ജി.യു.പി.എസ്. ചെങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോങ്ങയും കൊട്ടാവും മടിയിൽകിടത്തി താലോലിക്കുന്ന ചെങ്ങര ഗ്രാമത്തെ നാലു ദിക്കുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന കുട്ടിക്കുന്നുകൾ. കുന്നുകളിറങ്ങി വയലേലകളെ തഴുകി കുണുങ്ങിക്കുണുങ്ങിയെത്തുന്ന ഇളം കാറ്റ് ഗ്രാമത്തെ കുളിരണിയിക്കുന്നു. മലയുടെ താഴ്വാരത്തിൽ തളർച്ച മാറ്റാനെന്നോണം നീണ്ടുനിവർന്നു കിടക്കുന്ന അരീക്കോട്-മഞ്ചേരി-ചെങ്ങര-ആമയൂർ റോഡുകൾ.

വിഭവങ്ങളാൽ സമ്പന്നവും പ്രകൃതിരമണീയവുമായ ഈ പ്രദേശത്തെ ജനങ്ങൾ ഓർമ്മയിൽ താലോലിച്ചു പോകുന്ന നിരവധി സാമൂഹിക സാംസ്കാരിക പൈതൃകങ്ങളുണ്ട്. സമീപപ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായി അൽപം പിന്നിലായിരുന്നുവെങ്കിലും ഐക്യം കളങ്കമില്ലാത്ത സ്നേഹം എന്നീ ഗുണങ്ങളിൽ ഇവിടത്തുകാർ മുൻപന്തിയിലായിരുന്നു.

ഏറനാടിന്റെ വാണിജ്യകേന്ദ്രമായിരുന്നു ഒരു കാലത്ത് ചെങ്ങര. പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ചെക്കുവേട്ടന്റെ കടയിലേക്ക് വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വില്പന ചരക്കുകളെത്തിയിരുന്നു. തൊഴിലിനും വ്യാപാരത്തിനുമായി ധാരാളം ആളുകൾ ഈ പ്രദേശത്തേക്ക് ഒഴുകിയെത്തിയിരുന്നു. പ്രതാപം നിലനിർത്തി അയൽപ്രദേശങ്ങൾക്കു മുമ്പിൽ ഏറെക്കാലം ചെങ്ങര തലയുയർത്തി നിന്നു. കാവനൂർ പഞ്ചായത്തിലെ ആദ്യത്തെ രാസവള പീടിക, നെല്ലുകുത്ത് മില്ല് എന്നിവ ആരംഭിച്ചത് ചെങ്ങരയിലത്രെ.

അറിവിൻ തീ നാളങ്ങൾ

ശതാബ്ദങ്ങൾക്കു മുമ്പുതന്നെ ഈ പ്രദേശത്തെ നിരവധി വൈജ്ഞാനിക സ്രോതസ്സുകൾ നിലനിന്നിരുന്നു.പാറപ്പുറത്താൽ എന്ന് പണ്ട് കാലങ്ങളിൽ അറിയപ്പെട്ടിരുന്ന മാടാരുകുണ്ട് പ്രദേശത്ത് മലബാർ കലാപത്തിന് വർഷങ്ങൾക്കു മുമ്പുതന്നെ നെല്ലിക്കോട്ട് ഗോവിന്ദൻ, എഴുത്തച്ഛൻ പഞ്ചായത്തിലെ തന്നെ പ്രഥമ വിദ്യാലയത്തിന് ആരംഭം കുറിച്ചു. വർഷങ്ങൾക്കു ശേഷം ഇത് ജി.എൽ.പി.സ്കൂൾ ചെങ്ങരയായി പരിണമിച്ചു.

ഏകദേശം ഇക്കാലത്തുതന്നെ മാടാരുകുണ്ടിൽ ഉണ്ണിമോതിമൊല്ല സ്ഥാപിച്ച ഓത്തുപള്ളിയും നല്ല നിലയിൽ പ്രവർത്തിച്ചുവന്നിരുന്നു.പിന്നീട് ഡെപ്യൂട്ടി ഇൻപെക്ടറായിരുന്ന ഗഫൂർഷാ സാഹിബിന്റെ ഒരു പ്രത്യേക ഉത്തരവിലൂടെ നാട്ടിലെ മുഴുവൻ ഓത്തുപള്ളികൾക്കും സ്കൂളായി അംഗീകാരം നൽകി.ഇത്തരം ഓത്തുപള്ളികൾ പിന്നീട് മാപ്പിളസ്കൂളുകൾ എന്ന പേരിലറിയപ്പെട്ടു.ഉണ്ണിമോതിമൊല്ലയുടെ പ്രസ്തുത സ്കൂൾ ചെങ്ങര എ.എം.എൽ.പി. സ്കൂളായി തീർന്നു.

ചെങ്ങര പ്രദേശത്തെ കുട്ടികൾക്ക് ഉപരിപഠനത്തിന് അക്കാലത്ത് അടുത്തൊന്നും വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനായി അഞ്ച് കിലോമീറ്ററിലധികം ദൂരമുള്ള കാവനൂർ എ.യു.പി. സ്കൂളിലേക്കും ഹൈസ്കൂൾ പഠനത്തിനായി അരീക്കോട് മഞ്ചേരി എന്നിവിടങ്ങളിലേക്കും പോകേണ്ടിയിരുന്നു.

തുടർ പഠനത്തിന് സൗകര്യമില്ലാതെ ചെങ്ങര-ഇളയൂർ പ്രദേശത്തുകാർ ബുദ്ധിമുട്ടിയിരുന്ന കാലം. 1972-ൽ കേരളത്തിൽ അധികാരത്തിൽ വന്ന സർക്കാർ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയ്ക്ക് മുൻഗണന നൽകാൻ തീരുമാനിച്ചു. മൂന്ന് ഏക്കർ സ്ഥലത്തിന് പുറമെ 25000/- രൂപ സർക്കാരിൽ നിക്ഷേപിക്കുകയോ ആറു ക്ളാസ്സ് മുറികൾ ഒരുമിച്ചു നൽകുകയോ ചെയ്യാൻ തയ്യാറുള്ള പ്രദേശത്തുകാർക്ക് ഒരു സർക്കാർ ഹൈസ്കൂളും രണ്ടേക്കർ സ്ഥലത്തിനുപുറമെ 15000/- രൂപ സർക്കാരിന് നിക്ഷേപിക്കുകയോ മൂന്ന് ക്ളാസ് മുറികൾ നിർമ്മിച്ചുനൽകുകയോ ചെയ്യുന്നവർക്ക് ഒരു സർക്കാർ യു.പി.സ്കൂളും അനുവദിക്കുന്നതാണെന്ന് സർക്കാർ തീരുമാനിച്ചു. ഇതേ തുടർന്ന് ചെങ്ങര മാടാരുകുണ്ടിലുള്ള ജി.എൽ.പി. സ്കൂൾ യു.പി.സ്കൂളായി ഉയർത്തിക്കൊണ്ടും കാവനൂരിൽ ഒരു സർക്കാർ ഹൈസ്കൂള്ഞ അനുവദിച്ചുകൊണ്ടും ഉത്തരവായി.

ഈ സാഹചര്യത്തിൽ കാവനൂർ ഹൈസ്കൂൾ ചെങ്ങര-ഇളയൂർ പ്രദേശത്തുവേണമെന്ന ആവശ്യവും പ്രാദേശികമായി ഉയർന്നുവന്നു. ഹൈസ്കൂളിനായി ചെങ്ങര-ഇളയൂർ പ്രദേശത്തെ ജനനായകർ സംഘടിച്ചു. ഈ പ്രദേശത്തുകാർ ഒന്നടങ്കം കലവറയില്ലാത്ത പിൻതുണയുമേകി.

ചെങ്ങര-ഇളയൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി കിനാവുകണ്ട മഹാമനസ്കനായിരുന്നു കായപ്പറ്റ വീരാൻകുട്ടി ഹാജി. ഹാജിയാരുടെ കുറിക്കുകൊള്ളുന്ന കൌടില്യതന്ത്രവും ചെങ്ങര നിവാസികളുടെ അകമഴിഞ്ഞ പിൻതുണയും കൂടിച്ചേർന്നപ്പോൾ അപ്ഗ്രേഡ് ചെയ്ത ജി.എൽ.പി. സ്കൂളിൽ നിന്ന് യു.പി. വിഭാഗം ഏർപ്പെടുത്തി പുതിയ ജി.യു.പി.സ്കൂൾ ആയി അംഗീകാരം കിട്ടുന്നതിനുള്ള പ്രവർത്തനം ത്വരിതഗതിയിലായി.

ചെങ്ങര ഗവ:യു.പി.സ്കൂളിന്റെ പിറവി

ചെങ്ങര നിവാസികളുടെ ചിരകാല അഭിലാഷം പൂവണിഞ്ഞു. 1974-ൽ മാടാരുകുണ്ട് ജി.എൽ.പി.സ്കൂളിൽ നിന്നും യു.പി.വിഭാഗം വേർപ്പെടുത്തി ചെങ്ങരയിൽ പുതിയ ജി.യു.പി. സ്കൂൾ അംഗീകരിച്ച് ഉത്തരവായി. പ്രദേശത്തെ ഉദാരമതികളായ ശ്രീ.അയ്യപ്പുണ്ണി, പാറക്കൽ ചങ്ങരു, ഈന്തൻകുഴിയൻ ചെറിയമ്മദ് എന്നിവർ കൂട്ടായി നൽകിയ സ്ഥലത്ത് ചെങ്ങര ഗവ: യു.പി.സ്കൂൾ ഉയർന്നുവന്നു.

സ്കൂൾ ആരംഭിച്ചത് ഇവിടെ

സ്കൂളിന്റെ പ്രവർത്തനത്തിന് ആരംഭം കുറിച്ചത് ചെങ്ങര തടത്തിൽ മദ്രസയിലാണ്. 1974-ൽ അന്നത്തെ മന്ത്രിയായിരുന്ന ശ്രീ. എം.പി.ഗംഗാധരൻ സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രാരംഭ വർഷത്തിൽ 25 കുട്ടികൾക്കാണ് സ്കൂളിൽ പ്രവേശനം നൽകിയത്.

ഇനിയെന്തുണ്ട് മാർഗ്ഗം

നാടെങ്ങും പട്ടിണി.ഉദാരമതികൾ നൽകിയ സ്ഥലത്തെ സ്കൂൾ കെട്ടിടം പണിയാൻ എന്തുണ്ട് മാർഗ്ഗം.പ്രദേശത്തെ ജനങ്ങൾ കൂട്ടായി ചിന്തിച്ചു. ആബാലവൃദ്ധം ജനങ്ങൾ ഒത്തുകൂടി ചർച്ചനടത്തി.കാശുണ്ടാക്കാൻ വഴി തെളിഞ്ഞു. “അണ്ണാറക്കണ്ണനും തന്നലായത്’ എന്ന പോലെ പാവപ്പെട്ടവൻ പണക്കാരൻ വ്യത്യാസമില്ലാതെ എല്ലാവരും പിരിവുതരാൻ സന്നദ്ധരായി. പലരും ദാനമായി മരവും മറ്റും നൽകി. എന്തിനേറെ ഒരു മാസത്തേയ്ക്ക് റേഷൻകടയിൽ നിന്നും ലഭിക്കുന്ന പഞ്ചസാര പോലും വിറ്റുകിട്ടുന്ന പണം സ്കൂൾ ഫണ്ടിലേക്ക് മാസങ്ങളോളം നൽകാൻ ചെങ്ങര നിവാസികൾ ഒരുക്കമായിരുന്നു. പ്രദേശത്തെ അഭ്യുതയകാംക്ഷികൾ ചേർന്ന് സ്കൂൾ നിർമ്മാണ കമ്മറ്റിക്ക് രൂപം നൽകി.

പി.ടി.എ.കെട്ടിടം യാഥാർത്ഥ്യമാകുന്നു

ജനങ്ങളുടെ കൂട്ടായ്മയിലൂടെ സ്കൂളിന് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജ: ചാക്കീരി അഹമ്മദ് കുട്ടിയായിരുന്നു ഉദ്ഘാടകൻ. സ്വന്തമായി ഒരു സരസ്വതീക്ഷേത്രം എന്ന ചെങ്ങരയുടെ സ്വപ്നം പൂവണിഞ്ഞപ്പോൾ അത് ഒരു ഉൽസവമാക്കി മാറ്റാൻ ജനങ്ങൾ മറന്നില്ല.

ജനങ്ങളുടെ സംഘടിത ശക്തി സ്കൂളിനായി ഉപയോഗപ്പെടുത്താൻ അധ്യാപകരും നാട്ടുകാരും ഒരുപോലെ പരിശ്രമിച്ചു.എഴുതാൻ ബോർഡില്ല. ഇരിക്കാൻ ബെഞ്ചില്ല. കുടിവെള്ളത്തിനായി കിണറില്ല മൂത്രപ്പുരപോലുമില്ല. ഉരുളൻ കല്ലുകൾ നിറഞ്ഞ ചെങ്കുത്തായ സ്കൂൾ പറമ്പ്.വീണ്ടും ജനശ്രദ്ധ സ്കൂളിലേക്ക് തിരിഞ്ഞു. സ്കൂളും പരിസരവും സൗകര്യപ്പെടുത്തുന്നതിനും നിരപ്പാക്കുന്നതിനും ജനങ്ങൾ കൈമെയ് മറന്ന് രംഗത്തിറങ്ങി. കട്ടൻകാപ്പിയും പുഴുങ്ങിയ കപ്പയും ഊർജ്ജം നൽകിയപ്പോൾ കാരിരുമ്പുരുകുന്ന വേനലിലും സ്കൂൾ മുറ്റം യാഥാർത്ഥ്യമായി.

വിടരുന്ന മൊട്ടുകൾ

ഭൌതിക സൌകര്യത്തിന്റെ അഭാവം അക്കാലത്തെ അധ്യാപകരുടെ ആത്മവീര്യം ഒട്ടും കെടുത്തിയില്ല. പ്രവർത്തനാധിഷ്ഠിത ക്ളാസ്സുകൾ എന്ന സങ്കൽപം വർഷങ്ങൾക്കുമുമ്പുതന്നെ ഈ വിദ്യാലയത്തിൽ നടപ്പിലാക്കാൻ അന്നത്തെ അധ്യാപകർക്ക് കഴിഞ്ഞു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പരിശീലനം നൽകാൻ അധ്യാപകർ തൽപരരായിരുന്നു.അതുകൊണ്ടുതന്നെ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ വിദ്യാലയത്തെ തേടിയെത്തിയിരുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ പുതിയ കെട്ടിടം അനിവാര്യമായി. പി.ടി.എ.കെട്ടിടത്തിൽ ക്ളാസ്സുകൾ നടത്താനാവാതെ വന്നപ്പോൾ നാട്ടുകാർ വീണ്ടും സംഘടിച്ച് മൂന്ന് ക്ളാസ് മുറികളുള്ള ഒരു ഷെഡ് നിർമ്മിച്ചു.

പഞ്ചായത്തിലെ ആദ്യത്തെ കോൺക്രീറ്റ് സ്കൂൾ കെട്ടിടം

സ്കൂളിന്റെ വികസനത്തിനായി പി.ടി.എ കമ്മറ്റിയും നാട്ടുകാരും കൈകോർത്ത് നീങ്ങി. പുതിയ കെട്ടിടത്തിനുള്ള അപേക്ഷ തലസ്ഥാന നഗരിയിലെത്തി. 1980-ൽ പുതിയ കെട്ടിടത്തിനുള്ള ശ്രമത്തിന് ഫലം കണ്ടു. അന്നത്തെ പൊതുമരാമത്ത് വകുപ്പുമന്ത്രിയായിരുന്ന ജ: പി.എം. അബൂബക്കർ സാഹിബ് 8 ക്ളാസ്സ് മുറികളുള്ള ഇരുനില കെട്ടിടത്തിന് അനുമതി നൽകി. കാവനൂർ പഞ്ചായത്തിലെ കോൺഗ്രീറ്റ് ചെയ്ത ആദ്യത്തെ സ്കൂൾ കെട്ടിടമായിരുന്നു ഇത്. ഇന്നത്തെ ഓഫീസ് ഉൾപ്പെടുന്ന ഇരുനിലകെട്ടിടത്തിന്റെ ഉദ്ഘാടനം 1982-ൽ മന്ത്രി സി.എച്ച്.മുഹമ്മദ്കോയ സാഹിബ് നിർവ്വഹിച്ചു.

ഇതിനുപുറമെ 1994-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജ: ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്ത് പുതിയ ബ്ളോക്കും ജില്ലാ പഞ്ചായത്ത് നൽകിയ സെമി പെർമനെന്റ് കെട്ടിടവും ഭൌതികരംഗത്തെ ഈ വിദ്യാലയം കൈവരിച്ച നേട്ടങ്ങളാണ്.

നാടിന്റെ തിലകക്കുറി

കാലാകാലങ്ങളിലായി സ്കൂളിൽ ജോലി ചെയ്ത സേവന സന്നദ്ധരായ അധ്യാപകരുടേയും മാറി മാറിവരുന്ന പി.ടി.എ കമ്മറ്റികളുടേയും പ്രവർത്തനഫലമായി ഈ വിദ്യാലയം ഇപ്പോൾ മുന്നേറ്റത്തിന്റെ പാതയിലാണ്. ചെങ്ങര അങ്ങാടിയ്ക്ക് തിലകക്കുറി കണക്കെ പ്രൌഢിയോടെ ഉയർന്നു നിൽക്കുന്ന ചെങ്ങര യു.പി.സ്കൂൾ ഭൌതിക സാഹചര്യങ്ങളിൽ മാത്രമല്ല ഗുണമേന്മയിലും ജില്ലയിലേ തന്നെ വിദ്യാലയങ്ങളുടെ മുൻനിരയിലാണ്.

കുട്ടികളുടെ സ്വയം പഠനത്തിനായി എൽ.സി.ഡി പ്രൊജക്ടർ, കമ്പ്യൂട്ടർ ലാബ്, എജ്യൂസാറ്റ്, ടി.വി, നന്നായി സജ്ജീകരിച്ച സയിൻസ് ലാബ്, ഇരുന്നൂറിലധികം പുസ്തകങ്ങളുള്ള ക്ളാസ് ലൈബ്രറി എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ മികവുകളാണ്.വിനോദത്തിനും ബുദ്ധിവികാസത്തിനും ഉതകുന്ന വിധം ഇൻഡോർ ഗെയിംസ് സജ്ജീകരിച്ച ജില്ലയിലെ ഏക വിദ്യാലയമായിരിക്കാം ചെങ്ങര ഗവ: യു.പി.സ്കൂൾ. മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും മാസികകളും കൊണ്ട് സമ്പുഷ്ടമാണ് ഇവിടത്തെ റീഡിംഗ്റൂം.ആവശ്യത്തിന് ഫർണിച്ചർ, ഫാൻ, ലൈറ്റ്, സൌണ്ട് സിസ്റ്റം എന്നീ സംവിധാനങ്ങളുള്ള ക്ളാസ് മുറികൾ, ടൈൽസ് പതിച്ച വൃത്തിയുള്ള പതിനഞ്ചിലധികം ടോയ് ലറ്റുകൾ, രണ്ടിടങ്ങളിലായി സംവിധാനിച്ച നിരവധി ടാപ്പുകളുള്ള വാഷിംഗ് ഫെസിലിറ്റി തുടങ്ങിയവ ഈ വിദ്യാലയത്തിലെ കൂട്ടായ്മയുടെ സാക്ഷ്യപത്രമാണ്. ഓരോ കുട്ടിക്കും പ്ളെയ്റ്റും ഗ്ളാസും വിദ്യാലയത്തിൽ സ്വന്തമായുണ്ട്. പാചകപ്പുരയും വിതരണവും മാതൃകാപരമാണ്. “പഠനം മധുരം’ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന സ്കൂൾ ആസ് എ ലേണിംഗ് പദ്ധതി അവസാനഘട്ടത്തിലാണ്. മനോഹരമായ ഒരു പൂന്തോട്ടം ഇതിന്റെ ഭാഗമായി നിർമ്മിച്ചുകഴിഞ്ഞു. യാത്രാസൌകര്യത്തിനായി സ്കൂൾ ബസ് സംവിധാ കൂടുതൽ വായിക്കുക