ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/ഏകാന്തതയുടെ നിഴലിൽ
ഏകാന്തതയുടെ നിഴലിൽ
ഞാൻ ഒറ്റക്കുട്ടി; പതിനൊന്ന് വയസ്സ്. ഞങ്ങളുടെ അയൽപക്കത്ത് കുട്ടികൾ കുറവാ. ഉണ്ടെങ്കിൽ തന്നെ കാണില്ല. വലിയ മതിലുകൾ. അവിടെയും എന്നെ പോലെ ഒറ്റക്കുട്ടികളുണ്ടാവുമോ... ഇടയ്ക്കൊക്കെ അച്ഛനും അമ്മയും എന്റെ കൂടെ കളിക്കാൻ വരാറുണ്ട്. ഇടയ്ക്ക് മാത്രം...എന്റെ സങ്കടം കാണുമ്പോൾ അച്ഛൻ പറയും ചുറ്റും നോക്കൂ എന്ന്. ശരിയാ! അടുത്ത വീട്ടിലെ കളിപ്പൊയ്കയിൽ മീനുണ്ടെന്ന് കൊതിച്ചെത്തി നിരാശയോടെ പറന്നകലുന്ന പൊന്മാനുണ്ട്; തിളങ്ങുന്ന നീലയും പച്ചയും ഉടുപ്പിട്ട സുന്ദരൻ. പിന്നെ മൂന്ന് പട്ടിക്കുട്ടികൾ- ഉപേക്ഷിച്ചു പോയ അമ്മയെ തിരഞ്ഞു നടക്കുകയാ അവറ്റ. അണ്ണാറക്കണ്ണനും കരിയിലക്കിളികളും മാത്രമാണ് ഉത്സാഹത്തോടെ എപ്പോളും ചിലച്ച് ബഹളമുണ്ടാക്കുന്നവർ. വല്ലപ്പോളും വിരുന്നു വരുന്ന തേൻകുരുവികൾ പക്ഷെ തിടുക്കക്കാരാണ്. വർണ്ണക്കുപ്പായങ്ങൾ അണിഞ്ഞെത്തുന്ന ശലഭങ്ങളാണ് എനിക്കേറ്റവും പ്രിയപ്പെട്ടവർ. വേറെയും ചില വില്ലന്മാരുണ്ട്. കീരിയമ്മയും മൂന്ന് മക്കളും രാവിലേം വൈകീട്ടും ചറുപറേന്ന് തിരക്കിട്ട് പോകുന്നത് കാണാം. അപ്പൊ നിങ്ങള് ചോദിക്കും പാമ്പുണ്ടോന്ന്. ഉണ്ട്. ഒന്നാന്തരം മൂർഖൻ. ഞാനതിന്റെ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. അങ്ങനെയോർക്കുമ്പോൾ ഞാൻ ഒറ്റയ്ക്കല്ല; നമ്മളാരും ഒറ്റയ്ക്കല്ല. എന്തോരം പേരാ നമുക്കൊപ്പം! ഒരു ദിവസം പുളിഞ്ചോട്ടിൽ നിന്ന് ഞാൻ, ബൈനോക്കുലറിലൂടെ പക്ഷിനിരീക്ഷണം നടത്തുകയായിരുന്നു. അടുത്ത വീടിന്റെ മുറ്റത്ത് വന്ന് നിന്ന കാറിൽ നിന്ന് അച്ഛനും അമ്മയും രണ്ട് പെൺകുട്ടികളും ഇറങ്ങുന്നത് അപ്പോളാണ് ശ്രദ്ധിച്ചത്. ഇളയ കുട്ടിക്ക് എന്റെ പ്രായമാണെന്ന് തോന്നി. അവൾ എന്നെ കണ്ടു, ചിരിച്ചു, കൈ വീശി; ഞാൻ തിരിച്ചും. കറിവേപ്പിൻ പൂക്കളിൽ തേനുണ്ണാൻ വരുന്ന പൂമ്പാറ്റകളുടെ ഫോട്ടോ എടുക്കുവാൻ ശ്രമിക്കുന്ന സമയത്താണ് അവൾ വന്നത്. അങ്ങനെയാണ് ഞങ്ങൾ കൂട്ടായത്. ഓടിപ്പിടുത്തം, പട്ടം ഉണ്ടാക്കി പറപ്പിക്കൽ, സൈക്കിൾ ചവിട്ടൽ, സാറ്റ് കളി -ദിവസം മുഴോൻ കളിയോടു കളി. നേരം വൈകുന്നേന് അമ്മ വഴക്കു പറയുമ്പൊ മാത്രം വിഷമത്തോടെ കളി നിർത്തും. രാത്രീൽ സ്വപ്നം കാണുന്നത് പോലും അടുത്ത ദിവസത്തെ കളികളെ പറ്റിയായിരിക്കും. ഒരു ദിവസം രാവിലെ അവളുടെ വീട്ടിൽ പോകാനായി തിടുക്കപ്പെടുമ്പൊ 'ഇനി അവിടെ കളിക്കാൻ പോണ്ട, മൊളേ' എന്ന് അച്ഛൻ പറഞ്ഞു. അവളുടെ അച്ഛൻ കൊറോണരോഗികളെ ചികിത്സിക്കുന്ന ഡോക്റ്റർ ആണത്രെ. ഞാൻ ചിണുങ്ങി വാശി പിടിച്ചപ്പൊ, അകലം പാലിച്ചേ പറ്റൂന്ന് അച്ഛൻ കടുപ്പിച്ചു. മതിലിനപ്പുറത്ത് നിന്ന് അവളും സങ്കടത്തോടെ പറഞ്ഞു: എന്റച്ഛനും സമ്മതിക്കുന്നില്ല. എത്ര കൊതിച്ചിട്ടാ ഒരു കളിക്കൂട്ടുകാരിയെ കിട്ടീത്. എന്നിട്ടിപ്പൊ. സഹിക്കാൻ കഴിഞ്ഞില്ല. അന്ന് മുഴോൻ ഞാൻ കരഞ്ഞു. അവളും കരഞ്ഞിട്ടുണ്ടാകുമോ? രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു. ഞാൻ 'ചാർളി ചാപ്ലിന്റെ കുട്ടിക്കാലം' വായിച്ച് ചെറുതായി സന്തോഷിച്ചും ഒരുപാട് സങ്കടപ്പെട്ടും ഇരിക്കുമ്പൊ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. അവൾ! വിശ്വസിക്കാനായില്ല, ആഹ്ലാദത്താൽ ശ്വാസം മുട്ടുന്നത് പോലെ. വരൂ, മോളെ, അച്ഛൻ അവളെ അകത്തേക്ക് ക്ഷണിക്കുന്നത് കേട്ടു. കയറിണില്ല മാമാ, ഞാൻ യാത്ര പറയാൻ വന്നതാ. കൊറോണാഹോസ്പിറ്റലാണത്രെ അച്ഛന്റെ ആശുപത്രി. ഇനി ഇവിടെ നിക്കണ്ടാന്ന് അച്ഛൻ പറഞ്ഞു. ഞാനും ചേച്ചീം നാട്ടിലേക്ക് പോകുവാ. അവൾ പോയി. ഞാൻ വീണ്ടും ഏകാന്തതയുടെ കരിനിഴലിൽ.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ