ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/അപ്പു
അപ്പു
അപ്പു വീട്ടിൽ നിന്നിറങ്ങി. നേരെ പള്ളിക്കുടത്തിലേക്ക് നടന്നു. 'അപ്പൂ' മീരയുടെ വിളി അവനെ നിർത്തിച്ചു. അവർ രണ്ടുപേരും നടന്നു. എന്താ അപ്പൂ, ഒന്നും മിണ്ടാത്തെ അമ്മ ദേഷ്യപ്പെട്ടോ? അപ്പു 'ഉം’ എന്ന് മൂളി. അപ്പുവും മീരയും രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവർ പള്ളിക്കുടം ലക്ഷ്യമാക്കി നടന്നു. അപ്പുവിന്റെ ചേച്ചി പൂജ ഏഴിലാണ്. അപ്പുവിന് മുടി ചീകിക്കൊടുക്കുന്നതു വരെ പൂജ തന്നെയാണ്. അന്നു വൈകുന്നേരം അപ്പുവും മീരയും നടന്നു പോവുമ്പോൾ കുറേ ആൾക്കാർ എല്ലുമുറിയെ പണിയെടുക്കുന്നത് അവർ കണ്ടു. അവരുടെ വേഷം കണ്ടാലറിയാം, അവർ വേറെ നാട്ടിൽ നിന്ന് വന്നതാണെന്ന്. അപ്പുവിന് അവരെക്കുറിച്ചറിയാൻ ജിജ്ഞാസയായി. അപ്പുവിന് അവരെക്കുറിച്ചറിയാൻ അമ്മയോട് ചോദിക്കണമെന്നു- ണ്ടായിരുന്നു. പക്ഷെ, താൻ അമ്മയോട് പിണക്കമല്ലേ എന്ന ചിന്ത അവനെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. എന്നാൽ അവൻ ജിജ്ഞാസ അടക്കാനാ വാതെ ചോദിക്കുക തന്നെ ചെയ്തു. അമ്മ അവരുടെ കഷ്ടപ്പാടും അവർ അന്യദേശത്ത് നിന്ന് കാടും മലയും ചവിട്ടി ഇങ്ങോട്ട് പണിക്കായി വന്നതാണെന്നും പറഞ്ഞു കൊടുത്തു. കാട് എന്ന് കേട്ടപ്പോൾ കാടിനെക്കു റിച്ചറിയാൻ ആകാംക്ഷയായി. അമ്മ കാടിനെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു. അമ്മയുടെ വർണ്ണനയിൽ മുഴുകി അപ്പു ഇരുന്നു. അമ്മ വർണ്ണിച്ചു കഴിഞ്ഞപ്പോൾ കാട് കാണണമെന്ന 'ആഗ്രഹം' അമ്മയോട് പറഞ്ഞു. ഇത് കേട്ട് അമ്മയ്ക്കും സന്തോഷമായി. അമ്മയും വിചാരിച്ചിരുന്നു ഒന്നു കാടു കാണണം എന്ന്. അമ്മ പറഞ്ഞു 'ഞാൻ അച്ഛനോട് ചോദിക്കാം കാട്ടിൽ പോവാൻ ഒരു ടൂർ പ്ലാൻ ചെയ്യാൻ’. ഇത് കേട്ടപ്പോൾ അപ്പുവിന് ആവേശം ഏറി വന്നു. അന്ന് രാത്രി അച്ഛനും അമ്മയും കിടക്കുന്ന മുറിയിൽ നിന്നും ടൂറിനെ പറ്റിയുള്ള സംസാരം അപ്പു കേട്ടു. അച്ഛൻ പെട്ടിയെല്ലാം കാറിൽ കയറ്റി. അപ്പു വലിയ സന്തോഷത്തിലാണ്. കാരണം, അവന്റെ ആഗ്രഹം സഫലമാവാൻ പോവുന്നു. കൂടെ മീരയുമുണ്ടെന്നറിഞ്ഞപ്പോൾ അവന്റെ സന്തോഷത്തിന് അതിരില്ലാതായി. അവർ പുറപ്പെട്ടു. വഴിയിലെ കാഴ്ചകൾ ആസ്വദിച്ച് അവർ കാട്ടിലേക്ക് പ്രവേശിച്ചു. കാറിൽ നിന്നിറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു 'ഈ കാടാണ് 'പൂക്കാണ്ടി മലക്കാട്' കുട്ടികൾ സൂക്ഷിക്കണം. അപ്പുവും മീരയും ചുറ്റുപാടും അത്ഭുതത്തോടെ നോക്കിന്നിന്നു. അപ്പോഴാണ് മനോഹരമായ ഒരു പൂമ്പാറ്റ അതിലൂടെ പറന്നുപോയത്. മീര അതുപോലെ മനോഹരിത ഉളള ഒരു പൂമ്പാറ്റയേയും കണ്ടിട്ടില്ലായിരുന്നു. അത്കൊണ്ട് തന്നെ അവളെ അത് വല്ലാതെ ആകർഷിച്ചു. മീര അതിന്റെ പിറകേ ഓടി. 'മീരേ നിൽക്കൂ' എന്ന് പറഞ്ഞുകൊണ്ട് അപ്പുവും അവളുടെ പിറകേ ചെന്നു. അപ്പുവിന്റെ വിളി ഓട്ടത്തിനിടയ്ക്ക് മീര കേട്ടില്ല. എത്ര സമയം ഓടിയെന്നറിയില്ല. ക്ഷീണിച്ചപ്പോൾ മീര ഓട്ടം നിർത്തി. പിറകിലതാ അപ്പു. 'നീ എന്തിനാണ് ഇത്രയും നേരം ഓടിയത്’. വാ നമുക്ക് തിരിച്ചു പോവാം. അമ്മയും അച്ഛനും കാത്തിരുക്കുകയാവും. അവർ തിരിച്ചു പോവാനൊരുങ്ങിയപ്പോഴാണ് വഴിയറിയില്ലെന്ന് മനസ്സിലായത്. മീര കരച്ചിലായി പക്ഷെ അപ്പു ധൈര്യം കൈവിട്ടില്ല. ഊഹം വെച്ച് അവൻ ഒരു വഴിയിലൂടെ നടന്നു. അവർ കുറേ നടന്നു വിശന്നു വലഞ്ഞു. അപ്പുവിന്റെ ധൈര്യം അപ്പോഴേക്കും ചോർന്നു പോയിരുന്നു. അങ്ങനെ സന്ധ്യാനേരത്ത് അവർ ഒരു കുടിൽ കണ്ടു. അത് ഒരു വേടന്റെയാണെന്ന് വീട് കണ്ടാൽ മനസ്സിലാകും. കാരണം, വീടിന്റെ മേൽക്കൂരയിൽ പുലിത്തോൽ വിരിച്ചിരുന്നു. അവിടെ അഭയം പ്രാപിക്കാം എന്ന് അവർ തീരുമാനിച്ചു. അങ്ങനെ അവർ രണ്ടുപേരും കൂടി കുടിലിന്റെ വാതിലിൽ മുട്ടി. 'ആരെടാ അത്' ഉള്ളിൽ നിന്നൊരു ശബ്ദം. അപ്പു കുറച്ചു നേരം പകച്ചു നിന്നു. അപ്പോഴേക്കും വേടൻ വാതിൽ തുറന്നു. മീര അപ്പുവിന്റെ പുറകിലോട്ട് ഒളിച്ചു നിന്നു. കുട്ടികളെ കണ്ട് വേടൻ അത്ഭുതപ്പെട്ടു. ഈ കൊടുംകാട്ടിൽ രണ്ട് കുട്ടികൾ തനിച്ച്. വേടൻ അവരെ ഉള്ളിൽ കൊണ്ടിരുത്തി. അപ്പു സംഭവമല്ലാം പറഞ്ഞു. വേടന് സങ്കടം തോന്നി. വേടൻ ഭാര്യയെ വിളിച്ച് എല്ലാകാര്യങ്ങളും പറഞ്ഞു കൊടുത്തു. അവർ സന്തോഷത്തോടെ അവരെ നോക്കി. അവർ വയറ് നിറയുവോളം ഭക്ഷണം കൊടുത്തു. ആർത്തിയോടെ അപ്പുവും മീരയും അത് കഴിച്ചു. വേടന്റെ ഭാര്യ അവർക്ക് പുല്ലുമെത്ത ഒരുക്കി. അവർ അന്ന് സുഖമായി ഉറങ്ങി. പിറ്റേന്ന് രാവിലെ തന്നെ വേടൻ കുട്ടികളേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. ഇൻസ്പെക്ടർ അപ്പുവിനോട് ചോദിച്ചു മോനേ 'വീടെവിടെയാണെന്നറിയാമോ’? അപ്പു മറുപടി പറഞ്ഞു കതിനൂർ ഗ്രാമത്തിലെ രണ്ടാമത്തെ വീടാ ഇൻസ്പെക്ടർ നാലു ചായ വരുത്തി. അപ്പുവും മീരയും അത് ചൂടോടെ തന്നെ കുടിച്ചു. ഉടൻ തന്നെ കതിനൂർ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. തങ്ങൾ എത്രയും വേഗം പുറപ്പെടാമെന്നും രക്ഷിതാക്കളേയും കൂട്ടാമെന്നു പറഞ്ഞ് അവർ ഫോൺ വെച്ചു. അപ്പുവും മീരയും സ്റ്റേഷൻ പരിസരവും ചുറ്റി നടക്കുമ്പോൾ സ്റ്റേഷന്റെ മുറ്റത്ത് രണ്ട് പോലീസ് ജീപ്പും ഒരു കാറും വന്നു നിന്നു. ഇൻസ്പെക്ടർ മുറ്റത്തേക്ക് നടന്നു. പിന്നാലെ കുട്ടികളും വേടനും. അപ്പോഴേക്കും വാഹനങ്ങളിൽ നിന്നും അവർ ഇറങ്ങി കഴിഞ്ഞിരുന്നു. അപ്പു അമ്മയേയും അച്ഛനേയും കണ്ടപാടെ ഓടി വന്ന് കെട്ടിപ്പിടിച്ചു. 'മോനേ നിങ്ങൾ എവിടെയായിരുന്നു’. സങ്കടത്തോടെ അമ്മ ചോദിച്ചു. അപ്പു കഥകളെല്ലാം പറഞ്ഞുകൊടുത്തു. അപ്പുവിന്റെ അമ്മ രണ്ടു പേരെയും കെട്ടിപ്പിടിച്ചു. മീരയുടെ അമ്മ വന്നിട്ടുണ്ടായിരുന്നില്ല. അവർ ഈ കാര്യം അറിഞ്ഞിരുന്നില്ല. അപ്പുവിന്റെ അച്ഛനും വേടനും ഇൻസ്പെക്ടറും പോലീസ്ക്കാരും കുറേ സംസാരിച്ചു. അപ്പുവിന്റെ അമ്മ അവനെ തഴുകിക്കൊണ്ടിരുന്നു. അവർക്ക് തന്റെ മകനെ മതിയായിരുന്നു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ