മാനം
ഓ...ദൈവമേ... ഞാനെന്തൊക്കെയാ അന്നു പറഞ്ഞു പോയത്! എല്ലാം...എല്ലാമെന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ... അവ കണ്ണിൽ പോലും കാണാൻ കഴിയാത്ത ചില വൈറസുകളുടെ രൂപത്തിൽ ചാടിക്കളിക്കുകയല്ലേ? കണ്ടാൽ ഹരം പിടിക്കുന്ന , പ്രത്യേകരൂപത്തിലുള്ള, എന്റെകൊച്ചുമോൻ 'റമ്പൂട്ടാൻ ' എന്നു വിളിക്കുന്ന കൊറോണ വൈറസിന്റെ രൂപത്തിൽ!! “ എടാ ഭീകരജീവീ നീയെന്റെ മാനം കെടുത്തി” ഞാൻ വിങ്ങിപ്പൊട്ടി.

"ആ..നിങ്ങളുടെ മാനം മാത്രം പോയുള്ളൂ. പലർക്കും ജീവൻ തന്നെ പോയി. നിങ്ങളതൊന്നുമറിയുന്നില്ലേ ഉപ്പാ?” തെല്ലു നേരം എന്നെ നോക്കിയതിനു ശേഷം അടുത്തുള്ള കസേരയിലിരുന്ന് അവൾ തുടർന്നു."ഉപ്പാ അന്നു നിങ്ങള് ആ പാവം ഗോപാലേട്ടനോട് എന്തൊക്കെയാ പറഞ്ഞിരുന്നത് , നാട്ടിലെന്തു വിദ്യാഭ്യാസം,പഠനം, പരിചരണം!1 അതിനൊക്കെ അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ!! എന്നിട്ടെന്തായി അവരേക്കാൾ മികച്ച പരിചരണം നമുക്കു ലഭിച്ചില്ലേ?” അവളെന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. "ജനങ്ങളെല്ലാവരും സന്തുഷ്ടരാണ് . ഈ സംരക്ഷണത്തിനും കരുതലിനും കീഴിൽ.. പിന്നെ നിങ്ങൾക്കെന്താ ഇത്ര സങ്കടം? പേടിയ്ക്കേണ്ടപ്പം ജാഗ്രത വേണ്ടേ?”ജാഗ്രത എന്നാലെന്താന്നു പോലുമറിയാത്ത എനിക്ക് ഇതെന്താന്നറിഞ്ഞിട്ടെന്താ കാര്യമെന്ന് ഞാൻ ചിന്തിക്കാഞ്ഞിട്ടല്ല. "ന്നാലും ന്റെ പുതിയ ബെൻസ്.”

"ഇക്കാക്ക വിഷമിക്കാതെ .” എല്ലാം ഒളിഞ്ഞു നിന്നു കേട്ടിരുന്ന ന്റെ ഭാര്യ സൈനു ഒരു ഗ്ലാസ് സുലൈമാനി കൊണ്ടു വന്നു. "നിങ്ങളിത് കുടിക്കീന്നെ ഇങ്ങടെ ബെൻസ് കാറ് പോലെ എത്രയെത്ര വാഹനങ്ങള് പിടിച്ചു വെച്ചു. ഇവയൊന്നും പിടിച്ചു വെച്ചില്ലായിരുന്നെങ്കിൽ എത്രയാളുകൾ വാഹനമെടുത്ത് റോട്ടിലിറങ്ങും. നിങ്ങടെ കാര്യം തന്നെ ചിന്തിച്ചുനോക്കീ...അപ്പോൾ എത്രവേഗംവൈറസ് പടർന്നു പിടിക്കും ന്റെക്കാക്കാ....”

"സർക്കാറ് കൊറേ നിബന്ധനകള് തന്നില്ലേ പാലിക്കാൻ. അവ അനുസരിച്ചാൽ മാത്രം മതി. കൊറച്ച് ദിവസത്തിനു മാത്രല്ലേ? ശുചിത്വം അത്യാവശ്യമാ... നിങ്ങക്കതിന്റെ എന്തു കുറവാ ഉള്ളത് ? വ്യക്തിശുചിത്വം അനിവാര്യമാണ് നിങ്ങള് തന്നെയല്ലേ ഞങ്ങളെ ഗുണദോഷിക്കാറ്...”

തെല്ലിടവിട്ടതിനു ശേഷം വീണ്ടും തുടർന്നു. "ന്റെ പൊന്നാര കാദർക്കാ... നാങ്ങളൊരു കാര്യം ചെയ്യ് , കഴിഞ്ഞതൊക്കെ ഓർത്ത് വിഷമിക്കാതെ നമ്മടെ ഗോപാലേട്ടന്റെ കെട്ട്യോള് രാധേട്ത്തിനെ വിളിച്ച് അന്വേഷണം പറ. ആശംസകളും. അവരൊരു നഴ്സല്ലേ ? കാവൽ മാലാഖ.. പാവം അമ്മിണി മോളേം വിളിക്കണം ...വെറും മൂന്നു വയസ്സു മാത്രമുള്ള അവൾക്ക് എന്തു മാത്രം സങ്കടണ്ടാവും .. അമ്മയെ പിരിഞ്ഞിട്ട്.. അപ്പഴാ നിങ്ങടൊരു പാട്ട ബെൻസ്. നിങ്ങടെ ഒരു ചെറിയ ഫോൺകാൾ അവർക്കെത്ര ആശ്വാസം നൽകും. ഇങ്ങളാ ചായ കുടിക്കീന്നെ...” അവളുടെ ഉപദേശമെല്ലാം കഴിഞ്ഞെന്നു തോന്നുന്നു.. ന്നാലും ന്റെ ചിന്ത കാടു കയറി...

"മ്മാ...പ്പാ... ആ ബണ്ടിന്റെ താക്കോല് ൻക്ക് മാണം. എത്രീസായി ചെങ്ങായ്മാരെ കണ്ട്ട്ട് ന്ന്...” "ആഹാ.. ദാ അട്ത്തത് ഇങ്ങട്ട് വാ അനക്ക് പറഞ്ഞ് തരാം...” സൈനു കുഞ്ഞോനേംകൂട്ടി അടുക്കളേക്ക് നടന്നപ്പോ അവനിങ്ങനെ പിറുപിറുക്കുന്നതായി എനിക്കുതോന്നി. "ഓ.. ഉപദേശം ... ഞാനൊരാള് വണ്ടിം കൊണ്ടെറങ്ങിയാ വയറസ് വല്താവല്ലേ..അല്ലേലും ഞാൻ മാത്രം കര്തീട്ട് എന്താ കാര്യം...” മോശമായ ചിന്താഗതി.

ഞാനൊരു നിമിഷമാലോചിച്ചു. എന്നിട്ടെഴുന്നേറ്റു. തിരിഞ്ഞു നടക്കുമ്പോൾ എന്റെ മനസ്സിങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു. "ഹേയ് പ്രതിരോധശേഷി നഷ്ടപ്പെട്ട ജനങ്ങളേ... തിരിച്ചു വരൂ. സജീവമാകൂ... പ്രളയത്തെയും നിപ്പയെയും അതിജീവിച്ച നാം തളരുകയോ? ഇല്ലാ.. ഒരിക്കലുമില്ലാ.. നാം അതിജീവിക്കും.. സർക്കാരുണ്ട് കൂടെ.. ആരോഗ്യപ്രവർത്തകരുണ്ട് കൂടെ... പ്രതിരോധമാണ് പ്രതിവിധി.. പ്രതിരോധിക്കുക നാം...” തണുത്ത മനസ്സുമായി ഞാൻ മൊബൈലെടുത്തു. നഷ്ടപ്പെട്ട ബന്ധം പുലർത്താൻ...

നുഹ മുജീബുറഹ്മാൻ
6 A ജി.യു.പി.എസ്. ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ