വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട്, അധിക വായനയ്ക്കും, അനുബന്ധ പ്രവർത്തനങ്ങൾക്കും ഉള്ള അവസരം ഞങ്ങൾ ഓരോ അധ്യാപകരും കൊടുക്കാറുണ്ട്.. പഠനയാത്രകൾ, ലഘു പ്രോജക്റ്റുകൾ, വിവര ശേഖരണം തുടങ്ങി ഓരോ വിഷയത്തിനും അനുയോജ്യമായ നിരവധി പ്രവർത്തനങ്ങൾ കാലാകാലങ്ങളായി ചെയ്തുവരുന്നു... രണ്ടായിരത്തി ഇരുപത് വർഷത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്ക് ഒരു അധിക പഠനപ്രവർത്തനം ആയി നാട്ടറിവുകൾ സമാഹരിക്കുക എന്ന ലഘു പ്രോജക്ട് നൽകപ്പെട്ടു... അവരുടെ അവിടെ അടിസ്ഥാന ശാസ്ത്രപഠനത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം നൽകിയത്... നാട്ടറിവുകൾ പ്രത്യേകിച്ചും നാട്ടു മരുന്നുകൾ ഏതൊക്കെ എന്ന് അറിയുകയും അവയുടെ പ്രയോജനം തിട്ടപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു കുട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളി..

       ചെറിയ മുറിവു മുതൽ വലിയ അസുഖങ്ങൾക്ക് വരെ ധാരാളം നാട്ടുമരുന്നുകൾ നമുക്ക് ചുറ്റുമുണ്ട്.. നാം അധിവസിക്കുന്ന ഓരോ പ്രദേശത്തിലൂം നിരവധി നാട്ടുമരുന്നുകൾ , പ്രത്യേകിച്ചും ഔഷധഗുണമുള്ള പച്ച മരുന്നുകൾ കാണാൻ കഴിയും... എന്നാൽ ഓരോ ഓരോ ചെറിയ സസ്യങ്ങളുടെയും, വള്ളികളുടെയും, പച്ചിലകളുടേയും ഔഷധഗുണം ആർക്കും കൃത്യമായി അറിയുകയില്ല... ഇതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക ധാരണ എങ്കിലും കുട്ടികൾക്ക് ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു ഈ പ്രോജക്റ്റിന് ഞങ്ങൾ സയൻസ് അധ്യാപകർ ഒരുമ്പെട്ടത്...

     ഇത്തരം കാര്യങ്ങളിൽ അറിവുള്ള ഒരു നാട്ടുവൈദ്യനെ കാണുവാൻ ആയിരുന്നു ഞങ്ങളുടെ ശ്രമം... മുഴക്കുന്ന് പ്രദേശത്ത് തന്നെയുള്ള മുകുന്ദൻ വൈദ്യരെയാണ് ഈ വിവരശേഖരണത്തിന് ഞങ്ങൾ ആശ്രയിച്ചത്..

        അദ്ദേഹത്തിന് ഒരു ചെറിയ മരുന്നുകട സ്വന്തമായി മുഴക്കുന്ന് അങ്ങാടിയിൽ ഉണ്ട്... കൂടാതെ നാടൻ പച്ചമരുന്നുകളുടെ കൃഷിയും ഉണ്ട്... അദ്ദേഹത്തിന്റെ സൗകര്യാർത്ഥം വൈദ്യശാലയിൽ പോവുകയും ഒരു ചെറിയ മുഖാമുഖം സംഘടിപ്പിക്കുകയും ചെയ്തു.. തലേദിവസത്തെ ക്ലാസിൽ വച്ച് ചോദിക്കേണ്ട ചോദ്യങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾ ആലോചിച്ച് തയ്യാറാക്കിയിരുന്നു... അധ്യാപകരുടെ നിർദ്ദേശങ്ങളും തുണയായി... ആറാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 10  കുട്ടികൾ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും വിവരശേഖരണം നടത്തി അവ ക്രോഡീകരിക്കുകയും ചെയ്തു.. ഒരുമണിക്കൂറോളം മുകുന്ദൻ വൈദ്യർ ഞങ്ങളുടെ കൂടെ കൂടെ സമയം ചെലവഴിച്ചു...

          അദ്ദേഹം പകർന്നു നൽകിയ നാടൻ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ, അവയുടെ ഫോട്ടോകൾ എന്നിവ സമാഹരിച്ച് ഒരു പഠനയാത്ര റിപ്പോർട്ട് ആയി കുട്ടികൾ  തയ്യാറാക്കി... അവ ക്ലാസ് ലൈബ്രറിയിൽ  പ്രദർശിപ്പിക്കപ്പെട്ടു....

            അനുദിനം മൺമറഞ്ഞു പോകുന്ന നാട്ടറിവുകൾ സമാഹരിച്ച് പുതിയ തലമുറയെ കൂടി  അനുദിന ജീവിതത്തിന് പ്രാപ്തനാക്കുക എന്ന ആശയത്തിന്റെ ഒരു ഭാഗം സാക്ഷാത്കരിച്ചു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു... ഇനിയുള്ള പഠന യാത്രകളിൽ ശ്രീ മുകുന്ദൻ വൈദ്യരുടെ ഔഷധത്തോട്ടം ഞങ്ങളുടെ പഠനവിഷയം ആയിരിക്കും.....