ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊറോണയും അപ്പൂസിന്റെ ചിന്തകളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും അപ്പൂസിന്റെ ചിന്തകളും

നേരം പുലർന്നു. അപ്പൂസ് കണ്ണും തിരുമ്മി എഴുന്നേറ്റു വന്നു. അടുക്കളയിലെങ്ങും ആരെയും കാണുന്നില്ല. അപ്പൂസ് വരാന്തയിലേക്ക് ഇറങ്ങി നോക്കി. മുറ്റമടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.. അവൻ അങ്ങോട്ട്‌ നടന്നു. ഉമ്മ മുറ്റമടിക്കുകയാണ്. തൊട്ടടുത്ത് ഒരു വടിയും പിടിച്ച് അനിയൻ നിൽക്കുന്നുണ്ട്. അടിച്ചുവാരിയ ചമ്മലൊക്കെ ഉമ്മ ഒരു തെങ്ങിൻചുവട്ടിലേക്ക് ഇടുന്നത് അവൻ നോക്കി നിന്നു. അപ്പോഴാണ് ഒരു പ്ലാസ്റ്റിക് കവർ തെങ്ങിൻചുവട്ടിൽ കിടക്കുന്നത് അപ്പൂസ് കണ്ടത്. അവൻ ഓടിച്ചെന്ന് ആ പ്ലാസ്റ്റിക് കവർ എടുത്ത് പ്ലാസ്റ്റിക് ഇട്ടുവെക്കുന്ന ചാക്കിൽ നിക്ഷേപിച്ചു. അത് നിറഞ്ഞിട്ടുണ്ട്. "വെസ്റ്റെടുക്കാൻ വരുന്ന ചേട്ടൻ ഇപ്പോൾ എന്താ വരാത്തത്? " അപ്പൂസ് ഉമ്മയോട് ചോദിച്ചു. "കൊറോണ ആയത് കൊണ്ട് ആർക്കും പുറത്തിറങ്ങാൻ പറ്റില്ലല്ലോ അതുകൊണ്ടായിരിക്കും വരാത്തത് " ഉമ്മ മറുപടി പറഞ്ഞു. ഉമ്മയും കൂട്ടരും ആയിരിക്കും വെസ്റ്റൊക്കെ എടുക്കുക എന്ന് അയൽക്കൂട്ടത്തിലെ ചേച്ചിമാരും ഉമ്മയും പറയുന്നത് കേട്ടിരുന്നു. ഇനിയിപ്പോ കൊറോണ ആയത്കൊണ്ട് അതൊക്കെ ഇല്ലാതായിട്ടുണ്ടാവോ എന്നൊക്കെ ആലോചിച്ച് അവനങ്ങനെ നിൽക്കുമ്പോഴാണ് ഉമ്മയുടെ ചോദ്യം. "നീ പല്ലുതേച്ചോ"? ഇല്ല എന്ന് അവൻ ആംഗ്യം കാണിച്ചു. " പല്ല് തേച്ചിട്ട് വാ. ചായ കുടിക്കാം " ഉമ്മ പറഞ്ഞു. അപ്പൂസ് ബ്രെഷ് എടുത്ത് പല്ല് തേക്കാൻ പോയി.കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകണമെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്.ഇല്ലെങ്കിൽ കൊറോണ വരുമത്രേ.. കയ്യും വായും നന്നായി കഴുകണമെന്ന് കുറേ മുമ്പ്തന്നെ ടീച്ചർ പറഞ്ഞിട്ടുണ്ട്. കൊറോണ വരുമെന്ന് ടീച്ചർക്ക് കുറേ മുമ്പ് തന്നെ അറിയാമായിരിക്കുമോ!! അപ്പൂസ് സംശയിച്ചു


അർസൽമർജാൻ.കെകെ
5 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ