ജി.യു.പി.എസ് മുഴക്കുന്ന്/പരിസ്ഥിതി പഠന യാത്രകൾ

പരിസ്ഥിതി പഠന യാത്രകൾ

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി, ശാസ്ത്രപഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്  ചുവട് പിടിച്ച്, പരിസ്ഥിതി പഠന പദ്ധതികൾ ഗവൺമെൻറ് നടപ്പിലാക്കി വന്നിരുന്നു.. അതിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിൽ നിന്നും വിവിധ മേഖലകളിലേക്ക് ഉള്ള പരിസ്ഥിതി പഠനയാത്രകൾക്ക് അനുമതി നൽകിയിരുന്നു... പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും, അവയുടെ പ്രാധാന്യം വിവിധ വിവരം സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കുകയും, അവയുടെ കൃത്യമായ ഡോക്യുമെൻററി തയ്യാറാക്കി മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുക എന്നതായിരുന്നു ഇത്തരം യാത്രകളുടെ പ്രവർത്തനക്രമം.. ശാസ്ത്രപഠനത്തിൽ തൽപരരായ കുട്ടികളെ തിരഞ്ഞെടുത്ത്, ഒന്നിലധികം ദിവസങ്ങൾ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തി , അവയുടെ പ്രത്യേകതകൾ അനുഭവവേദ്യം ആക്കുക എന്നതായിരുന്നു പ്രവർത്തനരീതി..

    ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും, 2010 നു ശേഷം തുടർച്ചയായ വർഷങ്ങളിൽ ഔദ്യോഗികമായ ധാരാളം പഠനയാത്രകൾ നടത്തിയിട്ടുണ്ട്.. ഇതുകൂടാതെ പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ സമീപ പ്രദേശങ്ങളിലേക്ക് ലഘു പരിസ്ഥിതി പഠന യാത്രകൾ നടത്തിയിട്ടുണ്ട്... നേരിട്ട് കണ്ട് അനുഭവവേദ്യം ആക്കുക എന്ന പഠനരീതി അവലംബിച്ചായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.. വിവിധ കാലഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനം ചെയ്ത ധാരാളം അധ്യാപകർ ഇതിനു ചുക്കാൻ പിടിച്ചിട്ടുണ്ട്.. ശ്രീ ടി പി സുരേഷ് കുമാർ, പ്രദീപ് .പി .പി, അബ്ദുൾ ബഷീർ തുടങ്ങിയവർ ഈ മേഖലയിൽ എടുത്ത താൽപര്യവും, പരിശ്രമവും ശ്രദ്ധേയമാണ്.. നാടിന് ഏറ്റവും സമീപസ്ഥമായ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലം എന്ന നിലയിൽ ആറളം വന്യജീവി സങ്കേതത്തിലേക്ക് ധാരാളം വർഷങ്ങളിൽ പഠനയാത്രകൾ നടത്തിയിട്ടുണ്ട്.. ഔദ്യോഗികമായി അനുമതി വാങ്ങുകയും, ഒന്നോ രണ്ടോ ദിവസം താമസിക്കുവാനുള്ള സൗകര്യം ഉറപ്പാക്കുകയും ചെയ്തതിനുശേഷമാണ് ഇത്തരം പ്രദേശങ്ങളിലേക്ക് പഠനയാത്രകൾ സംഘടിപ്പിച്ചിട്ടുള്ളത്.. 20 മുതൽ 25 കുട്ടികൾ വരെ അടങ്ങുന്ന ഓരോ സംഘം ആയിട്ടാണ് വിവിധ വർഷങ്ങളിൽ ഇത്തരം പഠനയാത്രകൾ നടത്തിയിട്ടുള്ളത്... താമസം, ഭക്ഷണം, പഠനം , റിപ്പോർട്ട് തയ്യാറാക്കൽ, സംശയനിവാരണം നടത്തൽ, പ്രകൃതിയെ അനുഭവിച്ചറിയൽ തുടങ്ങിയ ഏറ്റവും ഹൃദ്യമായ പഠനാനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുവാൻ ഇത്തരം പഠനയാത്രകൾ വഴി സാധിച്ചിട്ടുണ്ട്...

        അനർഘമായ അനേകം ജീവിത നിമിഷങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുവാൻ ഇത്തരം ഒത്തുചേരലുകൾ ക്ക് സാധിച്ചിട്ടുണ്ട്... കേവലം വിനോദോപാധി എന്ന നിലയിൽ കാണാതെ, ശ്രദ്ധേയമായ അനേകം പഠനാനുഭവങ്ങൾ കുട്ടികളുടെ  ജീവിതത്തിലേക്ക് പകർന്നു നൽകുവാൻ പ്രസ്തുത പ്രവർത്തനങ്ങൾ വഴി ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്..