്ഷം സൃഷ്ടിക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രമിച്ചിരുന്നു... കുട്ടികളിൽ ആവേശം വിതറുവാൻ അനുയോജ്യമായ സമയങ്ങളിൽ തെരഞ്ഞെടുപ്പ് ക്യാമ്പെയിൻ സംഘടിപ്പിക്കുവാനും ഞങ്ങൾ ശ്രദ്ധിച്ചു..

    വോട്ടെണ്ണൽ ദിനത്തിലെ ആവേശം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ഓരോരുത്തരുടെയും മനസ്സിൽ സൂക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ ഫലപ്രദമായി ഞങ്ങൾ ഉപയോഗിച്ചു.. ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ കുട്ടികൾക്കും തുല്യമായ പങ്കാളിത്തം ഉറപ്പുവരുത്താൻ ഞങ്ങൾ ശ്രദ്ധിച്ചു.. വിജയികളെ പ്രഖ്യാപിച്ചതിനുശേഷം ചുമതലകൾ ഏറ്റെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നല്ലൊരു വേദിയിൽ തന്നെ നടത്തുന്നതിനും , ഈ ചടങ്ങിന് ഗൗരവം ഉൾക്കൊണ്ട് പങ്കെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു ... വെറും ആവേശം മാത്രമല്ല, ഉത്തരവാദിത്വബോധം  ഉള്ള ഒരു ഇന്ത്യൻ പൗരന്റെ മനോഭാവം എല്ലാ കുട്ടികളിലും സൃഷ്ടിക്കുന്നതിനും ഈ ഹൈടെക് തെരഞ്ഞെടുപ്പു രീതി സഹായകരമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു..

       ഈ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെ ഓരോ പ്രവർത്തനവും, ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തി അവർ രക്ഷിതാക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന് യൂട്യൂബ് ചാനൽ ഉപയോപ്പെടുത്തുവാനും ഞങ്ങൾ ശ്രദ്ധിച്ചു.. ഓരോ രക്ഷിതാവിനും  തങ്ങളുടെ കുട്ടികളിലും, അവരുടെ വിദ്യാലയത്തിലും, അധ്യാപകരിലും  ഉള്ള വിശ്വാസം ഒന്നുകൂടി  ദൃഢമാക്കുന്നതിനും ഈ പ്രവർത്തനം വളരെയധികം സഹായകമായി എന്ന് പറയാതെ വയ്യ...