ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അക്ഷരവൃക്ഷം/ പ്രകൃതി പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി പാഠം
ജീവൻറെ നിലനിൽപ്പിന് അടിസ്ഥാനഘടകമാണ് പ്രകൃതി. മനുഷ്യനുൾപ്പെടെയുള്ള സർവ്വ ജീവജാലങ്ങൾക്കും ആശ്രയം പ്രകൃതിയാണ്. പ്രകൃതിവിഭവങ്ങൾ മനുഷ്യരുടെയും, പക്ഷിമൃഗാദികളുടെയും ആഹാരമായി വർത്തിച്ച്, പ്രവർത്തി

ചെയ്യാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നു. ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യകാര്യമായി നാം കാണേണ്ടതുണ്ട്. പുഴകളും നദികളും കടലും മലകളും പർവ്വതനിരകളും ഇവയെല്ലാം കൂടിയതാണ് നമ്മുടെ പ്രകൃതി. ഈ പ്രകൃതിയെ സംരക്ഷിക്കാനാണ് നാം- കുട്ടികൾ പരിസ്ഥിതി ദിനാചരണങ്ങൾ നടത്തുന്നത്. ജലം: പ്രകൃതി ജീവജാലങ്ങൾക്ക് കനിഞ്ഞു നൽകിയ അമൂല്യ വസ്തുവാണ് ജലം. അത് ജീവദായകവും അമൂല്യവുമാണ്. അതുകൊണ്ട് നാം ജലസ്രോതസ്സുകളെ മലിനമാക്കാതെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. നാം വേനലിൽ വെള്ളത്തെ സ്നേഹിക്കുകയും മഴക്കാലത്ത് അവഗണിക്കുകയും ചെയ്യുന്നു. മനുഷ്യൻ ജീവിക്കുന്നത് ജലത്തെ ആശ്രയിച്ചാണ്. ജലം കുടിക്കാനും, കുളിക്കുവാനും, കൃഷിക്കും, മറ്റ് ആവശ്യങ്ങൾക്കു വേണ്ടിയും ഉപയോഗിക്കുന്നു. പുഴകളും നദികളും: ഓരോ സംസ്കാരങ്ങളും ഉടലെടുത്തത് നദീതീരങ്ങളിൽ ആണ്. ഇവയെല്ലാം തന്നെ വ്യക്തമാക്കുന്നത് പുഴകളുടെയും നദികളുടെയും പ്രാധാന്യമാണ്. ഇന്ന് മനുഷ്യർ പുഴകളേയും നദികളേയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് അവരുടെ തന്നെ ജീവന്റെ നിലനിൽപ്പിനെയാണ് ബാധിക്കുന്നതെന്ന തിരിച്ചറിവില്ലാതെ. പുഴകളും നദികളും മലിനമാക്കിക്കൊണ്ടാണ് മനുഷ്യർ ഇന്ന് അവയെ ഉപദ്രവിക്കുന്നത്. പുഴകളെല്ലാം അഞ്ഞൂറ് വർഷത്തിലധികം ആയുസ്സുള്ള പ്ലാസ്റ്റിക്കുകളും, മറ്റു മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് നമുക്ക് പ്ലാസ്റ്റിക്കിനെ പ്രകൃതിയിൽ നിന്നും ഉന്മൂലനം ചെയ്യാൻ ഓരോ മനുഷ്യരെയും പ്രാപ്തരാക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന്റെ ഒരംശം പോലും ഭൂമിയിൽ ഉണ്ടാകാൻ പാടില്ല എന്ന തിരിച്ചറിവിന്റെ ഭാഗമായാണ്, നമ്മുടെ സർക്കാർ 2020 ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചത് എന്നു വേണം അനുമാനിക്കാൻ. ഇനി വരുന്ന തലമുറയ്ക്ക് പുഴകളുടെയും നദികളുടെയും ആവശ്യകതയെപ്പറ്റി ചിന്തിക്കാൻ നാം എല്ലാവരെയും ബോധവൽക്കരിക്കണം. എന്നാൽ മാത്രമേ അവയുടെ ആവശ്യകതയെക്കുറിച്ച് പുതിയ തലമുറക്ക് തിരിച്ചറിവ് ഉണ്ടാകൂ. നമ്മൾ എഴുതാൻ ഉപയോഗിക്കുന്ന പേന ഒരു പ്ലാസ്റ്റിക് വസ്തുവാണ്. നാം എഴുതും തോറും അത് ഉപയോഗശൂന്യമാകും. ഈ ഉപയോഗശൂന്യമാകുന്ന പേനുകളെ നാം പലപ്പോഴും വലിച്ചെറിയുകയാണ് ചെയ്യുന്നത്. എന്നാൽ ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് അവ റീസൈക്ലിങ് ചെയ്തു തിരിച്ചു കൊടുക്കണം. എന്നാൽ നമുക്ക് ഭൂമിയിൽ പ്ലാസ്റ്റിക് ഒഴിവാക്കാൻ പറ്റും. അതുകൊണ്ട് പ്ലാസ്റ്റിക് ശേഖരിക്കാനുള്ള സംവിധാനവും, അത് സംസ്കരിക്കാനുള്ള സംവിധാനവും, ഒരുക്കേണ്ടത് അനിവാര്യമാണ്. ജലം അമൃത് : വെള്ളം വെറുതെ കളയരുത്; ചീത്തയാക്കരുത്. ജലം ഒരു അമൂല്യ വസ്തുവാണ്. അത് അമൃതാണ്. ഇക്കാലത്ത് മനുഷ്യർ വെള്ളം വെറുതെ കളയുകയും മലീമസമാക്കുകയും ചെയ്യുന്നു. ഈ മലിനമായ ജലമാണ് നമ്മുടെ കിണറിലേക്ക് ഊറിയെത്തുന്നത്. ഈ വെള്ളം നമ്മൾ കുടിച്ചാൽ പല തരം അസുഖവും വരാം. അതുകൊണ്ട് ജലം മലിനമാക്കാതെ സംരക്ഷിക്കണം. ജലം ശേഖരിക്കാനുള്ള ഉചിതമായ ഒരു മാർഗമാണ് മഴവെള്ളസംഭരണി. മഴവെള്ള സംഭരണി നിർമ്മിച്ചാൽ നമുക്ക് വേനൽക്കാലത്ത് ജലക്ഷാമത്തിൽ നിന്ന് മോചനം നേടാൻ സാധിക്കും. ജലം ആരും ദുരുപയോഗം ചെയ്യാൻ പാടില്ല എന്ന കാര്യം എല്ലാ മനുഷ്യരെയും ബോധവാന്മാരാകണം. വനനശീകരണവും, മണൽ വാരുന്നതും, ജലക്ഷാമത്തിന് ഘടകങ്ങളാണ്. അതുകൊണ്ട് ജലം ചീത്തയാകാതെ സൂക്ഷിക്കുക. നാം കുളിച്ച, ഉപയോഗിച്ച, വെള്ളം മരച്ചുവട്ടിലേക്ക് വിടുക. അനാവശ്യമായി ജലം കളയാതിരിക്കുക. കുളിക്കാനും, നനയ്ക്കാനും, അത്യാവശ്യമായ വെള്ളം മാത്രം ഉപയോഗിക്കുക. ഇനി വരുന്ന തലമുറയ്ക്ക് ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. എന്നാൽ മാത്രമേ നമുക്ക് ഭൂമിയെ ജലക്ഷാമത്തിൽ നിന്ന് മോചിപ്പിക്കുവാൻ സാധിക്കൂ. മനുഷ്യനാണ് ജലത്തെ മലിനമാക്കുന്നുത്. നമ്മുടെ നിലനിൽപ്പിന് തന്നെ അത് ഭീക്ഷണിയാകും. മനുഷ്യരെല്ലാം ഒന്ന്: നമ്മൾ ഒരു ജീവിതം നയിക്കുമ്പോൾ പ്രധാനമായി അറിയേണ്ടത് മനുഷ്യരെല്ലാം ഒന്ന് എന്ന കാര്യമാണ്. ഈ കാലത്ത് മനുഷ്യൻ ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്നു. അതൊക്കെ അവസാനിപ്പിച്ച് മനുഷ്യരെല്ലാം ഒന്ന് എന്ന കാര്യം നാം മനസ്സിലാക്കണം. എല്ലാ ജാതിയെയും മതത്തെയും ഒരുപോലെ കാണണം. എന്നാൽ മാത്രമേ ലോകസമാധാനം ഉണ്ടാകൂ. 'മനുഷ്യരെല്ലാം ഒന്ന് ' എന്ന് നമ്മെ പഠിപ്പിച്ചത് ശ്രീനാരായണഗുരുവിനെ പോലുള്ള നവോത്ഥാന നായകന്മാർ ആണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്ന ജനതകളുടെ ഇടയിലേക്ക് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' എന്ന ചിന്ത എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിച്ച- കൂടാതെ 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നു പറഞ്ഞതും അതേ അവസരത്തിൽ ആണ്. അതുകൊണ്ട് വരും തലമുറയെയും 'മനുഷ്യരെല്ലാം ഒന്ന്' എന്ന ബോധ്യം വളർത്താൻ ശ്രമിക്കുകയാണ് നമ്മുടെ കർമം. മരങ്ങൾ വളർത്താം: കാർബൺഡയോക്സൈഡിനെ ആഗിരണം ചെയ്ത്, ജീവ വായുവായ ഓക്സിജനെ പുറത്തുവിട്ട് ഭൂവാസികളെ പരിപാലിക്കുന്ന പ്രകൃതിയുടെ വരദാനമാണ് വൃക്ഷങ്ങൾ. നമുക്ക് തണൽ നൽകുന്നത് മരങ്ങളാണ്. ഓരോ പരിസ്ഥിതി ദിനത്തിലും നമുക്ക് നൽകുന്ന തൈകൾ നട്ടുവളർത്താനാണ്. ചിലർ ഈ ചെടിയെ നട്ടു പരിപാലിക്കാറില്ല. നട്ടാൽ തന്നെ സംരക്ഷണമില്ലാതെ അവ നശിച്ചുപോകുകയാവും ഫലം. മരങ്ങളുടെ നിലനിൽപ്പ് മണ്ണൊലിപ്പിനെ തടയുക മാത്രമല്ല, അത് ഭൂമിക്കൊരു കുടയാകുകയും ചെയ്യും. സസ്യങ്ങളിൽ വലുത് മരങ്ങളാണ്. ഈ മരങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രപഞ്ചം പോലെ വിശാലമായ നിസ്വാർത്ഥത യുടെ തലങ്ങളെയാണ് മരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. എല്ലാ ജന്തുവർഗങ്ങൾക്കും മരങ്ങൾ ഉപകരിക്കുന്നു. കാർബൺഡയോക്സൈഡിനെ വലിച്ചെടുത്തു ഓക്സിജൻ മരങ്ങൾ പുറത്തുവിടുമ്പോൾ, ആ അന്തരീക്ഷത്തിൽ ജീവിക്കുന്ന സർവ്വ ജന്തു വർഗ്ഗത്തിനും അതിന്റെ ഗുണം ലഭിക്കുന്നു. പൂവ്, പഴം, എന്നിവയ്ക്കു പുറമേ വീട് നിർമാണത്തിനും, വിറകിനും മരം ഉപയോഗിക്കുന്നു. ഔഷധം, പശ, റബർ, എന്നിവ മരത്തിൽനിന്ന് ഉൽപ്പാദിപ്പിക്കാൻ കഴിയും. മരത്തിൽ കൂടുകൂട്ടുന്നവർ ശലഭങ്ങൾ, പക്ഷികൾ മുതൽ മനുഷ്യർ വരെയുണ്ട്. കറിക്കുള്ള വകയും അന്നവും നൽകുന്നതും മരങ്ങളാണ്. അതുകൊണ്ട് മരങ്ങളെ വളർത്തുവാനും സംരക്ഷിക്കുവാനും ശ്രമിക്കണം. കാലാവസ്ഥ മാറാതെ കാക്കാം: കാലാവസ്ഥ മാറാതെ കാക്കാൻ വേണ്ടി നമ്മൾ മരങ്ങൾ വെച്ച് പിടിപ്പിക്കണം. കുന്നുകളും മലകളും ഇടിച്ചുനിരത്താതെ പഴയതുപോലെ സംരക്ഷിക്കുക തന്നെ വേണം. അവ മേഘങ്ങളെ തടഞ്ഞുനിർത്തി മഴപെയ്യിക്കുന്നു. നമുക്ക് ചുറ്റുമുള്ള അന്തരീക്ഷവായു ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും ചപ്പുചവറുകൾ കത്തിക്കുന്ന ഗന്ധം മൂലവും മലിനമാക്കപ്പെടുന്നു. ഇതുകൊണ്ട് ഓസോൺപാളിക്കും വികിരണം ഉണ്ടാകുന്നു. ഇതുമൂലം കടുത്ത ചൂട് നമുക്ക് എല്ലാ സമയത്തും അനുഭവപ്പെടുന്നു. സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ പതിക്കുന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുക. അവമൂലം ചൂടുകൂടുന്നു. വയലുകൾ നികത്താതിരിക്കുക, മരങ്ങൾ വച്ചുപിടിപ്പിച്ച് മണ്ണൊലിപ്പ് തടയുക, കുഴൽ കിണറുകളുടെ അമിത ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ പലതും നമുക്ക് ചെയ്യാനാകും. നമ്മൾ മനുഷ്യൻ വിചാരിച്ചാൽ നമുക്ക് കാലാവസ്ഥ മാറാതെ കാക്കാം. പ്രളയം നമ്മെ പഠിപ്പിച്ചത്: 2018 ആഗസ്റ്റിൽ നാം നേരിട്ടത് ഒരു മഹാദുരന്തമാണ്. പ്രളയത്തിൽ എല്ലാം തകർന്നു. ഉരുൾ പൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിയുടെ രൗദ്രഭാവം നാം കണ്ടു. കർഷക മേഖലയിലാണ് നമുക്ക് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത്. പതിനായിരത്തോളം താറാവുകളും കോഴികളും പശുക്കളും ഒക്കെ പ്രളയത്തിൽ ജീവൻ നഷ്ടമായി. കൃഷികൾ നശിച്ചു. വലിയ വലിയ കെട്ടിടങ്ങൾ തകർന്നു. പക്ഷിസങ്കേതങ്ങൾക്കൊക്കെ നാശമുണ്ടായി. വലിയ മതിലുകളും തകർത്ത് വെള്ളം ഒഴുകുന്ന കാഴ്ച നാം കണ്ടു. വയലും കുളങ്ങളും കൃഷിയും കാടും ഇല്ലാത്തതിനാൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങിയില്ല എന്ന് എല്ലാവരും പറഞ്ഞു. എന്നാൽ എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനം കൂടുതൽ പേരുടെ മരണത്തിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാൻ സാധിച്ചു എന്നു വേണം പറയാൻ. ആ വർഷം നാം ഓണം ആഘോഷിച്ചതും ഓർമയിൽ നിന്നു മായുന്നില്ല. എല്ലാവരും ഒത്തൊരുമയോടെ നിന്നാൽ നമുക്ക് എന്തും സാധിക്കും എന്ന പാഠം ഇനിയെങ്കിലും നാം പഠിക്കുമോ? കണ്ടതിൽ വച്ച്, ഇനി കാണാനിരിക്കുന്നതിൽ വച്ച് ഏറ്റവും ഭീകരമായ മഹാമാരിയെയും എനിക്ക് കാണാതിരിക്കാനാവില്ല. കാരണം ഞാനും ഇവിടെയല്ലേ ജനിച്ചത്. നേരിടാം ഒരുമയോടെ.... ഈ.... പ്രകൃതി പാഠം.

SREYAS NAMBIAR M
6 B ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം